ഇനി സിട്രൺ ഷോറൂമുകൾ നിറയും, ഈ എസ്‌യുവി വരുന്നത് ഇത്രയധികം വേരിയന്റുകളിൽ
ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലേക്ക് പറന്നിറങ്ങാൻ ഒരുങ്ങുകയാണ് സിട്രൺ C3 എയർക്രോസ് എന്ന ഫ്രഞ്ചുകാരൻ. വിദേശ കമ്പനിയാണെങ്കിലും നിർമാണമെല്ലാം പൂർണമായും നമ്മുടെ രാജ്യത്ത് തന്നെയാണ് നടക്കുന്നത് എന്നതിനാൽ ആക്രമണാത്മകമായ വില നിർണയമാണ് സിട്രണിനെ വേറിട്ടു നിർത്തുന്ന കാര്യം. ആദ്യം എത്തിയത് പ്രീമിയം സെഗ്മെന്റിലേക്ക് C5 എയർക്രോസാണെങ്കിലും പിന്നീടെത്തിയവരെല്ലാം സാധാരണക്കാരനും സ്വന്തമാക്കാനാവുന്ന മോഡലുകളായിരുന്നു.
എസ്‌യുവി ശൈലിയുണ്ടായിരുന്നിട്ടും C3 ബജറ്റ് മോഡലിനെ ഹാച്ച്ബാക്കായി വിപണനം ചെയ്യുന്ന സിട്രണിന്റെ തന്ത്രമെല്ലാം അൽപം വിചിത്രമാണെങ്കിലും നാലാൾ അറിയുന്ന തരത്തിലേക്ക് വളരാൻ ബ്രാൻഡിനായിട്ടുണ്ടെന്നു വേണം പറയാൻ. അതിനാൽ തന്നെ അടുത്ത കളിയുടെ റേഞ്ച് തന്നെ വേറെയാണ്. എസ്‌യുവി സെഗ്മെന്റിലെ വമ്പൻമാരായ ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ് പോലുള്ളവരുമായി ഏറ്റുമുട്ടാൻ സിട്രൺ C3 എയർക്രോസുമായാണ് വരുന്നത്.

അവതരണത്തിന് മുന്നോടിയായി എസ്‌യുവിയെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടുകയാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ. 2023 ഏപ്രിലിൽ C3 എയർക്രോസിനെ രാജ്യത്ത് അവതരിപ്പിച്ചിരുന്നു. എന്നാൽ വിലയോ എഞ്ചിൻ, ഗിയർബോക്‌സ് ഓപ്ഷനുകളെ കുറിച്ചുള്ള മറ്റ് വിശദാംശങ്ങളോ ഒന്നും തന്നെ ബ്രാൻഡ് വെളിപ്പെടുത്തിയിരുന്നില്ല. C3 ഹാച്ച്‌ബാക്കിനെ അടിസ്ഥാനമാക്കിയുള്ള സ്പോർട് യൂട്ടിലിറ്റി വാഹനമായതിനാൽ തന്നെ ഇക്കാര്യങ്ങളിലെല്ലാം ആളുകൾക്ക് പല അനുമാനങ്ങളുമുണ്ട്.
സെഗ്മെന്റ് പിടിക്കാനായി വാഹനത്തിന് ധാരാളം പുതുമകൾ നൽകാനും സിട്രൺ തയാറായിട്ടുണ്ട്. C3 എയർക്രോസിന്റെ ബുക്കിംഗ് സെപ്റ്റംബറിൽ ആരംഭിക്കുമെന്ന് സിട്രൺ വ്യക്തമാക്കിയിട്ടുണ്ട്. തുടർന്ന് 2023 ഒക്ടോബറിൽ മോഡലിന്റെ ഔദ്യോഗിക ലോഞ്ചും നടക്കും. C3 ഹാച്ച്ബാക്ക് പതിപ്പിന് സമാനമായി ലൈവ്, ഫീൽ, ഷൈൻ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ വിൽക്കും.

ഫീച്ചറുകളുടെ കാര്യത്തിലും അത്ര പിശുക്കൊന്നും കാട്ടാതെയാണ് ഈ പുതിയ മിഡ്-സൈസ് എസ്‌യുവി കമ്പനി ഒരുക്കിയിരിക്കുന്നത്. 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആറ് സ്പീക്കർ സജ്ജീകരണം, ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വാഷറുള്ള റിയർ വൈപ്പർ, റിയർ ഡീഫോഗർ എന്നിവയെല്ലാം സിട്രൺ C3 എയർക്രോസിൽ സ്റ്റാൻഡേർഡായുണ്ടാവുമെന്നാണ് അറിയാൻ കഴിയുന്നത്.
ഇതുകൂടാതെ റൂഫ് മൗണ്ടഡ് റിയർ എയർകോൺ വെന്റുകൾ, മാനുവൽ ഐആർവിഎം, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഒആർവിഎം, ടിപിഎംഎസ്, റിവേഴ്സ് പാർക്കിംഗ് ക്യാമറ തുടങ്ങിയ ഫീച്ചറുകളും തെരഞ്ഞെടുക്കുന്ന വേരിയന്റുകൾക്ക് അനുസൃതമായി C3 എയർക്രോസ് എസ്‌യുവിയിലുണ്ടാവും. ഹ്യുണ്ടായി ക്രെറ്റയിൽ പോലുമില്ലാത്ത പല ഫീച്ചറുകളും സവിശേഷതകളും കോർത്തിണക്കിയാണ് കമ്പനി ഈ മിഡ്-സൈസ് എസ്‌യുവിയെ പണിതിറക്കുന്നതെന്നാണ് അവകാശവാദം.

മിഡ്-സൈസ് എസ്‌യുവിയായ C3 എയർക്രോസിൽ വൈബ്, എലഗൻസ്, ട്രാവൽ, കെയർ എന്നീ വ്യത്യസ്‌തമാർന്ന കസ്റ്റമൈസേഷൻ ഓപ്ഷനുകളും സിട്രൺ വാഗ്‌ദാനം ചെയ്യും. ഇതിലൂടെ 70 ഓളം ആക്‌സസറികളാണ് ഉപഭോക്താക്കൾക്ക് ലഭ്യമാവുന്നത്. സിംഗിൾ-ടോൺ നിറങ്ങളേക്കാൾ ഡ്യുവൽ-ടോൺ ബോഡി കളർ ഓപ്ഷനുകളുള്ള സെഗ്‌മെന്റിലെ ഏകമോഡലാവുമിത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. C3 എയർക്രോസ് നാല് മോണോടോണിലും ആറ് ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളിലും ലഭ്യമാകും.
പോളാർ വൈറ്റ്, സ്റ്റീൽ ഗ്രേ, പ്ലാറ്റിനം ഗ്രേ, കോസ്മോ ബ്ലൂ എന്നിവയാണ് നാല് അടിസ്ഥാന എക്സ്റ്റീരിയർ നിറങ്ങൾ. അതേസമയം വൈറ്റ് പ്ലസ് ഗ്രേ, വൈറ്റ് പ്ലസ് ബ്ലൂ, ഗ്രേ പ്ലസ് വൈറ്റ്, ഗ്രേ പ്ലസ് ബ്ലൂ, പ്ലാറ്റിനം ഗ്രേ പ്ലസ് വൈറ്റ്, ബ്ലൂ വിത്ത് വൈറ്റ് റൂഫ് എന്നിവയാണ് ഡ്യുവൽ ടോൺ നിറങ്ങളിൽ ലഭ്യമാവുക. 1.2 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് C3 എയർക്രോസിന് തുടിപ്പേകാനായി എത്തുന്നത്.

ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 109 bhp കരുത്തിൽ പരമാവധി 190 Nm torque വരെ ഉത്പാദിപ്പിക്കാനാവും. ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനില്ലാത്തത് സിട്രൺ C3 എയർക്രോസിന് തിരിച്ചടിയാവുമെന്നതിലും സംശയമൊന്നും വേണ്ട. പക്ഷേ തങ്ങളുടെ കാറുകൾക്കായി പ്രത്യേകം ഒരു ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ഫ്രഞ്ച് ബ്രാൻഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ സിട്രൺ 2024-ൽ മാത്രമാവും C3 എയർക്രോസിനൊപ്പം ഒരു ഓട്ടോമാറ്റിക് ഗിയർബോക്‌സ് അവതരിപ്പിക്കുകയെന്നാണ് വിവരം.
9.50 ലക്ഷം രൂപ മുതൽ 13 ലക്ഷം ലക്ഷം രൂപ വരെയാണ് പുത്തൻ മിഡ്-സൈസ് എസ്‌യുവിക്ക് പ്രതീക്ഷിക്കുന്ന എക്സ്ഷോറൂം വില. 5 അല്ലെങ്കിൽ 7 സീറ്റർ ഓപ്ഷനോടൊപ്പം ഈ സെഗ്മെന്റിലേക്ക് എത്തുന്ന ആദ്യ മോഡലാവും ഇതെന്നതും ശ്രദ്ധേയമാണ്. കിയ സെൽറ്റോസ്, ഹ്യുണ്ടായ് ക്രെറ്റ, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, സ്കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, എംജി ആസ്റ്റർ എന്നിവയ്‌ക്കെതിരെ ഇത് മത്സരിക്കും.


Click it and Unblock the Notifications








