ലക്ഷ്വറി കാർ വരെ നാണിക്കും, വമ്പൻ മാറ്റവുമായി വെർണ; ഡിസൈൻ സ്കെച്ച് കാണാം
ഹ്യുണ്ടായിയുടെ ഐതിഹാസിക വാഹന നിരയിലേക്ക് ഇടംപിടിക്കുന്ന കാറുകളിൽ ഒന്നാണ് വെർണ. പലതവണ സി-സെഗ്മെന്റ് സെഡാൻ സെഗ്മെന്റിൽ വേറിട്ട മുഖമായി മാറാൻ ഈ മോഡലിനായിട്ടുണ്ട്. ഇപ്പോൾ പുതുതലമുറ ആവർത്തനത്തിലേക്ക് വെർണയെത്തുന്നുവെന്ന വാർത്തയും ഇൻ്റർനെറ്റിലെ ചൂടുള്ള വാർത്തയാണ്. പുത്തൻ അടവുകളും സൂത്രങ്ങളുമായാണ് കാറിന്റെ പുതിയ വരവ്.
വരുന്ന മാർച്ച് 21-ന് വിപണിയിൽ എത്തുന്നതിനു മുന്നോടിയായി പുതുപുത്തൻ വെർണയുടെ ഡിസൈൻ സ്കെച്ചുകൾ പുറത്തുവിട്ടിരിക്കുകയാണ് ഹ്യുണ്ടായി ഇപ്പോൾ. ലക്ഷ്വറി കാർ വരെ നാണിച്ചുപോവുന്ന കിടിലൻ ഡിസൈനുമായാണ് മോഡലിന്റെ വരവ്. ഇന്ത്യയിലും ആഗോളതലത്തിലും പിന്തുടരുന്ന ഏറ്റവും പുതിയ സെൻസസ് സ്‌പോർട്ടിനസ് ഫിലോസഫിയെ അടിസ്ഥാനമാക്കിയാണ് പുത്തൻ കാർ ഒരുക്കിയിരിക്കുന്നതെന്ന് ദക്ഷിണ കൊറിയൻ ബ്രാൻഡ് ചിത്രങ്ങളിലൂടെ വിളിച്ചുപറയുന്നു. പാരാമെട്രിക് ഡിസൈൻ ഭാഷയുടെ സമന്വയത്തെ അടിസ്ഥാനമാക്കി വളരെ എയറോഡൈനാമിക്കായാണ് കമ്പനി വെർണയെ പണികഴിപ്പിച്ചിരിക്കുന്നത്.

പുതുതലമുറ എലാൻട്രയും ഗ്രാൻഡിയറും ഉൾപ്പെടെയുള്ള ആഗോള സെഡാനുകളിൽ നിന്ന് വളരെയധികം പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ വെർണയെ കൊത്തിയെടുത്തിരിക്കുന്നതെന്ന് ഡിസൈൻ സ്കെച്ചുകളിലൂടെ വ്യക്തം. ഏറ്റവും പുതിയ തലമുറ ഗ്രാൻഡിയർ സെഡാനിൽ വാഗ്ദാനം ചെയ്യുന്നതിന് സമാനമായ ഡബിൾ ലെയർ ഹെഡ്‌ലാമ്പ് സജ്ജീകരണത്തോടുകൂടിയ അഗ്രസീവ് മുൻവശം ശരിക്കും ഞെട്ടിച്ചു. സെഡാൻ എന്നതിലുപരി ഒരു ഫാസ്റ്റ് ബാക്ക് എന്ന വിശേഷണമാണ് വാഹനം അർഹിക്കുന്നത്.
ടേൺ സിഗ്നൽ ഇന്റഗ്രേഷൻ വീതിയുള്ള പുതിയ പാരാമെട്രിക് ജുവൽ പാറ്റേൺ ഗ്രില്ലുമായാണ് പുതിയ ഹ്യുണ്ടായി വെർണ എത്തുന്നത്. കാസ്‌കേഡിംഗ് ആകൃതിയിലുള്ള ഗ്രില്ലിന്റെ വശങ്ങളിലായി എൽഇഡി ഹെഡ്‌ലാമ്പുകളും ഇടംപിടിച്ചിട്ടുണ്ട്. വശക്കാഴ്ച്ചയിൽ ഫാസ്റ്റ് ബാക്ക് പോലുള്ള ഡിസൈനാണ് ഏവരേയും അമ്പരിപ്പിക്കുക. അതോടൊപ്പം മൾട്ടി-സ്‌പോക്ക് ഡയമണ്ട് കട്ട് അലോയ് വീലുകളും കൂടിച്ചേരുന്നതോടെ സംഭവം കളറാവും. പിൻഭാഗത്ത് പുതിയ വെർണയിൽ ഹൈടെക് H-ടെയിൽ ലാമ്പുകളാണ് ആകർഷണം.

വിംഗ് ടൈപ്പ് ലോവർ ബമ്പർ ട്രീറ്റ്‌മെന്റ്, കൂപ്പെ പോലെയുള്ള രൂപം എടുത്തുകാട്ടുന്നതിന് ടാപ്പർ ചെയ്ത റൂഫ്‌ലൈൻ എന്നിവ ഹ്യുണ്ടായി ഒരുക്കിയിരിക്കുന്നതും ലക്ഷ്വറി ഫീൽ നൽകുന്നുണ്ട്. പുതിയ 2023 ഹ്യുണ്ടായി വെർണ EX, S, SX, SX (O) എന്നീ വേരിയന്റുകളിൽ അവതരിപ്പിക്കും. അറ്റ്‌ലസ് വൈറ്റ്, ഫിയറി റെഡ്, ടൈറ്റൻ ഗ്രേ, ടൈഫൂൺ സിൽവർ, അബിസ് ബ്ലാക്ക്, ടെല്ലൂറിയൻ ബ്രൗൺ, സ്റ്റാറി നൈറ്റ് എന്നിങ്ങനെ ആറ് സിംഗിൾ ടോൺ കളർ ഓപ്ഷനുകളും കാറിനുണ്ടാവും.
അബിസ് ബ്ലാക്ക്, അറ്റ്ലസ് വൈറ്റ്, അബിസ് ബ്ലാക്ക് ഫിയറി റെഡ് എന്നിവയ്‌ക്കൊപ്പം രണ്ട് ഡ്യുവൽ ടോൺ നിറങ്ങളും മിഡ്-സൈസ് സെഡാന്റെ ഭാഗമായിരിക്കും. അകത്തളത്തിന്റെ ചിത്രങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും പുറംഭാഗത്തിന് ഇണങ്ങുന്ന ലക്ഷ്വറി ഡിസൈൻ സ്റ്റൈലിംഗ് തന്നെ നമുക്ക് പ്രതീക്ഷിക്കാം. ADAS, സൺറൂഫ്, വെന്റിലേറ്റഡ് സീറ്റിംഗ്, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ സിസ്റ്റം എന്നീ അത്യാധുനിക സജ്ജീകരണങ്ങളും പുതിയ വെർണയിൽ ഉണ്ടാവും.

സെഗ്മെന്റിൽ ആദ്യമായാവും ഒരു മോഡൽ അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റ് സിറ്റം വാഗ്‌ദാനം ചെയ്യുക. ബ്ലൈൻഡ് സ്പോട്ട് നിരീക്ഷണം, ഫോർവേഡ് കൊളിഷൻ വാർണിംഗ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, ലെയ്ൻ ചേഞ്ച് അസിസ്റ്റ്, ഡ്രൈവർ അറ്റൻഷൻ അലേർട്ട്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളായിരിക്കും ADAS വാഗ്ദാനം ചെയ്യുക. പുതുതലമുറ ഹ്യുണ്ടായി വെർണയ്ക്ക് RDE, E20 ഫ്യുവൽ മാനദണ്ഡങ്ങൾ പാലിക്കുന്ന ഒരു പ്രത്യേക പെട്രോൾ എഞ്ചിൻ ലൈനപ്പായിരിക്കും ലഭിക്കുക.
ഡീസൽ എഞ്ചിൻ സെഡാനിൽ നിന്നും പൂർണമായും ഒഴിവാക്കപ്പെടുമ്പോൾ 1.5 ലിറ്റർ 4 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, പുതിയ 1.5 ലിറ്റർ ടർബോ GDi പെട്രോൾ എന്നിങ്ങനെ രണ്ട് ഓപ്ഷനുകളാവും വെർണയിൽ ഉണ്ടാവുക. ഇതിൽ ആദ്യത്തേത് 115 bhp കരുത്തിൽ പരമാവധി 144 Nm torque വരെ ഉത്പാദിപ്പിക്കുമ്പോൾ രണ്ടാമത്തെ ടർബോ യൂണിറ്റിന് 160 bhp പവറിൽ 250 Nm torque വരെയും നൽകാനാവും.

വെർണയുടെ ഗിയർബോക്‌സ് ഓപ്ഷനുകളിൽ സ്റ്റാൻഡേർഡായി 6 സ്പീഡ് മാനുവൽ, NA പെട്രോളിൽ IVT ഓട്ടോമാറ്റിക്, ടർബോ പെട്രോളിൽ 7 സ്പീഡ് ഡ്യുവൽ-ക്ലച്ച് ട്രാൻസ്മിഷൻ എന്നിവയുമാവും ഉൾപ്പെടുക. പുതിയ മിഡ്-സൈസ് സെഡാൻ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് 25,000 രൂപ ടോക്കൺ തുക നൽകി അവതരണത്തിന് മുന്നോടിയായി കാർ ഇപ്പോൾ ബുക്ക് ചെയ്യാം. ഹോണ്ട സിറ്റി, ഫോക്‌സ്‌വാഗൺ വെർട്ടിസ്, സ്കോഡ സ്ലാവിയ തുടങ്ങിയ വമ്പൻമാരുമായാവും ഹ്യുണ്ടായിയുടെ ഇത്തവണത്തേയും മത്സരം.


Click it and Unblock the Notifications