ക്രെറ്റയെ പിടിക്കാൻ സിട്രൺ C3 എയർക്രോസ്, സെഗ്മെന്റ് തൂക്കാൻ 'സംഭവം ഇറുക്ക്'
ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ ഇന്ത്യൻ വിപണി പിടിക്കാനായി പുതുപുത്തൻ മോഡലുകളുടെ വലിയൊരു ഘോഷയാത്ര തന്നെ നടത്തുകയാണ്. വിപണിയിലെത്തി വളരെ ചുരങ്ങിയ നാളുകൾകൊണ്ട് നാലാമത്തെ എസ്‌യുവിയെ പുറത്തിറക്കാനൊരുങ്ങുന്ന ബ്രാൻഡ് ഇത്തവണ എത്തുന്നത് ഹ്യുണ്ടായി ക്രെറ്റയും മാരുതി ഗ്രാൻഡ് വിറ്റാരയുമെല്ലാം അരങ്ങുവാഴുന്ന മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലേക്കാണ്.
സെപ്റ്റംബർ മുതൽ ബുക്കിംഗ് ആരംഭിക്കാനിരിക്കുന്ന സിട്രൺ C3 എയർക്രോസിന്റെ വരവിനായി കാത്തിരിക്കുന്ന അനേകം ആളുകളുണ്ടെന്നാണ് അനുമാനം. ഇനി പുതുതായി ഒരു ആമുഖം വേണ്ടാത്ത രീതിയിൽ അറിയപ്പെടാൻ ഇന്ത്യയിൽ സിട്രണിന് സാധിച്ചിട്ടുണ്ട്. പക്ഷേ കമ്പനി പ്രതീക്ഷിച്ചത്ര വളർച്ചയൊന്നും ഉണ്ടായിട്ടില്ലന്നത് പകൽ പോലെ വ്യക്തമാണ്. ക്രെറ്റക്കും ഗ്രാൻഡ് വിറ്റാരക്കുമെല്ലാം പുറമെ ഹോണ്ട എലിവേറ്റ് കൂടി വരുന്ന സാഹചര്യത്തിൽ പുതിയ സിട്രൺ എസ്‌യുവിക്ക് പിടിച്ചു നിൽക്കാനാവുമോ എന്നതാണ് ഏവരും ചോദിക്കുന്ന ചോദ്യം.

പക്ഷേ അതിനായി C3 എയർക്രോസിനെ വ്യത്യസ്‌തമാക്കാനുള്ള പല ശ്രമങ്ങളും സിട്രണിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. ഹ്യുണ്ടായി ക്രെറ്റയിൽ പോലുമില്ലാത്ത പല ഫീച്ചറുകളും സവിശേഷതകളും കോർത്തിണക്കിയാണ് കമ്പനി ഈ മിഡ്-സൈസ് എസ്‌യുവിയെ പണിതിറക്കുന്നത്. അതിനാൽ ഇന്ത്യയിൽ പൂർണമായും നിർമിക്കുന്ന പുതിയ മോഡലിന്റെ ചില യുണീക് ഫീച്ചറുകളെ നമുക്ക് ഒന്നു പരിചയപ്പെട്ടാലോ? നിങ്ങൾ ഒരു മിഡ്-സൈസ് എസ്‌യുവി വാങ്ങാൻ പ്ലാനിടുന്നയാളാണെങ്കിൽ എന്തുകൊണ്ട് സിട്രൺ C3 എയർക്രോസ് പരിഗണിക്കാമെന്നും പറയാം.
മൂന്നുവരി വാഹനം: മഹീന്ദ്ര XUV700 പോലെ സിട്രൺ C3 എയർക്രോസും 5 അല്ലെങ്കിൽ 7 സീറ്റർ പതിപ്പിൽ വാങ്ങാനാവും. ആയതിനാൽ ഏറ്റവും വലിയ ഹൈലൈറ്റായി ഫ്രഞ്ച് വാഹന നിർമാതാക്കൾ ഉയർത്തിക്കാട്ടുന്നതും ഈയൊരു സംവിധാനമാണ്. പരമ്പരാഗത അഞ്ച് സീറ്റ് ലേഔട്ടും വാഗ്ദാനം ചെയ്യപ്പെടുമെങ്കിലും അധിക സീറ്റിംഗ് വേണ്ടവർക്ക് C3 എയർക്രോസിന്റെ 7 സീറ്റർ വകഭേദങ്ങൾ സ്വന്തമാക്കാം. കൂടുതൽ കാർഗോ ഏരിയ ആവശ്യമായി വരുമ്പോൾ ഈ സീറ്റുകൾ പൂർണമായും നീക്കം ചെയ്യാനും കഴിയും.

ടർബോ എഞ്ചിൻ: സിട്രൺ C3 എയർക്രോസ് ഒരു എഞ്ചിൻ ഓപ്ഷനുമായാണ് വരുന്നത് എങ്കിലും വളരെ പ്രായോഗികമായ ഒന്നാവുമിത്. C3 ഹാച്ച്ബാക്കിനുള്ളിൽ കാണപ്പെടുന്ന 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് ഈ വലിയ വാഹനത്തിനും കരുത്തേകുന്നത്. എല്ലാ വേരിയന്റിലും സ്റ്റാൻഡേർഡായി ഇത് ലഭിക്കുന്നത് തീർച്ചയായും വലിയൊരു കാര്യമാണ്. 108 bhp പവറിൽ പരമാവധി 190 Nm torque വരെ വാഗ്‌ദാനം ചെയ്യുന്ന ഇതിന് ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ മാത്രമായിരിക്കും ഉണ്ടായിരിക്കുക.
റൂഫ് മൗണ്ടഡ് എസി വെന്റുകൾ: അഞ്ച് അല്ലെങ്കിൽ 7 സീറ്റർ ഓപ്ഷനുകളുള്ള C3 എയർക്രോസിന് റൂഫ് മൗണ്ടഡ് എസി വെന്റുകൾ എസി വെന്റുകൾ ലഭിക്കും. ഇത് പ്രധാന എതിരാളികളിൽ കാണാനാവാത്ത ഒരു സവിശേഷതകളിൽ ഒന്നാണ്. അത് രണ്ടാമത്തെയും മൂന്നാമത്തെയും നിരയിലെ യാത്രക്കാർക്ക് വേഗത്തിൽ കൂടുതൽ എസി ലഭിക്കാൻ സഹായകരമാവുന്ന കാര്യമാണ്.

കസ്റ്റമൈസേഷൻ പായ്ക്കുകൾ: C3 ഹാച്ച്ബാക്കിൽ എന്നപോലെ മിഡ്-സൈസ് എസ്‌യുവിയായ C3 എയർക്രോസിലും നാല് പായ്ക്കുകൾ അല്ലെങ്കിൽ 70 ഓളം ആക്‌സസറികളുള്ള കസ്റ്റമൈസേഷൻ ഓപ്ഷനുകൾ കമ്പനി അണിനിരത്തുന്നുണ്ട്. വൈബ്, എലഗൻസ്, ട്രാവൽ, കെയർ എന്നിവയാണ് ഇന്ത്യയിലെ സിട്രണിന്റെ പുതിയ സ്പോർട്‌സ് യൂട്ടിലിറ്രി വാഹനത്തിൽ ലഭിക്കുന്ന കസ്റ്റമൈസേഷൻ പായ്ക്കുകൾ.
വൈവിധ്യമാർന്ന നിറങ്ങൾ: സിംഗിൾ-ടോൺ നിറങ്ങളേക്കാൾ ഡ്യുവൽ-ടോൺ ബോഡി കളർ ഓപ്ഷനുകളുള്ള സെഗ്‌മെന്റിലെ ഏകമോഡലാണ് C3 എയർക്രോസ്. വൈറ്റ് പ്ലസ് ഗ്രേ, വൈറ്റ് പ്ലസ് ബ്ലൂ, ഗ്രേ പ്ലസ് വൈറ്റ്, ഗ്രേ പ്ലസ് ബ്ലൂ, പ്ലാറ്റിനം ഗ്രേ പ്ലസ് വൈറ്റ്, ബ്ലൂ വിത്ത് വൈറ്റ് റൂഫ് എന്നിവയാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. ശരിക്കും ഇത്തരത്തിൽ വേറിട്ടു നിൽക്കാനും പുതുമ കൊണ്ടുവരാനും സിട്രൺ ശ്രമിക്കുമ്പോൾ ഉപഭോക്താക്കൾ വാഹനത്തിലേക്ക് അടുക്കുമോ എന്ന കാര്യമാണ് ഇനി കണ്ടറിയേണ്ടത്.

പ്രത്യേകിച്ച് സെഗ്മെന്റിൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സ്കോഡ കുഷാഖ്, എംജി ആസ്റ്റർ, ഹോണ്ട എലിവേറ്റ് പോലുള്ള വമ്പൻമാർ വാഴുമ്പോൾ. മുകളിൽ പറഞ്ഞ യുണീക് ഫീച്ചറുകൾ മാത്രം ഉപയോഗിച്ച് സെഗ്മെന്റ് പിടിക്കാൻ സിട്രൺ C3 എയർക്രോസിന് സാധിക്കുമോ എന്നതും പ്രസക്തമായ ചോദ്യങ്ങളിൽ ഒന്നാണ്.


Click it and Unblock the Notifications








