വജ്രായുധം പണിതെടുത്ത് സിട്രൺ, പോരടിക്കാൻ പരീക്ഷണയോട്ടം അവസാനഘട്ടത്തിലേക്ക്
വാഹന നിർമാതാക്കളുടെ സ്വപ്‌ന ഭൂമിയായി മാറിയിരിക്കുകയാണ് ഇന്ത്യ. കിയ, എംജി, ബിവൈഡി പോലുള്ള ബ്രാൻഡുകൾക്കെല്ലാം പാസഞ്ചർ വാഹന വിഭാഗത്തിൽ നിന്നും വൻ സ്വീകാര്യത ലഭിക്കുമ്പോൾ ആഗോള ഭീമൻമാരുടെയെല്ലാം കണ്ണിവിടെയുണ്ട്. അങ്ങനെയാണ് 2021-ൽ സിട്രൺ (Citroen) എന്ന ഫ്രഞ്ച് ബ്രാൻഡും നമ്മുടെ രാജ്യത്തേക്ക് ആവേശത്തോടെ എത്തിയത്.
എന്നാൽ പ്രതീക്ഷിച്ച വിജയമൊന്നും കമ്പനിക്കുണ്ടായിട്ടില്ലെന്നു വേണം പറയാൻ. ആദ്യ മോഡലായി C5 എയർക്രോസിനെ അവതരിപ്പിച്ച് പ്രീമിയം എസ്‌യുവി നിര വെട്ടിപ്പിടിക്കാനാണ് സിട്രൺ ആദ്യം ശ്രമിച്ചത്. കാര്യമായ ചലനങ്ങൾ ഉണ്ടാക്കാനായില്ലെങ്കിലും നാലാൾ അറിയുന്ന തരത്തിൽ പേരെടുക്കാൻ കമ്പനിക്കായി. പിന്നീടുള്ള ശ്രമം സാധാരണക്കാരായിരുന്നു. അവർക്കായി കുറഞ്ഞ വിലയിൽ ഒരു എസ്‌യുവി ശൈലിയുള്ള ഹാച്ച്ബാക്കിനെയാണ് സിട്രൺ കൊണ്ടുവന്നത്. അത്ര മോശക്കാരല്ലാത്ത C3 എന്ന വാഹനം കാര്യമായി ക്ലിക്കായില്ല.

പിന്നീട് C3 ഹാച്ചിന്റെ ഇലക്ട്രിക് പതിപ്പിനെയും മോഹവിലയിൽ അവതരിപ്പിച്ച് സിട്രൺ ഞെട്ടിച്ചു. എന്നാൽ ഡീലർഷിപ്പ് പിന്തുണയൊന്നുമില്ലാത്തതിനാൽ പദ്ധതി കാര്യമായി ക്ലിക്കാവുന്നില്ലെന്നു വേണം പറയാൻ. സിട്രണിന്റെ നാലാമത്ത മോഡലായി വരുന്നത് C3 എയർക്രോസ് എന്ന വാഹനമാണ്. അടുത്തിടെ അവതരണമൊക്കെ നടന്നങ്കെലും ഉത്സവ സീസണോടെയാവും വില പ്രഖ്യാപനവും വിൽപ്പനയുമൊക്കെ നടക്കുക. ഇതിനിടയിൽ കാര്യമായ പരീക്ഷണയോട്ടവും ഈ മിഡ്-സൈസ് എസ്‌യുവി നടത്തുന്നുണ്ട്.
ഹ്യുണ്ടായി ക്രെറ്റയും കിയ സെൽറ്റോസും മാരുതി ഗ്രാൻഡ് വിറ്റാരയുമെല്ലാം അരങ്ങുവാഴുന്നിടത്തേക്ക് എന്ത് മാജിക്കാവും സിട്രൺ C3 എയർക്രോസ് കാത്തുവെച്ചിരിക്കുന്നതെന്നാണ് ആളുകൾ കാത്തിരിക്കുന്നത്. ഇതിനിടയിലാണ് ഡ്രൈവ്‌സ്പാർക്കിന്റെ ക്യമറ കണ്ണുകളിൽ വാഹനത്തിന്റെ പരീക്ഷണയോട്ട ചിത്രങ്ങൾ പതിഞ്ഞിരിക്കുന്നത്. ഇതിനോടകം അവതരണം നടന്നുവെങ്കിലും ബോഡിയെല്ലാം മൂടിക്കെട്ടിയാണ് കമ്പനി ഇപ്പോഴും പരീക്ഷണം തുടരുന്നത്.

5, 7 സീറ്റർ വേരിയന്റുകളിലാവും C3 എയർക്രോസ് അരങ്ങത്തെത്തുകയെന്ന് കമ്പനി ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. ഇപ്പോൾ സ്പൈ ചിത്രങ്ങളിൽ കാണുന്ന മോഡൽ 5-സീറ്റർ പതിപ്പാണ്. സാധാരണക്കാരെ ലക്ഷ്യംവെച്ച് പുറത്തിറക്കിയ C3 പ്രീമിയം ഹാച്ചിനെ അടിസ്ഥാനമാക്കിയാണ് സിട്രൺ C3 എയർക്രോസിനെ പണികഴിപ്പിച്ചിരിക്കുന്നത്. പക്ഷേ കാഴ്ച്ചയിൽ ചില പുതുമകൾ കൊണ്ടുവന്നത് ശ്രദ്ധേയമായിട്ടുണ്ട്. വലിപ്പത്തിലെ വ്യത്യാസവും കമ്പനിയുടെ നിർമാണ വൈദഗ്ധ്യത്തെയാണ് സൂചിപ്പിക്കുന്നത്.
ലൈറ്റിംഗ് എല്ലാം C3 ഹാച്ച്ബാക്കിന് സമാനമാണെങ്കിലും ഫ്രണ്ട് ഗ്രിൽ, എയർ ഡാം, സ്കിഡ് പ്ലേറ്റ്, ഫോഗ് ലാമ്പുകൾ തുടങ്ങിയവയിൽ കൊണ്ടുവന്ന മാറ്റങ്ങളാണ് ഇതിനു പിന്നിലുള്ള പ്രധാന കാരണം. അലോയ് വീലുകളാണ് വാഹനത്തിന്റെ ടോപ്പ് എൻഡ് വേരിയന്റുകൾക്ക് ലഭിക്കുകയെങ്കിലും ബേസ് മോഡലുകളിൽ സ്റ്റീൽ വീലുകളായിരിക്കും സിട്രൺ അവതരിപ്പിക്കുകയെന്ന് ഇപ്പോൾ പുറത്തുവന്ന സ്പൈ ചിത്രങ്ങൾ വ്യക്തമാക്കുന്നുണ്ട്. കോസ്റ്റ് കട്ടിംഗാണ് സിട്രണിന്റെ പ്രധാന ഉന്നമെന്ന് ഇക്കാര്യം സൂചന നൽകുന്നു.

കൂടാതെ ലൈറ്റിംഗെല്ലാം പരമ്പരാഗത രീതിയിലാണ് സിട്രൺ പിന്തുടർന്നിരിക്കുന്നത്. എൽഇഡി യൂണിറ്റുകൾക്ക് പകരം പൈസ ലാഭിക്കാനായി ഹാലജൻ ബൾബുകളാണ് C3 എയർക്രോസിന് നൽകിയിരിക്കുന്നത്. വലിപ്പത്തിന്റെ കാര്യത്തിലേക്ക് വന്നാൽ മൊത്തത്തിൽ 4.3 മീറ്റർ നീളമുള്ള പുതിയ മിഡ്-സൈസ് എസ്‌യുവിക്ക് 2671 mm വീൽബേസും 200 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമുണ്ട്. 5 സീറ്റർ വേരിയന്റിന് 511 ലിറ്ററാണ് ബൂട്ട് സ്പേസ്. മൂന്നാംനിര സീറ്റുകൾ മടക്കിയാൽ 7 സീറ്റർ പതിപ്പിലും ഇത് കൈവരിക്കാനാവും.
അകത്തളത്തിന്റെ ചിത്രങ്ങൾ പരീക്ഷണയോട്ടത്തിൽ വ്യക്തമായിട്ടില്ലെങ്കിലും അവതരണ ഘട്ടത്തിൽ ഇതെല്ലാം സിട്രൺ വെളിപ്പെടുത്തിയിരുന്നു. ബേസ് വേരിയന്റുകളിൽ എന്തെല്ലാം ഉണ്ടാവുമെന്ന് വ്യക്തമല്ലെങ്കിലും ടോപ്പ് എൻഡ് പതിപ്പുകളുടെ കാര്യത്തിൽ തീരുമാനമായിട്ടുണ്ട്. C3 ഹാച്ചിൽ കാണുന്ന 10.2 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ഡാഷ്ബോർഡിൽ ഇടംപിടിച്ചിരിക്കുന്നത്. . വയർലെസ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി സപ്പോർട്ടും ഈ യൂണിറ്റിലുണ്ടാവും.

മൈ സിട്രൺ കണക്‌ട് ആപ്പ് വഴി സജ്ജീകരിക്കാനാവുന്ന ഇന്റർനെറ്റ് കണക്റ്റഡ് സ്മാർട്ട് ഫീച്ചറുകളുടെ ഒരു സമഗ്ര ശ്രേണിയും വാഹനത്തിലുണ്ട്. ഡേ-നൈറ്റ് IRVM, ക്രൂയിസ് കൺട്രോൾ എസ്‌യുവിയുടെ 7 സീറ്റർ പതിപ്പിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും നിരയിൽ യാത്രക്കാർക്കായ് ബ്ലോവർ കൺട്രോളിനൊപ്പം റൂഫ് മൌണ്ടഡ് എസി വെന്റുകളും യുഎസ്ബി ചാർജിംഗ് പോർട്ടുകളും സിട്രൺ ഒരുക്കും.
ഇനി എഞ്ചിൻ ഓപ്ഷനുകളിലേക്ക് നോക്കിയാൽ C3 ഹാച്ച്ബാക്കിൽ നിന്ന് കടമെടുത്ത 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളും, 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുമാവും C3 എയർക്രോസിനും തുടിപ്പേകുക. ഗിയർബോക്‌സ് ഓപ്ഷനിൽ മാനുവൽ, ഓട്ടോമാറ്റിക് എന്നിവ വാഗ്‌ദാനം ചെയ്‌തേക്കും. C3-യിൽ ഒഴിവാക്കിയ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ മിഡ്-സൈസ് എസ്‌യുവിലും ഒഴിവാക്കിയാൽ അതൊരു വലിയ മണ്ടത്തരമാവും. എന്തായാലും ഉത്സവ സീസണോടെ മോഡലിനെ ഇന്ത്യൻ നിരത്തുകളിൽ കാണാം.


Click it and Unblock the Notifications








