ടാറ്റ കർവിനുള്ള സിട്രണിന്റെ 'ബോംബ്', പുതിയ C3X ക്രോസ്ഓവർ ബ്രീഡിനായി കാത്തിരിക്കണോ?
ഇന്ത്യൻ വിപണിയിൽ കാര്യമായി ശോഭിക്കാതെ നിൽക്കുന്നൊരു പുത്തൻപണക്കാരാണ് സിട്രൺ. കൊണ്ടുവന്ന മോഡലുകൾക്കെല്ലാം എന്തൊക്കെയോ കാരണങ്ങളാൽ ജനങ്ങളുടെ മനസിൽ കയറിക്കൂടാൻ സാധിക്കാതെ പോയി. താങ്ങാനാവുന്ന വിലയില്‍ ഇന്ത്യക്കാര്‍ക്ക് മികച്ച വാഹനങ്ങള്‍ ഓഫര്‍ ചെയ്ത് പേരെടുക്കാൻ സിട്രണ്‍ കഠിനപ്രയത്നം ചെയ്യുകയാണിപ്പോൾ. 2021-ല്‍ C5 എയര്‍ക്രോസ് എന്ന പ്രീമിയം എസ്‌യുവിയുമായാണ് ബ്രാൻഡ് അരങ്ങേറ്റം നടത്തിയത്.
എന്നാൽ സെഗ്മെന്റിലെ മറ്റ് മോഡലുകളുമായി താരതമ്യം ചെയ്യുമ്പോഴുണ്ടായ ഉയർന്ന വില C5 എയര്‍ക്രോസിന് തിരിച്ചടിയായി. രണ്ടാമത് സാധാരണക്കാരെ ഉന്നമിട്ടുകൊണ്ട് പുറത്തിറക്കിയ C3 ഹാച്ച്ബാക്കിൽ ആയിരുന്നു സിട്രണിന്റെ പ്രതീക്ഷ. എന്നാൽ അവിടെയും പദ്ധതി വേണ്ടവിധം ആളുകളിലേക്ക് എത്തിയില്ല. വേണ്ടത്രയുള്ള ഷോറൂമുകളുടേയും സർവീസ് സെന്ററുകളുടെയും അഭാവമാണ് സിട്രണിനെ ആളുകൾക്കിടയിൽ നിന്നും മാറ്റി നിർത്തുന്നത്.

പതിയെ ഈ പോരായ്‌മകളെല്ലാം നികത്തി ആളുകളുടെ മനസിൽ കയറിപ്പറ്റാനുള്ള ശ്രമാണ് ഇപ്പോൾ ഫ്രഞ്ച് വാഹന നിർമാതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്. അതിനായി മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലേക്ക് C3 എയർക്രോസിനെ കൊണ്ടുവന്ന ബ്രാൻഡ് അടുത്തതായി ടാറ്റ കർവിനിട്ടുള്ള പണിയാണ് ഒരുക്കുന്നത്. സെഡാൻ ട്വിസ്റ്റുള്ള ക്രോസ്ഓവർ മോഡലായ C3X ആണ് ഇതിനായി ഫ്രഞ്ച് ബ്രാൻഡ് കണ്ടെത്തിയിരിക്കുന്നത്.
2024 മധ്യത്തോടെ അരങ്ങേറ്റം കുറിക്കാനിരുന്ന വാഹനത്തിന്റെ അവതരണം വൈകുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഈ കാർ കൂടുതൽ ഉദാരമായി സജ്ജീകരിക്കാനാണ് സിട്രൺ C3X മോഡലിന്റെ അവതരണം വൈകിപ്പിക്കുന്നത്. വരാനിരിക്കുന്ന C3X സെഡാൻ ബോഡി ശൈലിക്ക് പുതിയൊരു മാനം സമ്മാനിക്കും. അതായത് കൂപ്പെ പോലെയുള്ള റൂഫ്‌ലൈൻ, നോച്ച്ബാക്ക് രൂപം, ഉയർന്ന റൈഡ് ഹൈറ്റ്, കട്ടിയുള്ള ബോഡി ക്ലാഡിംഗ് മുതലായവ ഉൾപ്പെടുന്ന ക്രോസ്ഓവർ ട്രീറ്റ്‌മെന്റാണ് കമ്പനി ഇതിൽ ഒരുക്കുക.

അങ്ങനെ മൊത്തത്തിൽ ഡിസൈനിന്റെ കാര്യത്തിഷ ആളൊരു രസികനായിരിക്കും. മിക്കവാറും എസ്‌യുവി കൂപ്പെ ആയിട്ടായിരിക്കും സിട്രൺ C3X അവതരിപ്പിക്കുക. C3, eC3, C3 എയർക്രോസ് എന്നിവയ്ക്ക് അടിവരയിടുന്ന അതേ സി-ക്യൂബ്ഡ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി തന്നെയാണ് ഈ വാഹനവും പണികഴിപ്പിക്കുക. കൂടാതെ ചെലവ് ചുരുക്കുന്നതിനായി നിരവധി ഘടകങ്ങളും എഞ്ചിനും ഫീച്ചറുകളും മോഡൽ പങ്കിടുകയും ചെയ്യും.
പക്ഷേ ഈ നീക്കം ബ്രാൻഡിന്റെ മറ്റ് മോഡലുകളുടെ അതേ സ്ഥിതിയിലേക്ക് പുതിയ വാഹനത്തേയും തള്ളിവിടുമോയെന്ന ഭയം സിട്രണിനുണ്ടാവാം. അടുത്തിടെ ലോഞ്ച് ചെയ്ത C3 എയർക്രോസിലെ ചെലവ് ചുരുക്കലും ഫീച്ചർ ഒഴിവാക്കലുകളും കാരണം ശ്രദ്ധനേടായില്ല. അതും എസ്‌യുവിക്ക് ആക്രമണാത്മക വിലനിർണയമുണ്ടായിട്ടു പോലും ക്ലിക്കാവാനായില്ല. മാത്രമല്ല അവതരണം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ വിൽപ്പന പിടിക്കുന്നതിനായി മിഡ്-സൈസ് എസ്‌യുവിക്ക് വലിയ ഓഫറുകളും വാഗ്ദാനം ചെയ്തു.

ഉപഭോക്താക്കളുടെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി, C3 എയർക്രോസിന്റെ ചില പോരായ്മകൾ പരിഹരിക്കാൻ സിട്രൺ നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. എന്തായാലും C3X വരുന്നതിനു മുമ്പ് ജനകീയനാവാനുള്ള ശ്രമം വിജയിക്കട്ടെ എന്ന് ആശംസിക്കാം. ഇലക്ട്രിക് ഫോൾഡിംഗ് മിററുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, വയർലെസ് ചാർജിംഗ്, എൽഇഡി ഹെഡ്‌ലാമ്പുകൾ തുടങ്ങിയ ഫീച്ചറുകളെല്ലാം വരാനിരിക്കുന്ന കൂപ്പെ ക്രോസ്ഓവറിനുണ്ടാവാം.
പുഷ് ബട്ടൺ സ്റ്റാർട്ട്, കീലെസ്സ് എൻട്രി, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, സൺറൂഫ് പോലുള്ള സവിശേഷതകൾ C5 എയർക്രോസി ഒഴികെയുള്ള ഒരു സിട്രൺ മോഡലിലും ലഭ്യമല്ല. ഇതെല്ലാം നിലവിലെ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലെ ജനപ്രിയ സവിശേഷതകളാണ്. C3X ഇതെല്ലാമായി വന്നാൽ ക്ലച്ചുപിടിക്കാനുള്ള സാധ്യത ഏറെയാണ്. പരിചിതമായ 110 bhp കരുത്തുള്ള 1.2 ലിറ്റർ ത്രീ-സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിനാവും ഈ മോഡലിലും ഉപയോഗിക്കുക.

ഇതൊരു 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷനോടുകൂടിയാണ് വരിക. C3X വരുന്നതിനു മുമ്പേ തന്നെ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനും സിട്രണിന് വാഗ്ദാനം ചെയ്യാനാകും. ടോർക്ക് കൺവെർട്ടർ യൂണിറ്റ് 2024 ആദ്യ പാദത്തിൽ C3, C3 എയർക്രോസുകളിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് കമ്പനി ഉറപ്പുനൽകിയിരിക്കുന്നത്. C3X-ന്റെ ഒരു വൈദ്യുത ആവർത്തനം 2025-ൽ വിപണിയിലെത്തും.
കൂപ്പെ പോലുള്ള സ്റ്റൈലിംഗോടുകൂടിയ ടാറ്റ കർവായിരിക്കും സിട്രൺ C3X ക്രോസിന്റെ പ്രധാന എതിരാളി. ഒപ്പം മിഡ്-സൈസ് സെഡാൻ മോഡലുകൾക്കും ബദലാവാൻ ഈ വാഹനത്തിനായേക്കും. കൂപ്പെ പോലുള്ള രൂപകൽപ്പനയും ഉയർന്ന റൈഡിംഗ് സ്വഭാവവും ഉപഭോക്താക്കളെ എളുപ്പം ആകർഷിക്കാൻ കഴിയുന്ന കാര്യങ്ങളാണ്. സിട്രണിന്റെ ഭാവി ശോഭമീയമാക്കാൻ പുതിയ പോരാളിക്ക് കഴിയുമെന്നാണ് ഏവരുടേയും പ്രതീക്ഷ.


Click it and Unblock the Notifications








