ആഞ്ഞുപിടിച്ചിട്ടും പിടിതരാതെ ക്രെറ്റയും സെൽറ്റോസും, വിൽപ്പനയിൽ കിതച്ച് ഗ്രാൻഡ് വിറ്റാരയും ഹൈറൈഡറും
ഇന്ത്യയിലെ ഏറ്റവും മത്സരാധിഷ്ഠിതമായ സെഗ്മെന്റുകളിൽ ഒന്നാണ് മിഡ്-സൈസ് എസ്‌യുവികളുടേത്. ഹ്യുണ്ടായിയും കിയയും അരങ്ങുവാഴുന്ന വിഭാഗത്തെ കൈപ്പിടിയിലാക്കാൻ രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയും ടൊയോട്ടയും കൈകോർത്ത് പുതിയ രണ്ട് മോഡലുകളെ അവതരിപ്പിക്കുകയുണ്ടായി. സ്‌ട്രോംഗ് ഹൈബ്രിഡ് എഞ്ചിന്റെ പെരുമയുമായി എത്തിയ ഗ്രാൻഡ് വിറ്റാരയുടെയും അർബൻ ക്രൂയിസർ ഹൈറൈഡറിന്റെയും കാര്യം തന്നെയാണീ പറഞ്ഞു വരുന്നത്.
ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചതിന് തൊട്ടുപിന്നാലെ മാരുതി ഗ്രാൻഡ് വിറ്റാരക്കും ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിനും വിപണിയിൽ നിന്നും ഗംഭീര സ്വീകരണമാണ് ലഭിച്ചത്. രണ്ട് എസ്‌യുവികളുടെയും ആകെ 12856 യൂണിറ്റുകളാണ് പോയ മാസം രാജ്യത്ത് വിറ്റഴിഞ്ഞത്. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് തുടങ്ങിയ എതിരാളികൾക്ക് ശക്തമായ മത്സരം നൽകുന്നുണ്ടെങ്കിലും അവരുടെ വിൽപ്പന കണക്കുകളുമായി തട്ടിച്ചുനോക്കാൻ മാരുതി-ടൊയോട്ട മോഡലുകൾക്കാവുന്നില്ലെന്നു വേണം മനസിലാക്കാൻ.

ഈ രണ്ട് എസ്‌യുവികളും രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെയാണ് വാഗ്ദാനം ചെയ്യുന്നതെന്ന് പറയേണ്ടതില്ലല്ലോ. കൂടാതെ സവിശേഷതകളാൽ സമ്പന്നമായ ഇന്റീരിയറും സുഖപ്രദമായ ക്യാബിനാലും പേരുകേട്ടതാണെങ്കിലും കാര്യങ്ങളൊന്നും പ്രതീക്ഷിച്ചപോലെ ഒക്കുന്നില്ലെന്നു വേണം കരുതാൻ. മാരുതി സുസുക്കി 2023 ജനുവരിയിൽ രാജ്യത്ത് മൊത്തം 8662 ഗ്രാൻഡ് വിറ്റാര യൂണിറ്റുകൾ വിറ്റു. സിഗ്മ, ഡെൽറ്റ, സീറ്റ, ആൽഫ, സീറ്റ പ്ലസ്, ആൽഫ പ്ലസ് എന്നീ ആറ് വേരിയന്റ് ഓപ്ഷനുകളിലാണ് പുതിയ ഗ്രാൻഡ് വിറ്റാര വാഗ്ദാനം ചെയ്യുന്നത്.
എന്നിരുന്നാലും സീറ്റ പ്ലസ്, ആൽഫ പ്ലസ് വേരിയന്റുകളിൽ മാത്രമാണ് സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാനാവുന്നത്. അതേസമയം ആദ്യ നാല് വേരിയന്റുകളും മൈൽഡ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ സംവിധാനത്തോടെയാണ് നിരത്തിലെത്തുന്നത്. അതുപോലെ കസിൻ മോഡലായ പുതിയ ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ E, S, G, V എന്നിങ്ങനെ നാല് വ്യത്യസ്‌ത പതിപ്പുകളിലാണ് സ്വന്തമാക്കാനാവുന്നത്. ഹൈബ്രിഡ് എഞ്ചിൻ മൂന്ന് ടോപ്പ് എൻഡ് വേരിയന്റുകളിൽ വാങ്ങാനാവും.

അതേസമയം മൈൽഡ് ഹൈബ്രിഡ് എഞ്ചിൻ നാല് വേരിയന്റ് ഓപ്ഷനുകളിലും ടൊയോട്ട ഒരുക്കിയിട്ടുണ്ട്. തെരഞ്ഞെടുക്കുന്ന എഞ്ചിനെ ആശ്രയിച്ച് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളാണ് രണ്ട് എസ്‌യുവികളും വാഗ്ദാനം ചെയ്യുന്നത്. പുതിയ മാരുതി ഗ്രാൻഡ് വിറ്റാര പോലെ വലിയ സൺറൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ഹെഡ്‌സ് അപ് ഡിസ്പ്ലേ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോൾ, പുഷ്-ബട്ടൺ സ്റ്റാർട്ട് തുടങ്ങിയ ഫീച്ചറുകൾ ഉൾപ്പെടുന്ന വിപുലമായ ഫീച്ചറുകളാൽ ഗ്രാൻഡ് വിറ്റാരയും ഹൈറൈഡറും സമ്പന്നമാണ്.
വിൽപ്പന കണക്കുകൾ സെഗ്മെന്റിലെ മറ്റ് മോഡലുകളുമായി താരതമ്യം ചെയ്‌തു നോക്കിയാൽ കഴിഞ്ഞ മാസം രാജ്യത്ത് മൊത്തം 15,037 യൂണിറ്റ് ഹ്യുണ്ടായി ക്രെറ്റ വിറ്റഴിച്ചപ്പോൾ കിയ ഇന്ത്യയിൽ മൊത്തം 10,470 സെൽറ്റോസ് എസ്‌യുവികൾ നിരത്തിലെത്തിച്ചിട്ടുണ്ട്. ഈ രണ്ട് മോഡലുകളും പെട്രോൾ, ഡീസൽ ഓപ്ഷനുകൾക്കൊപ്പം വാഗ്ദാനം ചെയ്യുന്നുവെന്നതാണ് ഇവയുടെ ഏറ്റവും വലിയ ഹൈലൈറ്റുകൾ. മറുവശത്ത് സ്കോഡ 2023 ജനുവരിയിൽ ഇന്ത്യയിൽ 2,013 യൂണിറ്റ് പുതിയ കുഷാക്കുകൾ വിറ്റപ്പോൾ മൊത്തം 1,455 യൂണിറ്റ് വിൽപ്പനയാണ് ഫോക്‌സ്‌വാഗൺ ടൈഗൂൺ നേടിയെടുത്തത്.

ഈ രണ്ട് എസ്‌യുവികളും ടർബോ പെട്രോൾ എഞ്ചിനുകൾ ഓപ്ഷനിൽ മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ. അങ്ങനെ നോക്കുമ്പോൾ മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരക്കും ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിനും സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിനിൽ നിന്നും കൂടുതൽ നേട്ടമുണ്ടാക്കാനാവുന്നുണ്ട്. അതുപോലെ തന്നെ സിഎൻജി ഓപ്ഷനും രണ്ട് ബ്രാൻഡുകളും തങ്ങളുടെ എസ്‌യുവികളിലേക്ക് അവതരിപ്പിച്ചിട്ടുണ്ട്. എങ്കിലും ഇത്രയും വലിയ മോഡലുകളിലേക്ക് സിഎൻജി തെരഞ്ഞെടുക്കാൻ പലരും വിമുഖത കാണിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇപ്പോൾ 10.48 ലക്ഷം രൂപ മുതൽ 19.49 ലക്ഷം രൂപ വരെയാണ് ടൊയോട്ട ഹൈറൈഡറിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. അതേസമയം മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയുടെ കാര്യത്തിലേക്ക് നോക്കിയാൽ 10.45 ലക്ഷം മുതൽ 19.65 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി നൽകേണ്ടത്. കരുത്തുറ്റ ഹൈബ്രിഡ് പതിപ്പുകൾക്ക് ലിറ്ററിന് 27.97 കിലോമീറ്റർ ഇന്ധനക്ഷമതയാണ് ഇരുകമ്പനികളും അവകാശപ്പെടുന്നത്. 116 bhp കരുത്തിൽ 141 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ് 1.5 ലിറ്റർ ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ.


Click it and Unblock the Notifications








