6 എയർബാഗുള്ള ഏറ്റവും പുതിയ കാറുകൾ! അതും ഈ കുറഞ്ഞ വിലയ്ക്ക്
കാറുകളുടെ അടിസ്ഥാന സുരക്ഷാ സവിശേഷതകളിൽ ഒന്നാണല്ലോ എയർബാഗുകൾ. ഒരുകാലത്ത് ഡ്രൈവർ സൈഡ് എയർബാഗ് മാത്രം സ്റ്റാൻഡേർഡായി കിട്ടിയിരുന്നപ്പോൾ ഇന്ന് രണ്ട് എണ്ണമെങ്കിലും നിർബന്ധമാണ്. എന്നാൽ ഇതും അധികംവൈകാതെ മാറാനിരിക്കുകയാണ്. കാറുകളിൽ ആറ് എയർ ബാഗുകൾ നിർബന്ധമാക്കി കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം വിഞ്ജാപനം പുറത്തിറക്കിയിരുന്നു.
2023 ഒക്ടോബർ ഒന്നു മുതൽ M1 കാറ്റഗറിയിൽ ഉള്ള പാസഞ്ചർ കാറുകൾക്ക് ആറ് എയർബാഗുകൾ നിർബന്ധമായും ഘടിപ്പിക്കണമെന്ന നിയമമാണ് നടപ്പിലാവാൻ പോവുന്നത്. എട്ട് പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന M1 കാറ്റഗറി വാഹനങ്ങളില്‍ ആറ് എയര്‍ബാഗ് നിര്‍ബന്ധമാക്കണമെന്ന കരട് നിര്‍ദേശം 2022 ജനുവരിയാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നത്. എന്നാൽ സീറ്റിംഗ് കപ്പാസിറ്റിയിൽ ഇതിലും കുറവുള്ള ചില കാറുകളും നമ്മുടെ വിപണിയിൽ 6 എയർബാഗുകളൊക്കെ ഇപ്പോഴേ വാഗ്ദാനം ചെയ്യുന്നുണ്ടെന്നാണ് ശ്രദ്ധേയമായ കാര്യം.

പുതിയൊരു കാർ വാങ്ങാൻ ആഗ്രഹിക്കുന്ന ഏതൊരാളും ഇപ്പോൾ ഏറ്റവും കൂടുതൽ പരിഗണിക്കുന്നൊരു കാര്യമാണ് വണ്ടിയുടെ സേഫ്റ്റി. സുരക്ഷിത വാഹനങ്ങളുടെ വർധിച്ചുവരുന്ന ഡിമാൻഡിനൊപ്പം കാർ നിർമാതാക്കൾ ഉൽപ്പന്ന നിരയിൽ കൂടുതൽ നിലവാരമുള്ളതും നൂതനവുമായ സുരക്ഷാ സവിശേഷതകൾ വാഗ്ദാനം ചെയ്യാനും തുടങ്ങിയിട്ടുണ്ട്. നിലവിൽ എല്ലാ കാറുകളിലും സ്റ്റാൻഡേർഡ് ഡ്യുവൽ ഫ്രണ്ട് എയർബാഗുകളാണ് നൽകുന്നത്.
എന്നാൽ 6 എയർബാഗുകളുടെ പരിരക്ഷയുള്ള ഉയർന്ന വേരിയന്റുകൾ തെരഞ്ഞെടുക്കാൻ വാങ്ങുന്നവർക്ക് ഓപ്ഷനുകൾ ഉണ്ട്. അത്തരം ചില കാറുകളെ നമുക്കൊന്നു പരിചയപ്പെട്ടാലോ? 6 എയർബാഗുള്ള ഏറ്റവും പുതിയ മോഡലുകളാണ് ഈ പട്ടികയിലുള്ളത്. അതും കുറഞ്ഞ വിലയ്ക്ക് കൂടുതൽ സുരക്ഷ കിട്ടുമ്പോൾ അതൊരു സന്തോഷം നൽകുന്ന കാര്യം തന്നെയാണ്. 15 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയുള്ള ആറ് എയർബാഗുകൾ വരെ നൽകുന്ന കിടിലൻ മോഡലുകൾ ഇതാ...

കിയ കാരെൻസ്: വളരെ വേഗം ജനപ്രിയനായ എംപിവിയുടെ എല്ലാ വേരിയന്റുകളിലും കമ്പനി സ്റ്റാൻഡേർഡായി 6 വരെ എയർബാഗുകൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്. പ്രീമിയം, പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ്, ലക്ഷ്വറി (O) എന്നിങ്ങനെ ആറ് വേരിയന്റുകളിൽ എത്തുന്ന കിയ കാരെൻസിന് 10.45 ലക്ഷം രൂപ മുതൽ 18.95 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.
ഹ്യുണ്ടായി വെന്യു: സബ്-4 മീറ്റർ എസ്‌യുവി നിരയിലെ ടെക്കിയായ വെന്യുവിന്റെ SX (O) വേരിയന്റിലാണ് കമ്പനി 6 എയർബാഗുകൾ വരെ അണിനിരത്തിയിരിക്കുന്നത്. ഈ ടോപ്പ് എൻഡ് പതിപ്പിന് 12.35 ലക്ഷം മുതൽ 13.18 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. 1.0 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ ഈ വേരിയന്റ് സ്വന്തമാക്കാനുമാവും.

മാരുതി ഫ്രോങ്ക്സ്: വിപണിയിലെത്തിയ ഏറ്റവും പുതിയ വാഹനമായ മാരുതിയുടെ ക്രോസ്ഓവർ മോഡലിലും ആറ് എയർബാഗുകളുടെ പരിരക്ഷ കമ്പനി നൽകിയിട്ടുണ്ട്. കാറിന്റെ ടോപ്പ് എൻഡ് വേരിയന്റിലാവും ഇത്രയും എയർബാഗുകൾ ഇടംപിടിക്കുക. ഡ്രൈവർ, കോ-ഡ്രൈവർ, സൈഡ്, കർട്ടൻ എയർബാഗുകൾ മാരുതി ഫ്രോങ്ക്സിന്റെ സീറ്റ ടർബോ വേരിയന്റ് മുതലാണ് ലഭ്യമാവുക. ഇതിന് 10.55 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്.
ഹ്യുണ്ടായി i20: കാറിന്റെ ആസ്റ്റ (O) ടോപ്പ് എൻഡ് പതിപ്പിലാണ് ഈ സവിശേഷത ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ ഒരുക്കിയിരിക്കുന്നത്. 9.04 ലക്ഷം മുതലാണ് ഈ വേരിയന്റിന്റെ ഇന്ത്യയിലെ വില. പ്രീമിയം ഹാച്ച്ബാക്കിന് ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ അസിസ്റ്റ് കൺട്രോൾ, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, ഇൻഫോടെയ്ൻമെന്റിൽ ഡിസ്പ്ലേയുള്ള റിയർ ക്യാമറ എന്നിവയും ലഭിക്കുന്നു.

മാരുതി ബലേനോ: പ്രീമിയം ഹാച്ച്ബാക്കിന്റെ സീറ്റ വേരിയന്റ് മുതലാണ് 6 എയർബാഗിന്റെ പരിരക്ഷ കമ്പനി വാഗ്‌ദാനം ചെയ്യുക. ടോപ്പ് എൻഡ് വേരിയന്റിന് തൊട്ടുതാഴെയുള്ള ഈ മോഡലിന് 8.38 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയാണുള്ളത്. ഈ സേഫ്റ്റി ഫീച്ചറിനൊപ്പം റിയർവ്യൂ ക്യാമറയും ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാമും മാരുതി ബലേനോയുടെ ഭാഗമായെത്തുന്നുണ്ട്. കൂടാതെ നിർമാണ നിലവാരത്തിലും മുൻഗാമിയേക്കാൾ മിടുക്കനായാണ് പുത്തൻ ബലേനോയുടെ വരവ്.
ഹ്യുണ്ടായി i10 നിയോസ്, ഓറ: ഹ്യുണ്ടായിയുടെ എൻട്രി ലെവൽ മോഡലായ ഗ്രാൻഡ് i10 നിയോസിലും അതിന്റെ കോംപാക്‌ട് സെഡാൻ മോഡലിലും കമ്പനി ആറ് എയർബാഗുകൾ വരെ നൽകുന്നുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. ഈ സെഗ്മെന്റിലെ മറ്റൊരു മോഡലുകൾക്കും അവകാശപ്പെടാനാവാത്ത നേട്ടമാണിത്. നിലവിൽ ഇന്ത്യയിൽ 6 എയർബാഗ് സവിശേഷതയുമായി വിൽപ്പനയ്ക്ക് എത്തുന്ന ഏറ്റവും വില കുറവുള്ള വാഹനങ്ങളാണിവ.

ഓറയുടെ SX (O) വേരിയന്റിലാണ് ഹ്യുണ്ടായി 6 എയർബാഗിന്റെ പരിരക്ഷ നൽകുന്നത്. ഇതിന് 8.61 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി നൽകേണ്ടത്. അതേസമയം ഹ്യുണ്ടായി i10 നിയോസിന്റെ ടോപ്പ് എൻഡ് ആസ്റ്റ പതിപ്പിലാണ് ഡ്രൈവർ, കോ-ഡ്രൈവർ, സൈഡ്, കർട്ടൻ എയർബാഗുകൾ ഒരുക്കിയിട്ടുള്ളത്. ഇതിന്റെ മാനുവൽ ട്രാൻസ്മിഷൻ മോഡലുകൾക്ക് 7.95 ലക്ഷം രൂപയും എഎംടി ഓട്ടോമാറ്റിക്കിന് 8.51 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.


Click it and Unblock the Notifications








