കുറഞ്ഞ വിലയും ക്രൂയിസ് കൺട്രോൾ ഫീച്ചറും, എന്നാ ഈ കാറുകൾ തന്നെ വാങ്ങാം
ഇന്നത്തെ പുത്തൻ കാറുകളെല്ലാം (New Car) അതിനൂതനമായ സാങ്കേതിക സവിശേഷതകളാൽ വളരെ സമ്പന്നമായവയാണ്. ഫീച്ചറുകൾ കുത്തിനിറച്ച വാഹനങ്ങൾ സ്വന്തമാക്കാനാണ് ആളുകൾക്ക് താത്പര്യവും. ഒരു എൻട്രി ലെവൽ കാർ വാങ്ങിയാലും ടച്ച്സ്ക്രീൻ പോലുള്ള ചില മികച്ച സവിശേഷതകൾ വേണമെന്ന് ആഗ്രഹിക്കുന്നവരല്ലേ നമ്മളിൽ ഭൂരിഭാഗവും?
അങ്ങനെ നമ്മുടെ കാറുകളിലേക്ക് കുടിയേറിയ ഫീച്ചറുകളിൽ ഒന്നാണ് ക്രൂയിസ് കൺട്രോളുകൾ (Cruise Control). നേരത്തെ ആഡംബര കാറുകളിൽ (Luxury Cars) മാത്രം കണ്ടിട്ടുള്ള ഈ ഡ്രൈവർ സഹായ സവിശേഷത ഇന്ന് നമ്മുടെ ബജറ്റ് ഫ്രണ്ട്‌ലി വാഹനങ്ങളിലും വരെ എത്തിത്തുടങ്ങി. ഒരു മോട്ടോർ വാഹനത്തിന്റെ വേഗത സ്വയം നിയന്ത്രിക്കുന്ന സംവിധാനമാണ് ക്രൂയിസ് കൺട്രോൾ. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്റെ വേഗം നിശ്ചിത അളവിൽ സെറ്റ് ചെയ്യുന്ന രീതിയാണിത് എന്നും പറയാം.

ദീർഘനേരം വാഹനമോടിക്കുമ്പോൾ പ്രത്യേകിച്ചും പ്രയോജനകരമാണ്. ക്രൂയിസ് കൺട്രോൾ സാങ്കേതികവിദ്യകൾ ഡ്രൈവിംഗ് പ്രായോഗികമാക്കുന്നു എന്നതിനു പുറമെ ഇന്ധന ഉപഭോഗവും മലിനീകരണവും കുറയ്ക്കാനും സഹായിക്കുന്നുണ്ട്. ഹൈവേകളിലും മറ്റും ഏറെ സഹായകരമായ ഈ ഫീച്ചറുള്ള കാറുകൾ ഇന്ന് വിപണിയിൽ സുലഭമായുണ്ട്. ക്രൂയിസ് കൺട്രോളുള്ള അത്തരം താങ്ങാനാവുന്ന മോഡലുകളെ നമുക്ക് ഒന്നു പരിചയപ്പെട്ടാലോ?
ഹ്യുണ്ടായി i20: ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിന് പുതുമുഖം സമ്മാനിച്ച മോഡലാണിത്. 8.09 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വില ആരംഭിക്കുന്ന കാറിന്റെ സ്പോർട്സ് വേരിയന്റ് മുതൽ ക്രൂയിസ് കൺട്രോൾ ഫീച്ചർ ഉപഭോക്താക്കൾക്കായി ഹ്യുണ്ടായി വാഗ്‌ദാനം ചെയ്യുന്നുണ്ട്. i20-യുടെ 1.2 ലിറ്റർ NA പെട്രോൾ, 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് ജനപ്രിയമായ കാറിന് തുടിപ്പേകുന്നത്.

ഹ്യുണ്ടായി ഓറ: ഇന്ത്യയിൽ ക്രൂയിസ് കൺട്രോൾ ലഭിക്കുന്ന താങ്ങാനാവുന്ന കാറുകളിൽ അടുത്തത് കോംപാക്‌ട് സെഡാൻ സെഗ്മെന്റിൽ എത്തുന്ന ഹ്യുണ്ടായി ഓറയാണ്. മോഡലിന്റെ SX വേരിയന്റിനാണ് ക്രൂയിസ് കൺട്രോൾ ഫീച്ചർ ലഭിക്കുന്നത്. ഇതിന് 7.95 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ട്രാൻസ്മിഷനുമായി ജോടിയാക്കിയ 1.2 ലിറ്റർ NA പെട്രോൾ എഞ്ചിനാണ് ഓറയുടെ ഹൃദയം.
ടാറ്റ ആൾട്രോസ്: കൊറിയൻ കാറിന്റെ നേരിട്ടുള്ള എതിരാളിയായ ആൾട്രോസിലും ക്രൂയിസ് കൺട്രോൾ ഫീച്ചർ ലഭ്യമാണ്. പ്രീമിയം ഹാച്ച്ബാക്കിന്റെ XT വേരിയന്റ് മുതലാണ് ഈ സവിശേഷത ഉപഭോക്താക്കൾക്ക് ലഭ്യമാവുക. 7.90 ലക്ഷം രൂപ മുതലാണ് ടാറ്റ ആൾട്രോസ് XT പതിപ്പിനായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. 1.2 ലിറ്റർ, ത്രീ-സിലിണ്ടർ, NA പെട്രോൾ എഞ്ചിനാണ് കാറിന് കരുത്തേകുന്നത്.

നിസാൻ മാഗ്നൈറ്റ്: 7.81 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന നിസാൻ മാഗ്നൈറ്റിന്റെ XV വേരിയന്റിൽ ക്രൂയിസ് കൺട്രോൾ ഫീച്ചർ ഉപഭോക്താക്കൾക്ക് ലഭിക്കും. 1.0 ലിറ്റർ NA, 1.0 ലിറ്റർ ടർബോ പെട്രോൾ എന്നിങ്ങനെ രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ ഈ കോംപാക്‌ട് എസ്‌യുവി സ്വന്തമാക്കാനുമാവും.
ടാറ്റ പഞ്ച്: രാജ്യത്ത് ട്രെൻഡ് സെറ്ററായ മൈക്രോ എസ്‌യുവിയാണ് പഞ്ച്. 7.70 ലക്ഷം രൂപ വരുന്ന മോഡലിന്റെ അക്കംപ്ലിഷ്‌ഡ് വേരിയന്റ് മുതലാണ് ക്രൂയിസ് കൺട്രോൾ ഒരുക്കിയിരിക്കുന്നത്. 1.2 ലിറ്റർ, ത്രീ-സിലിണ്ടർ, നാച്ചുറലി ആസ്‌പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് പഞ്ചിന് തുടിപ്പേകുന്നത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ ഒരു എഎംടി ഓട്ടോമാറ്റിക് പതിപ്പിൽ വാഹനം സ്വന്തമാക്കാനാവും. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് ലഭിക്കുന്ന ഏറ്റവും താങ്ങാനാവുന്ന കാറും ഇതുതന്നെയാണ്.

ഹ്യുണ്ടായി i10 നിയോസ്: ക്രൂയിസ് കൺട്രോൾ ഫീച്ചറിന്റെ അകമ്പടിയോടെ എത്തുന്ന ഇന്ത്യയിലെ ഏറ്റവും ബജറ്റ് ഫ്രണ്ട്‌ലി കാറാണ് ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ്. 7.22 ലക്ഷം രൂപയോളം വരുന്ന ഹാച്ച്ബാക്കിന്റെ സ്പോർട്സ് വേരിയന്റിലാണ് ക്രൂയിസ് കൺട്രോൾ ലഭിക്കുന്നത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ട്രാൻസ്മിഷനുമായി ജോടിയാക്കിയ 1.2 ലിറ്റർ NA പെട്രോൾ എഞ്ചിനാണ് ഗ്രാൻഡ് i10-ന് കരുത്തേകുന്നത്.
ഒട്ടേറെ വളവും തിരിവും കയറ്റിറക്കങ്ങളും ട്രാഫിക്കുമുള്ള റോഡുകൾക്കു പറ്റിയതല്ല ക്രൂയിസ് കൺട്രോൾ ഫീച്ചർ എന്ന കാര്യവും എടുത്തു പറയേണ്ട കാര്യമാണ്. ശരിക്കും നമ്മുടെ റോഡുകൾക്ക് അത്ര അനുയോജ്യമല്ലെങ്കിലും ഹൈവേകളിലെല്ലാം ഈ സവിശേഷത ഗുണംചെയ്യുന്ന ഒന്നാണ്. സ്ഥിരമായ വേഗത നിലനിർത്താൻ ആക്സിലറേറ്ററോ ബ്രേക്ക് പെഡലുകളോ ഉപയോഗിക്കാതെ ചെയ്യുന്നതിനാൽ ഹൈവേകളിൽ ഡ്രൈവറിന്റെ പണി കൂടുതൽ കുറയ്ക്കും. 55-70 കിലോമീറ്ററാണ് ക്രൂസ് കൺട്രോളിന് അനുയോജ്യമായ വേഗം.


Click it and Unblock the Notifications