എന്താടോ വാര്യരേ നന്നാവാത്തേ... C3 എയർക്രോസിൽ ഇക്കാര്യങ്ങൾ കൂടിയുണ്ടായിരുന്നെങ്കിൽ
ഇന്ത്യയിൽ ആരും പ്രതീക്ഷിക്കാതിരുന്ന സമയത്ത് കാലുകുത്തിയവരാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ. ആദ്യം C5 എയർക്രോസ് എന്ന പ്രീമിയം എസ്‌യുവി പുറത്തിറക്കിയാണ് കമ്പനി രാജ്യത്തെ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് സാധാരണക്കാരെ ഉന്നമിട്ട് C3 ഹാച്ച്ബാക്കും ബ്രാൻഡ് അവതരിപ്പിച്ചു. കുറഞ്ഞ ബജറ്റിൽ ഒരു മിടുക്കൻ കാർ എന്ന തത്വമാണ് സിട്രൺ ഇവിടെ പയറ്റിയത്.
ആദ്യ രണ്ട് മോഡലുകൾക്കും വിപണിയിൽ കാര്യമായ ചലനങ്ങൾ ഉണ്ടാക്കാനായില്ലെന്നു വേണം പറയാൻ. ഒന്നിന് വില തിരിച്ചടിയായപ്പോൾ രണ്ടാമത്തേതിന് പോരായ്‌മകൾ തന്നെയാണ് വിനയായത്. എന്നാൽ അവിടുന്ന് eC3 ഇലക്‌ട്രിക് വാഹനം പുറത്തിക്കി വൈദ്യുതീകരണത്തിലേക്കും സിട്രൺ ചുവടുവെച്ചു. ടാറ്റ ടിയാഗോ ഇവി വാഴുന്ന ഈ രംഗത്തും ഫ്രഞ്ച് ബ്രാൻഡിന് ശോഭിക്കാനായില്ല. എന്നാൽ മോഡൽ നിര വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഹ്യുണ്ടായി ക്രെറ്റയെയും കിയ സെൽറ്റോസിനെയും വെല്ലാനൊരു പുത്തൻ എസ്‌യുവിയെ സിട്രൺ ഇന്ത്യക്കായി സമ്മാനിച്ചു.

C3 എയർക്രോസാണ് ആഭ്യന്തര വിപണിക്കായി പിറവിയെടുത്തിരിക്കുന്നത്. 90 ശതമാനം ലോക്കലൈസേഷനോടെയാണ് പുതിയ വാഹനം നിർമിക്കുന്നതെന്നാണ് സിട്രൺ പറയുന്നത്. എന്നാൽ എതിരാളികൾക്ക് മുന്നിൽ എല്ലാ കാര്യത്തിലും അത്ര കേമനായൊന്നുമല്ല മോഡലിന്റെ വരവ് എന്നത് പലരേയും നിരാശപ്പെടുത്തുന്ന കാര്യമാണ്. ക്രെറ്റയ്ക്കും ഗ്രാൻഡ് വിറ്റാരക്കുമെല്ലാം മുന്നിൽ നെഞ്ചുവിരിച്ച് നിൽക്കാൻ സിട്രൺ നഷ്‌ടപ്പെടുത്തിയ അവസരമാണിത്. ചില ആധുനിക ഫീച്ചറുകൾ കൂടിയുണ്ടായിരുന്നെങ്കിൽ ആള് മിടുക്കനായാനേ. എസ്‌യുവിൽ നിന്നും ഒഴിവാക്കിയ ഈ സവിശേഷതകൾ കൂടിയുണ്ടായിരുന്നെങ്കിൽ.
6 എയർബാഗുകൾ: സേഫ്റ്റിയുടെ കാര്യത്തിൽ ഇന്ത്യക്കാരുടെ ഇപ്പോഴത്തെ കരുതൽ മാരുതി വരെ മനസിലാക്കിയിട്ടുണ്ട്. ഇവിടെയാണ് സിട്രൺ തുറുപ്പുചീട്ടായി എടുത്തു കാണിക്കുന്ന C3 എയർക്രോസിൽ നിന്നും ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി നൽകാതിരുന്നത്. ഫ്രോങ്ക്‌സ്, ബലേനോ, ഗ്രാൻഡ് i10 നിയോസ്, i20 പോലുള്ള സാധാരണ കാറുകളിൽ വരെ ഇന്ന് ഡ്യുവൽ എയർബാഗിനൊപ്പം കർട്ടൻ, സൈഡ് എയർബോഗുകളും കമ്പനികൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ഈ സമയത്താണ് വെറും ഡ്യുവൽ എയർബാഗ് സെറ്റപ്പുമായി സിട്രൺ C3 എയർക്രോസിന്റെ വരവ്. 6 എയർബാഗുകൾ ഉടൻ തന്നെ ഇന്ത്യയിൽ സ്റ്റാൻഡേർഡാവാൻ പോവുന്ന കാര്യവും ഫ്രഞ്ച് ബ്രാൻഡ് മറന്നു. ഹ്യുണ്ടായി, കിയ, മാരുതി തുടങ്ങിയ കാർ നിർമാതാക്കൾ ഇതിനകം തന്നെ ഈ നീക്കത്തിലേക്ക് ചുവടുവെച്ചത് സിട്രണിനെ സംബന്ധിച്ച് വലിയ തിരിച്ചടികളിൽ ഒന്നാണ്. എങ്കിലും ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി ഇക്കാര്യത്തിൽ മാറ്റംകൊണ്ടുവരാനും ബ്രാൻഡിന് സമയമുണ്ട്.
സൺറൂഫ്: ഇന്ന് വലിയൊരു എസ്‌യുവി വാങ്ങുന്നവരുടെ ഏറ്റവും വലിയ പരിഗണിനകളിൽ ഒന്നാണ് സൺറൂഫ്. രാജ്യത്തെ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലെ മറ്റ് മോഡലുകൾ എല്ലാം സിംഗിൾ പാൻ അല്ലെങ്കിൽ പനോരമിക് സൺറൂഫ് വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ഈ കിടിലൻ ഫീച്ചർ C3 എയർക്രോസിൽ നിന്നും ഒഴിവാക്കാനാണ് സിട്രൺ തീരുമാനിച്ചത്. സൺറൂഫ് വിപണിയിൽ എത്രത്തോളം പ്രചാരത്തിലുണ്ടെന്ന് കണക്കിലെടുത്താൽ വാങ്ങുന്നവർ മറ്റ് മോഡലുകളിലേക്ക് എത്തിപ്പെടാനാവും ശ്രമിക്കുക.

ഓട്ടോമാറ്റിക് ട്രാൻസ്‌മിഷൻ: ക്ലച്ച്ലെസ് കാറുകൾ അരങ്ങുവാഴുന്ന സമയത്ത് മാനുവൽ ഗിയർബോക്‌സ് ഓപ്ഷൻ മാത്രം വാഗ്‌ദാനം ചെയ്‌ത് ഏവരേയും ആശ്ചര്യപ്പെടുത്തിയവരാണ് സിട്രൺ. ഓട്ടോമാറ്റിക് കാറുകളേക്കാൾ മാനുവൽ കാറുകൾക്ക് മുൻഗണന നൽകിയിരുന്ന കാലമൊക്കെ കഴിഞ്ഞുവെന്ന് ഇതുവരെ മനസിലാക്കാൻ ഫ്രഞ്ച് കമ്പനിക്കായില്ലേയെന്ന് ചോദിക്കാതെ തരമില്ല. അവതരണ വേളയിൽ ഓട്ടോമാറ്റിക് പരിചയപ്പെടുത്തിയിട്ടില്ലെങ്കിലും കമ്പനി ഇത് C3 എയർക്രോസിൽ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടക്കം മുതലേ ഈ ഓപ്ഷൻ നൽകിയാൽ മാത്രമേ വിജയം കൈവരിക്കാനാവുകയുമുള്ളൂ.
എൽഇഡി ഹെഡ്‌ലൈറ്റ്: ഉയർന്ന നിലവാരമുള്ള വേരിയന്റുകളിൽ എൽഇഡി ഹെഡ്‌ലാമ്പുകൾ ലഭിക്കുന്ന എസ്‌യുവികളുടെ വിഭാഗത്തിൽ അടിസ്ഥാനപരമായ മൾട്ടി-റിഫ്ലെക്ടർ ഹാലജൻ യൂണിറ്റുകൾ നൽകിയതും അമ്പരപ്പിക്കുന്ന കാര്യമാണ്. മിനിമം പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ എങ്കിലും നൽകിയിരുന്നുവെങ്കിൽ C3 എയർക്രോസ് കൂടുതൽ പ്രായോഗികമാവുന്നതിനൊപ്പം ലുക്കിന്റെ കാര്യത്തിലും എസ്‌യുവി അൽപം കൂടി മുന്നിട്ടു നിന്നാനേ...

ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ: വില കുറക്കാനും നിർമാണ ചെലവ് പിടിച്ചുനിർത്താനുമായി സിട്രൺ C3 എയർക്രോസിൽ കൊണ്ടുവന്ന മറ്റൊരു താഴ്ന്ന തീരുമാനമായിരുന്നു ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോളിന്റെ ഒഴിവാക്കൽ. ബേസ് അല്ലെങ്കിൽ മിഡ് വേരിയന്റിൽ മാനുവൽ കൺട്രോളുകൾ നൽകിയിരുന്നുവെങ്കിലും പരാതിയില്ലായിരുന്നു. ഇത്രയും വില കൊടുത്ത് വാങ്ങുന്ന എസ്‌യുവിയുടെ ടോപ്പ് എൻഡ് പതിപ്പുകളിൽ പോലും കമ്പനി ഓട്ടോമാറ്റിക് സംവിധാനം ഏർപ്പെടുത്താത്തത് തീർത്തും നിരാശാജനകമാണ്.
ക്രൂയിസ് കൺട്രോൾ: ഇന്ത്യപോലൊരു രാജ്യത്ത് ഈ ഫീച്ചർ അത്ര പ്രായോഗികമല്ലെങ്കിലും ഹൈവേകളിൽ എങ്കിലും ഡ്രൈവിംഗ് സുഗമമാക്കുന്ന ഒരു സവിശേഷതയാണ് ക്രൂയിസ് കൺട്രോൾ. സെഗ്മെന്റിലെ എതിരാളികളിൽ ഭൂരിഭാഗവും ഈ സവിശേഷത നൽകുന്നുണ്ടെങ്കിലും C3 എയർക്രോസിൽ നിന്നും ക്രൂയിസ് കൺട്രോൾ ഒഴിവാക്കുകയാണുണ്ടായത്. ഇക്കാര്യങ്ങളെല്ലാം മിഡ്-സൈസ് വിഭാഗത്തിലെ മറ്റ് മോഡലുകളിൽ നിന്നും കണ്ടുപടിക്കാൻ സിട്രണ് സാധിക്കാതെ പോവുകയാണ്. ഈ തീരുമാനങ്ങൾ വിൽപ്പനയെ എങ്ങനെ ബാധിക്കുമെന്ന് കണ്ടുതന്നെ അറിയാം.


Click it and Unblock the Notifications








