ഹോണ്ട കാറുകൾ വാങ്ങാൻ ഇതിലും നല്ലസമയം വേറെ കിട്ടില്ല, 88,600 രൂപയുടെ ഇയർ എൻഡ് ഓഫറുമായി കമ്പനി
ഇന്ത്യക്കാരുടെ വിശ്വാസവും സ്നേഹവും എല്ലാക്കാലവുമുള്ള വാഹന നിർമാതാക്കളാണ് ഹോണ്ട. പണിയൊന്നും തരാതെ ലക്ഷക്കണക്കിന് കിലോമീറ്ററുകളോളം ഓടുന്ന എഞ്ചിനുകളും മോഡലുകളുടെ നിർമാണ നിലവാരവും പെർഫോമൻസുമെല്ലാം ഏതൊരു വാഹന പ്രേമിയെയും ബ്രാൻഡിലേക്ക് അടുപ്പിക്കുന്ന കാര്യമാണ്. ദേ ഈ അടുത്ത കാലം വരെ സെഡാനുകളിലേക്ക് മാത്രം ഒതുങ്ങിയ ഹോണ്ട ഉടൻ തന്നെ നാടുവിടുമെന്ന പാപ്പരാസികൾ അടിച്ചുവിടുകയും ചെയ്‌തു.
എന്നാൽ ഇതിന് ഹോണ്ട മറുപടി നൽകിയത് പുത്തനൊരു എസ്‌യുവി പുറത്തിറക്കിക്കൊണ്ടാണ്. എലിവേറ്റ് വന്നതോടെ ഷോറൂമുകളിലെല്ലാം ഉത്സവത്തിനുള്ള തിരക്കുമായി. അങ്ങനെ വീണ്ടും പുതുജീവൻ കിട്ടിയ ബ്രാൻഡ് ഉത്സവ സീസണിലെല്ലാം തകർപ്പൻ വിൽപ്പനയാണ് നേടിയെടുത്തത്. ഇപ്പോഴിതാ വർഷാവസാനം ആയതോടെ ഗംഭീര ഇയർ എൻഡ് ഓഫറുമായി എത്തിയിരിക്കുകയാണ് നമ്മുടെ പ്രിയപ്പെട്ട ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട.

സിറ്റി, അമേസ് എന്നീ സെഡാനുകൾക്കാണ് കമ്പനി ഇയർ എൻഡ് ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഹോണ്ട കാർസ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് ഇക്കാര്യം കമ്പനി അറിയിച്ചിരിക്കുന്നത്. ഹോണ്ട സിറ്റി വീട്ടിലെത്തിക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് 88,600 രൂപ വരെയുള്ള ആനുകൂല്യങ്ങൾ 2023 ഡിസംബർ മാസം ലഭിക്കും. അതേസമയം അമേസ് കോംപാക്‌ട് സെഡാനാണ് വാങ്ങാൻ ആഗ്രഹിക്കുന്നതെങ്കിൽ 77,000 രൂപ വരെയും ഓഫറുകൾ ഒരുക്കിയിട്ടുണ്ട്.
ഹോണ്ടയുടെ ഇയർ എൻഡ് ഓഫറുകൾ 2023 ഡിസംബർ 31 വരെ പരിമിത കാലത്തേക്കാണ് അവതരിപ്പിച്ചിരിക്കുന്നത്. പുതുതായി ലോഞ്ച് ചെയ്ത എലിവേറ്റിന് വാഹന നിർമാതാവിൽ നിന്ന് കിഴിവുകളോ ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല. ഈ വർഷം ആദ്യം എത്തിയ ഹോണ്ട സിറ്റി ഫെയ്‌സ്‌ലിഫ്റ്റ് ഇപ്പോൾ 25,000 രൂപ വരെയുള്ള ക്യാഷ് ഡിസ്‌കൗണ്ടുമായി വാങ്ങാം. അല്ലെങ്കിൽ ഇതിന് പകരമായി ഡീലറിൽ നിന്ന് 26,947 രൂപ വിലയുള്ള സൗജന്യ ആക്‌സസറികൾ നിങ്ങൾക്ക് തെരഞ്ഞെടുക്കാം.

ഇതോടൊപ്പം തന്നെ ഹോണ്ട സിറ്റി ഫെയ്‌സ്‌ലിഫ്റ്റിൽ എക്‌സ്‌ചേഞ്ച് ബോണസായി 15,000 രൂപ, കസ്റ്റമർ ലോയൽറ്റി ബോണസായി 4,000 രൂപ, ഹോണ്ട കാർ എക്‌സ്‌ചേഞ്ച് ബോണസായി 6,000 രൂപ എന്നിവയും ഇയർ എൻഡ് ഓഫറിന് കീഴിൽ ഒരുക്കിയിട്ടുണ്ട്. കോർപ്പറേറ്റ് ഉപഭോക്താക്കൾക്ക് 5,000 രൂപ ഡിസ്‌കൌണ്ടും കമ്പനി തരും. അതേസമയം മിഡ്-സൈസ് സെഡാനിൽ 20,000 രൂപയുടെ പ്രത്യേക കോർപ്പറേറ്റ് കിഴിവും ഹോണ്ട കാർസ് ഒരുക്കിയിട്ടുണ്ട്.
വേരിയന്റ് തിരിച്ചുള്ള ഓഫറുകളെ സംബന്ധിച്ചിടത്തോളം പാക്കേജിന്റെ ഭാഗമായി ഹോണ്ട സിറ്റി VX, ZX എന്നിവയ്ക്ക് 13,651 രൂപയുടെ എക്സ്റ്റൻഡഡ് വാറണ്ടി ലഭിക്കും. ഈ വർഷം ആദ്യം അവതരിപ്പിച്ച സിറ്റി എലഗന്റ് എഡിഷന് 40,000 രൂപയുടെ സ്പെഷ്യൽ എഡിഷൻ ആനുകൂല്യവും 10,000 രൂപ വരുന്ന എക്‌സ്‌ചേഞ്ച് ബോണസും ലഭിക്കുന്നു. ബ്രാൻഡിന്റെ ലൈനപ്പിലെ സിറ്റി ഹൈബ്രിഡിലേക്കും ഓഫറുകൾ ഇത്തവണ കമ്പനി വ്യാപിച്ചിട്ടുണ്ട്.

നിലവിലുള്ള ഹോണ്ട ഉടമകൾക്ക് ക്യാഷ്, കോർപ്പറേറ്റ് കിഴിവുകളും ലോയൽറ്റി ബോണസുകളും ഉൾപ്പെടെ ഹോണ്ട അമേസിന് അതിന്റെ വേരിയന്റ് ശ്രേണിയിലുടനീളം ആനുകൂല്യങ്ങൾ ലഭിക്കുന്നു. കോംപാക്‌ട് സെഡാന്റെ S വേരിയന്റ് 35,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട് അല്ലെങ്കിൽ 42,444 രൂപ വിലയുള്ള സൗജന്യ ആക്‌സസറികൾക്കൊപ്പം ലഭ്യമാണ്. ഉപഭോക്താക്കൾക്ക് 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും 3,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്കൗണ്ടും 20,000 രൂപയുടെ പ്രത്യേക കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ലഭിക്കും.
നിങ്ങൾ നിലവിൽ ഒരു ഹോണ്ട ഉപയോക്താവാണെങ്കിൽ കമ്പനി 4,000 രൂപയുടെ ലോയൽറ്റി ബോണസും നൽകും. കൂടാതെ അമേസ് E വേരിയന്റിന് 15,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടാണ് ലഭിക്കുന്നത്. അല്ലെങ്കിൽ 18,148 രൂപ വിലയുള്ള സൗജന്യ ആക്‌സസറികൾ തെരഞ്ഞെടുക്കാം. സബ്കോംപാക്‌ട് സെഡാന് 4,000 രൂപയുടെ ലോയൽറ്റി ബോണസും 3,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്കൗണ്ടും 20,000 രൂപയുടെ പ്രത്യേക കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ലഭിക്കും. പഴയകാർ മാറ്റി വാങ്ങുന്നവർക്ക് 15,000 രൂപ ബോണസ് ലഭിക്കും.

ഹോണ്ട അമേസ് എലൈറ്റ് എഡിഷന് 30,000 രൂപയുടെ പ്രത്യേക ആനുകൂല്യവും 10,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും 3,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും 4,000 രൂപ ലോയൽറ്റി ബോണസും ലഭിക്കും. അവസാനമായി അമേസ് VX മോഡലിന് 25,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട് അല്ലെങ്കിൽ 30,245 രൂപ വിലയുള്ള ആക്‌സസറികളും ലഭിക്കുന്നു. ഉപഭോക്താക്കൾക്ക് 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 20,000 രൂപയുടെ പ്രത്യേക കോർപ്പറേറ്റ് ഡിസ്കൗണ്ടും 3,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ലഭിക്കും.
നിലവിലുള്ള ഉടമകൾക്ക് 4,000 രൂപ കസ്റ്റമർ ലോയൽറ്റി ബോണസും ലഭിക്കും. ഹോണ്ട സിറ്റി, അമേസ് എന്നിവയുടെ അന്തിമ വില ലഭിക്കുന്നതിനും മികച്ച ഓഫറുകൾ അറിയുന്നതിനുമായി നിങ്ങളുടെ പ്രാദേശിക ഡീലറുമായി ബന്ധപ്പെടുക. ചിലപ്പോൾ സ്ഥലം, സ്റ്റോക്ക് എന്നിവയെ അനുസരിച്ച് ഓഫറുകളിൽ മാറ്റങ്ങൾ ഉണ്ടായേക്കാം. ജനുവരി മുതൽ വാഹന നിർമാതാക്കൾ തങ്ങളുടെ ലൈനപ്പിലുടനീളം വില വർധിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നതിനാൽ ഓഫറുകൾ ഉപഭോക്താക്കൾക്ക് ആശ്വാസകരമാവും.


Click it and Unblock the Notifications








