എസ്‌യുവികളിലെ ദശാവതാരം, വേഷപ്പകർച്ചയുമായി വീണ്ടും ഫോഴ്‌സ് ഗൂർഖ; ഇത്തവണത്തെ രൂപം കണ്ടോ?
ഇന്ത്യൻ വിപണിയിലെ ഓഫ്-റോഡർ എസ്‌യുവികളിലെ വമ്പനാണ് ഫോഴ്‌സ് ഗൂർഖ. മഹീന്ദ്ര ഥാറും മാരുതി ജിംനിയുമെല്ലാം അരങ്ങുവാഴുന്ന വിഭാഗത്തിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ ദേശി ജി-വാഗണാണ് ഗൂർഖ. ആദ്യതലമുറ മോഡലിൽ നിന്നും ഏറെ വ്യത്യസ്‌തമായി രണ്ടാംതലമുറ പതിപ്പിനെ പുറത്തിറക്കാൻ കഴിഞ്ഞ കമ്പനി വിപണിയിൽ മോശമാക്കാതെ മുന്നോട്ടു പോവുന്നുണ്ട്. സൈന്യത്തിലും പൊലീസിലുമെല്ലാം ഇതിനോടകം സ്ഥാനം പിടിച്ച വണ്ടി ഇപ്പോൾ പല വേഷപ്പകർച്ചയുമായി നിരത്തുകളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിട്ടുണ്ട്.
പാസഞ്ചർ വാഹന വിഭാഗത്തിൽ കാര്യമായ സംഭാവന നേടാനാവുന്നില്ലെങ്കിലും ഫോഴ്‌സിന്റെ വാണിജ്യ വാഹന നിര വളരെ ശക്തമാണ്. ട്രാവലറും അർബാനിയയും ട്രാക്‌സുമെല്ലാം സമാനതകളില്ലാതെ വിറ്റഴിക്കപ്പെടുന്ന യൂട്ടിലിറ്റി വാഹനങ്ങളാണ്. ഇന്ത്യൻ മിലിട്ടറിക്കു വേണ്ടി പ്രത്യേകം നിർമിച്ച വാഹനങ്ങൾ സജീവമായി വിതരണം ചെയ്യാനും ഫോഴ്സ് മോട്ടോർസിനാവുന്നുണ്ട്. ബിഎസ്-IV കാലഘട്ടത്തിലാണ് ഗൂർഖ ലൈറ്റ് സ്ട്രൈക്ക് വാഹനങ്ങൾ ഇന്ത്യൻ സൈന്യത്തിന് നൽകിയത്.

ഇപ്പോഴിതാ ബിഎസ്-VI എഞ്ചിനോട് കൂടിയ മിലിട്ടറി ആംബുലൻസിന്റെ പണിപ്പുരയിലാണ് ഫോഴ്‌സിപ്പോൾ. ഇത് ഗൂർഖ എന്ന തട്ടുപൊളിപ്പൻ എസ്‌യുവിയെ അടിസ്ഥാനമാക്കിയാണ് പണികഴിപ്പിക്കുന്നത്. 2018-ലാണ് മരുഭൂമിയിലെ അതിർത്തികളിൽ പട്രോളിംഗ് ആവശ്യങ്ങൾക്കായി വിന്യസിക്കാൻ കഴിവുള്ള ലൈറ്റ് സ്ട്രൈക്ക് വാഹനങ്ങൾ വിതരണം ചെയ്യുന്നതിനുള്ള കരാർ ഇന്ത്യൻ ബ്രാൻഡ് നേടുന്നത്.
ആദ്യ തലമുറ ഗൂർഖയെ അടിസ്ഥാനമാക്കിയുള്ള ഈ വാഹനങ്ങൾ കസ്റ്റമൈസ്‌ഡ് കിറ്റിനൊപ്പം വാഗ്‌ദാനം ചെയ്യുകയും ചെയ്‌തു. ഇനി നിരത്തുകളിൽ പ്രത്യക്ഷപ്പെട്ട മിലിട്ടറി ആംബുലൻസിന്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് വരാം. കമ്പനി മുമ്പ് വിതരണം ചെയ്ത സാൻഡ് കളർ ഓപ്ഷനിലുള്ള ലൈറ്റ് സ്ട്രൈക്ക് വെഹിക്കിളുകളിൽ നിന്ന് വ്യത്യസ്തമായി ആർമി ഗ്രീൻ നിറത്തോടെയാണ് ഫോഴ്‌സ് ഗൂർഖ മിലിട്ടറി ആംബുലൻസിനെ പണികഴിപ്പിക്കുന്നത്.

നിലവിലെ ഗൂർഖ എസ്‌യുവിയുടെ പ്ലാറ്റ്ഫോമാണ് കടമെടുക്കുന്നതെങ്കിലും രൂപത്തിൽ ഏറെ വ്യത്യസ്‌തമാണ് വണ്ടി. ഡിസൈനിനെ സംബന്ധിച്ചിടത്തോളം മുമ്പ് വിതരണം ചെയ്ത ലൈറ്റ് സ്ട്രൈക്ക് വാഹനങ്ങൾക്ക് സമാനമായ രൂപകൽപ്പനയാണ് മിലിട്ടറി ആംബുലൻസിലും കാണാനാവുന്നത്. കസ്റ്റമൈസ്‌ഡ് സസ്പെൻഷനും ആക്‌സിലുകളുമുള്ള മോഡൽ വലിപ്പത്തിന്റെ കാര്യത്തിൽ ഭീമാകാരനാണെന്ന് സ്പൈ വീഡിയോ വെളിപ്പെടുത്തുന്നുണ്ട്.
സ്വകാര്യ ഉപഭോക്താക്കൾക്കായി നേരത്തെ വിറ്റിരുന്ന ഫോഴ്‌സ് ഗൂർഖ എക്‌സ്‌പെഡിഷൻ പതിപ്പിന് സമാനമായി ഇത് തോന്നിയാലും തെറ്റൊന്നും പറയാനാവില്ല. എന്നാൽ ഈ വാഹനത്തെ അടിസ്ഥാനമാക്കിയുള്ള സൈനിക പതിപ്പുകൾക്ക് മൂന്നാം നിര സീറ്റുകൾക്കൊപ്പം ഡോറുകളും റൂഫും ഉണ്ടാവില്ല. വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റുകൾ, ടേൺ ഇൻഡിക്കേറ്ററുകൾ, പ്രൊട്ടക്റ്റീവ് ഗ്രില്ലുകൾ, ഒരു ഷോവെൽ, വിഞ്ച് സജ്ജീകരണം എന്നിവയും ആംബുലൻസിൽ ഉപയോഗപ്രദമാകും.

സൈനിക വാഹനങ്ങൾക്ക് നിലവാരമുള്ള ബ്ലാക്ക്ഔട്ട് ലൈറ്റുകളും ഉണ്ട്. കൂടാതെ സിഗ്നൽ ജാമറുകൾ വഹിക്കാൻ കഴിയുന്ന ചില കസ്റ്റം ഫിക്‌ചറുകൾ മുൻവശത്തായി ഇടംപിടിച്ചിട്ടുണ്ടെന്ന് കാണാം. ഈ ആംബുലൻസ് പതിപ്പിന് വിശാലമായ വീൽ ആർച്ചുകൾ ഉണ്ട്. സ്‌നോർക്കൽ ഇല്ലെങ്കിലും ഉയർന്ന വായു ഉപഭോഗം കണക്കിലെടുത്ത് വാട്ടർ വേഡിംഗ് കഴിവ് നന്നായുണ്ടാവും. മെർസിഡീസ് ബെൻസ് G-ക്ലാസിലേതു പോലെയുള്ള സൈഡ് എക്‌സ്‌ഹോസ്റ്റ്, വലുതും നേരായതുമായ വിൻഡ്‌സ്‌ക്രീൻ എന്നിവയും ഇതിന്റെ ഹൈലൈറ്റാണ്.
കഴിഞ്ഞില്ല, റിയർ ടെയിൽഗേറ്റ് ഘടിപ്പിച്ച സ്പെയർ ടയർ, പിന്നിലേക്ക് അഭിമുഖീകരിക്കുന്ന ജമ്പ് സീറ്റുകൾ, സസ്പെൻഡ് ചെയ്ത ഗ്രാബ് ഹാൻഡിലുകൾ എന്നിവയും ഗൂർഖ മിലിട്ടറി ആംബുലൻസിന്റെ ശ്രദ്ധേയമായ ഘടകങ്ങളാണ്. നിലവിൽ ഫോഴ്‌സ് മോട്ടോർസിന് അവരുടെ എല്ലാ ഉൽപ്പന്നങ്ങളിലും ഒരേയൊരു എഞ്ചിൻ ഓപ്ഷൻ മാത്രമേയുള്ളൂ. ആയതിനാൽ ഈ സൈനിക വാഹനത്തിലും അതേ യൂണിറ്റ് തന്നെയാവും ഉണ്ടാവുക.

ആയതിനാൽ 5-സ്പീഡ് ഗിയർബോക്‌സും 4X4 ട്രാൻസ്ഫർ കെയ്‌സും ഒപ്പം ഫ്രണ്ട് റിയർ മെക്കാനിക്കലി ലോക്കിംഗ് ഡിഫറൻഷ്യലുകളുമായി ജോടിയാക്കിയ മെർസിഡീസിൽ നിന്നുള്ള 2.6 ലിറ്റർ FM CR ടർബോ ഡീസൽ എഞ്ചിനാവും മിലിട്ടറി ആംബുലൻസിന്റെ ഹൃദയം. അടുത്തിടെ ഇന്ത്യൻ മിലിട്ടറിക്ക് വേണ്ടിയും കമ്പനി ഗൂർഖ പിക്കപ്പ് ട്രക്ക് പരീക്ഷിച്ചിരുന്നു. എന്നാൽ ഇതുവരെ ഈ മോഡലിന്റെ മറ്റ് വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.


Click it and Unblock the Notifications








