ഇന്ത്യയിലേക്ക് തിരിച്ചെത്താൻ ദേവൂ, ഇത്തവണ കാറല്ല, ഒരുങ്ങുന്നത് വമ്പൻ സർപ്രൈസുകളെന്ന് 'മാറ്റിസ് മുതലാളി'
ഐക്കോണിക് കാർ എന്ന വിശേഷണത്തിന് അർഹമല്ലെങ്കിലും ദേവൂ മാറ്റിസ് പലർക്കും ഓർമയുള്ള വാഹനങ്ങളിൽ ഒന്നാവും അല്ലേ. 1998-ലാണ് ദേവു ഈ ഹാച്ച്ബാക്കിനെ പുറത്തിറക്കുന്നത്. തുടക്കകാലത്ത് നിരത്തുകളിൽ വലിയ ഓളം സൃഷ്ടിക്കാനും മോഡലിന് സാധിച്ചിരുന്നു.
ഡിസൈനിലെ പുതുമയായിരുന്നു അക്കാലത്ത് മാറ്റിസിന്റെ ഹൈലൈറ്റ്. അന്ന് വിപണി ഭരിച്ചിരുന്ന ഹ്യുണ്ടായി സാൻട്രോ, മാരുതി 800 എന്നിവയുടെ എതിരാളിയായി വന്ന് ഹിറ്റടിച്ചെങ്കിലും പിന്നീട് ദേവു എന്ന ബ്രാൻഡ് കച്ചോടംപൂട്ടയതോടെ ഈ ഹാച്ച്ബാക്ക് നിരത്തൊഴിയുമെന്നാണ് കരുതിയിരുന്നത്. എന്നാൽ ജനറൽ മോട്ടോഴ്‌സ് എറ്റെടുത്തതിന് ശേഷം രണ്ടാം തലമുറ പതിപ്പായി ഷെവർലെ സ്പാർക്കായി മാറ്റിസ് ഇന്ത്യയിലെത്തി.

ഇന്നും അങ്ങിങ്ങായി സ്പാർക്ക് കാണാനാവുമെങ്കിലും മാറ്റിസ് നിരത്തിലോടുന്നത് വളരെ വിരളമാണ്. അതിനാൽ ക്ലാസിക് കാറുകളുടെ പട്ടികയിലേക്ക് തത്ക്കാലും നമുക്കിവനെ ചേർക്കാം. മാറ്റിസ് ഹാച്ച്ബാക്കിന് പുറമെ സീലോ ആഡംബര സെഡാനും ദേവൂന്റെ നിരയിലെ തട്ടുപൊളിപ്പൻ കാറായിരുന്നു. ഇങ്ങനെ ഇന്ത്യയ്ക്ക് ഗണ്യമായ ഹിറ്റുകൾ നൽകിയ ദക്ഷിണ കൊറിയൻ കാർ നിർമതാക്കളായ ദേവൂ മോട്ടോർസ് നമ്മുടെ രാജ്യത്തേക്ക് തിരികെയെത്തുകയാണ്.
സോളാർ പാനലുകൾ, ഇ-ബൈക്ക് ബാറ്ററികൾ എന്നിവയുൾപ്പെടെ ഒന്നിലധികം ടെക്നോളജി സൊലൂഷനുകൾ വാഗ്‌ദാനം ചെയ്യുന്ന ഇന്ത്യൻ കമ്പനിയായ കെൽവോൺ ഇലക്ട്രോണിക്‌സുമായി സഹകരിച്ചാണ് ഇന്ത്യൻ വിപണിയിലേക്കുള്ള മടക്ക ടിക്കറ്റിന് ദേവൂ തയാറെടുക്കുന്നത്. പോസ്‌കോ ദേവൂയിസ് എന്ന പേരിലായിരിക്കും ബ്രാൻഡ് ഇനി അറിയപ്പെടുക. എന്നാൽ കാർ നിർമാണത്തിലേക്കല്ല ഈ ദക്ഷിണ കൊറിയൻ ബ്രാൻഡ് കടക്കാൻ പോവുന്നത് എന്നതും സർപ്രൈസാണ്.

കെൽവോൺ ഇലക്‌ട്രോണിക്‌സ് ആൻഡ് അപ്ലയൻസസ് പ്രൈവറ്റ് ലിമിറ്റഡുമായി തന്ത്രപരമായ ലൈസൻസിംഗ് കരാർ ഒപ്പിട്ടതിന് പിന്നാലെ ദക്ഷിണ കൊറിയക്കാരായ പോസ്‌കോ ദേവൂ ഇലക്‌ട്രിക് സൈക്കിൾ നിർമാണത്തിനായിരിക്കും ഇനി മുൻഗണ കൊടുക്കുക. പക്ഷേ ദേവൂ നേരിട്ടല്ല കളത്തിലേക്ക് ഇറങ്ങുന്നത് എന്നതും നേരത്തെ പറയാം. ഇന്ത്യൻ ബ്രാൻഡായ കെൽവോണിന് സോളാർ പാനലുകൾ, ഹോം ഇൻവെർട്ടറുകൾ, ഹോം യുപിഎസ് സംവിധാനങ്ങൾ തുടങ്ങി നിരവധി സാങ്കേതികവിദ്യകൾ കൈമാറാനാണ് ധാരണയായിരിക്കുന്നത്.
കെൽവോൺ വികസിപ്പിച്ചെടുക്കുന്ന ചെറിയ ശേഷിയുള്ള ഇ-ബൈക്കുകളിൽ ഉപയോഗിക്കുന്നതിനുള്ള ഇലക്ട്രിക് ബാറ്ററികൾ ദേവൂ നൽകും. ഇതിന്റെ ഭാഗമായി രണ്ട് ഇ-ബൈക്ക് പ്ലാറ്റ്‌ഫോമുകൾ കമ്പനി രാജ്യത്ത് പ്രദർശിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. DWECXI, DWECXII എന്നീ ഇലക്‌ട്രിക് സൈക്കിളുകൾ രാജ്യത്ത് വരും ദിവസങ്ങളിൽ വിൽപ്പനയ്ക്ക് എത്തുമെന്നാണ് സൂചന. ചെറിയ ഫോം ഫാക്ടറിനൊപ്പം, കെൽവോൺ വിപണിയിൽ പ്രവേശിച്ചുകഴിഞ്ഞാൽ പൂർണ വലുപ്പത്തിലുള്ള ഇലക്ട്രിക് സൈക്കിളുകളും ഓഫർ ചെയ്യും.

DWECXI, DWECXII എന്നീ രണ്ട് ഇ-ബൈക്കുകളും ചെറിയ ശേഷിയുള്ള ഇലക്ട്രിക് സൈക്കിളുകളാണ്. ഇന്ത്യയിൽ ഈ സെഗ്മെന്റ് സമീപകാലത്ത് കൈവരിച്ച വളർച്ച കണ്ടാണ് ദേവൂവും ഇവി രംഗത്തേക്ക് ഇറങ്ങിയിരിക്കുന്നത്. നിലവിൽ, വലിയ ഇവികളുമായി ബന്ധപ്പെട്ട പദ്ധതികളൊന്നും കമ്പനി പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യയുടെ മുഖ്യധാരാ വാഹന വിപണിയിൽ വീണ്ടും പ്രവേശിക്കുന്നത് പരിഗണിക്കുകയാണെങ്കിൽ ചിലപ്പോൾ മറ്റ് പ്രഖ്യാപനങ്ങളും സമീപ ഭാവിയിൽ ഉണ്ടായേക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യൻ വാഹന വിപണിയിലെ മൊത്തം വിൽപ്പനയുടെ 70 ശതമാനവും ഇരുചക്ര വാഹനങ്ങളാണെന്ന് നിങ്ങൾക്കറിയാമോ? പ്രവേശനക്ഷമതയും താങ്ങാനാവുന്ന വിലയുമാണ് രാജ്യത്തിന്റെ വിദൂര മേഖലകളിലേക്ക് ടൂവീലറുകളുടെ കടന്നുകയറ്റത്തിന് കരുത്തേകുന്ന രണ്ട് പ്രധാന ഘടകങ്ങൾ. ഒപ്പം ഇപ്പോൾ ഇവി പരിവർത്തനവും സെഗ്മെന്റിന് കരുത്തേകുന്നുണ്ട്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇരുചക്ര വാഹനങ്ങൾ ഇപ്പോഴും മൊത്തത്തിലുള്ള വിൽപ്പനയുടെ ചെറിയ ഭാഗം മാത്രമാണെങ്കിലും, ഇത് ക്രമേണ മാറിവരികയാണ്.

ഇന്ന് പുതുതായി ടൂവീലർ വാങ്ങാൻ പോവുന്ന ഒരാളുടെ ആദ്യ ചോയ്‌സ് തന്നെ ഇലക്‌ട്രിക് വാഹനമായിരിക്കും. പ്രവർത്തന ചെലവിലെ കുറവും പെട്രോളടിച്ച് കാശുകളയേണ്ട എന്നതും ഇവികളെ ജനപ്രിയരാക്കി. ഒന്നു ചാർജ് ചെയ്‌താൽ 100 കിലോമീറ്ററിലധികം വൈദ്യുത മോഡലുകളിൽ സഞ്ചരിക്കാനാവുമെന്നതും ശ്രദ്ധേയമാണ്. 2030-ഓടെ രാജ്യത്ത് നടക്കുന്ന ഇരുചക്ര വാഹന വിൽപ്പനയുടെ 70 ശതമാനവും ബാറ്ററി മോഡലുകളായിരിക്കുമെന്ന് മക്കിൻസിയുടെ സമീപകാല പഠനം കണ്ടെത്തിയിട്ടുണ്ട്.
നിലവിൽ, ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തിന്റെ 50 ശതമാനവും പുതിയ സ്റ്റാർട്ടപ്പ് ബ്രാൻഡുകൾ പോലുള്ളവയാണ് ആധിപത്യം പുലർത്തുന്നത്. ഇത് നിലവിലുള്ള ഭീമൻമാരായ ടിവിഎസ്, ബജാജ്, ഹീറോ എന്നിവയും ബാറ്ററിയിൽ പ്രവർത്തിക്കുന്ന മോഡലുകൾ പുറത്തിറക്കാൻ നിർബന്ധിതരാക്കി. അപ്പോൾ ദേവൂവിന് സ്വാധീനം ചെലുത്താൻ കഴിയുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലാതെ പോവുകയാണ്. വരും ദിവസങ്ങളിൽ ഈ ബ്രാൻഡിന്റെ കൂടുതൽ പ്രഖ്യാപനങ്ങൾക്കായി കാത്തിരിക്കാം.


Click it and Unblock the Notifications