പറക്കും പറപറക്കും, ടർബോ എഞ്ചിനുള്ള അൽകസാർ നിരത്തിൽ! ഡെലവിറി തുടങ്ങി
ഇന്ത്യക്കാരുടെ മനസറിഞ്ഞ് പ്രവർത്തിക്കുന്ന വാഹന നിർമാതാക്കളാണ് ഹ്യുണ്ടായി. ചെറുകാറുകളിലൂടെ രാജ്യത്ത് നിലയുറപ്പിച്ച ദക്ഷിണ കൊറിയൻ ബ്രാൻഡ് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ബ്രാൻഡായി മാറിയതും സാധാരണക്കാർക്കായുള്ള മോഡലുകൾ പുറത്തിറക്കിയാണ്. എന്നാൽ കമ്പനിയുടെ ഇന്നത്തെ ശ്രദ്ധ വിപണിയിലെ ട്രെൻഡായ എസ്‌യുവികളിലേക്ക് തന്നെയാണ്.
കൊവിഡ് മഹാമാരിക്ക് ശേഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനപ്രീതി ലഭിച്ച സെഗ്മെന്റായിരുന്നു ഏഴു സീറ്റർ മോഡലുകളുടേത്. ഈ സാധ്യത കണക്കിലെടുത്ത് ഹ്യുണ്ടായി അൽകസാർ എന്ന എസ്‌യുവി മോഡലിനെ പുറത്തിറക്കുകയും ചെയ്‌തു. ക്രെറ്റയുടെ മൂന്നുവരി മോഡലെന്ന അഡ്രസുമായി എത്തിയ അൽകസാർ തുടക്കകാലത്ത് മികച്ച വിൽപ്പനയാണ് നേടിയത്. പേരിലെ വ്യത്യസ്‌തതയും രൂപത്തിലേയും ഭാവത്തിലേയും പ്രീമിയം ഫീലും കാരണം അതിവേഗം വണ്ടി ഹിറ്റടിച്ചു.

എന്നാൽ ഈ താളം പിന്നീട് കണ്ടെത്തുന്നതിൽ ഹ്യുണ്ടായി പരാജയപ്പെട്ടുവെന്ന് വേണം പറയാൻ. പ്രത്യേകിച്ച് സഹോദര സ്ഥാപനമായ കിയ കാരെൻസ് പോലുള്ള ഒരു മോഡുമായി എത്തിയതോടെ അൽകസാർ ഒന്നു പതറി. എന്നാൽ വിട്ടുനിൽക്കുന്ന ഉപഭോക്താക്കളെ കൈയിലെടുക്കാനായി പുതിയ 1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനുമായി എസ്‌യുവിയെ കമ്പനി പുറത്തിറക്കുകയുണ്ടായി. 2023 ഫെബ്രുവരി മാസം അവതരിപ്പിച്ച അൽകസാറിന്റെ ഈ വേരിയന്റിനായുള്ള ഡെലിവറി ആരംഭിച്ചിരിക്കുകയാ് കമ്പനിയിപ്പോൾ.
പുതിയ റിയൽ ഡ്രൈവ് എമിഷൻ മാനദണ്ഡങ്ങൾ കാരണം നിർത്തലാക്കിയ 2.0 ലിറ്റർ പെട്രോൾ എഞ്ചിന് പകരമായാണ് ഹ്യുണ്ടായി പുതിയ 1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനുമായി അൽകസാറിനെ പുറത്തിറക്കിയത്. അതേസമയം ജനപ്രിയമായ ഡീസൽ എഞ്ചിൻ വേരിയന്റും എഞ്ചിനും അതേപടി നിലനിർത്താനും ദക്ഷിണി കൊറിയൻ ബ്രാൻഡ് പ്രത്യേകം ശ്രദ്ധിക്കുകയുമുണ്ടായി. പ്രസ്റ്റീജ്, പ്ലാറ്റിനം, പ്ലാറ്റിനം(O), സിഗ്നേച്ചർ(O) എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് അൽകസാർ 1.5 ടർബോ ലഭ്യമാകുക.

നേരത്തെ 2.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിങ്ങനെ രണ്ട് ഓപ്ഷനുകളായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. പവർഫുള്ളായ മൂന്നാമതൊരു ഹൃദയം കൂടി വെച്ചുപിടിപ്പിക്കുന്നതോടെ ആളുകളെ കൈയിലെടുക്കാനാവുമെന്നാണ് ഹ്യുണ്ടായിയുടെ വിലയിരുത്തൽ. അൽകസാറിലെ പുതിയ 1.5 GDi എഞ്ചിന് 160 bhp പവറിൽ 253 Nm torque വരെ നൽകാനാവും. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 7 സ്പീഡ് DCT ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളുമായാവും എഞ്ചിൻ ജോടിയാക്കുക.
വലിയ 1.5 ലിറ്റർ T-GDi ഫോർ സിലിണ്ടർ പെട്രോൾ മിൽ RDE കംപ്ലയിന്റും E20 ഫ്യുവൽ റെഡിയുമാണെന്നതാണ് പ്രത്യേകത. DCT ഓട്ടോമാറ്റിക് വേരിയന്റ് ഉപയോഗിച്ച് 18 കിലോമീറ്റർ വരെയും മാനുവൽ വേരിയന്റിൽ 17.5 കിലോമീറ്റർ വരെയും ഇന്ധനക്ഷമത വാഗ്ദാനം ചെയ്യാനും ഈ പുത്തൻ എഞ്ചിന് സാധിക്കുമെന്നാണ് ഹ്യുണ്ടായി അവകാശപ്പെടുന്നത്. മുൻഗാമിക്ക് സമാനമായ പവർ കണക്കുകളാണുള്ളതെങ്കിലും ഉയർന്ന ടോർക്ക് പെർഫോമൻസിലെ മേൻമ എടുത്തുകാണിക്കുന്നുണ്ട്.

116 bhp പരമാവധി പവറിൽ 250 Nm torque വരെ നൽകാൻ ശേഷിയുള്ള 1.5 ഡീസൽ എഞ്ചിനും ഹ്യുണ്ടായി അൽകസാറിന്റെ ഭാഗമാണ്. മൂന്ന് നിരകളുള്ള എസ്‌യുവി ആറ്, ഏഴ് സീറ്റർ കോൺഫിഗറേഷനുകളിൽ തുടർന്നും ലഭ്യമാകും. പുതിയ എഞ്ചിന് പുറമെ ചെറിയ ചെറിയ കോസ്മെറ്റിക് പരിഷ്ക്കാരങ്ങളും അൽകസാറിന്റെ ഭാഗമായിട്ടുണ്ട്. അതിൽ റീഡിസൈൻ ചെയ്‌ത ഫ്രണ്ട് ഗ്രിൽ പാഡിൽ ലാമ്പ് ലോഗോ ഇപ്പോൾ അൽകസാർ എംബ്ലം എന്നിവയാണ് പ്രധാന ഹൈലൈറ്റ്.
പനോരമിക് സൺറൂഫ്, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ഡിജിറ്റൽ കോക്ക്‌പിറ്റ്, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, പവർ സീറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ്, പുഡിൽ ലാമ്പുകൾ, ടെലിമാറ്റിക് ഫീച്ചറുകൾ, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം, 360-ഡിഗ്രി ക്യാമറ, കൂടുതൽ ക്യാമറ എന്നിവയാണ് എസ്‌യുവിയുടെ പ്രധാന ചില സവിശേഷതകൾ. വെർണയ്‌ക്കൊപ്പം വാഗ്ദാനം ചെയ്യുന്ന ADAS സേഫ്റ്റി ഫീച്ചറുകൾ കൂടി അൽകസാറിലേക്ക് വന്നാൽ എതിരാളികൾക്ക് മുന്നിൽ നെഞ്ചുവിരിച്ച് നിൽക്കാൻ ഹ്യുണ്ടായിക്കാവും.

നിലവിൽ ടാറ്റ സഫാരി, എംജി ഹെക്ടർ പ്ലസ്, മഹീന്ദ്ര XUV700, ടൊയോട്ട ഇന്നോവ ഹൈക്രോസ് എന്നിവയാണ് ഹ്യുണ്ടായി അൽകസാറിന്റെ പ്രധാന എതിരാളികൾ. പുതിയ മാറ്റങ്ങളോടെ അൽകസാറിലേക്കും ഉപഭോക്താക്കളെ ആകർഷിക്കാനാവുമെന്നാണ് ഹ്യുണ്ടായിയുടെ പ്രതീക്ഷ. ഇതിലും പരാജയപ്പെട്ടാൽ ദക്ഷിണ കൊറിയൻ ബ്രാൻഡിന്റെ അടുത്ത പദ്ധതി എന്താവുമെന്നറിയാൻ നുമക്ക് കാത്തിരിക്കാം.


Click it and Unblock the Notifications








