ക്രെറ്റയുടെ കാലനെത്തി, അവതാരമെടുത്ത് സിട്രൺ C3 എയർക്രോസ്
എസ്‌യുവികൾ വാഴുന്ന ഇന്ത്യൻ വിപണിയിലേക്ക് മാസക്കണക്കിന് പുതിയ പുതിയ മോഡലുകൾ പിറവിയെടുക്കുകയാണ്. മൈക്രോ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങൾ മുതൽ ആഡംബര നിരയിൽ വരെ എസ്‌യുവി ടാഗുമായി എത്തുന്ന മോഡലുകളെല്ലാം ക്ലച്ചുപിടിക്കുന്നുമുണ്ട്. എസ്‌യുവിയെന്ന അഡ്രസുണ്ടെങ്കിൽ തേടിയെത്താൻ ആളുകളുണ്ടെന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
ഇതിൽ ഏറ്റവും കൂടുതൽ വിൽപ്പന നടക്കുന്നതാവട്ടെ മിഡ്-സൈസ് എസ്‌യുവി നിരയിലാണ് താനും. ഹ്യുണ്ടായി ക്രെറ്റയും കിയ സെൽറ്റോസും മാരുതി ഗ്രാൻഡ് വിറ്റാരയുമെല്ലാം അരങ്ങുവാഴുന്നിടത്തേക്കിതാ പുത്തൊരു ഫ്രഞ്ച് താരം കൂടി പിറവിയെടുത്തിരിക്കുകയാണ്. പയ്യെ ജനമനസുകൾ കീഴക്കുന്ന സിട്രണാണ് ക്രെറ്റയുടെ കാലനായി പുതിയ C3 എയർക്രോസ് എന്നൊരു പടയാളിയെ പുറത്തിറക്കിയിരിക്കുന്നത്. കാറിന്റെ ആഗോള അരങ്ങേറ്റം ഇന്ത്യയിൽ നടത്തി രാജ്യം വെട്ടിപ്പിടിക്കാനാണ് കമ്പനിയുടെ ശ്രമം.

2021-ൽ ആദ്യ ഉൽപ്പന്നമായ C5 എയർക്രോസ് ഇന്ത്യയിൽ അവതരിപ്പിച്ചതു മുതൽ കമ്പനി തങ്ങളുടെ നിരയിലേക്ക് കൂടുതൽ വാഹനങ്ങളെ അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ ആദ്യ മോഡലും പിന്നീടെത്തിയ C3 ഹാച്ചും ചില കാരണങ്ങളാൽ വിപണിയിൽ ക്ലച്ചുപിടിച്ചില്ല. എന്നാൽ പിന്നീട് eC3 എന്ന മൂന്നാമനെയും പുറത്തിറക്കി ഇലക്ട്രിക് വാഹന രംഗത്തേക്ക് ചുവടുവെച്ച സിട്രൺ രാജ്യത്തെ സുപ്രധാനമായ സെഗ്മെന്റികളിൽ ഒന്നിലേക്കാണ് ഇപ്പോൾ ഇറങ്ങിയിരിക്കുന്നത്. C3 എയർക്രോസ് എന്ന മിഡ്-സൈസ് എസ്‌യുവി വിപണിയിൽ കോളിളക്കം സൃഷ്‌ടിക്കാൻ കഴിവുള്ളവനാണ്.
5, 7 സീറ്റർ കോൺഫിഗറേഷൻ ഓപ്ഷനുകളോടെയാണ് പുതിയ സിട്രൺ C3 എയർക്രോസിന്റെ വരവ് തന്നെ. ക്രെറ്റക്കും സെൽറ്റോസിനും ഒപ്പം ടാറ്റ സഫാരിയെയും ഹെക്ടർ പ്ലസിനെയും XUV700 എസ്‌യുവിയെയും എല്ലാം പൂട്ടാനുള്ള അടവുകളാണിത്. സാധാരണക്കാരെ ലക്ഷ്യംവെച്ച് പുറത്തിറക്കിയ C3 പ്രീമിയം ഹാച്ചിനെ അടിസ്ഥാനമാക്കിയാണ് സിട്രൺ C3 എയർക്രോസിനെ പണികഴിപ്പിച്ചിരിക്കുന്നതെങ്കിലും വ്യതിരിക്തമായ ഒരു സ്റ്റൈലിംഗ് അവതരിപ്പിച്ചാണ് എസ്‌യുവിയുടെ വരവ് തന്നെ.

കാറിന്റെ വലിപ്പത്തിന് അനുസൃതമായി ഫ്രണ്ട് ഫാസിയയ്ക്ക് കൂടുതൽ കരുത്തുറ്റതും മസ്ക്കുലറായതപമായ പ്രൊഫൈൽ സമ്മാനിക്കാൻ ഫ്രഞ്ച് ബ്രാൻഡിനായി. ലൈറ്റിംഗ് എല്ലാം C3 ഹാച്ച്ബാക്കിന് സമാനമാണ്. എന്നാൽ ഫ്രണ്ട് ഗ്രിൽ, എയർ ഡാം, സ്കിഡ് പ്ലേറ്റ്, ഫോഗ് ലാമ്പുകൾ തുടങ്ങിയ മറ്റ് ഘടകങ്ങൾ തീർത്തും പുതിയതാണെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാവും. അലോയ് വീലുകളിലെ പെന്റഗണൽ പാറ്റേണും ഡിസൈനോട് ഇഴുകിചേരുന്നുണ്ടെന്ന് പറയാതെ വയ്യ.
മൊത്തത്തിൽ 4.3 മീറ്റർ നീളമുള്ള സിട്രൺ C3 എയർക്രോസിന് 2671 mm വീൽബേസും 200 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമുണ്ട്. 5 സീറ്റർ വേരിയന്റിന് 511 ലിറ്ററാണ് ബൂട്ട് സ്പേസ്. മൂന്നാംനിര സീറ്റുകൾ മടക്കിയാൽ 7 സീറ്റർ പതിപ്പിലും ഇത് കൈവരിക്കാനാവും. ഡിസൈനിലെ സവിശേഷതൾ ഇത്രയെല്ലാമാണ്. ഇൻ്റീരിയറിലേക്ക് കയറുമ്പോൾ ഫ്രഞ്ചുകാരുടെ മികവ് പ്രകടമാവും. C3 ഹാച്ചിൽ നടപ്പിലാക്കിയ വിട്ടുവീഴ്ച്ചകളൊന്നും മിഡ്-സൈസ് എസ്‌യുവിക്കില്ല.

C3 ഹാച്ച്ബാക്കിൽ ഇല്ലാത്ത ഒരു ടാക്കോമീറ്റർ ഉള്ള ഒരു പൂർണ ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ സിട്രൺ C3 എയർക്രോസ് വാഗ്ദാനം ചെയ്യും. വയർലെസ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയും ഡാഷ്‌ബോർഡ് ഡിസൈനും ഉള്ള 10.2 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം പ്രീമിയം ഹാച്ചിൽ നിന്നും കടമെടുത്തതാണ്. ഇന്റർനെറ്റ് കണക്റ്റഡ് സ്മാർട്ട് ഫീച്ചറുകളുടെ ഒരു സമഗ്ര ശ്രേണിയും വാഹനത്തിലുണ്ട്. മൈ സിട്രൺ കണക്‌ട് ആപ്പ് വഴി ഇവ സജ്ജീകരിക്കാനാവും.
എസ്‌യുവിയുടെ 7 സീറ്റർ പതിപ്പിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും നിരയിൽ യാത്രക്കാർക്ക് ബ്ലോവർ കൺട്രോളിനൊപ്പം റൂഫ് മൌണ്ടഡ് എസി വെന്റുകളുണ്ടാകും. മൂന്നാം നിര യാത്രക്കാർക്ക് യുഎസ്ബി ചാർജിംഗ് പോർട്ടുകളും സിട്രൺ C3 എയർക്രോസ് നൽകുന്നുണ്ട്. ഡേ-നൈറ്റ് IRVM, ക്രൂയിസ് കൺട്രോൾ എന്നിവയും എസ്‌യുവിയിൽ വാഗ്‌ദാനം ചെയ്‌തേക്കാം. സേഫ്റ്റിയുടെ കാര്യത്തിലും ആളിത്തിരി സമ്പന്നനാണ്.

പുതിയ C3 എയർക്രോസിൽ 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, പാർക്കിംഗ് സെൻസറുകളുള്ള റിയർ വ്യൂ ക്യാമറ, ഹിൽ ഹോൾഡ് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഇലക്‌ട്രോണിക് ബ്രേക്ക്ഫോഴ്‌സ് ഡിസ്ട്രിബ്യൂഷനുള്ള ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം എന്നിവയെല്ലാം വാഗ്ദാനം ചെയ്തേക്കാം. ഫിയറ്റ് കാറുകളിലും ഉപയോഗിക്കുന്ന CMP മോഡുലാർ പ്ലാറ്റ്‌ഫോമിൽ നിർമിച്ചിരിക്കുന്നതിനാൽ സേഫ്റ്റി മുഖ്യമായിരിക്കുമല്ലോ. കൂടാതെ മികച്ച സസ്പെൻഷൻ സംവിധാനവും കാറിനുണ്ടാവും.
C3 എയർക്രോസിനുള്ള എഞ്ചിൻ ഓപ്ഷനുകൾ C3 ഹാച്ച്ബാക്കിൽ നിന്ന് കടമെടുത്തതാണ്. താഴ്ന്ന വേരിയന്റുകളിൽ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളായിരിക്കും കമ്പനി ഉപയോഗിക്കുക. ഇത് പരമാവധി 82 bhp കരുത്തിൽ 115 Nm torque വരെ നൽകും മൂന്ന്-വരി വേരിയന്റുകൾക്ക് 110 bhp നൽകുന്ന 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനായിരിക്കും തുടിപ്പേകുക. ഗിയർബോക്‌സ് ഓപ്ഷനിൽ മാനുവൽ, ഓട്ടോമാറ്റിക് എന്നവ തെരഞ്ഞെടുക്കാനാവും.


Click it and Unblock the Notifications








