മഴയത്ത് പണിവാങ്ങേണ്ട, എന്തേലുമുണ്ടേൽ വണ്ടിയിങ്ങ് കൊണ്ടുവരാൻ ഹോണ്ട
മഴക്കാലം താത്ക്കാലികമായി കേരളത്തിൽ നിന്നും അവധിയെടുത്ത് നിൽക്കുകയാണെങ്കിലും അധികം വൈകാതെ പൂർവാധികം ശക്തിയോടെ ആളിങ്ങെത്തും. അതിനാൽ തന്നെ നമ്മുടെ കാറുകളെ മഴക്കാലത്തേക്കായി പ്രത്യേകം ഒരുക്കേണ്ടതുണ്ട് (Monsoon Car Care). സ്കൂളിൽ പോകാൻ കുട്ടികൾ ഒരുങ്ങുന്നതു പോലെ മഴയെ നേരിടാൻ നാം ഉപയോഗോക്കുന്ന കാറിനെയും തയാറാക്കേണ്ടതുണ്ട്.
പലർക്കും ഇക്കാര്യം അറിയാമെങ്കിലും പണി വന്നുകഴിഞ്ഞ് കാർല നന്നാക്കാമെന്ന് വിചാരിക്കുന്നവരാണ് പലരും. എന്നാൽ ഇത്തരം ചിന്താഗതികളൊക്കെ നമുക്ക് തത്ക്കാലം മറക്കാം. പല നിർമാതാക്കളും കമ്പനി സർവീസ് തന്നെ ഒരുക്കി ഉപഭോക്താക്കളെ സ്വാഗതം ചെയ്‌തി കഴിഞ്ഞു. ദേ ഇപ്പോൾ ഇത്തരത്തിൽ രാജ്യത്തെ എല്ലാ അംഗീകൃത ഡീലർഷിപ്പുകളിലും ഹോണ്ട കാർസ് ഇന്ത്യ രാജ്യവ്യാപകമായി മൺസൂൺ സർവീസ് ക്യാമ്പ് ആരംഭിക്കുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇതിനോടകം ആരംഭിച്ച ഹോണ്ട മൺസൂൺ സർവീസ് ക്യാമ്പ് 2023 ജൂൺ 19 മുതൽ 30 വരെയാണ് നടക്കുന്നത്. കൂടാതെ ഹോണ്ട ഉപഭോക്താക്കൾക്കായി തെരഞ്ഞെടുത്ത സ്പെയർ പാർട്‌സുകളിൽ സൗജന്യ ഡിസ്‌കൗണ്ടുകളും നൽകുന്നുണ്ട്. ഹോണ്ട കാറുകളുടെ സ്പെഷ്യൽ ചെക്കപ്പും ഈ മൺസൂൺ ക്യാമ്പിന്റെ ഭാഗമാണ്. കൂടാതെ, ഉപഭോക്താക്കൾക്ക് അവരുടെ കാറിന് മികച്ച എക്‌സ്‌ചേഞ്ച് വിലയും കണ്ടെത്താനും ഈ സർവീസ് ക്യാമ്പിലൂടെ കഴിയുമെന്നും കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്.
മൺസൂൺ ക്യാമ്പിന് കീഴിൽ, ഹോണ്ട ഉപഭോക്താക്കൾക്ക് സൗജന്യ 32-പോയിന്റ് കാർ ചെക്കപ്പും ടോപ്പ് വാഷിംഗും ലഭിക്കും. വൈപ്പർ ബ്ലേഡ് റബർ, ടയറുകൾ, ബാറ്ററി, ഡോർ റബർ സീൽ ഉൾപ്പെടെയുള്ള പാർട്‌സുകളിൽ ആകർഷകമായ സ്കീമുകൾ ഉണ്ട്. ഇതിനു പുറമെ ഹെഡ്‌ലാമ്പ് ക്ലീനിംഗ്, ഫ്രണ്ട് വിൻഡ്‌ഷീൽഡ് ക്ലീനിംഗ്, അണ്ടർബോഡി ആന്റി റസ്റ്റ് കോട്ടിംഗ് തുടങ്ങിയ സേവനങ്ങളും ഹോണ്ടയുടെ മൺസൂൺ ക്യാമ്പ് ഉപഭോക്താക്കൾക്കായി വാഗ്ദാനം ചെയ്യുന്നു.

പരിശീലനം ലഭിച്ച പ്രൊഫഷണലുകളുടെ പിന്തുണയോടെ, ഈ സംരംഭം ആവശ്യമായ എല്ലാ പരിശോധനകളും നടത്തുകയും മൺസൂൺ സീസണിലുടനീളം സുരക്ഷിതവും തടസരഹിതവുമായ ഡ്രൈവിംഗ് അനുഭവം ഹോണ്ട കാർ ഉടമകൾക്ക് ഉറപ്പാക്കുകയും ചെയ്യുമെന്ന് കമ്പനിയുടെ മാർക്കറ്റിംഗ്, സെയിൽസ് വൈസ് പ്രസിഡന്റ് കുനാൽ ബെൽ പറഞ്ഞു. ഈ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിനായി തങ്ങളുടെ ഉപഭോക്താക്കളോട് അവരുടെ അടുത്തുള്ള ഡീലർഷിപ്പുകൾ സന്ദർശിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
മൺസൂൺ സർവീസ് ക്യാമ്പിൽ ഹോണ്ട സെൻസിംഗ് എന്ന് ബ്രാൻഡ് ചെയ്യപ്പെട്ട അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) സാങ്കേതികവിദ്യ അനുഭവിക്കാൻ ഉപഭോക്താക്കളെ അനുവദിക്കുന്നതിനുള്ള അവസരവും ഹോണ്ട ഒരുക്കിയിട്ടുണ്ട്. ഈ സുരക്ഷാ ഫീച്ചർ ലഭിക്കുന്ന ഹോണ്ട സിറ്റി ഫെയ്‌സ്‌ലിഫ്റ്റിന്റെ പെട്രോൾ, ഹൈബ്രിഡ് പതിപ്പുകൾ ടെസ്റ്റ് ഡ്രൈവ് ചെയ്യുന്നതിലൂടെ ഉപഭോക്താക്കൾക്ക് ഇത് അനുഭവിക്കാനാകും.

ഹോണ്ടയ്ക്ക് നിലവിൽ അമേസ്, സിറ്റി എന്നീ രണ്ട് കാറുകളാണ് വിൽപ്പനയ്ക്ക് എത്തുന്നത്. ഈ വർഷം തുടക്കത്തോടെ കമ്പനി ജാസ് പ്രീമിയം ഹാച്ച്ബാക്കും WR-V എന്ന ക്രോസ്ഓവർ വാഹനത്തെയും നിർത്തലാക്കിയിരുന്നു. അതേസമയം ഈ മാസം ആദ്യം പുറത്തിറക്കിയ എലിവേറ്റ് എസ്‌യുവി രാജ്യത്ത് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനിയിപ്പോൾ.
രാജ്യത്ത് ഏറ്റവും ഡിമാന്റുകള്ള മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ മത്സരിക്കുന്ന ഹോണ്ടയ്ക്ക് എലിവേറ്റ് ഒരു പുതിയ വഴിത്തിരിവാകും. ഇന്ത്യയിൽ നിന്ന് നിർമിച്ച് കയറ്റുമതി ചെയ്യുന്ന മോഡൽ ഉപയോഗിച്ച് ആഭ്യന്തര, അന്തർദേശീയ വിപണികളെ തൃപ്തിപ്പെടുത്തുകയാണ് ബ്രാൻഡിന്റെ തീരുമാനം. വാഹന വിപണിയില്‍ കടുത്ത മത്സരം നടക്കുന്ന സെഗ്മെന്റിലേക്ക് ഹോണ്ടയുടെ എല്ലാത്തരം പാരമ്പര്യവും ഉൾക്കൊള്ളിച്ചാണ് എലിവേറ്റിന് കമ്പനി രൂപംകൊടുത്തിരിക്കുന്നത്.

2017-ന് ശേഷം ഹോണ്ട ഇന്ത്യക്ക് സമ്മാനിക്കുന്ന പുതിയ കാറാണ് എലിവേറ്റ് എന്നതും വലിയൊരു കാര്യമാണ്. ഇന്ത്യന്‍ വിപണിക്കുവേണ്ടി വികസിപ്പിച്ച വാഹനത്തിന്റെ അവതരണം ഇക്കാരണത്താൽ തന്നെ പ്രത്യേകം ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. എലിവേറ്റിനായുള്ള ബുക്കിംഗ് 2023 ജൂലൈയിൽ ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. എന്നാൽ വിൽപ്പന ഉത്സവ സീസണായ ഒക്ടോബർ-നവംബർ മാസത്തോടെ മാത്രമായിരിക്കും തുടങ്ങുക.


Click it and Unblock the Notifications