കൊതിപ്പിക്കുന്ന 707 കി.മീ. റേഞ്ചുമായി 'ഫോറിൻ കാർ' ഇന്ത്യയിൽ; വരവിന് മുമ്പേ ഫ്യൂസ് പോയി ടെസ്‌ല
ഇന്ത്യയിൽ ഇലക്‌ട്രിക് കാറുകളുടെ ഡിമാന്റിലും വൻകുതിപ്പുണ്ടാവുമ്പോഴും ആളുകൾ ഒരു ബ്രാൻഡിനായി ഇന്നും കാത്തിരിക്കുകയാണ്. മറ്റാരുമല്ല, അമേരിക്കല്‍ ഇലക്ട്രിക് വാഹന ഭീമന്മാരായ ടെസ്‌ലയുടെ വരവിനായി കാത്തിരിക്കുന്ന അനേകം ആളുകളുണ്ട്. ലോകത്തെ ഏറ്റവും വലിയ ഇവി ബ്രാൻഡ് രാജ്യത്ത് എത്തുമ്പോൾ സംഭവിക്കാൻ പോവുന്നത് വലിയൊരു വിപ്ലവം തന്നെയായിരിക്കുമെന്നതിൽ സംശയമൊന്നുമില്ല.
എന്നാല്‍ ടെസ്‌ല എത്തുന്നതിന് മുമ്പ് മറ്റൊരു അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ അവരുടെ വാഹനവുമായി ഇന്ത്യയില്‍ എത്തിക്കഴിഞ്ഞു. കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫിസ്‌കര്‍ എന്ന കമ്പനിയുടെ ഓഷ്യന്‍ എന്ന മോഡലിന്റെ വരവ് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്ന കാര്യമായിരുന്നു. ഇലക്ട്രിക് എസ്‌യുവിയുടെ ടോപ്പ്-സ്പെക്ക് എക്‌സ്ട്രീം വേരിയന്റിനെയാണ് ഫിസ്‌കർ രാജ്യത്ത് അവതരിപ്പിക്കാൻ പോവുന്നത്.

ഇതിന്റെ ഭാഗമായി ഹൈദരാബാദിലെ നിരത്തുകളില്‍ ഇവിയുടെ പരീക്ഷണയോട്ടവും ആരംഭിച്ചിരിക്കുകയാണ് കമ്പനി. വെറും 100 യൂണിറ്റുകളിൽ മാത്രമെത്തുന്ന ഭീമൻ ഇലക്‌ട്രിക് എസ്‌യുവി നിരത്തുകൾക്ക് തീർച്ചയായും വിസ്‌മയമായിരിക്കും. ഓഷ്യൻ എക്‌സ്‌ട്രീം വിഗ്യാൻ എഡിഷൻ എന്ന പേരിലായിരിക്കും ഫിസ്‌കർ ഓഷ്യന്റെ ഇന്ത്യൻ പതിപ്പ് അറിയപ്പെടുക. വാഹനത്തിന്റെ കൃത്യമായ അവതരണ സമയം പുറത്തുവിട്ടിട്ടില്ല.
എങ്കിലും ഇവിയുടെ ഔദ്യോഗിക ലോഞ്ചിനായി അധികം കാത്തിരിക്കേണ്ടി വരില്ലെന്ന സൂചനയാണ് പരീക്ഷണയോട്ടം നൽകുന്നത്. ഓൺലൈനിൽ പ്രചരിച്ച ചിത്രങ്ങൾ അനുസരിച്ച് വലിപ്പിത്തിന്റെ കാര്യത്തിൽ ഇലക്ട്രിക് എസ്‌യുവി ഭീമാകാരമായിരിക്കുമെന്ന് ഉറപ്പിക്കാം. ബ്ലാക്ക് കളറിൽ അണിഞ്ഞൊരുങ്ങിയ മോഡലിന്റെ റോഡ് പ്രസൻസും എടുത്തു പറയേണ്ട കാര്യമാണ്. ഡിസൈൻ വശങ്ങളിലേക്ക് നോക്കിയാൽ ആള് കംപ്ലീറ്റ് അമേരിക്കനാണ്.

Image Source: Team BHP
സ്ലീക്ക് എൽഇഡി ടെയിൽ ലാമ്പുകൾ, സ്‌പോയിലർ മൗണ്ടഡ് സ്റ്റോപ്പ് ലാമ്പ്, ചങ്കി ഓൾ-ബ്ലാക്ക് അലോയ് വീലുകൾ, ഫ്ലഷ്-ടൈപ്പ് ഡോർ ഹാൻഡിലുകൾ എന്നിവയാണ് ഓഷ്യൻ എക്‌സ്‌ട്രീം വിഗ്യാൻ എഡിഷൻ ഇലക്‌ട്രിക് എസ്‌യുവിയുടെ ഡിസൈൻ ഹൈലൈറ്റുകളിൽ ചിലത്. ആഭ്യന്തര വിപണിയിൽ ഓഷ്യന്റെ ടോപ്പ്-സ്പെക്ക് എക്‌സ്ട്രീം എഡിഷൻ തന്നെ എത്തുന്നതിനാൽ 113 kWh ബാറ്ററി പായ്ക്കായിരിക്കും എസ്‌യുവിക്ക് ലഭിക്കുക.
ഇത് 572 bhp പവർ ഔട്ട്‌പുട്ടും 737 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ജോടിയാക്കുകയും ചെയ്യും. ശക്തമായ പവർട്രെയിൻ ഉള്ളതിനാൽ തന്നെ വേഗതയുടെ രാജാവായിരിക്കും ഈ അമേരിക്കൻ ഇലക്‌ട്രിക് എസ്‌യുവി. ഫിസ്‌കർ ഓഷ്യന് 0-100 കിലോമീറ്റർ വേഗത വെറും 4 സെക്കൻഡിനുള്ളിൽ കൈപ്പിടിയിലാക്കാൻ കഴിയും. ഒറ്റ ചാർജിൽ 707 കിലോമീറ്റർ റേഞ്ചാണ് വാഹനത്തിന് അവകാശപ്പെടുന്നത്.

ഇത് ഇന്ത്യയിൽ വിൽക്കുന്ന ഏറ്റവും ദൈർഘ്യമേറിയ റേഞ്ച് നൽകുന്ന ഇലക്ട്രിക് കാറായി മാറും. നിലവിൽ 107.8 kWh ബാറ്ററി പാക്ക് ഉപയോഗിച്ച് 677 കിലോമീറ്റർ റേഞ്ച് നൽകുന്ന മെർസിഡീസ് ബെൻസ് EQS 580 ആണ് ഏറ്റവും കൂടുതൽ റേഞ്ചുള്ള ഇന്ത്യൻ ഇവി. ഫീച്ചറുകളിലേക്ക് വന്നാലും മുടക്കുന്ന ലക്ഷ്വറി ടാക്‌സിനെല്ലാം ഉതകുന്ന തരത്തിലുള്ള ആഡംബരത്തമാവും ഫിസ്‌കർ ഓഷ്യൻ എക്‌സ്‌ട്രീം വിഗ്യാൻ എഡിഷൻ സമ്മാനിക്കുക.
17.1 ഇഞ്ച് റിവോൾവിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 3D പ്രീമിയം സറൗണ്ട് സൗണ്ട് സിസ്റ്റം, 360-ഡിഗ്രി പാർക്കിംഗ് ക്യാമറ, ഫ്രണ്ട് ആൻഡ് റിയർ സീറ്റുകൾക്കുള്ള വെന്റിലേഷൻ, ADAS, പവർ ടെയിൽഗേറ്റ് തുടങ്ങി നിരവധി ആധുനിക സാങ്കേതിക സവിശേഷതകൾ ഇലട്രിക് എസ്‌യുവിയിൽ ഉണ്ടാവും. ഇതിനുപുറമെ ഫിസ്‌കർ ഇവിക്ക് റൂഫിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു സോളാർ പാനലും ലഭിക്കുന്നുണ്ട്. ഇത് കാറിന്റെ ഡ്രൈവിംഗ് റേഞ്ച് മെച്ചപ്പെടുത്തുമെന്ന് പറയപ്പെടുന്നു.

വില നിർണയത്തിന്റെ കാര്യത്തിൽ സമ്പൂർണ ഇറക്കുമതി വാഹനമായതിനാൽ ഫിസ്‌കർ ഓഷ്യന് ഏകദേശം ഒരു കോടി രൂപ എക്സ്ഷോറൂം വില പ്രതീക്ഷിക്കാം. അങ്ങനെയെങ്കിൽ ഈ വില നിലവാരത്തിൽ ഇന്ത്യൻ വിപണിയിലെ ലക്ഷ്വറി ഇലക്‌ട്രിക് കാർ സെഗ്മെന്റിൽ ബിഎംഡബ്ല്യു iX, ഓഡി ഇ-ട്രോൺ, ജാഗ്വർ ഐ-പേസ് എന്നിവയ്‌ക്കൊപ്പമായിരിക്കും ഫിസ്‌കർ മത്സരിക്കുക. രാജ്യത്തിന് പുതിയൊരു ഇവിയാണെങ്കിലും ഫിസ്‌കറിന്റെ പ്രശസ്‌തി വിൽപ്പന പിടിക്കാൻ സഹായിക്കുമെന്നതിൽ സംശയമൊന്നുമില്ലാത്ത കാര്യമാണ്.


Click it and Unblock the Notifications








