പഴയ പവറിലേക്ക് ഹോണ്ട, ഞെട്ടി മാരുതി; ഒറ്റ ദിവസം 200 എലിവേറ്റിന്റെ മെഗാ ഡെലിവറിയുമായി കമ്പനി
ഇന്ത്യക്കാർക്ക് ഏറെ പ്രിയപ്പെട്ട വാഹന നിർമാതാക്കളാണ് ഹോണ്ട. സെഡാൻ മോഡലുകളിലൂടെ ജനങ്ങളെ കൈയിലെടുത്ത ജാപ്പനീസ് ബ്രാൻഡ് ഇപ്പോൾ എസ്‌യുവി ട്രെൻഡിനു പിന്നാലെയാണ്. സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾ ഇത്രയും ജനപ്രിയരാവുന്നതിനു മുമ്പേ CR-V പോലുള്ള മോഡലുകളുമായി പണിതുടങ്ങിയവരാണ് ഹോണ്ട എന്നതും നമുക്ക് മറക്കാനാവില്ല.
പിന്നീട് ഏറെക്കാലും എസ്‌യുവികളൊന്നും വേണ്ടെന്ന് വെച്ച് മുന്നോട്ടു പോവുകയായിരുന്നു കമ്പനി. എന്നാൽ ഷോറൂമുകൾ കാലിയാവാൻ തുടങ്ങിയതോടെ എന്തുകൊണ്ട് ഒരു എസ്‌യുവി അവതരിപ്പിച്ചുകൂടായെന്ന് ഹോണ്ട ചിന്തിച്ചു. അവിടെയാണ് എലിവേറ്റ് അവതാരപ്പിറവിയെടുക്കുന്നത്. അതും രാജ്യത്തെ ഏറ്റവും ഹോട്ട് സെല്ലിംഗായ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലേക്കാണ് ബ്രാൻഡ് കടന്നുവന്നത് എന്നതും ശ്രദ്ധേയമായി. അതോടെയെന്താ ഹോണ്ടയുടെ നല്ലകാലം വീണ്ടും തുടങ്ങി. ഇപ്പോൾ ഹോണ്ട ഡീലർഷിപ്പുകളിലെല്ലാം വലിയ തിരക്കാണ്.

ഇപ്പോള്‍ ഉത്സവ സീസണിനോടനുബന്ധിച്ച് മിഡ്‌സൈസ് എസ്‌യുവിയായ ഹോണ്ട എലിവേറ്റിന്റെ ഡെലിവറിയും രാജ്യത്തുടനീളം സജീവമായി. ഇപ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മെഗാഡെലിവറികളാണ് ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് സംഘടിപ്പിക്കുന്നത്. അടുത്തിടെ ഹൈദരാബാദിൽ എലിവേറ്റിന്റെ 100 യൂണിറ്റുകളുടെ വിതരണം ഒരുമിച്ച് പൂർത്തിയാക്കിയ കമ്പനി ഇപ്പോഴിതാ ചെന്നൈയിൽ ഒറ്റദിവസത്തിൽ 200 യൂണിറ്റുകളുടെ മെഗാ ഡെലിവറി പൂർത്തിയാക്കിയ വാർത്തയാണ് നിറഞ്ഞുനിൽക്കുന്നത്.
ഇന്ത്യക്കാർക്ക് എല്ലാം ഒത്തിണങ്ങിയ ഒരു മിടുക്കൻ എസ്‌യുവിയാണ് എലിവേറ്റ്. ഡീസൽ എഞ്ചിനുകളോട് ബൈ പറഞ്ഞപ്പോൾ ഹൈബ്രിഡ് ഓപ്ഷനോടെയെങ്കിലും എലിവേറ്റ് വരുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. എങ്കിലും ഇരുകൈയും നീട്ടി വാഹനത്തെ ആളുകൾ വരവേറ്റുകഴിഞ്ഞു. 10.99 ലക്ഷം മുതൽ 15.99 ലക്ഷം രൂപ വരെയുള്ള എക്സ്ഷോറൂം വിലയിലാണ് മിഡ്-സൈസ് എസ്‌യുവി വിപണനത്തിന് എത്തിയിരിക്കുന്നത്.

പ്ലാറ്റിനം വൈറ്റ് പേൾ, ലൂണാർ സിൽവർ മെറ്റാലിക്, ഒബ്സിഡിയൻ ബ്ലൂ പേൾ, റേഡിയന്റ് റെഡ് മെറ്റാലിക്, ഗോൾഡൻ ബ്രൗൺ മെറ്റാലിക്, മെറ്റിറോയിഡ് ഗ്രേ മെറ്റാലിക്, ഫീനിക്സ് ഓറഞ്ച് പേൾ എന്നീ സിംഗിൾ-ടോൺ കളർ ഓപ്ഷനുകളിൽ എലിവേറ്റ് സ്വന്തമാക്കാനാവും. അതേസമയം ടോപ്പ് എൻഡ് വേരിയന്റുകളിൽ ക്രിസ്റ്റൽ ബ്ലാക്ക് പേൾ റൂഫുള്ള ഫീനിക്സ് ഓറഞ്ച് പേൾ, പ്ലാറ്റിനം വൈറ്റ് പേൾ, റേഡിയന്റ് റെഡ് മെറ്റാലിക് എന്നീ മൂന്ന് ഡ്യുവൽ-ടോൺ ഓപ്ഷനുകളും ലഭ്യമാണ്.
SV, V, VX, ZX എന്നിങ്ങനെ നാല് വേരിയന്റുകളിൽ എസ്‌യുവി ലഭ്യമാണ്. ഡിസൈനിന്റെ കാര്യത്തിൽ വലിയ കോലാഹലങ്ങളൊന്നുമില്ലാതെ മിടുക്കനാവാനും എലിവേറ്റിനായിട്ടുണ്ട്. ഒരു ബോക്‌സി ഫ്രണ്ട് പ്രൊഫൈലും വലിയ ബ്ലാക്ക് റേഡിയേറ്റർ ഗ്രില്ലും, എൽഇഡി ഹെഡ്‌ലൈറ്റുകളും, ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎല്ലുകളും, എൽഇഡി ടെയിൽലൈറ്റുകളും, ബ്ലാക്ക് ഫോഗ് ലാമ്പ് ഹൗസിംഗും, വലിയ വീൽ ആർച്ചുകളും ഹൗസിംഗ് സ്‌പോർട്ടി 17 ഇഞ്ച് അലോയ് വീലുകളുമായാണ് വാഹനം വരുന്നത്.

വശങ്ങളിലെ ക്യാരക്ടർ ലൈനുകൾ, ബ്ലാക്ക് ക്ലാഡിംഗുകൾ എന്നിവ മോഡലിന്റെ വിഷ്വൽ അപ്പീൽ വർധിപ്പിക്കുന്നതിനും സഹായകരമായിട്ടുണ്ട്. എസ്‌യുവിക്ക് സെഗ്‌മെന്റിലെ ഏറ്റവും ഉയർന്ന 220 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും ലഭിക്കുന്നുവെന്നാണ് ഹോണ്ട അവകാശപ്പെടുന്നത്. അകത്തളം വിശാലവും എന്നാൽ ലളിതവുമാണ്. അങ്ങനെ മോഡേൺ ഫീച്ചറുകൾക്കൊപ്പം മൊത്തത്തിൽ ക്ലാസിക് ടച്ച് നൽകാൻ ബ്രാൻഡിനായെന്ന് പറയാം.
വയർലെസ് സ്മാർട്ട്ഫോൺ കണക്റ്റിവിറ്റിക്ക് അനുയോജ്യമായ 10.25 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 7 ഇഞ്ച് HD കളർ TFT ഡ്രൈവർ ഡിസ്‌പ്ലേ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കണ്‍ട്രോള്‍, പാഡില്‍ ഷിഫ്റ്ററുകള്‍, ആംബിയന്റ് ലൈറ്റിംഗ്, സിംഗിള്‍ പേന്‍ സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജര്‍, ADAS, 6 എയർബാഗുകൾ പോലുള്ള സവിശേഷതകളാണ് എസ്‌യുവിക്ക് അകമ്പടിയേകിയിരിക്കുന്നത്.

എലിവേറ്റ് എസ്‌യുവി സിംഗിൾ പെട്രോൾ എഞ്ചിൻ ഓപ്ഷനിലാണ് വിപണിയിൽ എത്തുന്നത്. സിറ്റി സെഡാനാലൂടെ പരിചിതമായ 1.5 ലിറ്റർ DOHC i-VTEC പെട്രോൾ യൂണിറ്റിന് 119 bhp കരുത്തിൽ പരമാവധി 145.1 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ അഡ്വാൻസ്ഡ് സിവിടി ഗിയർബോക്സുമായി ജോടിയാക്കിയെടുക്കാം. മാനുവൽ വേരിയന്റുകളിൽ 15.31 കിലോമീറ്റർ മൈലേജ് ലഭിക്കുമ്പോൾ സിവിടി പതിപ്പുകൾ 16.92 കിലോമീറ്റർ മൈലേജ് നൽകുമെന്ന് ഹോണ്ട പറയുന്നു.


Click it and Unblock the Notifications








