വാങ്ങാൻ ആളില്ലെങ്കിലും വിലയുടെ കാര്യത്തിൽ 'നോ കോംപ്രമൈസ്'! 320 കി.മീ. റേഞ്ചുള്ള ഈ ഇലക്‌ട്രിക് കാറിന് വില കൂടി

ഫ്രഞ്ച് വാഹന നിർമാതാക്കൾ എന്നു കേൾക്കുമ്പോഴേ നമുക്ക് ആദ്യം ഓർമ വരുന്നത് ചിലപ്പോൾ റെനോയുടേതാവാം അല്ലേ. എന്നാൽ മറ്റൊരു ബ്രാൻഡ് കൂടി ഇന്ന് ഇന്ത്യൻ വിപണിയിൽ വളരെ സജീവമായുണ്ട് കേട്ടോ. C3 ഹാച്ച്ബാക്കിലൂടെ പലർക്കും സുപരിചിതനായ സിട്രൺ (Citroen) തന്നെയാണ് ആ അവതാരം.

ഇന്ന് ബ്രാൻഡ് നിരയിൽ നാലോളം മോഡലുകൾ അണിനിരക്കുന്നുണ്ടെങ്കിലും വേണ്ടവിധം ഡീലർഷിപ്പുകളും സർവീസ് സെന്ററുകളും ഒന്നുമില്ലാത്തതിനാൽ മിക്കവർക്കും ഇങ്ങനെയൊരു ബ്രാൻഡുണ്ടെന്നു പോലും അറിയുകയുമില്ല. C5 എയർക്രോസ്, C3 ഹാച്ച്ബാക്ക്, eC3 ഇവി, C3 എയർക്രോസ് എന്നിങ്ങനെ നാല് കാറുകളാണ് കമ്പനിയിപ്പോൾ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിക്കുന്നത്. കാര്യമായി വിപണി പിടിക്കാനായില്ലെങ്കിലും പതിയെ ബ്രാൻഡ് അറിയപ്പെടാൻ തുടങ്ങിയിട്ടുണ്ടെന്ന് വേണം പറയാൻ.

Citroen eC3 Electric Hatchback Price Increased

കഴിഞ്ഞ ദിവസം മോഡൽ ലൈനപ്പിൽ ഗംഭീര ഓഫറുകൾ പ്രഖ്യാപിച്ച കമ്പനിയിപ്പോഴിതാ ദീപാവലിക്ക് മുമ്പ് കാർ വാങ്ങാൻ പ്ലാനിട്ടവർക്ക് ചെറിയൊരു പണിവെച്ചിരിക്കുകയാണ്. എന്താണെന്നല്ലേ, തങ്ങളുടെ എൻട്രി ലെവൽ ഇലക്ട്രിക് ഹാച്ച്ബാക്കായ eC3 ഇവിയുടെ വില രാജ്യത്ത് വർധിപ്പിച്ചിരിക്കുകയാണ്. ഈ വർഷം ആദ്യമാണ് ഈ മോഡൽ രാജ്യത്ത് അവതരിപ്പിച്ചത്. 11.50 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലെത്തിയിരുന്ന ഇവി സ്വന്തമാക്കണമെങ്കിൽ ഇപ്പോൾ 11,000 രൂപ അധികമായി നൽകണം.

eC3 ഇവിയുടെ എല്ലാ വേരിയന്റുകളിലും 11,000 രൂപയുടെ വർധനവാണ് കമ്പനി നടപ്പിലാക്കിയിരിക്കുന്നത്. ലൈവ്, ഫീൽ എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ eC3 ലഭിക്കും. രണ്ടാമത്തേത് വൈബ് പായ്ക്കിലും ഡ്യുവൽ ടോൺ ഓപ്ഷനിലും ലഭിക്കും. ഏറ്റവും പുതിയ പരിഷ്‌ക്കരണങ്ങൾക്കൊപ്പം സിട്രൺ ഇവിയുടെ എക്‌സ്ഷോറൂം വില 11.61 ലക്ഷം രൂപയിൽ നിന്നാണ് ആരംഭിക്കുന്നത്. വാഹനത്തിന്റെ പുതിയ വേരിയന്റ് തിരിച്ചുള്ള എക്സ്ഷോറൂം വിലകൾ ഒന്ന് നോക്കിയാലോ?

Citroen eC3 Electric Hatchback Price Increased

സിട്രൺ eC3 ലൈവിന് ഇനി മുതൽ 11.61 ലക്ഷം രൂപയും ഫീൽ വേരിയന്റിന് 12.49 ലക്ഷവും ഫീൽ വൈബ് പായ്ക്കിന് 12.64 ലക്ഷവും ഫീൽ വൈബ് പായ്ക്ക് ഡ്യുവൽ ടോണിന് 12.79 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. ഇനി കാറിന്റെ മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ വില വർധനവിന് പുറമെ യാതൊരുവിധ പരിഷ്ക്കാരങ്ങളും ഇലക്‌ട്രിക് കാറിൽ വരുത്തിയിട്ടില്ലെന്നു വേണം പറയാൻ.

56 bhp പവറിൽ പരമാവധി 143 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള സിംഗിൾ മോട്ടോർ സജ്ജീകരണത്തോടു കൂടിയ 29.2kWh ബാറ്ററി പായ്ക്കാണ് സിട്രൺ eC3 ഇവിക്ക് തുടിപ്പേകുന്നത്. പൂർണമായി ചാർജ് ചെയ്താൽ ഏകദേശം 320 കിലോമീറ്റർ വരെ റേഞ്ച് നൽകാനും ഇലക്ട്രിക് ഹാച്ച്ബാക്കിനാവും. പെർഫോമൻസിന്റെ കാര്യത്തിലേക്ക് വന്നാൽ 6.8 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 60 കിലോമീറ്റർ വേഗത കൈവരിക്കാൻ മോഡലിന് കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്

Citroen eC3 Electric Hatchback Price Increased

അതേസമയം പരമാവധി വേഗം 107 കിലോമീറ്ററായും പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇലക്ട്രിക് കാറിന് റീജനറേറ്റീവ് ബ്രേക്കിംഗ് സാങ്കേതികവിദ്യയും ഇക്കോ, സ്റ്റാൻഡേർഡ് എന്നിങ്ങനെ രണ്ട് ഡ്രൈവ് മോഡുകളും ലഭ്യമാണ്. ചാർജിംഗിലേക്ക് നോക്കിയാൽ ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് വെറും 57 മിനിറ്റിനുള്ളിൽ 10 ശതമാനത്തിൽ നിന്ന് 80 ശതമാനത്തിലേക്ക് ചാർജ് ചെയ്യാൻ ഇവിക്കാവും. 3.3 kW എസി ഓൺബോർഡ് ചാർജറിന് CCS2 ഫാസ്റ്റ് ചാർജിംഗിനും കഴിയും.

സാധാരണ ഹോം ചാർജറാണ് ഉപയോഗിക്കുന്നതെങ്കിൽ പൂജ്യത്തിൽ നിന്ന് 100 ശതമാനം റീചാർജ് ചെയ്യാൻ പത്തര മണിക്കൂർ സമയം വേണ്ടിവരും. സ്റ്റാൻഡേർഡ് എന്ന നിലയിൽഫ്രഞ്ച് ബ്രാൻഡ് eC3 ഇലക്ട്രിക് ഹാച്ച്ബാക്കിൽ ഡ്യുവൽ ഫ്രണ്ട് എയർബാഗുകളും ഇബിഡി ഉള്ള എബിഎസ് ബ്രേക്കിംഗും സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നുണ്ട്. മൈ സിട്രൺ കണക്‌ട് ആപ്ലിക്കേഷൻ ഉപയോഗിക്കുമ്പോൾ ഉപഭോക്താക്കൾക്ക് ധാരാളം കണക്റ്റഡ് ഫീച്ചറുകളും പ്രവർത്തനക്ഷമമാക്കാൻ കഴിയും.

Citroen eC3 Electric Hatchback Price Increased

വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കോംപാറ്റിബിലിറ്റി ഉള്ള 10.2 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, നാല് സ്പീക്കറുകളുള്ള ഓഡിയോ സിസ്റ്റം, മൾട്ടിഫങ്ഷണൽ സ്റ്റിയറിംഗ് വീൽ തുടങ്ങിയ സവിശേഷതകളോടെയാണ് eC3 ഇവിയുടെ ടോപ്പ് എൻഡ് ഫീൽ വേരിയന്റ് വരുന്നത്. കാറിലെ ബാറ്ററി പായ്ക്കിന് ഏഴ് വർഷം അല്ലെങ്കിൽ 1.40 ലക്ഷം കിലോമീറ്റർ വാറണ്ടിയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

അതേസമയം ഇലക്ട്രിക് മോട്ടോറിന് അഞ്ച് വർഷമോ 1 ലക്ഷം കിലോമീറ്ററിന്റെയോ വാറണ്ടിയായിരിക്കും ലഭിക്കുക, മൂന്ന് വർഷം അല്ലെങ്കിൽ 1.25 ലക്ഷം കിലോമീറ്റർ സ്റ്റാൻഡേർഡ് വാറണ്ടിയോടെയാണ് eC3 ഇവി വരുന്നത്. കൂടാതെ എക്സ്റ്റൻഡഡ് വാറണ്ടി ഓപ്ഷനുകളും ലഭ്യമാണ്. നിലവിൽ ഇന്ത്യൻ വിപണിയിൽ ടാറ്റ ടിയാഗോ ഇവി, ടിഗോർ ഇവി പോലുള്ള ബജറ്റ് ഫ്രണ്ട്‍ലി ഇലക്ട്രിക് വാഹനങ്ങളാണ് സിട്രണിന്റെ പ്രധാന എതിരാളി.

More from DriveSpark

Article Published On: Tuesday, November 7, 2023, 10:09 [IST]
English summary
Citroen ec3 electric hatchback price increased in india new price list
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X