ഷോറൂമുകൾ നിറയ്ക്കാൻ ഹോണ്ടയുടെ രണ്ട് പുത്തൻ കാറുകൾ കൂടി, വില 9.03 ലക്ഷം മുതൽ മാത്രം
ഇന്ത്യയിൽ നിന്നും ഗുഡ്ബൈ പറഞ്ഞ് ഫോർഡ് ഇറങ്ങിയതോടെ അടുത്തത് ആരെന്ന് ചോദ്യമുയർന്ന കാലത്ത് പലരും വിരൽ ചൂണ്ടിയത് ഹോണ്ടയുടെ നേരെയായിരുന്നു. എന്നാൽ അതിനെയെല്ലാം തട്ടിത്തെറിപ്പിച്ചു കൊണ്ട് പഴയ പ്രതാപത്തിലേക്ക് നീങ്ങുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട. എലിവേറ്റിന്റെ വരവോടെ ഷോറൂമുകൾ നിറഞ്ഞുകവിഞ്ഞിട്ടുണ്ട്. ഉത്സവ സീസണിന് മുന്നോടിയായുള്ള കമ്പനിയുടെ സർജിക്കൽ സ്ട്രൈക്കായിരുന്നു ഈ മിഡ്-സൈസ് എസ്‌യുവി.
ഇപ്പോഴിതാ ഉത്സവ സീസണിൽ കൂടുതൽ ആളുകളെ ബ്രാൻഡിലേക്ക് അടുപ്പിക്കാനായി ഹോണ്ട രണ്ട് പുത്തൻ മോഡലുകളെ കൂടി ഇന്ത്യൻ വിപണിക്കായി അവതരിപ്പിച്ചിരിക്കുകയാണ്. നേരത്തെയുണ്ടായിരുന്ന ഹോണ്ടയുടെ ജനപ്രിയ മോഡലുകളായ അമേസ്, സിറ്റി സെഡാനുകളിലേക്ക് രണ്ട് സ്പെഷ്യൽ എഡിഷനുകളെ കൊണ്ടുവന്നതാണ് പുതിയ നീക്കം. സിറ്റിക്കായി എലഗന്റ് എഡിഷനും അമേസിനായി എലൈറ്റ് എഡിഷനുമാണ് ഹോണ്ട അണിനിരത്തിയിരിക്കുന്നത്.

ഹോണ്ട സിറ്റി എലഗന്റ് എഡിഷന് 12,57,400 രൂപ മുതൽ 13,82,400 രൂപ വരെയാണ് എക്‌സ്ഷോറൂം വിലയായി നൽകേണ്ടത്. അതേസമയം അമേസ് എലൈറ്റ് എഡിഷന് 903,900 രൂപ മുതൽ 985,900 രൂപ വരെയും എക്‌സ്ഷോറൂം വില നൽകേണ്ടി വരും. സെഡാനുകളുടെ ഈ സ്പെഷ്യൽ എഡിഷനുകൾ ഒരു കൂട്ടം കോസ്മെറ്റിക് അപ്‌ഡേറ്റുകളും ഫീച്ചറുകളും ഉൾക്കൊള്ളിച്ചാണ് പണിതിറക്കിയിരിക്കുന്നത് എന്നതും ഹൈലൈറ്റാവും. അതായത് മെക്കാനിക്കലായി ഇവ സ്റ്റാൻഡേർഡ് മോഡലുകൾക്ക് സമാനമാണ്.
ഹോണ്ട അമേസ് എലൈറ്റ് എഡിഷൻ ടോപ്പ് എൻഡ് VX വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്നത്. മാനുവൽ, സിവിടി ഓപ്ഷനുകളിൽ വാഹനം സ്വന്തമാക്കാനും സാധിക്കും. മറുവശത്ത് മിഡ്-സൈസ് സെഡാനായ ഹോണ്ട സിറ്റിയുടെ എലഗന്റ് എഡിഷൻ V വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. മാനുവൽ, സിവിടി ഓപ്ഷനുകളിൽ തന്നെ ഇതും ഉപഭോക്താക്കൾക്ക് സ്വന്തമാക്കാനാവും.

രണ്ട് സ്‌പെഷ്യൽ എഡിഷൻ സെഡാനുകളും സിറ്റി, അമേസ് എന്നിവയുടെ സാധാരണ പതിപ്പുകൾക്ക് ലഭ്യമായ എല്ലാ കളർ ഓപ്ഷനുകളിലും ലഭ്യമാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. രാജ്യത്തുടനീളമുള്ള കമ്പനിയുടെ ഡീലർഷിപ്പ് ശൃംഖലയ്ക്ക് പുറമെ സിറ്റി, അമേസ് സെഡാനുകളുടെ ഫെസ്റ്റീവ് എഡിഷനുകൾ വാഹന നിർമാതാക്കളുടെ ഓൺലൈൻ വിൽപ്പന പ്ലാറ്റ്‌ഫോമായ 'ഹോണ്ട ഫ്രം ഹോം' വഴിയും വാങ്ങാം.
സിറ്റി, അമേസ് സെഡാനുകളുടെ മറ്റ് വകഭേദങ്ങൾ 2023 ഒക്ടോബർ 31 വരെ ലഭ്യമാകുന്ന ഗ്രേറ്റ് ഹോണ്ട ഫെസ്റ്റിന് കീഴിൽ ഇന്ത്യയിലുടനീളമുള്ള വിവിധ പ്രത്യേക ഉത്സവ ഓഫറുകളോടെ ലഭ്യമാണെന്നും ഹോണ്ട ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ നീക്കങ്ങളെല്ലാം വരും ദിവസങ്ങളിൽ വിൽപ്പന വർധിപ്പിക്കാൻ ജാപ്പനീസ് ബ്രാൻഡിനെ സഹായിക്കും. ഹോണ്ട അമേസ് എലൈറ്റ് എഡിഷന്റെ കൂടുതൽ വിശദാംശങ്ങൾ ഇനി നോക്കാം.

എൽഇഡി, ഫ്രണ്ട് ഫെൻഡർ ഗാർണിഷിംഗ്, ഒആർവിഎമ്മുകളിൽ ആന്റി-ഫോഗ് ഫിലിം, എലൈറ്റ് എഡിഷൻ ബാഡ്ജുള്ള ട്രങ്ക് സ്‌പോയിലർ എന്നിവയെല്ലാമാണ് കോംപാക്‌ട് സെഡാന്റെ പുത്തൻ സ്പെഷ്യൽ എഡിഷൻ മോഡലിൽ അധികമായി ഒരുക്കിയിരിക്കുന്നത്. ഇതുകൂടാതെ ഹോണ്ട കണക്ട് ആപ്പിലൂടെ പ്രദർശിപ്പിച്ചിരിക്കുന്ന വിവരങ്ങളടങ്ങിയ ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, സ്ലൈഡിംഗ് ഫ്രണ്ട് ആംറെസ്റ്റ്, പ്രത്യേക സീറ്റ് കവറുകൾ, പ്രത്യേക എംബ്ലമുള്ള സ്റ്റെപ്പ് ഇല്യൂമിനേഷൻ, ടയർ ഇൻഫ്ലേറ്റർ തുടങ്ങിയ അധിക ഫീച്ചറുകളും അമേസ് എലൈറ്റ് എഡിഷന്റെ പ്രത്യേകതയാണ്.
ഇനി ഹോണ്ട സിറ്റി എലഗന്റ് എഡിഷനിലേക്ക് വന്നാൽ എൽഇഡി സ്ട്രിപ്പ്, ഫ്രണ്ട് ഫെൻഡർ ഗാർണിഷിംഗ്, 'എലഗന്റ് എഡിഷൻ' ബാഡ്‌ജ്, സ്ലീക്ക് സ്റ്റെപ്പ് ഇല്യൂമിനേഷനുള്ള ട്രങ്ക് സ്‌പോയിലർ പോലുള്ള പരിഷ്ക്കാരങ്ങളാണ് എക്സ്റ്റീരിയറിൽ കമ്പനി ഒരുക്കിയിട്ടുള്ളത്. അതേസമയം ഇൻ്റീരിയറിലും ചില പരിഷ്ക്കാരങ്ങൾ സമ്മാനിച്ചിട്ടുണ്ട്. ക്യാബിനിനുള്ളിൽ വയർലെസ് ഫോൺ ചാർജർ, പ്രത്യേക സീറ്റ് കവറുകൾ, ലെഗ്‌റൂം ലാമ്പ് എന്നിവയെല്ലാമാണ് സെഡാന്റെ സാധാരണ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ അധികമായി ഉപഭോക്താക്കൾക്ക് ലഭിക്കുക.

നിലവിൽ അമേസ്, സിറ്റി, എലിവേറ്റ് എന്നിങ്ങനെ മൂന്ന് മോഡലുകളാണ് ഹോണ്ട ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. 2023 സെപ്റ്റംബറിൽ കമ്പനി 9,861 കാറുകളാണ് വിറ്റഴിച്ചത്. പോയ വർഷം ഇതേ സമയത്തെ അപേക്ഷിച്ച് നോക്കുമ്പോൾ വാർഷിക വിൽപ്പനയിൽ 13 ശതമാനം വളർച്ചയും ഹോണ്ട കൈവരിച്ചു. പുതുതായി പുറത്തിറക്കിയ ഹോണ്ട എലിവേറ്റാണ് രാജ്യത്തെ ബ്രാൻഡിന്റെ വിൽപ്പനയിൽ ഗണ്യമായ വർധനവിന് പിന്നിലെ പ്രധാന കാരണം.
11 ലക്ഷം മുതൽ 16 ലക്ഷം രൂപ വരെയുള്ള എക്സ്ഷോറൂം വിലയിലാണ് മോഡൽ കളംപിടിച്ചിരിക്കുന്നത്. അടിപൊളി വിലയും മികച്ച പെർഫോമൻസും അലങ്കോലമില്ലാത്ത ഡിസൈനും മൈലേജുമാണ് എലിവേറ്റിനെ ജനപ്രിയമാക്കുന്ന കാരണങ്ങൾ. ഏറ്റവും മത്സരാധിഷ്ഠിതമായ മിഡ്-സൈസ് എസ്‌യുവി സെഗാമെന്റിൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, ഫോക്‌സ്‌വാഗണ്‍ ടൈഗൂൺ, സ്‌കോഡ കുഷാഖ്, എംജി ആസ്റ്റർ എന്നിവയ്‌ക്കെതിരെയാണ് ഹോണ്ട എലിവേറ്റിന്റെ മത്സരം.


Click it and Unblock the Notifications








