ഹൈ സ്‌പീഡിലും കുലുങ്ങില്ല, ഹോണ്ട എലിവേറ്റ് എസ്‌യുവി ഡിസൈൻ ചെയ്‌തത് ദേ ഇങ്ങനെ
2017 മുതൽ ഇന്ത്യക്കായി പുതിയൊരു വണ്ടിയെ സമ്മാനിക്കാൻ ആവാതിരുന്നവരാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട. വിപണിയിലെ ട്രെൻഡ് മാറിമറിഞ്ഞൊരു കാലം കൂടിയായിരുന്നു ഇക്കഴിഞ്ഞ ആറ് വർഷങ്ങൾ. എല്ലാ മാറ്റങ്ങളും ഗ്യാലറിയിലിരുന്ന് കണ്ടവരായിരുന്നു ഹോണ്ട. ഇനിയും ഗ്യാലറിയിലിരുന്നാൽ പണിപാളുമെന്ന് മനസിലായതോടെ ആവനാഴിയിൽ പുതിയൊരു അസ്ത്രം പണിതെടുത്ത് കമ്പനി പുറത്തിറക്കി.
അടുത്തിടെ വിപണിയിലെത്തിയ എലിവേറ്റ് എന്ന മിഡ്-സൈസ് എസ്‌യുവിയുടെ കാര്യം തന്നെയാണീ പറഞ്ഞുവരുന്നത്. ഹ്യുണ്ടായി ക്രെറ്റയും കിയ സെൽറ്റോസും മാരുതി ഗ്രാൻഡ് വിറ്റാരയുമെല്ലാം അരങ്ങുവാഴുന്ന രംഗത്തേക്കാണ് പുത്തൻ എസ്‌യുവിയുമായി ഹോണ്ട വരുന്നത്. നിലവിൽ അമേസ്, സിറ്റി സെഡാനുകൾ മാത്രമാണ് ഹോണ്ട ഇന്ത്യയിൽ വിൽക്കുന്നത്. സെഡാനുകളുടെ കാലം അവസാനിക്കാറായെന്ന സൂചനയാണ് സ്പോർട്ട് യൂട്ടിലിറ്റി വാഹനങ്ങളിലേക്ക് തന്ത്രം മാറ്റാൻ ഹോണ്ടയും തയാറായത്.

ഒരു എസ്‌യുവി ഇല്ലാത്തതിനാൽ 2023 മെയ് മാസത്തെ വിൽപ്പന കണക്കുകളിൽ ഹോണ്ട എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്‌തു. ഏറെ മുന്നിലുള്ള മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ മോട്ടോർസ്, മഹീന്ദ്ര, കിയ, എംജി എന്നിവയ്ക്ക് ശക്തമായ എസ്‌യുവി പോർട്ട്‌ഫോളിയോയുണ്ട്. ഇവിടെയാണ് ഹോണ്ടയുടെ ദൌർബല്യവും. എന്തായാലും എലിവേറ്റിലൂടെ നഷ്‌ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ കമ്പനി ആരംഭിച്ചുവെന്നുള്ളത് ശുഭസൂചനയാണ്.
ഇന്ത്യയിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചതോടെ എതിരാളികളുടെ നെഞ്ചിടിക്കാനും തുടങ്ങിയിട്ടുണ്ട്. ഈ വർഷം അവസാനം വരാനിരിക്കുന്ന ഉത്സവ സീസണിൽ എലിവേറ്റിന്റെ ലോഞ്ചും വിൽപ്പനയും ആരംഭിക്കാനിരിക്കുകയാണ് ഹോണ്ട. ഇതിനു മുന്നോടിയായി വാഹനത്തെ കൂടുതൽ ആളുകളിലേക്ക് അടുപ്പിക്കുന്നതിന്റെ ഭാഗമായി പുതിയൊരു ടെലിവിഷൻ പരസ്യ വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് ഹോണ്ട.

തായ്‌ലൻഡിലെ ഹോണ്ടയുടെ റിസേർച്ച് ആൻഡ് ഡെവലെപ്മെന്റ് ഏഷ്യാ പസഫിക്കിൽ എസ്‌യുവി എങ്ങനെയാണ് ഡിസൈൻ ചെയ്‌ത് വികസിപ്പിച്ചതെന്നാണ് വീഡിയോയിൽ കാണിക്കുന്നത്. സൗകര്യത്തിനും സാങ്കേതികവിദ്യയ്ക്കുമൊപ്പം സ്റ്റാറ്റസും ലൈഫ്സ്റ്റൈലും വിലമതിക്കുന്ന ചെറുപ്പക്കാരായ ഉപഭോക്താക്കളെ ആകർഷിക്കുന്ന തരത്തിലാണ് എലിവേറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. ഭാരം കുറഞ്ഞതും എന്നാൽ സ്ഥിരതയുള്ളതുമായ ഘടനയ്ക്കായി ഉയർന്ന ടെൻസൈൽ സ്റ്റീലാണ് ഉപയോഗിച്ചിരിക്കുന്നത്
കൂടാതെ ഹോണ്ടയുടെ ഗ്ലോബൽ സ്മോൾ കാർ പ്ലാറ്റ്‌ഫോമിലാണ് എസ്‌യുവിയുടെ നിർമാണം പൂർത്തിയാക്കുന്നത്. അതായത് ഉയർന്ന വേഗതയിൽ പോലും ബോഡി സ്റ്റൈബിലിറ്റിയും, സേഫ്റ്റിയും, ഹാൻഡിലിംഗിലുമെല്ലാം അത്യുഗ്രനായിരിക്കുമെന്ന് സാരം. ഡിസൈനിലേക്ക് നോക്കിയാലും അതിഭീകര ലുക്കൊന്നും എലിവേറ്റിന് അവകാശപ്പെടാനില്ല. വളരെ ലളിതമായ രൂപകൽപ്പനയാണെങ്കിലും റോഡ് പ്രെസൻസിലൊന്നും ഒരു കുറവുമില്ലെന്നു വേണം പറയാൻ.

പുതിയ എലിവേറ്റിന് മുന്നിൽ വലിയ ഹോണ്ട ലോഗോ, സ്ലീക്ക് എൽഇഡി ഹെഡ്‌ലാമ്പുകൾ, ഫോഗ് ലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകൾ എന്നിവയെല്ലാമാണ് കണ്ണിന് കുളിർമയേകുന്നത്. . കട്ടിയുള്ള പ്ലാസ്റ്റിക് ക്ലാഡിംഗ് ഉള്ള ഫ്ലേർഡ് വീൽ ആർച്ചുകൾ, റേക്ക് ചെയ്ത വിൻഡോകൾ, മുന്നിലും പിന്നിലും സ്കിഡ് പ്ലേറ്റുകൾ, ഷാർക്ക് ഫിൻ ആന്റിന, റൂഫ് റെയിലുകൾ, റിയർ സ്‌പോയിലർ, സിംഗിൾ പാൻ സൺറൂഫ് എന്നിവയും ഹോണ്ടയുടെ രൂപത്തിന് അഴകേകുന്നുണ്ട്.
ഇന്റീരിയറിലേക്ക് നോക്കിയാൽ ബ്ലാക്ക്, ബ്രൌൺ നിറങ്ങളിലുള്ള ക്യാബിൻ വിശാലവും ഡ്രൈവർക്കും യാത്രക്കാർക്കുമുള്ള സൗകര്യങ്ങളാൽ നിറഞ്ഞതാണ്. വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കൊപ്പം വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോളുകളും ഫീച്ചറുകളിൽ ഉൾപ്പെടുന്നു. പ്രീമിയം ഫാബ്രിക് കൊണ്ടുള്ള സ്‌പോർട്ടി സീറ്റുകൾ, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, ഗിയർ നോബുകൾ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോൾ എന്നിവയും ഇതിലുണ്ട്.

ആംബിയന്റ് ലൈറ്റിംഗ്, വയർലെസ് ചാർജിംഗ്, വെന്റിലേറ്റഡ് സീറ്റിംഗ് എന്നിവയും അതിന്റെ ഇന്റീരിയർ കൂടുതൽ പ്രീമിയമാക്കുന്നു. സേഫ്റ്റിയുടെ കാര്യത്തിലും സെഗ്മെന്റിലെ പല മോഡലുകളെയും നാണിപ്പിക്കും വിധമാണ് എലിവേറ്റ് പണികഴിപ്പിച്ചിരിക്കുന്നത്. 6 എയർബാഗുകൾ, ABS, EBD, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ എന്നിവയെല്ലാം എലിവേറ്റിന്റെ സുരക്ഷാ ഉപകരണങ്ങളിൽ ഉൾപ്പെടും.
ഇതുകൂടാതെ ആധുനികത കൈവരിക്കുന്ന ADAS സേഫ്റ്റി ഫീച്ചറും ഹോണ്ട എലിവേറ്റിന്റെ ഭാഗമാവും. കൊളിഷൻ മിറ്റിഗേഷൻ ബ്രേക്കിംഗ് സിസ്റ്റം, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, റോഡ് ഡിപ്പാർച്ചർ വാർണിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് ഹൈ ബീം അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകൾ ഉൾപ്പെടുന്ന ക്യാമറ അധിഷ്ഠിത സെൻസിംഗ് എന്നിവയെല്ലാമാണ് വാഹനത്തിന്റെ അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റത്തിൽ ഒരുക്കിയിരിക്കുന്നത്.
ഒരൊറ്റ എഞ്ചിൻ ഓപ്ഷൻ മാത്രമാണുള്ളത് എന്നത് ഒരു പണിയാവാൻ സാധ്യതയുണ്ട്. എങ്കിലും വളരെ കാര്യക്ഷമമായ ഈ എഞ്ചിൻ ധാരാളമായിരിക്കും. പെർഫോമൻസിന്റെയും ഇന്ധനക്ഷമതയും ഒരേപോലെ കോർത്തിണക്കിയിരിക്കുന്ന 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഹോണ്ട എസ്‌യുവിയുടെ ഹൃദയം. ഇത് 121 bhp പവറിൽ പരമാവധി 145 Nm torque വരെ നൽകാൻ പ്രാപ്‌തമാണ്. ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം.


Click it and Unblock the Notifications