ഇനി തീപാറും, ഹോണ്ട എസ്‌യുവിക്കായുള്ള ബുക്കിംഗ് തുടങ്ങി ഡീലർഷിപ്പുകൾ
എസ്‌യുവി എന്തേ വരാത്തേ... എസ്‌യുവി എന്തേ വരാത്തേയെന്ന് ഹോണ്ടയോട് ഇന്ത്യ ചോദിക്കാൻ തുടങ്ങിയിട്ട് വർഷം കുറെയായി. കൃത്യമായി ഉത്തരം നൽകാതെ വഴിമാറി നടന്ന ജാപ്പനീസ് ബ്രാൻഡാവാട്ടെ നിശബ്‌ദമായി അണിയറയിൽ വൻപണിയിലായിരുന്നുവെന്നു വേണം പറയാൻ. സിറ്റിയുടേയും അമേസിന്റെയും ബലത്തിൽ ഇതുവരെ പിടിച്ചു നിന്ന ഹോണ്ട സുപ്രധാന തീരുമാനങ്ങളുമായി ഈ വർഷം കളംനിറയും.
ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ തുടങ്ങിയ വാഹനങ്ങൾ വാഴുന്ന മിഡ് സൈസ് എസ്‍യുവി വിപണിയാണ് ഹോണ്ടയുടെ ലക്ഷ്യം. എന്നാൽ വൻപുലികൾ വാഴുന്ന കാട്ടിൽ ഒരു നരിയെങ്കിലുമാവാതെ രക്ഷയില്ലെന്ന് ജാപ്പനീസ് ബ്രാൻഡിന് നന്നായി അറിയാം. അതിനാൽ വളരെ കരുതിയാണ് ഹോണ്ട കരുക്കൾ നീക്കുന്നത്. എന്തായാലും കാത്തിരിപ്പുകൾ അധികം നീളില്ലെന്നാണ് വിവരം. വരുന്ന ജൂണില്‍ ഹോണ്ടയുടെ സ്പോർട്ട് യൂട്ടിലിറ്റി വാഹനം വിപണിയിലെത്തും.

അതിന്റെ ഭാഗമായിതാ ഹോണ്ട എസ്‌യുവിക്കായുള്ള ബുക്കിംഗ് തുടങ്ങി ഡീലർഷിപ്പുകൾ ആദ്യപടി കയറിയിരിക്കുകയാണ്. ഇന്ത്യയില്‍ സോഫ്റ്റ്‌റോഡര്‍ വിഭാഗത്തിലെ ആദ്യ വാഹനങ്ങളിലൊന്നായ BR-V പുറത്തിറക്കിയത് ഹോണ്ടയായിരുന്നു. എന്നാൽ കാര്യമായ ചലനങ്ങൾ അന്ന് സൃഷ്‌ടിക്കാനായില്ലെങ്കിലും ഇന്ന് എസ്‌യുവി മോഡലുകൾക്കുള്ള സ്വാകാര്യത ഒന്നു വേറെ തന്നെയാണ്. പിന്നെ ഹോണ്ടയുടെ വണ്ടിയെന്ന് കേൾക്കുമ്പോഴുള്ള ആ പ്രതാപവും ഒന്നു വേറെ തന്നെയല്ലേ... 2023 ജനുവരിയിൽ വരാനിരിക്കുന്ന ഇടത്തരം എസ്‌യുവിയുടെ ടീസറും കമ്പനി പുറത്തുവിട്ടിരുന്നു.
നിലവിൽ പരീക്ഷണയോട്ടങ്ങളും ജാപ്പനീസ് ബ്രാൻഡ് ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. പുതിയ ഹോണ്ട എസ്‌യുവിയെ "ദി എലിവേറ്റ്" എന്ന് വിളിക്കുമെന്നാണ് റിപ്പോർട്ടുകൾ. അഞ്ചാം തലമുറ സിറ്റി സെഡാന്റെ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ മോഡൽ പണികഴിപ്പിക്കുക. ഇത് കമ്പനിയുടെ രാജസ്ഥാനിലെ തപുകര ആസ്ഥാനമായുള്ള പ്ലാന്റിൽ നിർമ്മിക്കും. 2023 ഏപ്രിൽ മുതൽ ഉത്പാദന ശേഷി പ്രതിദിനം 540 യൂണിറ്റിൽ നിന്ന് 660 യൂണിറ്റായി ഉയർത്താനാണ് ഇപ്പോൾ കമ്പനി ലക്ഷ്യമിടുന്നത്.

പുതിയ എസ്‌യുവിയുടെ ഡിസൈൻ വിശദാംശങ്ങളിലേക്ക് നോക്കിയാൽ വിദേശ വിപണികളിലുള്ള CR-V, HR-V എന്നിവയ്ക്ക് സമാനമായ സ്റ്റൈലിംഗോടെയാവും ഈ മോഡൽ അണിഞ്ഞൊരുങ്ങുക. ഇക്കാര്യം ജനുവരിയിലെ ടീസർ ചിത്രങ്ങളും പറഞ്ഞുവെക്കുന്നുണ്ട്. ഹോണ്ടയുടെ സിഗ്നേച്ചർ ലോഗോയുള്ള മൾട്ടി-സ്ലാറ്റ് ഗ്രിൽ, എൽഇഡി ഡിആർഎൽസുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, വൃത്താകൃതിയിലുള്ള ഫോഗ് ലാമ്പുകൾ, കൂപ്പെ പോലെയുള്ള ടാപ്പറിംഗ് റൂഫ്, ചങ്കി ക്ലാഡിംഗോടുകൂടിയ ഫ്ലേർഡ് വീൽ ആർച്ചുകൾ എന്നിവ രൂപത്തെ പൂരകമാക്കും.
ഇന്റീരിയർ വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പുതുപുത്തൻ സിറ്റിയിലുള്ള എല്ലാ ആധുനിക ഫീച്ചറുകളും മിഡ്-സൈസ് എസ്‌യുവിയും കടംകൊള്ളും. ആഗോള തലത്തിലുള്ള സിവിക്കിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കൂടുതൽ ആധുനിക ക്യാബിൻ ലഭിക്കാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല. ഇതിന് വലിയ ഫ്രീസ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീനും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും ഉണ്ടായിരിക്കുമെന്നതിൽ തർക്കമൊന്നും വേണ്ട. സിറ്റി സെഡാനിൽ അവതരിപ്പിച്ച ADAS ഫീച്ചറും കാര്യങ്ങൾ പൊലിപ്പിക്കാൻ കൂട്ടിനുണ്ടാവും.

അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പ് അസിസ്റ്റ് സിസ്റ്റം, റോഡ് ഡിപ്പാർച്ചർ മിറ്റിഗേഷൻ, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, കൊളിഷൻ മിറ്റിഗേഷൻ ബ്രേക്കിംഗ് സിസ്റ്റം, ഓട്ടോ ഹൈ ബീം തുടങ്ങിയ ഫീച്ചറുകളാവും ഹോണ്ടയുടെ വരാനിരിക്കുന്ന മിഡ്-സൈസ് എസ്‌യുവിയുടെ അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റത്തിൽ ലഭിക്കുക. ക്രാഷ് ടെസ്റ്റിലും മറ്റ് സേഫ്റ്റിയുടെ കാര്യത്തിലും ആള് സമ്പന്നമായിരിക്കും.
സുരക്ഷാ അകമ്പടിയിൽ എസ്‌യുവിക്ക് 6 എയർബാഗുകൾ, ESC, VSM, ഹിൽ ലോഞ്ച് അസിസ്റ്റ്, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ലെയ്ൻ വാച്ച് സിസ്റ്റം, 360 ഡിഗ്രി ക്യാമറ എന്നിവയാണ് ഹോണ്ട ഒരുക്കുക. എഞ്ചിൻ ഓപ്ഷനും സിറ്റിക്ക് സമാനമായിരിക്കും. അതായത് 1.5 ലിറ്റർ iVTEC പെട്രോളും ഹൈബ്രിഡ് ടെക്കുള്ള 1.5 ലിറ്റർ അറ്റ്കിൻസൺ സൈക്കിൾ എഞ്ചിനുമായിരിക്കും ഹോണ്ടയുടെ സ്പോർട്ട് യൂട്ടിലിറ്റി വാഹനത്തിന് തുടിപ്പേകുക.

ഡീസൽ എഞ്ചിൻ പടിയിറങ്ങിയതോടെ ഹോണ്ടയും പെട്രോൾ എഞ്ചിൻ മാത്രം നൽകുന്ന ബ്രാൻഡായി മാറി. നിലവിൽ വൈവിധ്യമാർന്ന മോഡലുകളാൽ ഇന്ത്യയിലെ എസ്‌യുവി വിപണി സമ്പന്നമാണ്. ഇവിടെ പിടിച്ചുനിൽക്കാൻ അൽപം വിയർക്കുമെങ്കിലും ഹോണ്ടയുടെ സ്വീകാര്യതയും പാരമ്പര്യവും ഇന്നിവിടെ പല ബ്രാൻഡുകൾക്കും അവകാശപ്പെടാനുമാവില്ല. ഹോണ്ടയുടെ എതിരാളിയായ ക്രെറ്റക്ക് 12 ലക്ഷത്തിനും 19 ലക്ഷത്തിനും ഇടയിലാണ് വില വരുന്നത്. ഇതിനോട് അടുത്ത് വിലയായിരിക്കും പുത്തൻ മിഡ്-സൈസ് മോഡലിനും കമ്പനി നിർണയിക്കുക. അങ്ങനെയെങ്കിൽ സെഗ്മെന്റിൽ തീപാറുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








