ക്രെറ്റയും ഗ്രാൻഡ് വിറ്റാരയും പെട്ട്, വിലയിൽ ഞെട്ടിച്ച് ഹോണ്ട എലിവേറ്റിന്റെ വരവ്; 11 ലക്ഷം മുതൽ വാങ്ങാം
ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സ്കോഡ കുഷാഖ് പോലുള്ള കിടിലൻ എസ്‌യുവികൾ വാഴുന്ന കോട്ടയിലേക്ക് ഓടിക്കയറാൻ എത്തിക്കഴിഞ്ഞിരിക്കുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട. ഇതുവരെ എന്തേ സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളൊന്നും കൊണ്ടുവരാത്തത് എന്ന ചോദ്യത്തിന് മറുപടി നൽകികൊണ്ട് ജൂൺ മാസത്തിലാണ് ഹോണ്ട തങ്ങളുടെ എലിവേറ്റ് എന്ന എമ്പുരാനെ കളത്തിൽ അവതരിപ്പിക്കുന്നത്.
വമ്പൻമാർ വാഴുന്ന അങ്ങേയറ്റം തിരക്കുള്ള സെഗ്മെന്റിൽ അരങ്ങുവാഴാൻ എത്തുമ്പോൾ എല്ലാത്തരം കഴിവുകളും ഉണ്ടെന്ന് ഉറപ്പുവരുത്തിക്കൊണ്ടാണ് എലിവേറ്റ് വന്നിരിക്കുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വില പ്രഖ്യാപനവും നടത്തി ഹ്യുണ്ടായിയേയും മാരുതിയെയും എല്ലാം വിറപ്പിച്ചിരിക്കുകയാണ് ഹോണ്ടയിപ്പോൾ. ജാപ്പനീസ് ബ്രാൻഡിന്റെ പുതിയ എസ്‌യുവി വാങ്ങാൻ ഇന്ത്യയിൽ മുടക്കേണ്ടി വരുന്നത് 11 ലക്ഷം രൂപയാണ്. എലിവേറ്റിന്റെ ടോപ്പ് എൻഡ് വേരിയന്റുകൾക്ക് 16 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും.

വേരിയന്റ് തിരിച്ചുള്ള വിലയിലേക്ക് നോക്കിയാൽ എലിവേറ്റ് SV പതിപ്പിന് 11 ലക്ഷം രൂപയും V മാനുവലിന് 12.11 ലക്ഷവും VX മാനുവലിന് 13.50 ലക്ഷവും ZX മാനുവലിന് 14.90 ലക്ഷവുമാണ് എക്സ്ഷോറൂം വില വരുന്നത്. ഇനി ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് വന്നാൽ V ഓട്ടോമാറ്റിക്കിന് 13.21 ലക്ഷവും VX ഓട്ടോയ്ക്ക് 14.60 ലക്ഷം രൂപയും ZX ഓട്ടോമാറ്റിക്കിന് 16 ലക്ഷവുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.
ഹോണ്ടയുടെ പുതിയ മിഡ്-സൈസ് എസ്‌യുവിക്ക് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളുള്ള 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ മാത്രമേ ലഭിക്കൂ. സിറ്റി സെഡാനിൽ കാണുന്ന അതേ നാച്ചുറലി ആസ്പിറേറ്റഡ് 4-സിലിണ്ടർ ഹൃദയത്തിന് 119 bhp കരുത്തിൽ പരമാവധി 145 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 6-സ്പീഡ് മാനുവൽ, അല്ലെങ്കിൽ 7-സ്റ്റെപ്പ് സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

ഭാവിയിൽ എലിവേറ്റിന്റെ ഇലക്ട്രിക് പതിപ്പ് ഉണ്ടാകുമെന്ന് ഹോണ്ട വെളിപ്പെടുത്തിയിട്ടുണ്ട്. മിഡ്-സൈസ് എസ്‌യുവിക്കായുള്ള ഡെലിവറി ഉടൻ ആരംഭിക്കും. ഹോണ്ടയുടെ ഗ്ലോബൽ സ്മോൾ കാർ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി നിർമിച്ചിരിക്കുന്നതിനാൽ സ്പേസിന്റെ കാര്യത്തിലെല്ലാം ആള് സമ്പന്നനാണ്. 4,312 mm നീളവും 1,790 mm വീതിയും 1,650 mm ഉയരവും 2,650 mm വീൽബേസും 220 mm ഗ്രൗണ്ട് ക്ലിയറൻസും 458 ലിറ്റർ ബൂട്ട് സ്പേസുമാണ് പുതിയ എലിവേറ്റിൽ കമ്പനി വാഗ്ദാനം ചെയ്യുന്നത്.
മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ എലിവേറ്റിന് ഏറ്റവും മികച്ച ഗ്രൗണ്ട് ക്ലിയറൻസ് ഉണ്ട്. എതിരാളികളുമായി മാറ്റുരയ്ക്കുമ്പോൾ വീൽബേസും ബൂട്ട് സ്പേസും കൂടുതൽ പ്രാക്‌റ്റിക്കാലിറ്റി നൽകുന്ന കാര്യമാണ്. ഇന്റീരിയറും ലോകോത്തര നിലവാരത്തിൽ തന്നെയാണ് ഹോണ്ട ഒരുക്കിയിട്ടുള്ളത്. പ്രീമിയം എസ്‌യുവിക്കു ചേർന്ന അകത്തളത്തിൽ ലക്സ് ബ്രൗൺ നിറമുള്ള ലെതർ, ബ്ലാക്ക്, ക്രോമിയം എന്നിവയുടെ ഉപയോഗവും കാണാം.

വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്‌ക്കൊപ്പം 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീനും 7 ഇഞ്ച് സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 8 സ്പീക്കറുള്ള പ്രീമിയം ഓഡിയോ സിസ്റ്റം, സൺറൂഫ്, വയര്‍ലെസ് ചാർജർ, ഹോണ്ട കണക്ട്, റിമോട്ട് എഞ്ചിൻ എസി സ്റ്റാർട്ട്, മള്‍ട്ടി ആംഗിൾ ക്യാമറ, ഓട്ടോ വൈപ്പർ പോലുള്ള ഫാൻസി ഫീച്ചറുകളെല്ലാം നൽകികൊണ്ടാണ് പുതിയ ഹോണ്ട എലിവേറ്റ് എസ്‌യുവി കളത്തിലേക്ക് ഇറങ്ങിയിരിക്കുന്നത്.
കൊളിഷൻ മിറ്റിഗേഷൻ ബ്രേക്കിംഗ് സിസ്റ്റം, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പ് അസിസ്റ്റ്, റോഡ് ഡിപ്പാർച്ചർ വാർണിംഗ്, ഓട്ടോമാറ്റിക് ഹൈ ബീം അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകളുള്ള ADAS സ്യൂട്ടും ഹോണ്ട എലിവേറ്റിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. മിഡ്-സൈസ് എസ്‌യുവി സെഗ്‌മെന്റിൽ എംജി ആസ്റ്ററിനും കിയ സെൽറ്റോസിനും മാത്രമേ ഇപ്പോൾ ഈ അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റം ലഭിക്കൂ.

ഇനി ഡിസൈനിലേക്ക് വന്നാൽ അധികം അലങ്കോലങ്ങൾ ഒന്നുമില്ലാത്ത ക്ലാസി രൂപമാണ് വണ്ടിക്കുള്ളത്. മുൻവശത്ത് ഒരു വലിയ ഗ്രില്ലിൽ ഹോണ്ട ലോഗോ ചേർത്തിരിക്കുന്നതു കാണാം. കനം കുറഞ്ഞ എൽഇഡി ഹെഡ്‌ലൈറ്റുകളാണ് ഈ ഗ്രില്ലിന് ഇരുവശത്തുമായി കാണാനാവുന്നത്. മുകളിൽ പ്രവർത്തിക്കുന്ന കട്ടിയുള്ള ക്രോം ബാറാണ് ഹെഡ്‌ലൈറ്റുകളെ ബന്ധിപ്പിച്ചിരിക്കുന്നത്. ഇടത്തരം വലിപ്പമുള്ള എസ്‌യുവിക്ക് ബോക്‌സി രൂപകൽപനയുണ്ട്. ഫെയ്‌സ്‌ലിഫ്റ്റ് സിറ്റി സെഡാനിലെ 16 ഇഞ്ച് അലോയ് വീലുകൾക്ക് സമാനമായ ഡിസൈനാണ് എലിവേറ്റിന്റെ 17 ഇഞ്ച് അലോയ് വീലുകൾക്കുള്ളത്.
ഇനി പിന്നിലേക്ക് വന്നാൽ, എലിവേറ്റിന് വലിയ വിൻഡ്‌ഷീൽഡും ടെയിൽ ലൈറ്റുകളും ലഭിക്കുന്നുണ്ട്. അത് ലൈറ്റ് ബാർ പോലെ തോന്നിക്കുന്ന ഒരു ബാറിലൂടെ ബന്ധിപ്പിച്ചിരിക്കുന്നത് പ്രീമിയം ഫീലാണ് നൽകുന്നത്. പക്ഷേ ഇവ പ്രകാശിക്കില്ലെന്നത് ഓർത്തോണം. നമ്പർ പ്ലേറ്റ് ഹൗസിംഗിനും ഒരു ഫോക്സ് സ്കിഡ് പ്ലേറ്റിനും ടെയിൽഗേറ്റിൽ വലിയ ഇൻഡന്റേഷനാണ് ഒരുക്കിയിട്ടുള്ളത്. എന്തായാലും ഡെലിവറി ആരംഭിക്കുന്നതോടെ എലിവേറ്റിന് ഇന്ത്യയിൽ പിടിച്ചു നിൽക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








