വെർണക്കും സിറ്റിക്കും ഫ്രഞ്ച് മുതലാളിയുടെ പണി, സിട്രൺ C3X സെഡാൻ വരുന്നൂ
ഇന്ത്യയിൽ പതിയെ വളർന്നുവരുന്നവരാണ് സിട്രൺ എന്ന ഫ്രഞ്ച് ബ്രാൻഡ്. ലോകോത്തര നിലവാരത്തിലുള്ള കാറുകൾ പുറത്തിറക്കി ഒരുറേഞ്ച് പിടിച്ച കമ്പനി ഇന്ത്യയിലെത്തിയപ്പോൾ അൽപം പിശുക്കരായെന്ന പരാതിയാണ് ഉയർന്നു വരുന്നത്. 2021-ൽ ആദ്യ ഉൽപ്പന്നമായ C5 എയർക്രോസ് അവതരിപ്പിച്ചുകൊണ്ടാണ് സിട്രൺ ഇന്ത്യയിൽ രംഗപ്രവേശം ചെയ്‌തത്.
ആദ്യ മോഡലിന് വില കൂടുതലായതുകൊണ്ട് അധികമാരും C5 എയർക്രോസിനെ തേടിയെത്തിയിരുന്നില്ല. ഇത് പരിഗണിച്ച് താങ്ങാനാവുന്ന വിലയിൽ ഒരു ബജറ്റ് കാറിന് രൂപംകൊടുക്കാനാണ് സിട്രൺ അടുത്തതായി ശ്രമിച്ചത്. C3 എന്ന പ്രീമിയം ഹാച്ച്ബാക്കും പ്രതീക്ഷകളെല്ലാം താളംതെറ്റിക്കുകയായിരുന്നു. വിലയുടെ കാര്യത്തിൽ ആള് ഓക്കെയായിരുന്നുവെങ്കിലും പല വിട്ടുവീഴ്ച്ചകളുമായി എത്തിയത് ആളുകളിൽ മതിപ്പുളവാക്കിയില്ല. ഇതേ വിലയിൽ മറ്റ് ഓപ്ഷനുകൾ കൂടുതൽ ഗംഭീരമായതും C3 ക്രോസിന് വിനയായി.

എങ്കിലും ചെറിയതോതിൽ വിറ്റഴിച്ച് നിരത്തുകൾക്ക് പരിചിതമാവാൻ C3 പ്രീമിയം ഹാച്ച്ബാക്കിന് സാധിച്ചു. പിന്നീട് ഇതിന്റെ ഇലക്‌ട്രിക് അവതാരം (eC3) പുറത്തിറക്കിയാണ് സിട്രൺ ഏവരേയും ഞെട്ടിച്ചത്. പക്ഷേ ഇവിയുടെയും വിധി മുൻമോഡലുകൾക്ക് സമാനമായിരുന്നു. ഫ്രഞ്ച് ബ്രാൻഡിന്റെ നാലാമനായി അടുത്തിടെ C3 എയർക്രോസ് എന്ന പുതുപുത്തൻ മിഡ്-സൈസ് എസ്‌യുവിയും പിറവിയെടുത്തു. ക്രെറ്റ, സെൽറ്റോസ്, സഫാരി, ഹെക്ടർ പ്ലസ്, XUV700 പോലുള്ള അതികായകൻമാരുമായി ഏറ്റുമുട്ടാൻ 5, 7 സീറ്റർ കോൺഫിഗറേഷൻ ഓപ്ഷനുകളോടെയാണ് ഇതിന്റെ വരവ്.
ഇതിലൊന്നും നിർത്താൻ സിട്രണിന് പദ്ധതിയില്ലെന്നാണ് വിവരം. നിലവിൽ കമ്പനി തങ്ങളുടെ നിരയിലേക്ക് കൂടുതൽ വാഹനങ്ങളെ അവതരിപ്പിക്കാനുള്ള ശ്രമങ്ങളിലാണ്. അടുത്തതായി ഹോണ്ട സിറ്റിയും ഹ്യുണ്ടായി വെർണയും അരങ്ങുവാഴുന്ന സി-സെഗ്മെന്റ് സെഡാൻ ശ്രേണിയാണ് ബ്രാൻഡ് ഉന്നംവെക്കുന്നത്. 2024 ജൂലൈ മാസത്തോടെ പുത്തൻ സെഡാനെ ഇന്ത്യയിൽ കൊണ്ടുവരാനാണ് സിട്രൺ ആലോചിക്കുന്നത്. വിദേശത്ത് പരിചിതമായ C3X എന്ന സെഡാനാണ് രാജ്യത്തേക്ക് എത്തുന്നത്.

ഇതിന് ഇന്ത്യൻ വിപണിക്ക് അനുസൃതമായ മാറ്റങ്ങളോടെ പുനർനിർമിക്കുകയും ചെയ്യും. C3 ഹാച്ച്‌ബാക്കിനും വരാനിരിക്കുന്ന C3 എയർക്രോസ് എസ്‌യുവിക്കും ശേഷം കമ്പനിയുടെ ഇന്ത്യ-നിർദ്ദിഷ്ട CMP മോഡുലാർ പ്ലാറ്റ്‌ഫോമിൽ നിർമിക്കുന്ന മൂന്നാമത്തെ ഉൽപ്പന്നമായിരിക്കും ഈ മിഡ്-സൈസ് സെഡാൻ. സെഡാൻ സെഗ്‌മെന്റിൽ തനതായ ഫാസ്റ്റ്ബാക്ക് സ്‌റ്റൈലിങ്ങും എസ്‌യുവി പോലുള്ള ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസുമായിരിക്കും C3X-ന്റെ പ്രത്യേകത. നിലവിൽ യൂറോപ്യൻ വിപണികളിൽ വിൽപ്പനയ്‌ക്കെത്തുന്ന C4X, C5X എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാവും ഇതിന്റെ ഡിസൈൻ.
C3 എയർക്രോസിന്റെ അതേ ഫ്രണ്ട്-എൻഡ് സ്റ്റൈലിംഗും നമുക്ക് കാണാനാവും. വലിയ അലോയ് വീലുകൾ, ചുറ്റും പരുക്കൻ രൂപത്തിലുള്ള പ്ലാസ്റ്റിക് ക്ലാഡിംഗ് എന്നിങ്ങനെ നിരവധി എസ്‌യുവി പോലുള്ള ഘടകങ്ങളും സെഡാന്റെ ഭാഗമായേക്കും. ഏകദേശം 4.4 മീറ്റർ നീളവും വാഹനത്തിനുണ്ടാവുമെന്നാണ് വിവരം. കനത്ത പ്രാദേശികവൽക്കരണത്തോടെ ഒരുങ്ങുന്നതിനാൽ വില പിടിച്ചുനിർത്താൻ സിട്രണിന് സാധിക്കും. അകത്തളമെല്ലാം പരിചിതമായ സാങ്കേതിക സവിശേഷതകളാൽ തന്നെയാവും ഒരുക്കിയെടുക്കുക.

C3, eC3, C3 എയർക്രോസ് എസ്‌യുവി എന്നിവയ്‌ക്കിടയിൽ പങ്കിട്ട ഡാഷ്‌ബോർഡും സീറ്റുകളും പോലുള്ള ഇന്റീരിയർ ഘടകങ്ങൾ പുതുപുത്തൻ സെഡാനിലും ചേർക്കും. പൂർണ ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, 10 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡാഷ്‌ബോർഡ്, സ്റ്റിയറിംഗ് വീൽ, സീറ്റിംഗ്, HVAC കൺട്രോളുകൾ എന്നിവയുൾപ്പെടെയുള്ളവ C3 എയർക്രോസിൽ നിന്നും അതേപടി സിട്രൺ കടംകൊള്ളും. 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാവും പുതിയ വാഹനത്തിന് തുടിപ്പേകാൻ എത്തുക.
110 bhp നൽകുന്ന ടർബോ എഞ്ചിൻ 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ഓപ്ഷനോടെ വാഗ്‌ദാനം ചെയ്യും. കുറഞ്ഞത് ആറ് മാസത്തിനു ശേഷം സിട്രൺ C3X സെഡാന്റെ ഇലക്‌ട്രിക് മോഡലും കമ്പനി പുറത്തിറക്കുമെന്നാണ് വിവരം. ഹ്യുണ്ടായി വെർണ, ഹോണ്ട സിറ്റി പോലുള്ള അതികായകൻമാർ വാഴുന്ന സെഗ്മെന്റിഷ സ്‌കോഡ സ്ലാവിയ, ഫോക്‌സ്‌വാഗൺ വെർട്ടിസ് പോലുള്ള സൂപ്പർ താരങ്ങളുടെ ഭീഷണിയും സിട്രൺ C3X നേരിടേണ്ടി വരും.


Click it and Unblock the Notifications








