കടൽകടന്ന് മെയ്‌ഡ് ഇൻ ഇന്ത്യ സിട്രൺ C3, കയറ്റുമതി ആരംഭിച്ച് ഫ്രഞ്ച് മുതലാളി
ഇന്ത്യയിൽ ബജറ്റ് കാർ രംഗത്തെ ഇളക്കിമറിക്കാനെത്തിയ മോഡലായിരുന്നു സിട്രണിന്റെ C3. ബ്രാൻഡിന്റെ രണ്ടാമനായി എത്തിയ പ്രാദേശികൻ കാര്യമായ ചലനങ്ങളുണ്ടാക്കാനാവാതെ പോയെന്നതാണ് യാർഥ്യം. ചില വിട്ടുവീഴ്ച്ചകൾ വാഹനം വരുത്തിയില്ലായിരുന്നുവെങ്കിൽ ശരിക്കും തട്ടുപൊളിപ്പൻ മോഡലാകുമായിരുന്നുവിത്. പോരാത്തതിന് സിട്രണിന് കാര്യമായ ഡീലർഷിപ്പ് ശൃംഖലയില്ലാതെ പോയതും ആളുകളെ ആകർഷിച്ചില്ല.
ഒരുപാട് കുറ്റങ്ങൾ പറയാനില്ലെങ്കിലും ഈ വിലയ്ക്ക് വാങ്ങിയാൽ പിന്നീട് നിരാശപ്പെടേണ്ടി വരില്ലെന്ന് വേണം പറയാൻ. മികച്ച സസ്പെഷൻ സജ്ജീകരണം കാരണം കിടിലൻ യാത്രാ സുഖമാണ് എസ്‌യുവി ട്വിസ്റ്റുള്ള ഈ പ്രീമിയം ഹാച്ച്ബാക്ക് നൽകുന്നത്. ഇന്ത്യക്കായി മാത്രമല്ല മറ്റ് ആസിയാൻ വിപണികളെയും മുന്നിൽ കണ്ട് പണിതിറക്കിയ C3-യെ ഇപ്പോഴിതാ കടൽകടത്തുകയാണ് ഫ്രഞ്ച് വാഹന നിർമാതാക്കൾ. മെയ്‌ഡ് ഇൻ ഇന്ത്യ സിട്രൺ C3 കാറുകളുടെ ആദ്യ ബാച്ചിനെ ആഫ്രിക്ക മേഖലയിലെ വിപണികൾക്കായാണ് കയറ്റുമതി ചെയ്യുന്നത്.

തമിഴ്‌നാട്ടിലെ കാമരാജർ തുറമുഖത്ത് നിന്നാണ് C3 ഹാച്ചിന്റെ യൂണിറ്റുകൾ കയറ്റുമതി ചെയ്‌തിരിക്കുന്നത്. 2021 ഏപ്രിലിൽ C5 എയർക്രോസ് എസ്‌യുവിയിലൂടെയാണ് സിട്രൺ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഫ്രഞ്ച് ബ്രാൻഡ് C3 ഹാച്ച്ബാക്കിന്റെ സമാരംഭത്തോടെ നിര വിപുലീകരിക്കുകയും ചെയ്‌തിരിക്കുകയാണിപ്പോൾ. പിന്നാലെ eC3 അവതരിപ്പിച്ച് ഇലക്ട്രിക് വിപണി പിടിക്കാനുള്ള ശ്രമങ്ങളും കമ്പനി ആരംഭിച്ചു. ആദ്യത്തെ വാഹനം പ്രീമിയം സെഗ്മെന്റിൽ അവതരിപ്പിച്ചപ്പോൾ മറ്റ് രണ്ട് വാഹനങ്ങളും സാധാരണക്കാരെ ലക്ഷ്യംവെച്ചുകൊണ്ടാണ് പുറത്തിറക്കിയത്.
ഡിസൈൻ വശങ്ങളിലേക്ക് നോക്കിയാൽ സിട്രണിന്റെ പ്രീമിയം വാഹനങ്ങള്‍ക്ക് സമാനമായ ശൈലിയാണ് C3 ഹാച്ച്ബാക്കും പിന്തുടർന്നിരിക്കുന്നത്. ബ്രാൻഡിന്റെ സിഗ്നേച്ചർ ഗ്രില്ലും ഹാലജന്‍ ഹെഡ്‌ലാമ്പും എൽഇഡി ഡിആർഎല്ലുമാണ് മുൻവശത്തെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങൾ. വലിപ്പമുള്ള എയര്‍ഡാമും ഫോഗ്‌ലാമ്പുകളുടെ സാന്നിധ്യവും പുറംകാഴ്ച്ചയിൽ ഒരു പ്രീമിയം ഫീലൊക്കെ തരുന്നുണ്ട്. പിന്നിലെ ബ്രേക്ക് ലൈറ്റും ഹാലൊജൻ ആണ്. എൽഇഡികൾ വാഴുന്ന ഇക്കാലത്ത് അതുംകൂടിയുണ്ടായിരിന്നുവെങ്കിൽ സംഗതി കളറാവുമായിരുന്നു.

അകത്തളത്തലും ഒരു ആധുനിക കാർ ഫീൽ ഒരുക്കാൻ കമ്പനിക്കാകുമായിരുന്നുവെങ്കിലും വില പിടിച്ചുനിർത്താനായി ഇവിടെയും വിട്ടുവീഴ്ച്ചകളുണ്ടായിട്ടുണ്ട്. പക്ഷേ ആദ്യകാഴ്ച്ചയിൽ അത്ര മോശക്കാരനായൊന്നും നമുക്ക് തോന്നുകയുമില്ല. ആനോഡൈസ്ഡ് ഓറഞ്ച്, ആനോഡൈസ്ഡ് ഗ്രേ എന്നീ നിറങ്ങൾ കോർത്തിണക്കിയാണ് ഡാർഷ്ബോർഡ് പൂർത്തിയാക്കിയിരിക്കുന്നത്. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ പിന്തുണയ്ക്കുന്ന 10.2 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ക്രോം ഫിനിഷ്‌ഡ് ഡോർ ഹാൻഡിലുകൾ എന്നിവ മനോഹരം തന്നെയാണ്.
ഓഡിയോയ്ക്കും ഫോണിനുമായി സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളും ഫാനായി ഉപയോഗിച്ചിരിക്കുന്നു. അഡ്‌ജസ്റ്റബിൾ ഹെഡ്റെസ്റ്റ്, ഓട്ടോമാറ്റിക് എസി, ഇലക്ട്രിക്കൽ മിറർ അഡ്ജറ്റ്മെറ്റ്, വർലെസ് ചാർജിംഗ് പോലുള്ള ആധുനിക ഫീച്ചറുകളും C3 ഹാച്ചിലില്ല. എങ്കിലും സാധാരണ കാറുകളിൽ കാണുന്ന സുഖസൌകര്യങ്ങളെല്ലാം മോഡലിലുണ്ട്. രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളോടെയാണ് പ്രീമിയം ഹാച്ച്ബാക്ക് നിരത്തിലോടുന്നത്.

ഇതിൽ ആദ്യത്തെ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിന് 81 bhp കരുത്തിൽ പരമാവധി 115 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം രണ്ടാമത്തെ 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിന് 109 bhp പവറിൽ 190 Nm torque നൽകാനും സാധിക്കുമെന്നതാണ് ഹൈലൈറ്റ്. സെഗ്മെന്റിലെ തന്നെ ഏറ്റവും പവർഫുൾ എഞ്ചിനുകളിൽ ഒന്നാണിത്. ഗിയർബോക്സ് ഓപ്ഷനുകളിൽ 5 സ്പീഡ് മാനുവൽ, 6 സ്പീഡ് മാനുവൽ എന്നിവയാണ് സിട്രൺ ക്രോസ്ഓവറിനുള്ളത്.
ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ സിട്രൺ C3-യിൽ നിലവിലില്ലെങ്കിലും അധികം വൈകാതെ ഒരു ഡിസിടി പതിപ്പ് ഉടൻ നിരയിലേക്ക് എത്തിയേക്കുമെന്നാണ് വിലയിരുത്തൽ. ചെറിയ ചില വിട്ടുവീഴ്ച്ചകൾ വരുത്തിയത് മാറ്റിനിർത്തിയാൽ വാഹനം വിലയ്ക്കൊത്ത മൂല്യം നൽകുന്നുണ്ട്. ഇപ്പോൾ 6.16 ലക്ഷം രൂപ മുതൽ 8.25 ലക്ഷം രൂപ വരെയാണ് സിട്രൺ C3-യുടെ എക്സ്ഷോറൂം വില വരുന്നത്. ടാറ്റ പഞ്ചുമായാണ് നേരിട്ട് മത്സരിക്കുന്നതെങ്കിലും റെനോ കൈഗർ, നിസാൻ മാഗ്നൈറ്റ് പോലുള്ള മോഡലുകളും ഇതിന് ബദലാണ്.


Click it and Unblock the Notifications








