ഒരുപാട് പ്രതീക്ഷകളുണ്ട്, പക്ഷേ ഇക്കാര്യത്തിൽ ഹോണ്ട എലിവേറ്റ് പിശുക്കൻ തന്നെ!
ഏറെ നാളത്തെ പ്രതീക്ഷകൾക്കും കാത്തിരിപ്പുകൾക്കുമൊടുവിൽ ഇന്ത്യയിൽ പുതിയ എസ്‌യുവി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ജനപ്രിയരായ ഹോണ്ട (Honda). ഇതുവരെ സെഡാൻ മോഡലുകളുടെ ബലത്തിൽ രാജ്യത്ത് ഓടിക്കൊണ്ടിരുന്ന ജാപ്പനീസ് ബ്രാൻഡിന്റെ മൈലേജ് പതിയെ കുറഞ്ഞുവരുന്ന സമയത്താണ് സ്പോർട്ട് യൂട്ടിലിറ്റി വാഹനത്തിലൂടെ വീണ്ടും മുൻനിരയിലേക്ക് ഓടിക്കയറാൻ ഹോണ്ട തയാറെടുക്കുന്നത്.
വിരുന്നുകാരായെത്തിയ കിയയും എംജിയുമെല്ലാം എസ്‌യുവി മോഡലുകളിലൂടെ രാജ്യം വെട്ടിപ്പിടിച്ച് മുന്നേറുമ്പോൾ ഏറെ പിന്നിൽവീണുപോയവരാണ് ഹോണ്ട. പണ്ടത്തെ പ്രതാപമൊക്കെ ഇപ്പോഴും ഉണ്ടെങ്കിലും എസ്‌യുവി മോഡലുകൾ നിരയിലില്ലാത്തത് കമ്പനിയെ സംബന്ധിച്ച് തീരാനഷ്‌ടമായിരുന്നു. പണ്ട് CR-V, BR-V പോലുള്ള തട്ടുപൊളിപ്പൻ സ്പോർട്ട് യൂട്ടിലിറ്റി വാഹനങ്ങളെല്ലാം പുറത്തിറക്കിയിരുന്ന ബ്രാൻഡായിരുന്നു ഹോണ്ട എന്നതുകൂടിയോർക്കുമ്പോൾ നിരാശരാവുന്നത് വണ്ടിപ്രേമികൾ തന്നെയാണ്. ഒടുവിൽ ഒരു എസ്‌യുവിയെ അവതരിപ്പിക്കാൻ തീരുമാനമെടുത്തപ്പോൾ കൈയടിച്ചത് ഇന്ത്യൻ വാഹന വിപണിയാണ്.

ഇനിയെങ്കിലും പഴയ ഹോണ്ടയെ നമുക്ക് കാണാനാവുമല്ലോ... ഗ്യാലറിയിൽ ഇരുന്ന് കളികണ്ടിരുന്ന കമ്പനി സബ്‌സ്റ്റിറ്റ്യൂട്ടായി ഇറങ്ങുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് പോലുള്ള വമ്പൻമാർ കളിക്കുന്ന ടീമിലേക്കാണ് എലിവേറ്റ് എന്നുപേരിട്ടിരിക്കുന്ന പുത്തൻ ഹോണ്ട മിഡ്-സൈസ് എസ്‌യുവി വരുന്നത്. ഒരുപാട് പ്രതീക്ഷകളുമായി എത്തുന്ന മോഡൽ എല്ലാംതികഞ്ഞവനായിരിക്കുമോ എന്ന ചോദ്യമാണ് ഇപ്പോൾ പലരുടേയും മനസിൽ ഉയരുന്നത്. ചില കാര്യങ്ങളിൽ ആളിച്ചിരി പിറകിലേക്കായിരിക്കുമെന്നാണ് വിവരം. അതെന്താല്ലാമായിരിക്കുമെന്ന് ഒന്നു നോക്കിയാലോ?
ഡീസൽ എഞ്ചിൻ: ഇന്ന് എസ്‌യുവി വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകൾ ഡീസൽ എഞ്ചിനോടെയാണ് വരുന്നത്. സെഗ്മെന്റിലെ മുമ്പൻമാരായ ഹ്യുണ്ടായി ക്രെറ്റയും കിയ സെൽറ്റോസുമെല്ലാം പിടിച്ചുനിൽക്കുന്നതും ഇവയുടെ ബലത്തിലാണ്. എന്നാൽ വരാനിരിക്കുന്ന ഹോണ്ടയുടെ എലിവേറ്റിൽ പെട്രോൾ എഞ്ചിൻ ഓപ്ഷൻ മാത്രമായിരിക്കും ഉണ്ടായിരിക്കുക എന്നത് വലിയൊരു പോരായ്‌മയാവും.

വലിയ ടച്ച്സ്ക്രീൻ: യാത്രകളിലെ വിനോദത്തിന്റെ കാര്യത്തിൽ ആളുകൾ കൂടുതൽ പ്രാധാന്യം കൊടുക്കുന്ന കാര്യങ്ങളിലൊന്നാണ് വലിയ ടച്ചസ്ക്രീനുകൾ. സെഗ്മെന്റിലെ മറ്റ് എതിരാളികളെല്ലാം മോശമാക്കാതെ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കാറുമുണ്ട്. ഹോണ്ട കാറുകൾ പൊതുവേ വലിയ ഇൻഫോടെയ്ൻമെന്റ് സ്ക്രീനുകൾ വാഗ്‌ദാനം ചെയ്യാറില്ലെന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്. എങ്കിലും ഈ വർഷം ആദ്യം പരിഷ്ക്കരിച്ച സിറ്റി സെഡാന് കമ്പനി 8 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ നൽകിയിരുന്നു.
എന്നാൽ മിഡ്-സൈസ് എസ്‌യുവിയിൽ ഈയൊരു സൈസിൽ നൽകിയാൽ അത് എതിരാളികൾക്ക് പിന്നിലേക്ക് ഹോണ്ട എലിവേറ്റ് തള്ളപ്പെടും. സിറ്റിയിൽ വാഗ്ദാനം ചെയ്യുന്നതിനേക്കാൾ വലിയ സ്‌ക്രീനുമായി എലിവേറ്റിന് വരുമെന്ന് പ്രതീക്ഷിക്കാമെങ്കിലും എതിരാളികൾ വാഗ്ദാനം ചെയ്യുന്നതിനേക്കാൾ വലുതായിരിക്കില്ല. ഇക്കാലത്ത് സെഗ്‌മെന്റ് സ്റ്റാൻഡേർഡ് പോലെയുള്ള ഒരു 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ യൂണിറ്റെങ്കിലും നൽകിയാൽ മാത്രമേ ശ്രദ്ധനേടാനാവൂ.

15 ലക്ഷം രൂപയോ അതിൽ കൂടുതലോ വിലയുള്ള എസ്‌യുവികൾ ഡ്യുവൽ ഇൻ്റഗ്രേറ്റഡ് ഡിസ്‌പ്ലേ സെറ്റപ്പാണ് ഇപ്പോൾ പൊതുവേ ഉപയോഗിക്കാറ്. എന്നാൽ ഈ സവിശേഷത ഇത് എലിവേറ്റിൽ ഉണ്ടാവില്ല. എങ്കിലും ഉൾപ്പെടുത്തുന്ന സിസ്റ്റത്തിന്റെ പ്രവർത്തനക്ഷമത കൂടുതൽ കാര്യക്ഷമമായിരിക്കും എന്ന കാര്യം ഉറപ്പുനൽകാനാവും. ഉദാഹരണത്തിന് സിറ്റി, അമേസ് പോലുള്ളവയുടെ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് നോക്കിയാൽ മതിയാവും.
പനോരമിക് സൺറൂഫ്: ഈയൊരു സവിശേഷത ഇന്നത്തെ മിക്ക പ്രീമിയം കാറുകളിൽ സ്റ്റാൻഡേർഡായി നൽകാറുണ്ടെങ്കിലും എലിവേറ്റിന് ഈ സംവിധാനം ഉണ്ടാവില്ല. പകരം സിംഗിൾ-പാൻ റൂഫായിരിക്കും എസ്‌യുവിക്ക് സമ്മാനിക്കുക. സെഗ്മെന്റിലെ എതിരാളികളായ ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ പോലുള്ളവർ ഇതിനോടകം പനോരമിക് സൺറൂഫ് വാഗ്‌ദാനം ചെയ്യുന്നുണ്ട് എന്നത് എലിവേറ്റിന് തിരിച്ചടിയാവും.

ടർബോ പെട്രോൾ എഞ്ചിൻ: ഇന്ത്യൻ വിപണിയിൽ നിന്നും ഡീസൽ എഞ്ചിൻ ഒഴിവാക്കിയ ഹോണ്ട എലിവേറ്റിൽ പുതിയൊരു ടർബോ എഞ്ചിൻ നൽകിയിരുന്നെങ്കിൽ അതൊരു സംഭവമാവുമായിരുന്നു. എന്നാൽ നാച്ചുറലി ആസ്പിറേറ്റഡ്, ഹൈബ്രിഡ് പെട്രോൾ ഓപ്ഷനുകളാവും മിഡ്-സൈസ് എസ്‌യുവിയിക്ക് തുടിപ്പേകാൻ എത്തുക. ഇതിനൊപ്പം വിദേശത്തുള്ള RS ബാഡ്ജിൽ ടർബോ യൂണിറ്റ് കൊണ്ടുവന്നിരുന്നെങ്കിൽ പെർഫോമൻസ് പ്രേമികളെ ആകർഷിക്കാൻ സാധിക്കുമായിരുന്നു.
ഓൾവീൽ ഡ്രൈവ്: നിലവിലെ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ ഈയൊരു കാര്യം അത്ര പരിചിതമല്ലെങ്കിലും മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയും ടൊയോട്ട ഹൈറൈഡറും AWD ഓപ്ഷൻ അവതരിപ്പിച്ചതോടെ പലരും ഇതിലേക്ക് കുടിയേറുന്നുണ്ട്. മേൽപ്പറഞ്ഞ സവിശേഷതകളിൽ ഹോണ്ട എലിവേറ്റ് അതിന്റെ എതിരാളികളേക്കാൾ പിന്നാലാണ് എന്നതു കണക്കിലെടുത്താൽ വേറിട്ടുനിൽക്കാൻ ഈ ഡ്രൈവ്ട്രെയിൻ ഓപ്ഷൻ സഹായിക്കുമായിരുന്നു.
വരാനിരിക്കുന്ന ഹോണ്ട എലിവേറ്റിൽ കാണാൻ കഴിയാത്ത കാര്യങ്ങളാണ് മേൽപറഞ്ഞവ. പക്ഷേ ഇന്റീരിയർ ക്വാളിറ്റി, പ്രീമിയം ബിൽഡ്, ക്രിസ്പ് ഡിസൈൻ, വിശ്വാസ്യത തുടങ്ങിയ ബ്രാൻഡിന്റെ സിഗ്നേച്ചർ ഘടകങ്ങളെല്ലാം ഈ വാഹനത്തിന്റെയും പ്രത്യേകതകളാവുമെന്നതിൽ തർക്കമൊന്നുമില്ല. എങ്കിലും മുകളിൽ സൂചിപ്പിച്ച പല ഫീച്ചറുകളും കൂടി കോർത്തിണക്കിയിരുന്നുവെങ്കിൽ ആളിച്ചിരി കിടിലമാവുമായിരുന്നു.


Click it and Unblock the Notifications








