മൈലേജും കംഫർട്ടും മെയിൻ, പിറവിയെടുത്ത് ക്രെറ്റയുടെ അന്തകൻ 'ഹോണ്ട എലിവേറ്റ്'
ഇന്ത്യയിൽ എന്താ ഇന്ദുചൂടന്റെ ഫ്യൂചർ പ്ലാൻ എന്നു ചോദിച്ചവരുടെ മുന്നിലേക്ക് ഒരു തുറന്ന പുസ്‌തകം വെച്ചുനീട്ടിയിരിക്കുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട. പുസ്‌തകത്തിന്റെ സിലബസ് മാറ്റിയാണ് ഭാവി പരിപാടികൾ ഹോണ്ട തയാറാക്കിയിരിക്കുന്നത്. പ്രധാന ഭാഗങ്ങളായ സിറ്റിയും അമേസുമെല്ലാം പാഠഭാഗത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെങ്കിലും കാലഹരണപ്പെട്ട WR-V, ജാസ് പോലുള്ള ഭാഗങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.
സിലബസിലെ ഏറ്റവും വലിയ പുതുമയും പ്രധാന ഭാഗവും ഒരു എസ്‌യുവിയാണ്. അതും ഏറെക്കാലമായി കാത്തിരുന്ന മിഡ്-സൈസ് സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തെ മുൻനിർത്തിയാവും ഇനി ഹോണ്ടയുടെ പ്രധാന നീക്കങ്ങൾ. ഇതിനോടകം ഏവരും കേട്ടറിഞ്ഞ എലിവേറ്റ് എന്ന മോഡലിന്റെ ആഗോള അവതരണം ഇന്ത്യയിൽ പൂർത്തിയാക്കിയിരിക്കുകയാണ് കമ്പനി. വാഹന വിപണിയില്‍ കടുത്ത മത്സരം നടക്കുന്ന സെഗ്മെന്റിലേക്ക് ഹോണ്ടയുടെ എല്ലാത്തരം പാരമ്പര്യവും ഉൾക്കൊള്ളിച്ചാണ് എലിവേറ്റിന് കമ്പനി രൂപംകൊടുത്തിരിക്കുന്നത്.

ഇന്ത്യയിലെ പ്രധാന ബ്രാൻഡുകളെല്ലാം സാന്നിധ്യമറിയിച്ചിട്ടുള്ള മിഡ്-സൈസ് എസ്‌യുവി സെഗ്മെൻ്റിലേക്ക് ഹോണ്ടയും ചുവടുവെക്കുമ്പോൾ നെഞ്ചിടിക്കുന്നത് ഹ്യുണ്ടായി ക്രെറ്റക്കും കിയ സെൽറ്റോസിനും മാരുതി ഗ്രാൻഡ് വിറ്റാരക്കുമെല്ലാമാണ്. എലിവേറ്റ് എസ്‍യുവിയിലൂടെ വിപണി കൈയടക്കാൻ ഹോണ്ടക്കാവുമെന്ന് ഇതിനോടകം തന്നെ പലരും വിലയിരുത്തിക്കഴിഞ്ഞു. 2017-ന് ശേഷം ഹോണ്ട ഇന്ത്യക്ക് സമ്മാനിക്കുന്ന പുതിയ കാറാണ് എലിവേറ്റ്. ഇന്ത്യന്‍ വിപണിക്കുവേണ്ടി വികസിപ്പിച്ച വാഹനത്തിന്റെ അവതരണം ഇക്കാരണത്താൽ തന്നെ പ്രത്യേകം പ്രാധാന്യമർഹിക്കുന്നുണ്ട്.
എലിവേറ്റിനായുള്ള ബുക്കിംഗ് 2023 ജൂലൈയിൽ ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അതിനുശേഷം ഈ വർഷത്തെ ഉത്സവ സീണണോടെ വില പ്രഖ്യാപനവും നടക്കും. ഡിസൈനിലേക്ക് നോക്കിയാൽ വിദേശത്ത് വിൽക്കുന്ന ഏറ്റവും പുതിയ ഹോണ്ട എസ്‌യുവികളായ HR-V, ZR-V, CR-V എന്നിവയോട് സാമ്യമുള്ള രിതിയിലാണ് എലിവേറ്റ് പണികഴിപ്പിച്ചിരിക്കുന്നത്. കാഴ്ച്ചയിൽ അമ്പരപ്പിക്കുന്ന സ്റ്റൈലിംഗ് വിശദാംശങ്ങളൊന്നുമില്ലെങ്കിലും ജാപ്പനീസ് വശ്യസൌന്ദ്രര്യം എലിവേറ്റിനെ വേറിട്ടുനിർത്തുന്നുണ്ട്.

മെഷ് ഇൻസേർട്ടും കട്ടിയുള്ള ക്രോം സ്ലേറ്റും ഉള്ള പരിചിതമായ ഗ്രിൽ, ഒരു മിനുസമാർന്ന എയർ ഡാം, എൽഇഡി ഡിആർഎല്ലുകൾ, എൽഇഡി ഹെഡ്‌ലാമ്പുകൾ, ഫോക്സ് സ്കിഡ് പ്ലേറ്റുകൾ എന്നിവയാണ് മുൻവശത്തെ പൂരകമാക്കുന്നത്. ബ്ലാക്ക് ഫിനിഷുള്ള മൾട്ടി സ്‌പോക്ക് അലോയ് വീലുകൾ വശക്കാഴ്ച്ചയിൽ പ്രാധാന്യമർഹിക്കുന്നുണ്ട്. അതേസമയം ഷാർക്ക് ഫിൻ ആന്റിന, ടു പീസ് എൽഇഡി ടെയിൽലാമ്പുകൾ, റിയർ ബമ്പർ മൗണ്ടഡ് റിഫ്‌ളക്ടറുകൾ, റിയർ വൈപ്പർ, വാഷർ, ടെയിൽഗേറ്റ് മൗണ്ടഡ് നമ്പർ പേറ്റ് ഹോൾഡർ എന്നിവയുമായാണ് എലിവേറ്റ് വരുന്നത്.
എലിവേറ്റിന് മൊത്തത്തിൽ 4,312 മില്ലീമീറ്റർ നീളവും 1,650 മില്ലീമീറ്റർ ഉയരവും 2,650 മില്ലീമീറ്റർ വീൽബേസുമാണുള്ളത്. ഇത് പ്രധാന എതിരാളിയായ ഹ്യുണ്ടായി ക്രെറ്റയ്ക്ക് സമാനമാണ്. 458 ലിറ്ററിന്റെ ബൂട്ട് സ്പേസ് ആണ് ഹോണ്ട തങ്ങളുടെ പുത്തൻ എസ്‌യുവിയിൽ ഒരുക്കിയിട്ടുള്ളത്. 220 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ് ക്രെറ്റയേക്കാൾ കൂടുതലാണെന്നും കമ്പനി അവകാശപ്പെടുന്നു.

ഇന്റീരിയറിൽ പ്രീമിയം ഫീൽ നൽകുന്ന രീതിയിലാണ് ഹോണ്ട എലിവേറ്റ് വിപണിയിലേക്ക് എത്തുന്നത്. ഡാഷ്‌ബോർഡിന്റെ മധ്യത്തിലായി ഇടംപിടിച്ചിരിക്കുന്ന ഫ്രീ-സ്റ്റാൻഡിംഗ് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീനാണ് അകത്തളത്തെ പ്രധാന ഹൈലൈറ്റ്. വയർലെസ് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 7 ഇഞ്ച് സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ഫോൺ ചാർജ്, കണക്‌റ്റഡ് കാർ സാങ്കേതികവിദ്യ പോലുള്ള എല്ലാത്തരം ടെക്കുകളും മോഡലിനുണ്ട്.
എലിവേറ്റിന് ഹോണ്ട സെൻസിംഗ് എന്ന് വിളിക്കപ്പെടുന്ന അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റവും (ADAS) ലഭിക്കുന്നുണ്ട്. ഇതിൽ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ ഡിപ്പാർച്ചർ മുന്നറിയിപ്പ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, കൂട്ടിയിടി ലഘൂകരണ ബ്രേക്കിംഗ് സിസ്റ്റം, റോഡ് ഡിപ്പാർച്ചർ മുന്നറിയിപ്പ്, ഓട്ടോമാറ്റിക് ഹൈ ബീം അസിസ്റ്റ് തുടങ്ങിയ നൂതന സുരക്ഷാ ഫീച്ചറുകളാണ് ജാപ്പനീസ് ബ്രാൻഡ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എംജി ആസ്റ്റർ, വരാനിരിക്കുന്ന സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിനും ഡ്രൈവർ അസിസ്റ്റൻസ് ടെക്‌നോളജി ലഭിക്കും.

ജാപ്പനീസ് ബ്രാൻഡിന്റെ ഗ്ലോബൽ സ്മോൾ കാർ പ്ലാറ്റ്‌ഫോമിലാണ് ഹോണ്ട എലിവേറ്റ് നിർമിച്ചിരിക്കുന്നത്. അതായത് സിറ്റി സെഡാന്റെ അതേ പ്ലാറ്റ്ഫോമാണിതെന്ന് സാരം. തുടക്ക കാലത്ത് 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ ഓപ്ഷനുമായി മാത്രമായിരിക്കും ഈ മിഡ്-സൈസ് എസ്‌യുവി വാങ്ങാനാവുക. ഹൈബ്രിഡ് എഞ്ചിൻ പിന്നീട് അവതരിപ്പിക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ എലിവേറ്റിന് ഇലക്ട്രിക് പവർ ട്രെയിൻ ലഭിക്കുമെന്ന് ഹോണ്ടയും സ്ഥിരീകരിച്ചിട്ടുണ്ട്.
1.5 ലിറ്റർ പെട്രോൾ 121 bhp പവറിൽ 145 Nm torque ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ, നാല് സിലിണ്ടർ പെട്രോൾ എഞ്ചിൻ തന്നെയാണ് എലിവേറ്റിനും ലഭിക്കുന്നത്. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ ഒരു സിവിടി ഓട്ടോമാറ്റിക് വഴിയാണ് ട്രാൻസ്‌മിഷൻ ഒരുക്കിയിരിക്കുന്നത്. മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റിലേക്ക് എലിവേറ്റ് എത്തുമ്പോൾ ക്രെറ്റ, സെൽറ്റോസ്, ടൈഗൂൺ, കുഷാഖ്, ഗ്രാൻഡ് വിറ്റാര, അർബൻ ക്രൂയിസർ ഹൈറൈഡർ, എംജി ആസ്റ്റർ, സിട്രൺ C3 എയർക്രോസ് എന്നിവയ്‌ക്ക് എതിരാളിയാകും.


Click it and Unblock the Notifications








