വില കൂടിയത് 50,000 രൂപ വരെ; Citroen കാർ വാങ്ങാൻ ഇനി അധികം ചിലവാകുമേ....
ഇന്ത്യൻ വിപണിയിലെ C5 എയർക്രോസ് എസ്‌യുവി, C3 ഹാച്ച്ബാക്ക് എന്നിവ ഉൾപ്പെടുന്ന മുഴുവൻ മോഡൽ ശ്രേണിയിലും 50,000 രൂപ വരെ വില വർധിപ്പിച്ച് ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ. പുതുവർഷത്തിൽ മോഡൽ നിരയിൽ വില ഉയർത്തുമെന്ന് കമ്പനി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
സിട്രൺ ഇന്ത്യയുടെ ഏറ്റവും പുതിയ വില വർധനവ് ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഇത് മുഴുവൻ വേരിയന്റ് ലൈനപ്പിനും ബാധകമാണ്. അതായത് ഈ വർഷം മുതൽ പുതിയ സിട്രൺ കാർ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കളെല്ലാം ഉയർന്ന വില മുടക്കേണ്ടി വരുമെന്ന് സാരം. ഷൈൻ ഡ്യുവൽ ടോൺ എന്ന ഒറ്റ വേരിയന്റിൽ ലഭ്യമാകുന്ന സിട്രോൺ C5 എയർക്രോസിന്റെ വിലയാണ് ബ്രാൻഡ് 50,000 രൂപ വരെ വർധിപ്പിച്ചിരിക്കുന്നത്. മോഡലിന് ഇപ്പോൾ 37.17 ലക്ഷം രൂപയാണ് രാജ്യത്തെ എക്സ്ഷോറൂം വില വരുന്നത്.

പോയ വർഷം C3 എയർക്രോസിന്റെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ സിട്രൺ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ഈ പരിഷ്ക്കാരങ്ങളുടെ ഭാഗമായി പ്രീമിയം എസ്‌യുവിക്ക് ട്വീക്ക് ചെയ്‌ത ഹെഡ്‌ലൈറ്റുകൾ, ഇരുവശത്തും ട്വിൻ ഡിആർഎല്ലുകൾ, പുതുക്കിയ മുൻവശം എന്നിവയ്‌ക്കൊപ്പം ഒരു പുതിയ ഡിസൈനും നൽകി. C5 എയർക്രോസിന് പുതിയ ബോഡി ക്ലാഡിംഗും അലോയ് വീലുകളും ഒരു മെച്ചപ്പെട്ട രൂപം നൽകുന്നുമുണ്ട്. അതേസമയം ഇന്റീരിയറിൽ ഫ്രീ-സ്റ്റാൻഡിംഗ് 10.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഹീറ്റിംഗ്, കൂളിംഗ് ഫംഗ്ഷനുകളുള്ള സീറ്റുകൾക്ക് അധിക കുഷ്യനിംഗ് എന്നിങ്ങനെ നിരവധി പുതിയ സവിശേഷതകളും ലഭിക്കുന്നു.
2.0 ലിറ്റർ, ഫോർ സിലിണ്ടർ DW10 FC ഡീസൽ എഞ്ചിനാണ് സിട്രൺ C5 എയർക്രോസ് എസ്‌യുവിയിൽ ഉപയോഗിച്ചിരിക്കുന്നത്. അത് 177 bhp പവറിൽ പരമാവധി 400 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് എഞ്ചിൻ സ്റ്റാൻഡേർഡായി ജോടിയാക്കിയിരിക്കുന്നത്. അതേസമയം മറുവശത്ത് ചെറിയ സിട്രൺ C3 ഹാച്ചിന് 27,500 രൂപയാണ് വില കൂട്ടിയിരിക്കുന്നത്. കൃത്യമായി പറഞ്ഞാൽ പ്രീമിയം ഹാച്ച്ബാക്കിന്റെ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ വേരിയന്റുകൾക്ക് ഇപ്പോൾ 27,500 രൂപ അധികമായി നൽകേണ്ടി വരും.

അതേസമയം ടർബോ പെട്രോൾ വേരിയന്റിന് നിലവിലെ വിലയേക്കാൾ 20,000 രൂപ കൂടുതലായിരിക്കും. അതേസമയം ഫീൽ 1.2 ടർബോ പെട്രോൾ ഡ്യുവൽ ടോൺ എന്ന പുതിയ വേരിയന്റ് സിട്രൺ അവതരിപ്പിച്ചിട്ടുണ്ട്. അതിന്റെ എക്സ്ഷോറൂം വില 8.10 ലക്ഷം രൂപയാണ് വരുന്നത്. എസ്‌യുവി സ്റ്റൈലുള്ള പ്രീമിയം ഹാച്ച്ബാക്കായാണ് C3 ക്രോസിനെ സിട്രൺ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. മാരുതി സുസുക്കി ഇഗ്‌നിസ്, ടാറ്റ പഞ്ച്, നിസാൻ മാഗ്‌നൈറ്റ്, റെനോ കൈഗർ എന്നിവയെയാണ് മോഡലിന്റെ പ്രധാന എതിരാളികൾ.
സിട്രൺ C3 ഇന്ത്യയിൽ ഇതുവരെ കാര്യമായ വിൽപ്പന കണക്കുകളൊന്നും കൈവരിച്ചില്ലെന്നതാണ് യാഥാർഥ്യം. വിൽപ്പന കണക്കുകളനുസരിച്ച് സിട്രൺ അതിന്റെ ലോഞ്ച് മാസമായ ജൂലൈയിൽ 550 യൂണിറ്റുകളും ഓഗസ്റ്റിൽ 825 യൂണിറ്റുകളും വിറ്റു. അതിന്റെ എതിരാളികളായ ഇഗ്‌നിസ്, പഞ്ച്, മാഗ്‌നൈറ്റ്, കൈഗർ എന്നിവ ഓരോ മാസവും ശരാശരി 2,000-5,000 യൂണിറ്റുകളാണ് നിരത്തിലെത്തുന്നത്. ഈ കണക്കുകളുമായി തട്ടിനോക്കാൻ ഇതുവരെ ഫ്രഞ്ച് ബ്രാൻഡിനായില്ലെങ്കിലും സാവധാനം വിപണി പിടിക്കാമെന്ന വിശ്വാസത്തിലാണ് കമ്പനി.
രണ്ട് 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ ഓപ്ഷനുമായാണ് C3 വരുന്നത്. അതിൽ ആദ്യത്തേത് 82 bhp നൽകുന്ന നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളാണ്. രണ്ടാമത്തേത് 110 bhp പവർ ഉത്പാദിപ്പിക്കുന്ന ടർബോ-പെട്രോൾ യൂണിറ്റുമാണ്. NA യൂണിറ്റ് 5-സ്പീഡ് മാനുവൽ ഗിയർബോക്‌സിലാണ് വിപണിയിൽ എത്തുന്നതെങ്കിൽ ടർബോ എഞ്ചിൻ 6-സ്പീഡ് മാനുവലുമായി വരുന്നു. നിലവിൽ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ വാഹനത്തിലില്ല. എന്നാൽ ഈ വർഷം രണ്ടാം പകുതിയിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഓഫർ ചെയ്യാൻ സിട്രൺ പദ്ധതിയിടുന്നു.
അടുത്ത വർഷം തങ്ങളുടെ മൂന്നാമത്തെ മോഡൽ ഇന്ത്യയിലേക്ക് കൊണ്ടുവരാനും സിട്രൺ പദ്ധതിയിടുന്നുണ്ട്. ഇന്ത്യൻ ഉപഭോക്താക്കൾക്കായി C3 എസ്‌യുവി അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ ഇലക്ട്രിക് കാർ അനാച്ഛാദനം ചെയ്യുമെന്ന് ഫ്രഞ്ച് ഓട്ടോ ഭീമൻ സ്ഥിരീകരിച്ചിട്ടുണ്ട്. കോമൺ മോഡുലാർ പ്ലാറ്റ്‌ഫോം (CMP) അടിസ്ഥാനമാക്കിയുള്ളതായിരിക്കും ഈ ഇവി. ഒറ്റ ചാർജിൽ 350 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്ന 50kWh ബാറ്ററി പായ്ക്ക് പുതിയ C3 ഇലക്ട്രിക്ക് ലഭിക്കാൻ സാധ്യതയുണ്ട്. ഇതിന് പരമാവധി 136 bhp കരുത്തിൽ 260 Nm torque വരെയും സൃഷ്ടിക്കാനാവും.


Click it and Unblock the Notifications








