ഏത് ഇവിയും 15 മിനിറ്റിൽ ചാർജ് ചെയ്യാം, റാപ്പിഡ് ചാർജിംഗുമായി എക്‌സ്‌പോണന്റ് എനർജി; വീഡിയോ കാണാം
വെറും പതിനഞ്ചു മിനിറ്റിനുള്ളിൽ ഇവി ബാറ്ററി പൂർണമായും ചാർജ് ചെയ്യാനാവുന്ന റാപ്പിഡ് ഇവി ബാറ്ററി ചാർജിംഗ് ടെക്നോളജി അവതരിപ്പിച്ച് എക്‌സ്‌പോണന്റ് എനർജി (Exponent Energy). ബാറ്ററി പായ്ക്ക്, ചാർജിംഗ് സ്റ്റേഷൻ, ചാർജിംഗ് കണക്ടർ എന്നിവ അടങ്ങുന്ന ഒരു പ്രൊപ്രിയേറ്ററി എനർജി സ്റ്റാക്കാണ് എക്‌സ്‌പോണന്റ് കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ നടന്ന ചടങ്ങിൽ പരിചയപ്പെടുത്തിയത്.
ഈ റാപ്പിഡ് ചാർജിംഗ് സംവിധാനം ഇലക്ട്രിക് വാഹന ഉടമകളുടെ റേഞ്ച് ഉത്കണ്ഠയും വലിപ്പമുള്ള ബാറ്ററി പായ്ക്കുകളുടെ ആവശ്യകതയും ഇല്ലാതാക്കുമെന്നാണ് എക്‌സ്‌പോണന്റ് എനർജി അവകാശപ്പെടുന്നത്. ഈ സാമ്പത്തിക വർഷാവസാനത്തോടെ ഡൽഹി എൻസിആർ, മുംബൈ, ഹൈദരാബാദ്, ചെന്നൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനും കമ്പനി ഉദ്ദേശിക്കുന്നുണ്ട്. ഇതിനെ കുറിച്ചറിയാൻ ചുവടെയുള്ള വീഡിയോ കാണാം.
2025 ഓടെ 1,000 ചാർജിംഗ് സ്റ്റേഷനുകളും 25,000 ഇവികളും വിന്യസിക്കാനുമാണ് കമ്പനിയുടെ പദ്ധതി. ഇൻഡസ്ട്രി സ്റ്റാൻഡേർഡിന്റെ 3 മടങ്ങ് ശേഷിയുള്ള ഈ റാപ്പിഡ് ചാർജിംഗ് സംവിധാനം 3,000 സൈക്കിൾ ലൈഫ് വാറണ്ടിയോടെ 15 മിനിറ്റ് റാപ്പിഡ് ചാർജും ദൈർഘ്യമേറിയ ബാറ്ററി ലൈഫുമാണ് വാഗ്‌ദാനം ചെയ്യുന്നത്. റാപ്പിഡ് ചാർജിംഗ് ഒരു ഒപ്റ്റിമൈസ് ചെയ്ത ബാറ്ററി കപ്പാസിറ്റി വഴിയാണ് ബ്രാൻഡ് സാധ്യമാക്കിയിരിക്കുന്നത്.

ചാർജിംഗ് സമയത്ത് ലിഥിയം പ്ലേറ്റിംഗ് മൂലമുണ്ടാകുന്ന കാര്യമായ സെൽ ഡിഗ്രേഡേഷൻ തടയാൻ എക്‌സ്‌പോണന്റ് തങ്ങളുടെ ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റം, വെർച്വൽ സെൽ മോഡൽ, ഡൈനാമിക് ചാർജിംഗ് അൽഗോരിതങ്ങൾ എന്നിവയാണ് ഉപയോഗിക്കുന്നത്. 25-35 ഡിഗ്രി ആംബിയന്റ് ടെംപ്രേച്ചർ നിലനിർത്താനും അതോടൊപ്പം കറണ്ട് പാസ് ചെയ്യുന്ന സമയത്ത് തണുത്ത വെള്ളം ഇ-പമ്പിൽ നിന്നും ബാറ്ററി പായ്ക്കിലേക്ക് സർക്കുലേറ്റ് ചെയ്യുന്ന വിധത്തിലുമാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്.


Click it and Unblock the Notifications








