ഇവി ചാർജിംഗ് ഒരു തലവേദനയാവില്ല, ഈ ടിപ്പുകൾ പരീക്ഷിക്കാം
ആളുകൾ കൂടുതൽ സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത ഓപ്ഷനുകൾ തിരയുന്നതിനാൽ ഇലക്ട്രിക് വാഹനങ്ങൾ (EV) ഇന്ത്യയിൽ കൂടുതൽ പ്രചാരം നേടി വരുന്നുണ്ട്. എന്നാൽ ഇവി ഉടമകൾക്കുള്ള ഏറ്റവും വലിയ ആശങ്കകളിലൊന്നാണ് അവരുടെ വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള സൗകര്യപ്രദവും കാര്യക്ഷമവുമായ വഴികൾ കണ്ടെത്തുക എന്നത്.
നിരത്തുകൾ മുഴുവൻ വൈദ്യുത വാഹനങ്ങളാൽ നിറയുമ്പോൾ ഒരു കാര്യമുറപ്പായി. നമ്മുടെ ജനങ്ങളും ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങളെ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. പക്ഷേ നിലവിൽ നമ്മുടെ രാജ്യത്ത് ചാർജിംഗ് പോലുള്ള ഇവികൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളെല്ലാം വികസന ഘട്ടത്തിൽ മാത്രമാണ്. എന്നിരുന്നാലും പതിയെ പതിയെ ഇവ വേഗത കൈവരിച്ചു വരുന്നുണ്ടെന്നത് സന്തോഷം പകരുന്ന കാര്യമാണ്. ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗ് കൂടുതൽ കാര്യക്ഷമമാക്കാൻ നിങ്ങളെ സഹായിക്കുന്ന അഞ്ച് ടിപ്പുകൾ ഇതാ.

ചാർജിംഗ് മുൻകൂട്ടി പ്ലാൻ ചെയ്യാം: നിങ്ങളുടെ ഇലക്ട്രിക് വാഹനവുമായി ഒരു നീണ്ട യാത്ര പോവുകയാണെങ്കിൽ കാർ ചാർജ് ചെയ്യാനാവുന്ന സ്ഥലങ്ങൾ മുൻകൂട്ടി കണ്ടെത്തുകയും അതിനനുസരിച്ച് യാത്ര പ്ലാൻ ചെയ്യേണ്ടതും അത്യാവശ്യമാണ്. ചാർജിംഗ് സ്‌റ്റേഷനുകളുടെ ലഭ്യത അന്വേഷിക്കുകയും അതിനനുസരിച്ച് നിങ്ങളുടെ റൂട്ട് മാപ്പ് തയാറാക്കുകയുമാണ് ആദ്യം ചെയ്യേണ്ടത്. ചാർജ് തീർന്ന് വഴിയിലാവാതിരിക്കാൻ ഇത് നിങ്ങളെ സഹായിക്കും.
ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ തെരഞ്ഞെടുക്കാം: സാധാരണ ചാർജിംഗ് പോയിന്റുകളെ അപേക്ഷിച്ച് ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾക്ക് നിങ്ങളുടെ ഇലക്ട്രിക് വാഹനം ചാർജ് ചെയ്യാനുള്ള സമയം ഗണ്യമായി കുറയ്ക്കാൻ കഴിയും. ഈ സ്റ്റേഷനുകൾ ഉയർന്ന വോൾട്ടേജ് ലെവലുകൾ ഉപയോഗിക്കുന്നതിനാൽ, വേഗത്തിൽ ബാറ്ററി റീചാർജ് ചെയ്യാൻ സാധിക്കും. ദീർഘദൂര യാത്രകളിൽ പെട്ടെന്നുള്ള ടോപ്പ്-അപ്പുകൾക്കായി നിങ്ങളുടെ ലക്ഷ്യസ്ഥാനത്തിനടുത്തോ പ്രധാന ഹൈവേകളിലോ ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ നോക്കുന്നതാവും ഉചിതം.

തിരക്കില്ലാത്ത സമയങ്ങൾ പ്രയോജനപ്പെടുത്താം: സമയത്തെ ആശ്രയിച്ച് വൈദ്യുതി നിരക്ക് പലപ്പോഴും വ്യത്യാസപ്പെടുമെന്ന കാര്യം പലർക്കും അറിവില്ലാത്ത ഒന്നാണ്. നിങ്ങളുടെ ഇവി ചാർജ് ചെയ്യുന്നതിനായുള്ള പണം ലാഭിക്കാൻ, വൈദ്യുതി നിരക്ക് സാധാരണയിലും കുറവുള്ളതും തിരക്കില്ലാത്തതുമായ സമയം പ്രയോജനപ്പെടുത്തുന്നത് പരിഗണിക്കാം. പല കമ്പനികളും ഈ സമയങ്ങളിൽ പ്രത്യേക താരിഫുകളോ കിഴിവുകളോ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് ഇലക്ട്രിക് വാഹന ഉടമകൾക്ക് തങ്ങളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കും.
ഹോം ചാർജിംഗ്: ഒരു ഹോം ചാർജിംഗ് സ്റ്റേഷൻ സ്ഥാപിക്കുന്നത് ഇലക്ട്രിക് വാഹന ഉടമകൾക്ക് സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമായ പ്രക്രിയയാണ്. വീട്ടിൽ ഒരു പ്രത്യേക ചാർജിംഗ് പോയിന്റ് സ്ഥാപിക്കുന്നതു വഴി നിങ്ങൾക്ക് ഒറ്റരാത്രികൊണ്ട് വാഹനം എളുപ്പത്തിൽ ചാർജ് ചെയ്യാനാവും. എല്ലാ ദിവസവും രാവിലെ ഫുൾ-ചാർജിൽ വാഹനം എടുക്കാനും ഇതിലൂടെ സാധിക്കും. പബ്ലിക് ചാർജിംഗ് ഒഴിവാക്കുവാനും അതിലൂടെ നിങ്ങൾക്ക് സമയ ലാഭവും ഹോം ചാർജിംഗ് നേടിത്തരുന്നു.

ചാർജിംഗ് ആപ്പുകൾ: സമീപത്തുള്ള ചാർജിംഗ് സ്റ്റേഷനുകൾ, അവയുടെ ലഭ്യത, താരിഫ് റേറ്റുകൾ എന്നിവയെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ നൽകുന്ന നിരവധി സ്മാർട്ട്‌ഫോൺ ആപ്പുകൾ ഇന്ന് ലഭ്യമാണ്. നിങ്ങൾ പോകുന്ന വഴികളിൽ ചാർജിംഗ് പോയിന്റുകളുണ്ടെന്ന് മനസിലാക്കാനും അതിനനുസരിച്ച് യാത്രകൾ മികച്ച രീതിയിൽ ആസൂത്രണം ചെയ്യാനും ഈ ആപ്പുകൾ നമ്മെ സഹായിക്കുന്നു.
പരമ്പരാഗത പെട്രോൾ, ഡീസൽ എഞ്ചിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളെ അപേക്ഷിച്ച് വളരെ കുറച്ച് ചലിക്കുന്ന ഭാഗങ്ങൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നുവെന്നതിനാൽ ഇലക്ട്രിക് വാഹനങ്ങൾക്ക് കുറച്ച് ശ്രദ്ധയൊക്കെ കൊടുക്കണമെന്ന കാര്യവും മറക്കേണ്ട. സുരക്ഷിതമായ അന്തരീക്ഷത്തിൽ ഇലക്ട്രിക് വാഹനം ചാർജ് ചെയ്യുന്നത് ഡ്രൈവറുടെ സുരക്ഷയ്ക്കും വാഹനത്തിന്റെ ബാറ്ററി പായ്ക്ക് ഹെൽത്തിനും അത്യന്താപേക്ഷിതമാണ് എന്നതും മറക്കേണ്ട.

നിങ്ങളുടെ ഇവി എവിടെ ചാർജ് ചെയ്താലും അത് വീട്ടിലോ പബ്ലിക് ഇവി ചാർജിംഗ് സ്റ്റേഷനിലോ ആകട്ടെ ചില മുൻകരുതൽ സ്വീകരിക്കുന്നത് നന്നായിരിക്കും. അമിതമായി ചൂടുള്ള സമയങ്ങളിൽ ഇവി ചാർജിംഗ് ഒഴിവാക്കുന്നതാണ് നല്ലതെന്നും ഓർമിക്കണേ. ഇപ്പോൾ മൺസൂൺ സീസൺ ആണെങ്കിലും വേനൽ ചൂട് ചാർജിംഗ് സിസ്റ്റത്തെയും ബാറ്ററി പായ്ക്കിനെയും ബാധിക്കുമെന്നതും ഓർമിയിൽ വെക്കണം. ഇക്കാര്യങ്ങളെല്ലാം മനസിൽവെച്ച് ഇലക്ട്രിക് വാഹനങ്ങളെ പരിപാലിച്ച് മുന്നോട്ടുപോവാം.


Click it and Unblock the Notifications








