521 കിലോമീറ്ററിന്റെ മോഹിപ്പിക്കും റേഞ്ച്, ഒന്നാം വാർഷികം കളറാക്കി BYD ഇലക്‌ട്രിക് എസ്‌യുവി
ഇലക്‌ട്രിക് കാറുകൾ എങ്ങനെയായിരിക്കണമെന്ന് കാണിച്ചു തന്നവരാണ് ബിൽഡ് യുവർ ഡ്രീംസ് എന്ന ചൈനീസ് വാഹന നിർമാതാക്കളായ BYD. ഇന്ത്യൻ വിപണിയിൽ അൽപം വില കൂടിയ രണ്ട് വണ്ടികളാണ് ബ്രാൻഡ് ഇപ്പോൾ പുറത്തിറക്കുന്നതെങ്കിലും രണ്ടും വലിയ ഹിറ്റാണ്. e3 എംപിവി, അറ്റോ 3 എസ്‌യുവി എന്നിവയാണ് നിലവിൽ BYD ഇന്ത്യ പുറത്തിറക്കുന്ന ഇവികൾ.
ആദ്യ വാഹനം സൂപ്പർ ഹിറ്റായപ്പോൾ രണ്ടാമത്തെ ഇലക്‌ട്രിക് കാർ മെഗാഹിറ്റാണ് രചിച്ചത്. ഇപ്പോൾ ഇന്ത്യയിൽ എത്തിയതിന്റെ ഒന്നാം വാർഷികം ആഘോഷിക്കുകയാണ് BYD അറ്റോ 3. കഴിഞ്ഞ വർഷം ഇന്ത്യയിൽ അവതരിപ്പിച്ചതിനു ശേഷം ചൈനീസ് ബ്രാൻഡിന്റെ നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായും ഈ വൈദ്യുത എസ്‌യുവി പേരെടുത്തു. ഇന്ത്യയിൽ മാത്രമല്ല, ലോകവ്യാപകമായി 50 രാജ്യങ്ങളിൽ മോഡൽ വിപണനം ചെയ്യുന്നുണ്ട്.

ഇന്ത്യക്ക് പുറമെ സിംഗപ്പൂർ, ന്യൂസിലാൻഡ്, ബ്രസീൽ, തായ്‌ലൻഡ്, ഇസ്രായേൽ, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിലും ഈ മോഡൽ ജനപ്രിയമാണ്. രാജ്യാന്തര വിപണിയിൽ അറങ്ങേറി വെറും 19 മാസം കൊണ്ടുതന്നെ 5 ലക്ഷം യൂണിറ്റുകളുടെ നിർമാണമെന്ന റെക്കോർഡ് നേട്ടവും അറ്റോ 3 സ്വന്തമാക്കിയത് ഇക്കഴിഞ്ഞയിടക്കാണ്. എസ്‌യുവിയുടെ ഒന്നാം വാർഷികം ആഘോഷിക്കുന്നതിനായി BYD 'പരിക്രമ ഓഫ് പ്രകൃതി' എന്ന പേരിൽ ഒരു ഡ്രൈവും സംഘടിപ്പിച്ചിട്ടുണ്ട്.
സുസ്ഥിരമായ ഭാവിയിലേക്കുള്ള ചൈനീസ് ബ്രാൻഡിന്റെ പ്രതിബദ്ധതയ്ക്ക് അനുസൃതമായി പ്രകൃതിയുടെ സത്തയെ അത്യാധുനിക ഓട്ടോമോട്ടീവ് സാങ്കേതികവിദ്യയുമായി ലയിപ്പിക്കുന്നതാണ് ഈ സംരംഭമെന്നാണ് BYD പറയുന്നത്. ബ്രാൻഡിന്റെ ഇ-പ്ലാറ്റ്ഫോമിലാണ് അറ്റോ 3 ഇലക്ട്രിക് എസ്‌യുവിയുടെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ 49.92 kWh, 60.48 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്കുകളിലാണ് മോഡൽ വിൽപ്പനയ്ക്ക് എത്തുന്നതെങ്കിലും ഇന്ത്യയിൽ 60.48 kWh ബാറ്ററിയുമായാണ് അറ്റോ 3 വരുന്നത്.

201 bhp കരുത്തിൽ 310 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുളഅള ശക്തമായ PMS മോട്ടോറുമായാണ് ബാറ്ററി പായ്ക്ക് ജോടിയാക്കിയിരിക്കുന്നത്. കൂടുതൽ സുരക്ഷിതമായ ബ്ലേഡ് ബാറ്ററി സാങ്കേതികവിദ്യയും വാഹനത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ഫുൾ ചാർജിൽ 521 കിലോമീറ്റർ ARAI സർട്ടിഫൈഡ് റേഞ്ചാണ് BYD അറ്റോ 3 എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്. വെറും 7.3 സെക്കൻഡ് കൊണ്ട് 0-100 കി.മീ വേഗത കൈവരിക്കാനും ഇവിക്കാവും. ടൈപ് 2 എസി, ഫാസ്റ്റ് ചാർജിംഗ് ഓപ്ഷനുകളും വണ്ടിയിൽ ലഭ്യമാണ്.
80 kW ഡിസി ഫാസ്റ്റ് ചാർജർ വഴി 50 മിനിറ്റിൽ ബാറ്ററി 80 ശതമാനം വരെ എസ്‌യുവിയുടെ ബാറ്ററി പായ്ക്ക് ചാർജ് ചെയ്യാനും കഴിയും. ടൈപ് 2 എസി ചാർജർ ഉപയോഗിച്ചാൽ 10 മണിക്കൂർ സമയമാണ് പൂർണമായും ചാർജ് ചെയ്യാൻ വേണ്ടി വരിക. സെമി-നോക്ക്ഡ് ഡൗൺ (SKD) കിറ്റായിട്ടാണ് മോഡൽ ഇന്ത്യയിൽ എത്തുന്നത്. ആയതിനാൽ തന്നെ 33.99 ലക്ഷം രൂപയാണ് BYD അറ്റോ 3 എസ്‌യുവിക്കായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

മൊത്തത്തിൽ 4,455 mm നീളം, 1,875 mm വീതി, 1,615 mm ഉയരം, 2,720 mm വീൽബേസ്, 150 mm ഗ്രൗണ്ട് ക്ലിയറൻസ് എന്നിവയാണ് അറ്റോയുടെ വലിപ്പം. ഡിസൈനിലേക്ക് വന്നാൽ ആരേയും മോഹിപ്പിക്കുന്ന രൂപമാണ് ഈ ചൈനീസ് ഇലക്‌ട്രിക് എസ്‌യുവിക്കുള്ളത്. ബ്ലാങ്കഡ്-ഓഫ് സിൽവർ ഫ്രണ്ട് ഗ്രില്ലും സ്ലീക്കർ-ലുക്ക് വിംഗ് ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളും ഫീച്ചർ ചെയ്യുന്ന BYD അറ്റോ 3-യിൽ ട്രപസോയ്ഡൽ ആകൃതിയിലുള്ള ഡ്യുവൽ-ടോൺ ബമ്പർ, ഒരു ഫോക്സ് സിൽവർ സ്കിഡ് പ്ലേറ്റ് എന്നിവയും ഇടംപിടിച്ചിട്ടുണ്ട്.
വശക്കാഴ്ച്ചയിൽ 18 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകളും സി-പില്ലറിൽ സിൽവർ ഫിനിഷും ബ്ലാക്ക്ഡ്-ഔട്ട് വീൽ ആർച്ചുകളുമാണ് ഇലക്ട്രിക് എസ്‌യുവിയുടെ അഴക് വർധിപ്പിക്കുന്നത്. പിൻഭാഗത്ത് BYD അറ്റോ 3 എസ്‌യുവിക്ക് ചങ്കി ഡ്യുവൽ-ടോൺ ബമ്പർ, റൂഫ് മൌണ്ടഡ് സ്‌പോയിലർ, വലിപ്പമേറിയ എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവയും വാഹനത്തിന് വേറിട്ട രൂപം സമ്മാനിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

മുടക്കുന്ന വിലയ്ക്കുള്ള എല്ലാ സജ്ജീകരണങ്ങളുമായാണ് വാഹനം ഇന്ത്യയിലെത്തുന്നത് എന്നകാര്യവും എടുത്തു പറയേണ്ടതാണ്. ആഡംബര ഫീച്ചറുകളാൽ സമ്പന്നമായ ഇന്റീരിയറിൽ ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേയും ഉള്ള 12.8 ഇഞ്ച് കറങ്ങുന്ന സെൻട്രൽ സ്‌ക്രീൻ, 5.0 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡോർ മൗണ്ടഡ് സർക്കുലർ സ്പീക്കറുകൾ, സ്റ്റൈലിഷ് എയർ-കോൺ വെന്റുകൾ, വയർലെസ് ചാർജർ, പവർ ടെയിൽഗേറ്റ് എന്നിവയെല്ലാമാണ് വാങ്ങുന്നവർക്കായി കാത്തിരിക്കുന്നത്.
കഴിഞ്ഞില്ല, ഇതിനു പുറമെ പവർഡ് ഫ്രണ്ട് ഡ്രൈവർ, പാസഞ്ചർ സീറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ്, പനോരമിക് സൺറൂഫ്. ഏഴ് എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ADAS ഫീച്ചറുകൾ, ഹിൽ ഡിസന്റ് കൺട്രോൾ, ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), എബിഎസ്, ട്രാക്ഷൻ കൺട്രോൾ, ഹിൽ ഡിസന്റ് കൺട്രോൾ എന്നീ സേഫ്റ്റി ഫീച്ചറുകളും അറ്റോ 3 ഇല്‌ട്രിക് എസ്‌യുവിയിൽ BYD ഒരുക്കിയിട്ടുണ്ട്. അങ്ങനെ മൊത്തത്തിൽ നോക്കുമ്പോൾ മോഹിപ്പിക്കുന്ന റേഞ്ചും കിടിലൻ ലുക്കും ഫീച്ചറുകളും നിറഞ്ഞതാണ് വാഹനം.


Click it and Unblock the Notifications