Honda Amaze സെഡാന് വില കൂടും, ഏപ്രിൽ മുതൽ അധികം മുടക്കേണ്ടി വരിക ഇത്രയും തുക
എസ്‌യുവികൾ എങ്ങും ട്രെൻഡായതോടെ സെഡാനുകളുടെ വിൽപ്പന പതിയെ ഇടിയുന്ന കാഴ്ച്ചയാണ് കാണാനാവുന്നത്. എന്നാൽ ഇത് വലിയ പ്രീമിയം മോഡലുകളുടെ കാര്യത്തിൽ മാത്രമാണെന്ന വാദം പലരും ഉന്നയിക്കുന്നുണ്ട്. മാരുതി സുസുക്കി ഡിസയറിന്റെയും ഹോണ്ട അമേസിന്റെയും എല്ലാം വിൽപ്പന കണക്കുകൾ ഉയർത്തിക്കാട്ടിയാണ് ഈ വാദം പൊളിച്ചടുക്കുന്നത്.
സംഭവം ശരിയാണെങ്കിലും എസ്‌യുവികളുടെ ആധിപത്യം മറികടക്കാൻ സെഡാനുകൾ വിയർക്കുന്നുണ്ടെന്നതാണ് യാഥാർഥ്യം. പക്ഷേ അടുത്തിടെ പുതിയ ഹോണ്ട സിറ്റിയും ഹ്യുണ്ടായി വെർണയും പുതുമാനങ്ങൾ സൃഷ്‌ടിച്ച് ചലനങ്ങളുണ്ടാക്കുകയാണ്. മിഡ്-സൈസ് സെഡാൻ ശ്രേണിയുടെ കാര്യമാണിത് എങ്കിലും കോംപാക്‌ട് വിഭാഗത്തിലേക്ക് വരുമ്പോൾ ഇവിടെ കാര്യമായ മാറ്റങ്ങളോ പരിഷ്ക്കാരങ്ങളോ ഇതുവരെ ഉണ്ടായിട്ടില്ല. ഉടൻ ഇത്തരം നവീകരണങ്ങളൊന്നും ആരും പ്രതീക്ഷിക്കേണ്ടതില്ല. എങ്കിലും നിലവിലുള്ള ഡിസയറും അമേസുമെല്ലാം ജനപ്രയരായി തുടരുകയാണ്.

അമേസ് സബ് കോംപാക്‌ട് സെഡാന്റെ വില വർധിപ്പിക്കാൻ ഹോണ്ട കാർസ് ഇന്ത്യ ഒരുങ്ങുകയാണിപ്പോൾ. ഉയർന്നു വരുന്ന ഇൻപുട്ട് ചെലവുകളിലെ വർധനവ് നികത്താനാണ് ഏപ്രിൽ 1 മുതൽ അമേസിന്റെ വിലയിൽ മാറ്റം വരുത്താൻ ജാപ്പനീസ് വാഹന നിർമാതാക്കൾ നിർബന്ധിതരായിരിക്കുന്നത്. മാരുതി ഡിസയർ, ഹ്യുണ്ടായി ഓറ എന്നിവയുടെ എതിരാളിക്ക് അടുത്ത മാസം മുതൽ വേരിയന്റുകളെ ആശ്രയിച്ച് ഏകദേശം 12,000 രൂപയാണ് അധികമായി മുടക്കേണ്ടി വരുന്നത്.
വരാനിരിക്കുന്ന ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളുടെ രണ്ടാംഘട്ടത്തിനും പുതിയ RDE മാനദണ്ഡങ്ങൾക്ക് അനുസൃതമായും അമേസിന്റെ എഞ്ചിനുകൾ നവീകരിക്കാൻ കാരണമായതാണ് ഈ വില വർധനവിന് കാരണമായിരിക്കുന്നതെന്ന് വ്യക്തമാണ്. 2021-ലാണ് ഹോണ്ട കാർസ് അമേസ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കിയിരുന്നു. പിന്നീട് വാഹനത്തിന് കാര്യമായ നവീകരണങ്ങളൊന്നും ലഭിച്ചിട്ടില്ലെങ്കിലും ധാരാളം ആളുകൾ വാഹനത്തെ തേടിയെത്തുന്നുണ്ട്. എന്നാൽ ഡീസൽ എഞ്ചിൻ ഓപ്ഷനുണ്ടായിരുന്നതാണ് മോഡലിന്റെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന്.

എന്നാൽ പുതിയ മലിനീകരണ ചട്ടങ്ങളുടെ ഭാഗമായി ഹോണ്ട അമേസിൽ നിന്നും ഈ എഞ്ചിൻ ഓപ്ഷൻ നിർത്തലാക്കുകയുണ്ടായി. വാഹനത്തിലെ ഡീസൽ എഞ്ചിൻ സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ കോമ്പോയും വലിയ ഓളങ്ങൾ വിപണിയിലുണ്ടാക്കിയിട്ടുണ്ട്. ഇനി മുതൽ 1.2 ലിറ്റർ i-VTEC നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിൽ മാത്രമാവും അമേസ് വിപണിയിലേക്ക് എത്തുക. അഞ്ച് സ്പീഡ് മാനുവൽ, സിവിടി ഗിയർബോക്‌സും ഘടിപ്പിച്ചിരിക്കുന്ന എഞ്ചിന് പരമാവധി 89 bhp കരുത്തിൽ 110 Nm torque നൽകാനാവും.
ഹോണ്ടയുടെ ജനപ്രിയമായി ഈ സബ് കോംപാക്‌ട് സെഡാന് നിലവിൽ 6.89 ലക്ഷം മുതൽ 9.48 ലക്ഷം രൂപ വരെയാണ് വണ്ടിയുടെ എക്‌സ്ഷോറൂം വില വരുന്നത്. ഇനി ജനുവരി മുതൽ നിർത്തലാക്കിയ അമേസിലും മറ്റ് മോഡലുകളിലും ഉപയോഗിക്കുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിന് പുറമെ ബിഎസ്-VI രണ്ടാം ഘട്ടത്തിലേക്കുള്ള പരിവർത്തനത്തിൽ കമ്പനി ജാസ്, WR-V, നാലാം തലമുറ ഹോണ്ട സിറ്റി എന്നിവ നിർത്തലാക്കാനും ഒരുങ്ങുകയാണ്.

ആയതിനാൽ ഇനി രണ്ട് സെഡാനുകൾ വെച്ച് മാത്രമാവും കുറച്ചുകാലം ഹോണ്ട ഇന്ത്യയിൽ പിടിച്ചു നിൽക്കാൻ പോവുന്നത്. എന്നാൽ ഈ വർഷം അവസാനത്തോടെ ഇന്ത്യൻ വിപണിയിൽ പുതിയ മിഡ്-സൈസ് എസ്‌യുവി പുറത്തിറക്കാനും ജാപ്പനീസ് ബ്രാൻഡ് പദ്ധതിയിട്ടിട്ടുണ്ട്. നിലവിൽ പരീക്ഷണയോട്ട ഘട്ടത്തിലുള്ള ഈ വാഹനം ഇന്ത്യക്കായി പ്രത്യേകം വികസിപ്പിക്കുന്നതാണെന്ന വാർത്തകളും എയറിലുണ്ട്. ഹ്യുണ്ടായി ക്രെറ്റ, ടൊയോട്ട ഹൈറൈഡർ, കിയ സെൽറ്റോസ്, സ്കോഡ കുഷാഖ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര എന്നിവയുമായാവും ഇതിന്റെ മത്സരം.
അന്താരാഷ്‌ട്ര തലത്തിൽ നിരവധി എസ്‌യുവി മോഡലുകൾ പുറത്തിറക്കി ഹിറ്റടിച്ച ഹോണ്ടയുടെ പുതുപുത്തൻ വാഹനത്തെയും കാത്ത് വൻ ആരാധകവൃന്ദമാണ് കാത്തിരിക്കുന്നത്. അഞ്ചാംതലമുറ സിറ്റി സെഡാന്റെ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള സ്പോർട്ട് യൂട്ടിലിറ്റി വാഹനമായിരിക്കും ഇത്. ഒരേ എഞ്ചിൻ, ഗിയർബോക്‌സ് ഓപ്ഷനുകളും ഇരു മോഡലുകളും തമ്മിൽ പങ്കിട്ടേക്കാം. എന്തായാലും രണ്ട് സെഡാനുകൾ വെച്ചുമാത്രം ഇന്ത്യയിൽ പിടിച്ചു നിൽക്കാനാവില്ലെന്ന് മനസിലാക്കിയ കമ്പനി ഒരു സബ്-4 മീറ്റർ പതിപ്പിനെയും രാജ്യത്ത് അവതരിപ്പിച്ചേക്കാം.


Click it and Unblock the Notifications








