ഒരുക്കങ്ങൾ പൂർത്തിയായി, ക്രെറ്റയെ പൂട്ടാൻ സിട്രൺ എസ്‌യുവി ഏപ്രിൽ 27-ന് എത്തും!
ഇന്ത്യൻ വാഹന വിപണിയിൽ ഫ്രഞ്ച് വിപ്ലവത്തിന് ഒരുങ്ങുകയാണ് സിട്രൺ. ഇതുവരെ രാജ്യത്തിന്റെ പൾസറിയാനായി രണ്ടേരണ്ട് മോഡലുകൾ മാത്രം പുറത്തിറക്കിയ കമ്പനി ദേ ഇപ്പോൾ തങ്ങളുടെ നിരയിലെ മൂന്നാമനേയും നിരത്തുകളിലേക്ക് കൊണ്ടുവരികയാണ്. ആദ്യം പ്രീമിയം എസ്‌യുവി നിരയിലേക്ക് പോയ സിട്രൺ പിന്നീട് സാധാരണക്കാരനെ പോക്കറ്റിലാക്കാൻ ഒരു ബജറ്റ് വാഹനം പുറത്തിറക്കുകയും ചെയ്‌തു.
എന്നാൽ വിപണിയിൽ കാര്യമായ ചലനങ്ങൾ സൃഷ്‌ടിക്കാനായില്ലെങ്കിലും നാല് പേർ അറിയുന്ന രീതിയിലേക്ക് പേരെടുക്കാൻ സിട്രണിന് സാധിച്ചിട്ടുണ്ട്. കൂടാതെ ബ്രാൻഡിന്റെ വണ്ടി ഉപയോഗിക്കുന്നവർ കാര്യമായ പരാതികളൊന്നും ഉന്നയിച്ചും ഇതുവരെ കേട്ടിട്ടില്ല. എന്തായാലും ഈ അവസരം മുതലെടുത്ത് പുത്തൊരു മോഡലുമായി വീണ്ടും സജീവമാവാൻ ഒരുങ്ങുകയാണ് ഫ്രഞ്ച് ബ്രാൻഡ്. ഇത്തവണ കൊറിയൻ ഇരട്ടകൾ വാഴുന്ന മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലേക്കാണ് വരവ്.

എസ്‌യുവി ട്വിസ്റ്റുള്ള ഹാച്ച്ബാക്കായി പണികഴിപ്പിച്ച C3-യിൽ കണ്ട വിട്ടുവീഴ്ച്ചകളൊന്നുമില്ലാതെയാവും പുതിയ മിഡ്-സൈസ് എസ്‌യുവിയെ സിട്രൺ ഇത്തവണ ഒരുക്കുക. 2023 ഏപ്രിൽ 27-ന് ഇന്ത്യയിൽ ഒരു പുതിയ എസ്‌യുവിയുടെ ആഗോള അരങ്ങേറ്റത്തിന് സാക്ഷ്യംകുറിക്കാനാവുമെന്ന് കമ്പനി സ്ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്. എങ്കിലും വരാനിരിക്കുന്ന മോഡൽ ഏതാണെന്നും അതിന്റെ വിശദാംശങ്ങളും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യൻ നിരത്തുകളിൽ ഒന്നിലധികം തവണ പരീക്ഷണം നടത്തിയ പുതിയ C3 എയർക്രോസായിരിക്കും ഇതെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഇന്ത്യ പോലുള്ള വളർന്നുവരുന്ന വിപണികളെ ലക്ഷ്യമിടുന്ന സി-ക്യൂബ്ഡ് പദ്ധതിയുടെ കീഴിലെത്തുന്ന രണ്ടാമത്തെ മോഡലായിരിക്കും ഇത്. ആദ്യത്തേത് C3 ആയിരുന്നു. മിക്കവാറും 5,7 എന്നിങ്ങനെ രണ്ട് സീറ്റിംഗ് ലേഔട്ടുകളിൽ അണിഞ്ഞൊരുങ്ങിയാവും പുതിയ മിഡ്-സൈസ് എസ്‌യുവി വിപണിയിലേക്ക് എത്തുക. അങ്ങനെയെങ്കിൽ അപ്പോൾ അധികം ഡിമാന്റ് ലഭിക്കുന്ന മൂന്നുവരി മോഡലുകളെയും ഒറ്റയടിക്ക് വെല്ലുവിളിക്കാൻ ഈ C3 എയർക്രോസ് പ്രാപ്‌തമാവും. പുതിയ സിട്രൺ എസ്‌യുവി സ്റ്റെല്ലാന്റിസിന്റെ സിഎംപി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.

ഇത് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന സിട്രൺ C3 ഹാച്ച്‌ബാക്കിന് അടിവരയിടുന്ന അതേ പ്ലാറ്റ്ഫോമാണ്. ആയതിനാൽ അധികം ചെലവുകളില്ലാതെ വാഹനത്തിന്റെ പണിതീർക്കാൻ ബ്രാൻഡിനാവും. പുതിയ മോഡൽ C3 ഹാച്ച്ബാക്കിൽ നിന്നുള്ള സ്റ്റൈലിംഗ് സൂചനകൾ പങ്കിടുമെന്നാണ് വിവരം. മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഡേടൈം റണ്ണിംഗ് ലൈറ്റുകളും താഴെ സ്ഥാപിച്ചിരിക്കുന്ന പ്രധാന ഹെഡ്‌ലൈറ്റുകളും ഉള്ള ഒരു സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണം ഇതിന് ഉണ്ടായിരിക്കും.
അതായത് സിട്രൺ വാഹനങ്ങളിൽ കാണുന്ന സിഗ്നേച്ചർ സ്റ്റൈലിംഗ് ഘടകങ്ങളെല്ലാം വഹിച്ചുകൊണ്ടാവും പുതിയ മിഡ്-സൈസ് എസ്‌യുവിയും നിരത്തിലേക്ക് ഇറങ്ങുകയെന്ന് സാരം. ഒരു മിനിവാനേക്കാൾ സാധാരണ എസ്‌യുവിക്ക് സമാനമായ ഡിസൈൻ ഘടകങ്ങൾ പുതിയ മോഡലിലുണ്ടാകും. മോഡലിന് മുന്നിലും പിന്നിലും ചെറിയ ഓവർഹാംഗുകൾ ഇടംപിടിക്കുമ്പോൾ C3 ഹാച്ച്ബാക്ക് മോഡലിനെ അപേക്ഷിച്ച് നീളമുള്ള വീൽബേസും ഉണ്ടായിരിക്കും. കൂടുതൽ ലഗേജ് സ്‌പേസ് സൃഷ്‌ടിക്കാൻ എസ്‌യുവിക്ക് ഫ്ലെക്സിബിൾ സീറ്റിംഗ് ഓപ്ഷൻ ഉണ്ടായിരിക്കും എന്നതാണ് മറ്റൊരു ഹൈലൈറ്റ്.

അകത്തളവും വിട്ടുവീഴ്ച്ചകൾക്ക് തയാറാവാതെ മുന്നോട്ടുപോയാൽ സംഭവം കളറാവുമെന്ന് വേണം പറയാൻ. ഡാഷ്‌ബോർഡ് ലേഔട്ട് C3 ഹാച്ച്ബാക്കുമായി പങ്കിടുമെങ്കിലും സിട്രൺ എസ്‌യുവിക്കൊപ്പം സ്റ്റാൻഡേർഡായി കൂടുതൽ സവിശേഷതകൾ ചേർക്കാൻ സാധ്യതയുണ്ട്. 10.2 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, 4 സ്പീക്കറുകൾ, പവർ വിൻഡോകൾ, ഓട്ടോ എസി, മൾട്ടിപ്പിൾ എയർബാഗുകൾ എന്നിവയും ഇതിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എഞ്ചിൻ ഓപ്ഷനിലേക്ക് നോക്കിയാൽ 110 bhp കരുത്തിൽ പരമാവധി 190 Nm torque ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ 3-സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാവും പുതിയ സിട്രൺ C3 എയർക്രോസിലേക്ക് എത്താൻ സാധ്യത. 7 സീറ്റർ മോഡലിനും ഇതേ എഞ്ചിൻ റീട്യൂൺ ചെയ്‌ത് ലഭിക്കാൻ സാധ്യതയുണ്ട്. അത് ഉയർന്ന പവറിനായി ട്യൂൺ ചെയ്യുന്നതാവും ഉചിതമെന്ന് കമ്പനി ഇതിനോടകം മനസിലാക്കിയിട്ടുണ്ടാവണം. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 6-സ്പീഡ് മാനുവലും ഒരു ഓട്ടോമാറ്റിക് യൂണിറ്റും ഉൾപ്പെടും.

ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, എംജി ആസ്റ്റർ, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സ്‌കോഡ കുഷാഖ് എന്നിവയോട് പുതിയ സിട്രൺ 5 സീറ്റർ മോഡൽ മത്സരിക്കുമ്പോൾ 7 സീറ്റർ പതിപ്പ് കിയ കാരെൻസ്, മാരുതി സുസുക്കി XL6, ഹ്യുണ്ടായി അൽകസാർ, എംജി ഹെക്‌ട പ്ലസ് പോലുള്ള വാഹനങ്ങളുമായി മാറ്റുരയ്ക്കും. എന്തായാലും വിലയുടെ കാര്യത്തിൽ സിട്രൺ തന്ത്രപരമായി തീരുമാനമെടുത്താൽ കൂടുതൽ ആളുകളെ കൈയിലെടുക്കാനായേക്കും.


Click it and Unblock the Notifications








