ഡീസൽ എസ്‌യുവിക്ക് പോലുമില്ല ഇത്രയും, എലിവേറ്റിന്റെ മൈലേജ് പുറത്തുവിട്ട് ഹോണ്ട
സെഡാനുകളുമായി കുറേക്കാലും ഓടിത്തിമിർത്തവരാണ് ഹോണ്ട (Honda). എസ്‌യുവികൾ (SUV) വിപണി കീഴടക്കുമ്പോഴും കാഴ്ച്ചക്കാരായി നിന്ന ജാപ്പനീസ് ബ്രാൻഡ് ഒരുപാട് നാളത്തെ കാത്തിരിപ്പുകൾക്ക് ശേഷം എതിരാളികൾക്ക് പ്രഹരമായി പുത്തനൊരു മിഡ്-സൈസ് എസ്‌യുവിയെ (Mid-size SUV) പുറത്തിറക്കുകയുണ്ടായി. എലിവേറ്റ് (Elevate) എന്നുപേരിട്ടിരിക്കുന്ന മോഡലിന്റെ വരവ് അടുത്തിരിക്കുകയാണ്.
രണ്ട് സെഡാനുകളുമായി ഇന്ത്യന്‍ നിരത്തുകളില്‍ അധികകാലം പിടിച്ചു നില്‍ക്കാനാവില്ലെന്ന് മനസിലാക്കിയതോടെയാണ് എലിവേറ്റിന് കമ്പനി രൂപംകൊടുത്തത്. ഇന്ത്യൻ വാഹന പ്രേമികൾക്കിടയിൽ പ്രത്യേക സ്ഥാനമുള്ള ബ്രാൻഡ് ഇനി ഇതിൽ പിടിച്ചുകയറാനാണ് ശ്രമിക്കുന്നത്. 2023 സെപ്റ്റംബറിൽ ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി വരാനിരിക്കുന്ന എലിവേറ്റ് എസ്‌യുവിയുടെ മൈലേജ് കണക്കുകൾ വെളിപ്പെടുത്തിയിരിക്കുകയാണ് ഹോണ്ട.

ഡീലർഷിപ്പുകളിൽ എത്താൻ തുടങ്ങുന്ന എലിവേറ്റിന്റെ ടെസ്റ്റ് ഡ്രൈവുകൾ ഓഗസ്റ്റ് പകുതിയോടെ ആരംഭിക്കും. ഇന്ത്യയിലെ ഹോണ്ടയുടെ ഏറ്റവും പ്രധാനപ്പെട്ട ഉൽപ്പന്നങ്ങളിലൊന്നാണ് എലിവേറ്റ് എന്നതിൽ തർക്കമൊന്നുമില്ല. എക്കാലത്തെയും മത്സരാധിഷ്ഠിതമായ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലെ അതികായൻമാരെ നേരിടാൻ ഒരുങ്ങുമ്പോൾ എല്ലാത്തരത്തിലും മിടുക്കനാണെന്ന് തെളിയിച്ചുകൊണ്ടാണ് എലിവേറ്റിനെ ജാപ്പനീസ് ബ്രാൻഡ് പണിതെടുത്തിരിക്കുന്നതെന്ന് പറയാതെ വയ്യ.
ഇന്ത്യയിൽ എലിവേറ്റിന് ഒരൊറ്റ എഞ്ചിൻ ഓപ്ഷൻ മാത്രമാണ് ഹോണ്ട ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. സിറ്റി സെഡാനിൽ നിന്നും കടമെടുത്ത1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ സെഗ്മെന്റിലെ ഏറ്റവും പവർഫുള്ളായ NA യൂണിറ്റാണ്. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്റ്റെപ്പ് CVT ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനോടെയെത്തുന്ന എഞ്ചിന് 121 bhp കരുത്തിൽ പരമാവധി 145 Nm torque വരെ ഉത്പാദിപ്പിക്കാനാവും.

ഹോണ്ട എലിവേറ്റിൽ പെട്രോൾ-ഹൈബ്രിഡ് പവർട്രെയിൻ നൽകില്ലെന്ന് ആദ്യമേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ എലിവേറ്റിനെ അടിസ്ഥാനമാക്കി ഒരു ബാറ്ററി ഇലക്ട്രിക് വാഹനം പുറത്തിറക്കുമെന്നാണ് ഹോണ്ട ഉറപ്പു നൽകിയിട്ടുണ്ട്. ഇനി മൈലേജ് കണക്കുകളിലേക്ക് വന്നാൽ എലിവേറ്റ് എസ്‌യുവിയുടെ മാനുവൽ ഗിയർബോക്‌സ് വേരിയന്റുകൾക്ക് ലിറ്ററിന് 15.31 കിലോമീറ്റർ മൈലേജ് നൽകാനാവും. അതേസമയം സിവിടി ഓട്ടോമാറ്റിക്കിന് 16.92 കിലോമീറ്റർ മൈലേജുമാണ് ഹോണ്ട അവകാശപ്പെടുന്നത്.
40 ലിറ്റർ ശേഷിയോടെ ഫുൾ ടാങ്കിൽ എലിവേറ്റ് മാനുവലിന് 612 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും. മറുവശത്ത് ഓട്ടോമാറ്റിക് പതിപ്പിന് 679 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും. അതായത് ഒരു ഡീസൽ എസ്‌യുവിയിൽ ലഭ്യമാകുന്നതിന് സമാനമായ ഇന്ധനക്ഷമത കണക്കുകളാണ് ഹോണ്ടയുടെ ഈ സ്പോർട് യൂട്ടിലിറ്റി വാഹനം മുന്നോട്ടുവെക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്. SV, V, VX, ZX എന്നീ നാല് വകഭേദങ്ങളിൽ എലവേറ്റ് ലഭ്യമാണ്.

എൻട്രി ലെവൽ SV പതിപ്പിൽ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 16 ഇഞ്ച് സ്റ്റീൽ വീലുകൾ, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ എന്നീ ഫീച്ചറുകൾ വരെ കമ്പനി ഒരുക്കിയിട്ടുണ്ട്. അതേസമയം ടോപ്പ് എൻഡ് വേരിയന്റ് അത്യാധുനിക ഫീച്ചറുകളാൽ സമ്പന്നമാണ്. ഇതിൽ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ആറ് എയർബാഗുകൾ, ഹോണ്ട സെൻസിംഗ് ADAS സ്യൂട്ട്, എട്ട് സ്പീക്കറുകൾ, ലെതറെറ്റ് ബ്രൗൺ അപ്‌ഹോൾസ്റ്ററി, സോഫ്റ്റ്-ടച്ച് ഡാഷ്‌ബോർഡ് സംവിധാനങ്ങളാണ് നൽകുന്നത്.
ഇതുകൂടാതെ ഓട്ടോ-ഡിമ്മിംഗ് ഇന്റീരിയർ ഡേ/നൈറ്റ് മിറർ എന്നിവ ടോപ്പ്-സ്പെക്ക് എലിവേറ്റ് ZX-ന് ലഭിക്കുന്നു. ചില ഡ്യുവൽ-ടോൺ എക്സ്റ്റീരിയർ പെയിന്റ് ഷേഡ് ഓപ്ഷനുകൾ, ടോപ്പ് ട്രിമ്മിൽ മാത്രം ഒരു സവിശേഷമായ ഫീനിക്സ് ഓറഞ്ച് എക്സ്റ്റീരിയർ കളർ ഓപ്ഷൻ സ്റ്റാൻഡേർഡായും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. മൊത്തത്തിൽ 4,312 mm നീളവും 1,790 mm വീതിയും 1,650 mm ഉയരവും 2,650 mm വീൽബേസുള്ള എലിവേറ്റിന് ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് എന്നിവയ്ക്ക് സമാനമായ വലിപ്പമുണ്ട്.

സെഗ്‌മെന്റ് ലീഡിംഗ് 220 mm ഗ്രൗണ്ട് ക്ലിയറൻസാണ് ഹോണ്ട എടുത്തുകാണിക്കുന്ന മറ്റൊരു ഹൈലൈറ്റ്. ഇനി വിലയുടെ കാര്യത്തിലേക്ക് വന്നാൽ ഏകദേശം 11 ലക്ഷം രൂപയാണ് എലിവേറ്റിന് പ്രതീക്ഷിക്കുന്ന പ്രാരംഭ എക്സ്ഷോറൂം വില. അതേസമയം ടോപ്പ് എൻഡ് വേരിയന്റുകൾക്ക് ഏകദേശം 19 ലക്ഷം രൂപ വരെയും പ്രതീക്ഷിക്കാം. പുതിയ മിഡ്-സൈസ് എസ്‌യുവിയുടെ വരവോടെ സിറ്റി സെഡാന്റെ വിൽപ്പന ഇടിയുമോ എന്നതാണ് അടുത്തതായി നോക്കി കാണേണ്ടത്.


Click it and Unblock the Notifications








