ഈ കാറുകൾ വാങ്ങുന്നത് അത്ര എളുപ്പമാവില്ല, എസ്‌യുവി വന്നതിന്റെ 'ജാഡയിട്ട്' ഹോണ്ട ചെയ്‌തത് കണ്ടോ
ഇന്ത്യയിൽ എസ്‌യുവികൾ വിപണി ഭരിക്കുമ്പോൾ സെഡാനുകളും തങ്ങളുടെ പ്രതാപം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. കോംപാക്‌ട് സെഗ്മെന്റ് മുതൽ അങ്ങ് ലക്ഷ്വറി വിഭാഗത്തിൽ വരെ ധാരാളം സെഡാനുകൾ അരങ്ങുവാഴുന്നൊരു രംഗം കൂടിയാണ് നമ്മുടേത്. ത്രീ ബോക്‌സ് ടൈപ്പ് കാറുകൾ എന്ന് പറയുമ്പോഴേ മനസിലേക്ക് ഓടിയെത്തുന്ന ആദ്യ പേര് ഹോണ്ട സിറ്റിയുടേതാവും.
ഇന്ന് അഞ്ചാം തലമുറ ആവർത്തനത്തിലുള്ള ഈ വാഹനം കാലങ്ങളായി നമുക്ക് പരിചിതമാണ്. ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ടയെ ഇന്ത്യയിൽ ഇതുവരെ പിടിച്ചു നിർത്തിയതും സിറ്റിയുടെ ബലത്തിലാണ്. താങ്ങായി സബ്-4 മീറ്റർ സെഗ്മെന്റിൽ കോംപാക്‌ട് സെഡാനായി അമേസുമുണ്ട്. മികച്ച ഇന്ധനക്ഷമതയ്ക്കും വിശ്വാസീയതക്കും പേരെടുത്ത ഈ രണ്ട് മോഡലുകളുടേയും ഡീസൽ എഞ്ചിൻ നിർത്തലാക്കിയത് മാത്രമാണ് വലിയൊരു പോരായ്‌മ.

എന്തായാലും കഴിഞ്ഞ ദിവസം എലിവേറ്റ് എന്ന എസ്‌യുവി അവതരിപ്പിച്ചതിന്റെ ഗമയിലാണ് ഹോണ്ടയിപ്പോൾ. എലിവേറ്റിന്റെ വില പ്രഖ്യാപനം പൂർത്തിയാക്കിയതോടെ സിറ്റി, അമേസ് സെഡാനുകളുടെ വില വർധിപ്പിച്ചിരിക്കുകയാണ് കമ്പനി. അമേസ് കോംപാക്ട് സെഡാന്റെ സോളിഡ് കളർ വേരിയന്റുകൾക്ക് 4,900 രൂപയും മെറ്റാലിക് നിറങ്ങൾക്ക് 6,900 രൂപയുടെയും വർധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ പരിഷ്ക്കാരങ്ങൾക്ക് ശേഷം അമേസിന്റെ എൻട്രി ലെവൽ E മാനുവൽ വേരിയന്റിന് 7.10 ലക്ഷം രൂപയാണ് വില.
അതേസമയം ടോപ്പ് എൻഡ് VX സിവിടി വേരിയന്റിന് 9.77 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും. രണ്ട് ട്രാൻസ്മിഷൻ ഓപ്ഷനുകളുള്ള അഞ്ച് വേരിയന്റുകളിൽ ലഭ്യമാകുന്ന 5 സീറ്റർ സെഡാനാണ് അമേസ്. 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായോ സിവിടി ഓട്ടോമാറ്റിക്കുമായോ ഘടിപ്പിച്ച 1.2 ലിറ്റർ, നാല് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് വണ്ടിക്ക് തുടിപ്പേകുന്നത്. ഇത് പരമാവധി 90 bhp പവറിൽ 110 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

മറുവശത്ത് പ്രീമിയം സി-സെഗ്മെന്റ് സെഡാനായ സിറ്റിക്ക് 7,900 രൂപ വരെ വില വർധനവാണ് നടപ്പിലാക്കിയിരിക്കുന്നത്. അമേസ് മാനുവൽ ഓപ്ഷൻ എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി വരുമ്പോൾ സിവിടി വേരിയന്റുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മിഡ്-സ്പെക്ക് S, ടോപ്പ്-സ്പെക്ക് VX ട്രിമ്മുകൾ എന്നിവയിൽ മാത്രമാണ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകൾ ലഭ്യമാവുകയുള്ളൂ.
ഹോണ്ട കാർസ് ഇന്ത്യ തങ്ങളുടെ മിഡ്-സൈസ് സെഡാനായ സിറ്റിയുടെ വിലയും പുതുക്കി. ഏറ്റവും പുതിയ വർധനയോടെ വാഹനം വാങ്ങണമെങ്കിൽ 7,900 രൂപ വരെയാണ് അധികമായി മുടക്കേണ്ടി വരുന്നത്. കൃത്യമായി പറഞ്ഞാൽ SV, V, VX, ZX എന്നീ വകഭേദങ്ങളിൽ വരുന്ന ഹോണ്ട സിറ്റിയുടെ സോളിഡ്, മെറ്റാലിക് കളർ ഓപ്ഷനുകളിലുള്ള എല്ലാ വേരിയന്റുകൾക്കും യഥാക്രമം 5,900 രൂപയും 7,900 രൂപയുമാണ് അധികമായി മുടക്കേണ്ടി വരുന്നത്.

ഹോണ്ട സിറ്റിയുടെ സോളിഡ് എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിൽ ഒബ്സിഡിയൻ ബ്ലൂ, പ്ലാറ്റിനം വൈറ്റ് പേൾ എന്നിവ ഉൾപ്പെടുന്നു. മറുവശത്ത് മെറ്റാലിക് പെയിന്റ് ഫിനിഷിൽ ലൂണാർ സിൽവർ, ഗോൾഡൻ ബ്രൗൺ, മോഡേൺ സ്റ്റീൽ, റേഡിയൻറ് റെഡ് എന്നീ നിറങ്ങൾ ലഭ്യമാണ്. പുതിയ വില പരിഷ്ക്കാരത്തോടെ വാഹനം വാങ്ങണമെങ്കിൽ 11.63 ലക്ഷം മുതൽ 16.02 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി നൽകേണ്ടത്.
ആറ് സ്പീഡ് മാനുവൽ, സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് എന്നിവയുമായി ഘടിപ്പിച്ച 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് സിറ്റിയിൽ സജ്ജീകരിച്ചിരിക്കുന്നത്. ഈ എഞ്ചിൻ ബിഎസ്-VI 2.0 നിലവാരത്തിലേക്ക് പുതുക്കുകയും ചെയ്‌തിട്ടുണ്ട്. 119 bhp കരുത്തിൽ 145 Nm torque ആണ് ഹോണ്ട സിറ്റിയിൽ ലഭിക്കുന്നത്. എന്നാൽ സിറ്റിയുടെ ഹൈബ്രിഡ് വേരിയന്റുകൾക്ക് വില വർധനവൊന്നും നടപ്പിലാക്കിയിട്ടില്ല.

നിലവിൽ ജാപ്പനീസ് വാഹന നിർമാതാക്കൾ ഇന്ത്യയിൽ നാല് മോഡലുകളാണ് വിൽക്കുന്നത്. അമേസ്, അഞ്ചാംതലമുറ സിറ്റി, സിറ്റി ഹൈബ്രിഡ്, പുതുതായി പുറത്തിറക്കിയ എലിവേറ്റ് എന്നിവയാണ് അവ. അതിവേഗം വളരുന്നതും ഉയർന്ന മത്സരക്ഷമതയുള്ളതുമായ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലേക്ക് എലിവേറ്റ് വന്നതിനാൽ വരും ദിവസങ്ങളിൽ ബ്രാൻഡിന്റെ വിൽപ്പനയിൽ കുതിപ്പുണ്ടായേക്കുമെന്നാണ് വിലയിരുത്തൽ.


Click it and Unblock the Notifications








