Hector ഫെയ്‌സ്‌ലിഫ്റ്റ് മുതൽ Citroen ഇലക്‌ട്രിക് വരെ; 2023 ജനുവരിയിൽ വിപണിയിലെത്തുന്ന കാറുകൾ
വാഹന വിപണിയെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷമുള്ള കാലഘട്ടമാണ് കടന്നുപോവുന്നത്. കൊവിഡ് ഭീഷണി ഒന്നുമില്ലാത്തൊരു സമ്പൂർണ വർഷം സമ്മാനിച്ചാണ് 2022 അവസാനിച്ചത്. കഴിഞ്ഞ കൊല്ലത്തെ പോലെ തന്നെ പുതുവർഷത്തേയും ഏറെ പ്രതീക്ഷയോടെയാണ് കമ്പനികൾ നോക്കി കാണുന്നത്. അതിന്റെ ഭാഗമായി തന്നെ കിടിലൻ മോഡലുകളാണ് ഇന്ത്യൻ വിപണിയിലേക്ക് കടന്നു വരാൻ ഒരുങ്ങിയിരിക്കുന്നത്. 2023 ജനുവരി മാസത്തിൽ അവതരിപ്പിക്കാണ ഒരുങ്ങുന്ന പുത്തൻ കാറുകളെ ഒന്നു പരിചയപ്പെട്ടാലോ?
മഹീന്ദ്ര XUV400 ഇവി
പുതിയ XUV400 ഇവിയെ അടുത്തിടെ ഇന്ത്യൻ വിപണിക്കായി പ്രദർശിപ്പിച്ചിരുന്നു. ടാറ്റ നെക്സോൺ ഇവി, എംജി ZS ഇവി തുടങ്ങിയ വമ്പൻമാരുമായി മാറ്റുരയ്ക്കാൻ എത്തുന്ന മഹീന്ദ്രയുടെ തുറുപ്പുചീട്ടാണ് ഈ ഇലക്ട്രിക് എസ്‌യുവി. ഇത് ഒരു ശക്തമായ പവർട്രെയിൻ മാത്രമല്ല, പ്രായോഗികവും സുരക്ഷിതവും സവിശേഷതകളാൽ സമ്പുഷ്ടവുമായ ക്യാബിനും വാഗ്ദാനം ചെയ്യുന്നുവെന്നതാവും ഹൈലൈറ്റുകൾ. XUV400 ഇവിയുടെ ഇന്ത്യയിലെ ഔദ്യോഗിക വിലകൾ ബ്രാൻഡ് ഉടൻ പ്രഖ്യാപിക്കാനാണിരിക്കുന്നത്.

മഹീന്ദ്ര ഥാർ 4X2
മാരുതി ഇപ്പോൾ ഇന്ത്യയിൽ പുതിയ ജിംനി 5-ഡോർ അവതരിപ്പിക്കാൻ ഒരുങ്ങുമ്പോൾ മഹീന്ദ്രയും ഉടൻ തന്നെ 1.5 ലിറ്റർ ഡീസൽ, 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളോടെ ഥാർ 4X2 പതിപ്പിനെ രാജ്യത്ത് അവതരിപ്പിക്കും. ഈ പുതിയ വേരിയന്റിന് ഏകദേശം 10 ലക്ഷം രൂപ മുതലായിരിക്കും എക്‌സ്ഷോറൂം വില ആരംഭിക്കുകയെന്നാണ് സൂചന. ഇത് ജിംനിയുടെ എൻട്രി ലെവൽ പതിപ്പുകളെ വെല്ലുവിളിക്കാനുള്ള മഹീന്ദ്രയുടെ ഒരുക്കമാണ്. നിലവിലുള്ള ഥാറിൽ നിന്നും 4X4 സംവിധാനം ഒഴിവാക്കുന്നത് മാത്രമാണ് പ്രധാന വ്യത്യാസമായി വരുന്ന കാര്യം.
എംജി ഹെക്ടർ/ഹെക്ടർ പ്ലസ് ഫെയ്‌സ്‌ലിഫ്റ്റ്
രാജ്യത്ത് പുതിയ ഹെക്ടർ ഫെയ്‌സ്‌ലിഫ്റ്റ്, ഹെക്ടർ പ്ലസ് ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളെ എംജി കുറച്ചുകാലമായി അണിയറയിൽ ഒരുക്കികൊണ്ടിരിക്കുന്ന വിവരം ഏവരും അറിഞ്ഞിരിക്കുന്ന കാര്യമാണ്. ബ്രാൻഡ് ഇപ്പോൾ രണ്ട് എസ്‌യുവികളും 2023 ജനുവരി അഞ്ചിന് ഇന്ത്യക്കായി സമർപ്പിക്കും. അതേ എഞ്ചിൻ ഓപ്ഷനുകളിൽ അവ വാഗ്ദാനം ചെയ്യുന്നത് തുടരുമെങ്കിലും മുഖംമിനുക്കി എത്തുന്ന ആവർത്തനങ്ങൾ വാങ്ങുന്നവർക്കായി നിരവധി പുതിയ സവിശേഷതകളും ബാറ്ററി സുരക്ഷാ സാങ്കേതികവിദ്യയും കമ്പനി ഓഫർ ചെയ്യും.
ടാറ്റ ഹാരിയർ സ്പെഷ്യൽ എഡിഷൻ
വിപണിയിൽ സ്പെഷ്യൽ എഡിഷൻ മോഡലുകൾ അവതരിപ്പിക്കുന്നതിൽ പേരെടുത്തവരാണ് ടാറ്റ മോട്ടോർസ്. ഉടൻ തന്നെ പുതിയ ടാറ്റ ഹാരിയർ എസ്‌യുവിക്കും കമ്പനി മറ്റൊരു സ്പെഷ്യൽ മോഡൽ 2023 ജനുവരിയിൽ സമ്മാനിക്കും. അതിന്റെ വിശദാംശങ്ങൾ ഇതുവരെ അറിവായിട്ടില്ലെങ്കിലും ഈ പുതിയ വേരിയന്റിന് സ്പോർട്ടി റെഡ് ആക്സന്റുകളും ഇന്റീരിയറിൽ ഒരു റെഡ് കളർ തീമും ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് സ്ഥിരീകരിക്കുന്ന സ്പൈ ചിത്രങ്ങളും കഴിഞ്ഞ ദിവസം കമ്പനി പുറത്തുവന്നിരുന്നു.
സിട്രൺ e-C3
രാജ്യത്ത് ഉടൻ അവതരിപ്പിക്കുന്ന ഓൾ-ഇലക്ട്രിക് C3 ഹാച്ച്ബാക്കിലാണ് സിട്രണിന്റെ ഇനിയുള്ള പ്രതീക്ഷകൾ. പുറത്തുവരുന്ന റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ ബ്രാൻഡ് ഉടൻ തന്നെ കാർ ഇന്ത്യയിൽ അവതരിപ്പിക്കുകയും ആഭ്യന്തര വിപണിയിൽ ടിയാഗോ ഇവിയുമായി മത്സരിക്കുകയും ചെയ്യും. പുതിയ e-C3 ഇവിക്ക് 143 Nm torque ഔട്ട്പുട്ടുള്ള 86 bhp മോട്ടോർ ലഭിക്കുമെന്നാണ് ഫ്രഞ്ച് വാഹന നിർമാതാക്കളിൽ നിന്നും ലഭിക്കുന്ന സൂചന. കൂടുതൽ വിശദാംശങ്ങൾ മോഡലിനെ കമ്പനി അവതരിപ്പിക്കുമ്പോൾ പുറത്തുവിടും.
ഹ്യുണ്ടായി അയോണിക് 5
2022 വേൾഡ് കാർ ഓഫ് ദി ഇയർ പുരസ്ക്കാരം നേടിയ അയോണിക് 5 ഇവിയെ ഹ്യുണ്ടായി 2023 ജനുവരി മാസം വിൽപ്പനയ്ക്ക് എത്തിക്കും. ഔദ്യോഗിക വില മാത്രം പ്രഖ്യാപിക്കാനിരിക്കെ ഇലക്ട്രിക് വാഹനത്തിനായുള്ള ബുക്കിംഗ് കമ്പനി നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്. കൊറിയൻ ബ്രാൻഡിന്റെ ലൈനപ്പിലെ രണ്ടാമത്തെ ഇലക്ട്രിക് കാറായിരിക്കും അയോണിക് 5. കിയ EV6 പോലുള്ള എതിരാളികളുടെ നേരിട്ടുള്ള എതിരാളിയായി സ്ഥാനം പിടിക്കുമ്പോൾ വിലയുടെ കാര്യത്തിലായിരിക്കും ഇവി ഏവരേയും ഞെട്ടിക്കാൻ ഒരുങ്ങുന്നത്.
ബിഎംഡബ്ല്യു X1
2023 മാർച്ചോടെ ഡെലിവറികൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ ബിഎംഡബ്ല്യു X1 എസ്‌യുവി ഇന്ത്യയിൽ ഈ മാസം തന്നെ അവതരിപ്പിക്കും. ഫ്ലാറ്റ് ബോണറ്റും ഉയരമുള്ള ഗ്രില്ലും കൂടുതൽ ഫ്‌ളെഷ്-ഔട്ട് പിൻഭാഗവും ഉൾപ്പെടെ കൂടുതൽ നേരായ രൂപകൽപ്പനയാണ് എൻട്രി ലെവൽ എസ്‌യുവിക്കുള്ളത്. 4,500 mm നീളമുള്ള പുതിയ X1 ഇൻ്റീരിയറിൽ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ടച്ച്‌സ്‌ക്രീൻ സിസ്റ്റവും അടങ്ങുന്ന ഫ്രെയിംലെസ് കർവി ഡിസ്‌പ്ലേയാണ് അവതരിപ്പിക്കുന്നത്. 1.5 ലിറ്റർ പെട്രോളും 2.0 ലിറ്റർ പെട്രോളും ഒപ്പം മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 2.0 ലിറ്റർ ഡീസൽ എഞ്ചിനുകളുമായിരിക്കും ലക്ഷ്വറി എസ്‌യുവിക്ക് ലഭിക്കുക.


Click it and Unblock the Notifications








