5 ലക്ഷത്തിന് 200 കി.മീ. റേഞ്ച്, ടിയാഗോ ഇവിയുടെ ഫ്യൂസൂരാൻ പുതിയ 'ഇന്ത്യൻ ഇലക്‌ട്രിക് കാർ' വരുന്നു
ഇന്ത്യയും ഇലക്‌ട്രിക് കാറുകൾക്ക് പിന്നാലെ പായാൻ തുടങ്ങിയിട്ട് കാലം അധികം ആയിട്ടില്ലെങ്കിലും ഇവികൾ എല്ലാവർക്കും സുപരിചിതമായിട്ടുണ്ട്. താങ്ങാനാവുന്ന വിലയോടെ എംജി കോമെറ്റും ടാറ്റ ടിയാഗോ ഇവിയുമെല്ലാം എത്തിയതോടെ കാര്യങ്ങൾ കൂടുതൽ ഉഷാറായെന്നു വേണം പറയാൻ. ധാരാളം സ്റ്റാർട്ടപ്പ് ബ്രാൻഡുകളും വൈദ്യുത വാഹന രംഗത്തേക്ക് കടന്നുവരുന്നുണ്ട്.
അത്തരമൊരു മെയ്‌ഡ് ഇൻ ഇന്ത്യ ഇലക്ട്രിക് കാർ കൂടി വിപണിയിലേക്ക് എത്തുകയാണ്. അഹമ്മദാബാദ് ആസ്ഥാനമായുള്ള സോളാർ കമ്പനിയായ ജെൻസോൾ എഞ്ചിനീയറിംഗ് ലിമിറ്റഡിന്റെ പുതിയ അനുബന്ധ സ്ഥാപനമായ ജെൻസോൾ ഇവിയാണ് വിപണി പിടിക്കാൻ എത്തുന്നത്. കമ്പനിയുടെ ആദ്യത്തെ സമ്പൂർണ ഇലക്‌ട്രിക് കാറിന്റെ ടീസർ ചിത്രങ്ങൾ പുറത്തുവിട്ടുകൊണ്ടാണ് വാർത്തകളിൽ ബ്രാൻഡ് ഇടംപിടിച്ചിരിക്കുന്നത്.

ഇലക്ട്രിക് വെഹിക്കിൾ റൈഡ് ഹെയ്‌ലിംഗ് സ്റ്റാർട്ടപ്പായ ബ്ലൂസ്‌മാർട്ടിന്റെ സ്ഥാപകർ പ്രമോട്ട് ചെയ്‌ത ജെൻസോൾ വാഹന നിർമാണ രംഗത്തേക്ക് പ്രവേശിക്കുമ്പോൾ പ്രതീക്ഷകളും വാനോളമാണ്. ബ്രാൻഡിന്റെ ആദ്യത്തെ നിർമിത ഇലക്ട്രിക് കാർ 2024 മാർച്ചിൽ പൂർണമായും അനാച്ഛാദനം ചെയ്യും. അവതരണത്തിന് മൂന്ന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് ജെൻസോൾ ഇവി ഇലക്ട്രിക് കാറിന്റെ ടീസർ പുറത്തുവിട്ടിരിക്കുന്നത്.
ചിത്രത്തിൽ നിന്നും വാഹനത്തിൽ നിന്ന് നമുക്ക് പ്രതീക്ഷിക്കാവുന്ന കാര്യങ്ങൾ വെളിപ്പെടുന്നുമുണ്ട്. യൂറോപ്പിൽ കാണുന്ന മൈക്രോലിനോ വാഹനങ്ങൾക്ക് സമാനമായി ഈ വാഹനത്തിന് സവിശേഷമായ റിയർ വീൽ സജ്ജീകരണം ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ട്. മറ്റ് സവിശേഷതകളിലേക്ക് നോക്കിയാൽ എൽഇഡി ഹെഡ്‌ലൈറ്റുകൾ, അലോയ് വീലുകൾ, പരമ്പരാഗത ഡോർ ഹാൻഡിലുകൾ, ഡാർക്ക് റൂഫ്, ഇലക്ട്രിക് സൺറൂഫ് എന്നിവ ഇലക്ട്രിക് കാറിലുണ്ട്.

ഇന്റീരിയറിൽ, ഒരു ആൻഡ്രോയിഡ് OS പോലെ തോന്നിക്കുന്ന ഒരു വലിയ ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഇവിക്ക് ലഭിക്കുന്നു. വലിയ ബൂട്ട് സ്പേസ്, ഇൻ-കാബിൻ ഡ്രൈവർ അസിസ്റ്റൻസ് ടെക്നോളജി, പൂർണമായി സജ്ജീകരിച്ച ടെക്നോളജി സ്റ്റാക്ക്, AI അടിസ്ഥാനമാക്കിയുള്ള ക്ലൗഡ് അനലിറ്റിക്സ് പോലുള്ള മോഡേൺ ഫീച്ചറുകളും ഇതിനെ വേറിട്ടു നിർത്തും.
അരങ്ങേറ്റത്തിന് മുന്നോടിയായി വരാനിരിക്കുന്ന ഇലക്ട്രിക് കാറിന്റെ ചില സവിശേഷതകളും ജെൻസോൾ ഇവി വെളിപ്പെടുത്തിയിട്ടുണ്ട്. വാഹനത്തിന് സിംഗിൾ ചാർജിൽ 200 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഒപ്പം 80 കിലോമീറ്ററിന്റെ പരമാവധി വേഗതയും മൈക്രോലിനോ ഇവിക്കുണ്ടാവും. ഈ സവിശേഷതകൾ സൂചിപ്പിക്കുന്നത് ജെൻസോൾ ഇലക്ട്രിക് കാർ എത്തുമ്പോൾ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാറായി മാറുമെന്നാണ്.

ബ്ലൂസ്മാർട്ട് ഇലക്ട്രിക് മൊബിലിറ്റിയുടെ സഹസ്ഥാപകനും ജെൻസോൾ റിന്യൂവബിൾ എനർജി ഗ്രൂപ്പിന്റെ സ്ഥാപകനുമായ അൻമോൽ സിംഗ് ജഗ്ഗി ഇലക്ട്രിക് കാറിന് ഏകദേശം 5 മുതൽ 6 ലക്ഷം രൂപ വില വരുമെന്ന് മുമ്പ് വെളിപ്പെടുത്തിയിരുന്നു. ഒരു ഇലക്ട്രിക് കാർ വികസിപ്പിക്കുന്നതിനുള്ള സാങ്കേതിക വൈദഗ്ദ്ധ്യം നൽകുന്ന യുഎസ് ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന നിർമാണ സ്റ്റാർട്ട്-അപ്പ് ബ്രാൻഡ് ഏറ്റെടുക്കുന്നതായി ജെൻസോൾ പ്രഖ്യാപിച്ചിരുന്നു.
മാരുതി സുസുക്കി വാഗൺആർ പോലെയുള്ള കോംപാക്‌ട് പെട്രോൾ ഹാച്ച്ബാക്കുകൾ വാങ്ങുന്ന ഉപഭോക്താക്കളെ ലക്ഷ്യമാക്കിയാണ് ബ്രാൻഡ് പുതിയ വൈദ്യുത വാഹനത്തിന് രൂപം കൊടുക്കുന്നത്. പൂനെയിലെ ചക്കനിലുള്ള കമ്പനിയുടെ ഗ്രീൻഫീൽഡ് പ്ലാന്റിൽ ഇൻ-പ്ലാന്റ് ടെസ്റ്റിംഗ് ട്രാക്കും അടുത്ത തലമുറ എൻഡ് ഓഫ് ലൈൻ വാഹന പരിശോധനക്കുള്ള സൗകര്യവുമുണ്ട്.

ഓരോ വാഹനവും ഗുണനിലവാരത്തിലും പ്രകടനത്തിലും ഉയർന്ന നിലവാരം പുലർത്തുന്നുവെന്ന് ഇത് ഉറപ്പാക്കുന്നു. അങ്ങനെ നോക്കുമ്പോൾ തികച്ചും ക്വാളിറ്റിയുള്ള ഇലക്ട്രിക് കാറാനായിരിക്കും അഹമ്മദാബാദ് ആസ്ഥാനമായുള്ള സോളാർ കമ്പനിയായ ജെൻസോൾ എഞ്ചിനീയറിംഗ് ലിമിറ്റഡിന്റെ പുതിയ അനുബന്ധ സ്ഥാപനമായ ജെൻസോൾ ഇവി രൂപംകൊടുക്കുക. ടിയാഗോ ഇവി, എംജി കോമെറ്റ് എന്നിവയുമായി ഈ മോഡലിന് മത്സരിക്കാനാവും. ക്വാളിറ്റിയുണ്ടെങ്കിൽ ആളുകളെ എളുപ്പത്തിൽ കൈയിലെടുക്കാനും ബ്രാൻഡിനായേക്കും.


Click it and Unblock the Notifications








