Citroen C3 വൈകിയുദിച്ച ബുദ്ധി, ഹാച്ചിലേക്ക് പുത്തൻ ഫീച്ചറുകൾ അവതരിപ്പിച്ച് സിട്രൺ
ഇന്ത്യയിലെ ചെറുകാർ വിഭാഗത്തിലേക്ക് മാറ്റത്തിന്റെ കാറ്റുവീശാനായി എത്തിയ വാഹനമായിരുന്നു സിട്രൺ C3. എസ്‌യുവി ട്വിസ്റ്റുള്ള ഹാച്ച്ബാക്ക് എന്ന പേരിൽ വിപണം ചെയ്‌ത മോഡൽ ഇന്ന് നിരത്തുകളിൽ അങ്ങിങ്ങായി കാണാനാവും. വരവിന് മുമ്പ് കൊട്ടിഘോഷിച്ച പല കാര്യങ്ങളും ലോഞ്ചിന് ശേഷം വാഹനത്തിൽ കാണാനായില്ലെങ്കിലും കിടിലൻ എഞ്ചിൻ ലൈനപ്പിൽ പിടിച്ചുനിൽക്കുകയാണ് C3 ഇപ്പോൾ.
കുറഞ്ഞ വില, ഓട്ടോമാറ്റിക് ഗിയർബോക്‌സ്, കൂടുതൽ ഫീച്ചറുകൾ പോലുള്ളവയെല്ലാം കുത്തിനിറച്ച് വാഹനം എത്തുമെന്നായിരുന്നു അവതരണത്തിന് മുന്നോടിയായി വന്ന ഗോസിപ്പുകൾ. എന്നാൽ വിലയുടെ കാര്യത്തിൽ മാത്രം പ്രതീക്ഷകൾ നിലനിർത്തിയപ്പോൾ ബാക്കി കാര്യങ്ങളിലെല്ലാം മോഡൽ നിരാശപ്പെടുത്തുകയാണുണ്ടായത്. എന്നാലും എട്ടു ലക്ഷം രൂപയോളം മുടക്കിയാൽ ഒരു ടർബോ എഞ്ചിൻ കിട്ടുമെന്നതാണ് സിട്രൺ C3 ഹാച്ചിന്റെ ഏറ്റവും വലിയ പ്രത്യേകത. വില പിടിച്ചു നിർത്താനായി ധാരാളം വിട്ടുവീഴ്ച്ചകൾ ചെയ്‌തിടത്ത് തന്ത്രങ്ങളെല്ലാം പാളി.

കിടിലൻ മോഡലുകൾ അരങ്ങുവാഴുന്ന വിപണിയിലേക്ക് ഒരുപാട് വിട്ടുവീഴ്ച്ചകളുമായി എത്തിയതോടെ ആളുകൾ ഈ ഭാഗത്തേക്ക് അടുത്തതേയില്ല. എന്നാൽ ഇപ്പോഴിതാ ഉപഭോക്താക്കളിൽ നിന്നും ലഭിച്ച ഫീഡ്ബാക്കുകൾ കണക്കിലെടുത്ത് C3 ഹാച്ചിലേക്ക് പുതുപുത്തൻ സവിശേഷതകളെല്ലാം കൂട്ടിച്ചേർത്തിരിക്കുയാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ. 2023 മോഡൽ ഇയർ പരിഷ്ക്കരണങ്ങളുടെ ഭാഗമായാണ് കാറിലേക്ക് ഫീച്ചറുകൾ കുത്തിനിറയ്ക്കുന്നത്. എന്നാൽ ഇവയെല്ലാം സേഫ്റ്റി വിഭാഗത്തിലാണ് ഇടംപിടിച്ചിരിക്കുന്നത്.
അതായത് C3 പ്രീമിയം ഹാച്ച്ബാക്കിന് ഇപ്പോൾ അധിക സുരക്ഷാ സവിശേഷതകൾ ലഭിക്കുന്നുവെന്ന് സാരം. ഡ്യുവൽ എയർബാഗുകൾ, എബിഎസ്, ഇബിഡി, പിൻ പാർക്കിംഗ് സെൻസറുകൾ, ടിപിഎംഎസ്, ഇഎസ്പി, ഹിൽ അസിസ്റ്റ് എന്നിവയാണ് സിട്രൺ തങ്ങളുടെ ബജറ്റ് ഫ്രണ്ട്‌ലി കാറിലേക്ക് പുതുതായി കൂട്ടിച്ചേർത്തിരിക്കുന്ന കാര്യങ്ങൾ. നേരത്തെ കാറിന്റെ ടോപ്പ് എൻഡ് വേരിയന്റുകളിൽ പോലും ഈ സ്റ്റാൻഡേർഡ് ഫീച്ചറുകൾ കൂട്ടിച്ചേർക്കാൻ സിട്രൺ തയാറാവാതിരുന്നത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

ആധുനിക കാറുകളിൽ അടിസ്ഥാനപരമായി വേണ്ടുന്ന ചില ഫീച്ചറുകൾ മാത്രമാണ് ഇവയെന്നാണ് വിമർശകരുടെ വശം. ഇതിനു മുമ്പ് C3-യുടെ ടോപ്പ് വേരിയന്റുകളിൽ രണ്ട് എയർബാഗുകൾ, എബിഎസ്, ഇബിഡി, സ്പീഡ് അലർട്ട്, ചൈൽഡ് സീറ്റ് ആങ്കർ പോയിന്റുകൾ, പിൻ പാർക്കിംഗ് സെൻസറുകൾ എന്നിവ മാത്രമാണ് കമ്പനി വാഗ്ദാനം ചെയ്‌തിരുന്നത്. ഇപ്പോഴെങ്കിലും സിട്രൺ TPMS, ESP, HA സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നത് വൈകിയുദിച്ച ബുദ്ധിയായി കണക്കാക്കാം.
TPMS ഡ്രൈവർമാർക്ക് ടയർ പ്രഷർ വിവരങ്ങൾ നൽകാൻ ഉപയോഗിക്കുന്ന സവിശേഷതയാണ്. ഇത് ഒപ്റ്റിമൽ പെർഫോമൻസ് ഉറപ്പാക്കുകയും ടയർ തേയ്മാനം തടയാനും മൈലേജ് വർധിപ്പിക്കാനും സഹായിക്കുന്ന കാര്യമാണ്. അതേസമയം ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം എബിഎസിനൊപ്പം പ്രവർത്തിക്കുകയും ഡ്രൈവർ ഇൻപുട്ടുകളില്ലാതെ ഏതെങ്കിലും തരത്തിൽ വാഹനം തെന്നിമാറുന്നതിൽ നിന്നോ അണ്ടർസ്റ്റീയർ അല്ലെങ്കിൽ ഓവർസ്റ്റീയർ എന്നിവയെ പ്രതിരോധിക്കുകയും ചെയ്യാനും സഹായിക്കുന്ന കാര്യമാണ്. ഇത് സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നു.

കയറ്റത്തിൽ വാഹനം നിർത്തി മുന്നോട്ടെടുക്കുമ്പോൾ നിന്നു പോവാതെ വാഹനം അൽപ സെക്കൻഡുകളിലേക്ക് ബ്രേക്കിംഗ് സ്വയമേ ചെയ്യുന്ന ഫീച്ചറാണ് ഹിൽഹോൾഡ് അസിസ്റ്റ്. ഇത്തരം പുതിയ ഫീച്ചറുകൾ കൂട്ടിച്ചേർത്തുവെങ്കിലും വിലയുടെ കാര്യത്തിൽ ഒന്നും ഇതുവരെ വർധനവുണ്ടായിട്ടില്ല. വിപണിയിൽ എത്തിയതിനു ശേഷം മോഡലിന് ഇതുവരെ രണ്ട് തവണയാണ് കമ്പനി വില കൂട്ടിയിരിക്കുന്നത്. ആദ്യ വർധനവ് 2023 ജനുവരിയിൽ നിലവിൽ വന്നപ്പോൾ രണ്ടാമത്തേത് 2023 മാർച്ചിലും നടപ്പിലാക്കി.
നിലവിൽ 6.16 ലക്ഷം മുതൽ 8.25 ലക്ഷം രൂപ വരെയാണ് സിട്രൺ C3 ഹാച്ചിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. കാറിന്റെ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിന് 81 bhp കരുത്തിൽ പരമാവധി 115 Nm torque വരെ ഉത്പാദിപ്പിക്കാനാവും. അതേസമയം 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിന് 109 bhp പവറിൽ 190 Nm torque വരെ നിർമിക്കും.

ഗിയർബോക്സ് ഓപ്ഷനുകളിൽ NA പെട്രോളിന് 5 സ്പീഡ് മാനുവൽ, ടർബോ പെട്രോളിന് 6 സ്പീഡ് മാനുവൽ എന്നിവയാണ് സിട്രൺ വാഗ്ദാനം ചെയ്യുന്നത്. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ സിട്രൺ C3-യിൽ നിലവിലില്ലെങ്കിലും അധികം വൈകാതെ ഒരു ഡിസിടി പതിപ്പ് ഉടൻ നിരയിലേക്ക് എത്തിയേക്കുമെന്ന അഭ്യൂഹം എയറിലുണ്ട്. പുതിയ പുതിയ തീരുമാനങ്ങളിലൂടെ ഉപഭോക്താക്കളെ ബ്രാൻഡിലേക്ക് അടുപ്പിക്കാനാവുമെന്നാണ് സിട്രണിന്റെ പ്രതീക്ഷ.


Click it and Unblock the Notifications








