മാരുതി ഡിസയർ ഔട്ട്, ADAS ടെക്കുമായി ഹോണ്ട അമേസിന്റെ പുത്തൻ അവതാരം വരുന്നു
ഇന്ത്യയിൽ മങ്ങിയ പ്രതിഛായ തിരിച്ചുപിടിക്കാൻ ഒരുങ്ങുകയാണ് ഹോണ്ട. ആഭ്യന്തര വിപണിയിലെ അടുത്ത 'ഫോർഡ്' ആവും ഹോണ്ടയെന്ന് വിലയിരുത്തിയവരാണ് പലരും. എന്നാൽ ജനപ്രിയനായ സിറ്റിയുടെ പുത്തൻ പതിപ്പെല്ലാം പുറത്തിറക്കി ബ്രാൻഡ് ചെറിയൊരു സൂചന ഏവർക്കും മുന്നിലേക്ക് വെച്ചുനീട്ടി. ഇപ്പോഴിതാ മുന്നിലേക്ക് വലിയൊരു എസ്‌യുവി കൊണ്ടുവന്ന് ഇന്ത്യ വെട്ടിപ്പിടിക്കാൻ ഒരുങ്ങുകയാണ് ഹോണ്ട.
എലിവേറ്റ് എന്നുപേരിട്ടിരിക്കുന്ന മിഡ്-സൈസ് എസ്‌യുവിയാണ് ഹോണ്ട വിപണിയിലേക്ക് എത്തിക്കാൻ ഒരുങ്ങുന്നത്. അതും ഹ്യുണ്ടായി ക്രെറ്റയും കിയ സെൽറ്റോസും മാരുതി ഗ്രാൻഡ് വിറ്റാരയുമെല്ലാം അരങ്ങുവാഴുന്ന സെഗ്മെന്റിലേക്കാണ് എലിവേറ്റിന്റെ വരവ്. ഈ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിൽ ഒന്നും ഹോണ്ട ഒതുക്കില്ലെന്നതാണ് സന്തോഷം തരുന്ന മറ്റൊരു കാര്യം. അതായത് ഇന്ത്യയിൽ വരാനിരിക്കുന്ന തങ്ങളുടെ എല്ലാ പുതിയ കാറിലും ADAS സേഫ്റ്റി ഫീച്ചർ അവതരിപ്പിക്കാനാണ് ജാപ്പനീസ് ബ്രാൻഡിന്റെ പദ്ധതി.

ഹോണ്ടയുടെ എല്ലാ പുതിയ കാറുകളും എസ്‌യുവികളും കമ്പനിയുടെ ഹോണ്ട സെൻസിംഗ് എന്ന ADAS സാങ്കേതികവിദ്യ അവതരിപ്പിക്കുമെന്നാണ് കമ്പനി വ്യക്താവ് ഇപ്പോൾ പറയുന്നത്. എലവേറ്റിന് ശേഷം ഹോണ്ട നിരയിൽ നിന്നും അമേസ് സെഡാൻ പുതിയ അവതാരത്തിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണ്. ഇന്ത്യക്കായുള്ള അടുത്ത പുത്തൻ കാർ ഈ കോംപാക്‌ട് സെഡാനായിരിക്കുമെന്ന് സാരം. മൂന്നാം തലമുറ അമേസിന് ADAS സേഫ്റ്റിയുണ്ടാവുമെന്നത് വിപണിയിൽ തരംഗമാവാൻ സാധ്യതയുള്ള ഒന്നാണ്.
രാജ്യത്ത് ADAS സ്യൂട്ട് ലഭിക്കുന്ന ഏറ്റവും താങ്ങാനാവുന്ന കാറായി വളരാൻ ഹോണ്ട അമേസിന് സാധിക്കും. പുതിയ 2024 മോഡൽ അമേസിന്റെ ഔദ്യോഗിക വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഡിസൈൻ, ഇന്റീരിയർ, പ്ലാറ്റ്ഫോം എന്നിവയിൽ വലിയ മാറ്റങ്ങളാണ് നാം പ്രതീക്ഷിക്കുന്നത്. മിക്കവാറും നിലവിലുള്ള പ്ലാറ്റ്ഫോമിന്റെ പരിഷ്ക്കരിച്ച പതിപ്പിലായിരിക്കും ഈ സബ്-4 മീറ്റർ സെഡാനെ കമ്പനി പണിതെടുക്കുക. ഹോണ്ട എലിവേറ്റ് എസ്‌യുവിക്ക് അടിവരയിടുന്നതും ഇതേ പ്ലാറ്റ്‌ഫോമാണ്.

പുതിയ അമേസിന്റെ ഡിസൈനും സ്റ്റൈലിംഗും പുതിയ സിറ്റി സെഡാൻ, ആഗോള വിപണിയിലുള്ള അക്കോർഡ് എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാവും. അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റമെന്ന (ADAS) സാങ്കേതികവിദ്യയുടെ വർധിച്ചുവരുന്ന ജനപ്രീതി ഈ കാറിന് മുതലെടുക്കാനാവും. ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, കൊളിഷൻ മിറ്റിഗേഷൻ ബ്രേക്കിംഗ് സിസ്റ്റം, റോഡ് ഡിപ്പാർച്ചർ വാർണിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് ഹൈ ബീം അസിസ്റ്റ് പോലുള്ള ഫീച്ചറുകളാണ് ഇതിലുണ്ടാവുക.
പുറംമോടിയിലേതുപോലെ അകത്തളത്തിലും കാര്യമായ പരിഷ്ക്കാരങ്ങളാവും ഹോണ്ട കോംപാക്‌ട് സെഡാന് ഉണ്ടായിരിക്കുക. പുതിയ ഇന്റീരിയർ ലേഔട്ടും ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഹോണ്ട പുതിയ അമേസിൽ ഒരുക്കിയേക്കും. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ, ടിൽറ്റ് അഡ്ജസ്റ്റ് ചെയ്യാവുന്ന സ്റ്റിയറിംഗ് എന്നിവയും ഈ വാഹനത്തിന്റെ ഭാഗമായെത്തും.

സ്പീഡ് സെൻസിംഗ് ഓട്ടോ ഡോർ ലോക്ക് ഫംഗ്‌ഷൻ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്നതും മടക്കാവുന്നതുമായ ഔട്ടസൈഡ് റിയർവ്യൂ മിററുകൾ എന്നിവയുൾപ്പെടെ സവിശേഷതകളും നിലവിലെ തലമുറയിൽ നിന്ന് അതേപടി മുന്നോട്ട് കൊണ്ടുപോകും. 2024 അമേസിൽ അതേ 1.2 ലിറ്റർ, 4 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ തന്നെയാവും തുടിപ്പേകാൻ എത്തുക. ഇതിന് 90 bhp കരുത്തിൽ പരമാവധി 110 Nm torque വരെ നൽകാനാവും.
5-സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഉപയോഗിച്ച് സെഡാൻ സ്വന്തമാക്കാം. ഡീസൽ എഞ്ചിൻ ഓഫറിൽ ഉണ്ടാവില്ല. ഒരു തലമുറ മാറ്റത്തോടെ അമേസ് കോംപാക്ട് സെഡാൻ ചെറിയ വില വർധനവിനും സാക്ഷ്യം വഹിച്ചേക്കാം. 6.99 ലക്ഷം മുതൽ 9.60 ലക്ഷം രൂപ വരെയാണ് നിലവിലെ പതിപ്പിന്റെ എക്സ്ഷോറൂം വില വരുന്നത്. എന്തായാലും ADAS പോലുള്ള ആധുനിക സവിശേഷതകൾ വാഹനത്തിലേക്ക് എത്തുന്നതോടെ മാരുതി ഡിസയറുമായി പൊരുതി നിൽക്കാൻ അമേസിനാവും.
സിറ്റി, അമേസ്, വരാനിരിക്കുന്ന എലിവേറ്റ് തുടങ്ങിയ മൂന്നു മോഡലുകളിലൂടെ കളംനിറയാനാണ് ഹോണ്ട ഇപ്പോൾ തയാറെടുക്കുന്നത്. എലിവേറ്റിന്റെ അവതരണത്തിനു ശേഷം മൂന്നാംതലമുറയിലുള്ള അമേസിനെ പുറത്തിറക്കും. ഇതിനു ശേഷം രാജ്യത്തെ സബ്-4 മീറ്റർ എസ്‌യുവി ശ്രേണിയിലേക്ക് ഒരു തട്ടുപൊളിപ്പൻ വാഹനത്തെ കൊണ്ടുവരാനും ജാപ്പനീസ് ബ്രാൻഡ് തയാറെടുക്കുകയാണ്.


Click it and Unblock the Notifications








