പുതുപുത്തൻ 7 സീറ്റർ എസ്‌യുവിക്ക് അരലക്ഷം രൂപ ഓഫർ, എങ്ങനെ സാധിക്കുന്നുവെന്ന് മാരുതിയും ഹോണ്ടയും
ഇന്ത്യൻ വിപണിയിൽ എസ്‌യുവികളുടെ പുത്തൻ ട്രെൻഡ് സെറ്ററാവുകയാണ് സിട്രൺ. ഹാച്ച്ബാക്കായി അവതരിപ്പിച്ച C3 എന്ന സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളുടെ എല്ലാ ഗുണങ്ങളുമുള്ള കുഞ്ഞൻ കാറിനു പിന്നാലെ C3 എയർക്രോസും പതിയെ രാജ്യം വെട്ടിപ്പിടിക്കുകയാണ്.
കഴിഞ്ഞ ദിവസം C3 ഹാച്ചിൽ ഗംഭീര ഉത്സവ സീസൺ ഓഫർ പ്രഖ്യാപിച്ച ഫ്രഞ്ച് കമ്പനി ഇപ്പോഴിതാ തങ്ങളുടെ ഏറ്റവും പുതിയ മോഡലായ C3 എയർക്രോസിനും കിടിലൻ ഓഫറുകളും ആനുകൂല്യങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. രാജ്യത്തെ ഹോട്ട് സെല്ലിംഗ് സെഗ്മെന്റായ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ് പോലുള്ള വമ്പൻമാരുമായി മത്സരിക്കാൻ എത്തിയ മോഡലിനെ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനുള്ള കമ്പനിയുടെ ശ്രമമാണ് ഈ നീക്കം.

ഈ മാസം ആദ്യം പുറത്തിറക്കിയ സിട്രണിന്റെ ഏറ്റവും പുതിയ എസ്‌യുവിയായ C3 എയർക്രോസ് ഇപ്പോൾ വാങ്ങിയാൽ 55,000 രൂപ വരെ കിഴിവ് ഉപഭോക്താക്കൾക്ക് ലാഭിക്കാം. സെഗ്മെന്റിൽ 5,7 സീറ്റർ ഓപ്ഷനിൽ എത്തുന്ന ഒരേയൊരു മോഡലാണിത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. ഏറ്റവും പുതിയ ഓഫറുകളിൽ ഫെസ്റ്റിവൽ ഡീലുകൾ, കോർപ്പറേറ്റ് ബോണസ്, ക്യാഷ് ഡീലുകൾ, എക്സ്ചേഞ്ച് ഓഫറുകൾ എന്നിവയാണ് ഉൾപ്പെടുന്നത്.
കൂടാതെ കെയർ ഫെസ്റ്റിവൽ ഓഫറിന്റെ കീഴിൽ ഉപഭോക്താക്കൾക്ക് കോംപ്ലിമെന്ററി 40-പോയിന്റ് വെഹിക്കിൾ ഹെൽത്ത് പാക്കേജ്, ഓൺലൈൻ അപ്പോയ്മെന്റുകൾക്ക് ഉറപ്പായ സമ്മാനങ്ങൾ, കാർ കെയർ ഉൽപ്പന്നങ്ങൾക്ക് 15 ശതമാനം കിഴിവ്, തിരഞ്ഞെടുത്ത ആക്‌സസറികൾക്ക് 10 ശതമാനം കിഴിവ്, 10 ശതമാനം ലേബർ ചാർജ് ഡിസ്‌കൗണ്ട് എന്നിങ്ങനെയുള്ള ആനുകൂല്യങ്ങളും ഫ്രഞ്ച് വാഹന നിർമാതാക്കൾ ഒക്‌ടോബർ മാസം മുതൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

9.99 ലക്ഷം മുതൽ 12.76 ലക്ഷം രൂപ വരെയാണ് നിലവിൽ പുതിയ C3 എയർക്രോസിന്റെ എക്‌സ്ഷോറൂം വില വരുന്നത്. സിട്രൺ മിഡ്-സൈസ് എസ്‌യുവിയുടെ 5 സീറ്റർ മോഡലുകൾക്ക് 9.99 ലക്ഷം രൂപ മുതൽ 12.41 ലക്ഷം രൂപ വരെയാണ് വില വരുന്നത്. അതേസമയം ഏഴ് സീറ്റർ വേരിയന്റുകൾക്ക് 11.69 ലക്ഷം മുതൽ 12.76 ലക്ഷം രൂപ വരെയും ചെലവഴിക്കേണ്ടി വരും. ഇതിൽ നിന്നാണ് 55,000 രൂപയോളം ഓഫറും ബ്രാൻഡ് നൽകുന്നത്.
സിംഗിൾ പെട്രോൾ എഞ്ചിനിലാണ് സിട്രൺ C3 എയർക്രോസ് വിപണിയിലേക്ക് എത്തുന്നത്. ഡീസൽ എഞ്ചിൻ ഓപ്ഷനില്ലെങ്കിലും തരക്കേടില്ലാത്ത ഈ യൂണിറ്റിന് ഭേദപ്പെട്ട പർവ കണക്കുകളുമുണ്ട്. 109 bhp കരുത്തിൽ പരമാവധി 190 Nm torque വരെ ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ 3 സിലിണ്ടർ ടർബോ പെട്രോൾ യൂണിറ്റാണ് വാഹനത്തിന് തുടിപ്പേകുന്നത്. ഇത് 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു. ഓട്ടോമാറ്റിക് ട്രാൻസ്മിഷനും മോഡലിനില്ല.

എങ്കിലും അധികം വൈകാതെ C3 എയർക്രോസിലേക്ക് ഓട്ടോമാറ്റിക് ഗിയർബോക്‌സ് വന്നെത്തുമെന്ന് സിട്രൺ ഉറപ്പു നൽകിയിട്ടുണ്ട്. ARAI പറയുന്നതനുസരിച്ച്, മിഡ്-സൈസ് എസ്‌യുവിക്ക് 18.5 കിലോമീറ്റർ വരെ ഇന്ധനക്ഷമത നൽകാനാവും. യു, പ്ലസ്, മാക്‌സ് എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലാണ് വാഹനം വിപണിയിൽ എത്തുന്നത്. തെരഞ്ഞെടുക്കാൻ ധാരാളം കളർ ഓപ്ഷനുകളും വാഹനത്തിലേക്ക് കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.
പോളാർ വൈറ്റ്, സ്റ്റീൽ ഗ്രേ, പ്ലാറ്റിനം ഗ്രേ, കോസ്മോ ബ്ലൂ എന്നിങ്ങനെ നാല് സിംഗിൾ-ടോൺ നിറങ്ങളും പോളാർ വൈറ്റ് വിത്ത് ഗ്രേ റൂഫ്, പോളാർ വൈറ്റ് വിത്ത് ബ്ലൂ റൂഫ്, സ്റ്റീൽ ഗ്രേ വിത്ത് വൈറ്റ് റൂഫ്, സ്റ്റീൽ ഗ്രേ വിത്ത് ബ്ലൂ റൂഫ്, പ്ലാറ്റിനം ഗ്രേ വിത്ത് വൈറ്റ് റൂഫ്, കോസ്മോ ബ്ലൂ വിത്ത് വൈറ്റ് റൂഫ് എന്നീ ആറ് ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളിലും സിട്രൺ C3 എയർക്രോസ് വാങ്ങാനാവും.

ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാൽ മുടക്കുന്ന വിലയ്ക്കൊത്ത രീതിയിൽ തന്നെയാണ് സിട്രൺ C3 എയർക്രോസിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഫ്രണ്ട് ഫോഗ് ലാമ്പുകൾ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ ഇന്റർഫേസ് സഹിതമുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 7 ഇഞ്ച് ഡിജിറ്റൽ ക്ലസ്റ്റർ, 4 സ്പീക്കർ ഓഡിയോ, ഇൻ-കാർ കണക്റ്റഡ് ടെക്‌നോളജി, വൺ ടച്ച് ഓട്ടോ ഡൗൺ വിൻഡോകൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM-കൾ പോലുള്ള മോഡേൺ സംവിധാനങ്ങളെല്ലാം ഇതിലുണ്ട്.
ഇനി മറ്റ് മോഡലുകളിലെ ഉത്സവ ഓഫറിലേക്ക് നോക്കിയാൽ C3 ഹാച്ച്ബാക്കിൽ 99,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് സിട്രൺ ഒരുക്കിയിട്ടുള്ളത്. ഇപ്പോൾ വാഹനം വാങ്ങുന്ന ഉപഭോക്താവിന് C3 ബൈ നൌ പേ ലേറ്റർ എന്നപോലെ 2024 മുതൽ ഇഎംഐകൾ അടച്ച് തുടങ്ങാം. 5 വർഷത്തെ അല്ലെങ്കിൽ 50,000 കിലോമീറ്റർ മെയിന്റനെൻസും 5 വർഷം അല്ലെങ്കിൽ 1 ലക്ഷം കി.മീ വരെ എക്സ്റ്റൻഡഡ് വാറണ്ടിയും ഉൾപ്പെടുന്ന ഒരു മെയിന്റനൻസ് പ്രോഗ്രാമും സിട്രണിന്റെ പുതിയ പ്രഖ്യാപനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.


Click it and Unblock the Notifications








