ഇതൊന്നുമില്ലാതെ എന്ത് എസ്‌യുവി? പുതിയ C3 എയർക്രോസിൽ ഇല്ലാത്ത ഫീച്ചറുകൾ അറിയാം
ഇന്ത്യയിൽ പ്രതീക്ഷിച്ച തുടക്കം ലഭിക്കാതെ പോയ പുതിയ വാഹന നിർമാതാക്കളാണ് സിട്രൺ. ഫ്രഞ്ച് പദ്ധതികളെല്ലാം ഏശാതെ പോയെങ്കിലും കമ്പനിയുടെ പോരാട്ടം തുടരുകയാണ്. സാധാരണക്കാർക്കും മിഡിൽ ക്ലാസിനും പ്രീമിയം വാഹനം വേണ്ടവർക്കും, എന്തിന് ഇവി വേണ്ടവർക്കും വരെ കമ്പനി ഇന്ന് പുത്തൻ മോഡലുകൾ പുറത്തിറക്കുന്നുണ്ട്.
എങ്കിലും പ്ലാനുകളൊക്കെ എവിടെയോ ചെറുതായൊന്ന് പാളിയപോലെയാണ് തോന്നുന്നത്. ഇപ്പോഴിതാ രാജ്യത്തെ ഏറ്റവും ജനപ്രിയമായ മിഡ്-സൈസ് എസ്‌യുവിയിലേക്ക് പുതിയൊരു അവതാരത്തെ പുറത്തിറക്കിയിരിക്കുകയാണ് സിട്രൺ. ക്ലച്ചുപിടിക്കാൻ ഈ വാഹനത്തെ അതീവശ്രദ്ധയോടെയാണ് പണികഴിപ്പിച്ചിരിക്കുന്നത്. മോഡലിന്റെ രാജ്യാന്തര അവതരണമാണ് ഇന്ത്യയിൽ നടന്നിരിക്കുന്നത്. കാണാൻ അഴകുണ്ടെങ്കിലും സെഗ്മെന്റിലെ മുമ്പൻമാരായ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര പോലുള്ള ഫീച്ചർറിച്ച് മോഡലുകളെ പ്രതിരോധിക്കാൻ C3 എയർക്രോസിനാവുമോ എന്നാണ് പലരുടേയും ചോദ്യം.

സിട്രണിന്റെ നാലാമനായി എത്തുന്ന C3 എയർക്രോസ് വാഴുമോ വീഴുമോ എന്ന ചോദ്യം നിലനിൽക്കുമ്പോൾ വാഹനത്തിൽ ഇല്ലാത്ത ഫീച്ചറുകളാണ് ഇപ്പോൾ ചർച്ചയാവുന്നത്. 90 ശതമാനം പ്രാദേശികവൽക്കരണത്തോടെയാണ് പുതിയ വാഹനം നിർമിക്കുന്നത് എങ്കിലും ചെലവ് കുറയ്ക്കാനായി എന്തെല്ലാം വിട്ടുവീഴ്ച്ചകൾ ചെയ്‌തിട്ടുണ്ടെന്ന കാര്യം അറിയാൻ ഏവർക്കും അതിയായ ആഗ്രഹമുണ്ടാവും. അതെന്തെല്ലാമെന്ന് ഒന്നു പരിശോധിച്ച് വരാം.
അത്യാവിശ്യം വേണ്ട എല്ലാ ഫീച്ചറുകളും ഒരുക്കിയാണ് C3 എയർക്രോസിന്റെ വരവെങ്കിലും ചെലവ് പിടിച്ചു നിർത്താനും ആക്രമണാത്മകമായ വില നിർണയത്തിനായും ചില ആധുനിക സവിശേഷതകൾ എസ്‌യുവിയിൽ നിന്നും സിട്രൺ ഒഴിവാക്കിയിട്ടുണ്ട്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റുകൾ, വൈപ്പറുകൾ, ക്രൂയിസ് കൺട്രോൾ, എൽഇഡി, പ്രൊജക്ടർ ഹെഡ്‌ലൈറ്റ് സജ്ജീകരണം, പുഷ്-ബട്ടൺ സ്റ്റാർട്ട്, ADAS, റിയർ ഡിസ്‌ക് ബ്രേക്കുകൾ എന്നിവയും അതിലേറെയും പോലുള്ള കാര്യങ്ങളാണ് ക്രെറ്റയുടെ എതിരാളി നഷ്‌ടപ്പെടുത്തിയിരിക്കുന്നത്.

സൺറൂഫിന്റെ അഭാവവും മോഡൽ നിരയിൽ നിഴലിക്കും. എതിരാളികളെല്ലാം ഈ ജനപ്രിയമായ ഫീച്ചർ കുറഞ്ഞത് ടോപ്പ് എൻഡ് വേരിയന്റുകളിൽ എങ്കിലും നൽകുന്നുണ്ട്. കൊറിയൻ എതിരാളികൾക്ക് മുന്നിൽ നെഞ്ചുവിരിച്ചു നിൽക്കാനും സിട്രൺ എന്ന ബ്രാൻഡിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കാനും പ്രാപ്‌തമായിരുന്ന ഈ ഫീച്ചറുകൾ ഒഴിവാക്കിയത് ചിലപ്പോൾ വിൽപ്പനയെ ബാധിക്കാൻ ചാൻസുണ്ട്. കൂടുതൽ സവിശേഷതകളുള്ള കാറുകൾ സ്വന്തമാക്കാനാണ് ഇന്ത്യക്കാർക്കിപ്പോൾ പ്രിയം.
ഈ കിടിലൻ ഫീച്ചറുകൾ നൽകാൻ മറന്നെങ്കിലും അത്യാവിശ്യ കാര്യങ്ങളെല്ലാം കോർത്തിണക്കിയാണ് സിട്രൺ C3 എയർക്രോസ് വരുന്നത്. അതായത് TPMS, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ അസിസ്റ്റ് എന്നിവയും മറ്റ് സവിശേഷതകളും ഈ മിഡ്-സൈസ് എസ്‌യുവി വാഗ്ദാനം ചെയ്യുന്നുണ്ട്. വലിയ, 7 ഇഞ്ച് ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആൻഡ്രോയിഡ് ഓട്ടോയ്ക്കും ആപ്പിൾ കാർപ്ലേയ്ക്കും വയർലെസ് കണക്റ്റിവിറ്റി, 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം തുടങ്ങിയവയിലൊന്നും ബ്രാൻഡ് വിട്ടുവീഴ്ച്ചയ്ക്ക് തയാറായിട്ടില്ല.

ഇവയ്ക്കൊപ്പം പിൻ യാത്രക്കാർക്ക് രണ്ട് യുഎസ്ബി പോർട്ടുകൾ, റൂഫിൽ ഘടിപ്പിച്ച എയർകോൺ വെന്റുകൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, മാനുവൽ എയർ കണ്ടീഷണർ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ എന്നീ സവിശേഷകളും പുത്തൻ സിട്രൺ C3 എയർക്രോസിന്റെ ഭാഗമാണ്. ശരിക്കും 5,7 സീറ്റർ കോൺഫിഗറേഷനിലും വാഹനം വിപണിയിൽ എത്തിക്കുന്നതും നേട്ടമായേക്കാം.
ഹാച്ച്ബാക്ക് ഓപ്ഷനായി പരിചയപ്പെടുത്തിയിരിക്കുന്ന സിട്രൺ C3-യുടെ അതേ എഞ്ചിൻ ഓപ്ഷൻ തന്നെയാണ് വലിയ മിഡ്-സൈസ് എസ്‌യുവിക്ക് സമ്മാനിച്ചിരിക്കുന്നത് എന്നതും പലരേയും നിരാശപ്പെടുത്താവുന്ന കാര്യമാണ്. അതേ പ്യുവർടെക് 1.2 ലിറ്റർ NA എഞ്ചിന് ഇത്രയും വലിയ വാഹനത്തിൽ വേണ്ടവിധം കാര്യക്ഷമമായി പ്രവർത്തിക്കാനാവുമോ എന്നതാണ് വിമർശകരുടെ ചോദ്യം. ഈ യൂണിറ്റിന് 82 bhp പവറിൽ 115 Nm torque വരെയാണ് ഉത്പാദിപ്പിക്കുന്നത്.

എന്നാൽ മികച്ച പെർഫോമൻസ് നൽകുന്ന 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും സിട്രൺ C3 എയർക്രോസിന്റെ ഭാഗമാണ്. ഇത് 110 bhp കരുത്തിൽ 190 Nm torque വരെയാണ് നൽകുന്നത്. വിലയുടെ കാര്യത്തിലേക്ക് വന്നാൽ 8 ലക്ഷം രൂപയുടെ പ്രാരംഭ വിലയിൽ എസ്‌യുവിയെ പുറത്തിറക്കാനാണ് കമ്പനിയുടെ തീരുമാനം. ആയതിനാൽ ചില ഫീച്ചറുകളുടെ ഒഴിവാക്കൽ എളുപ്പത്തിൽ ക്ഷമിക്കാനാവുന്ന ഒന്നാണ്.


Click it and Unblock the Notifications








