ഇത് നമ്മുടെ i10 തന്നെ അല്ലേ; ഷേപ്പ് മാറ്റിയ പുത്തൻ മോഡലിന്റെ വില പ്രഖ്യാപിക്കാൻ ഹ്യുണ്ടായി
ചെറുകാറുകളിലൂടെ രാജ്യത്തെ ഉപഭോക്താക്കളുടെ മനസിലേക്ക് കുടിയേറി പാർത്തവരാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി. സാൻട്രോയും i10 സീരിസുകളുമെല്ലാം വിപ്ലവം തന്നെ ഒരുക്കിയപ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായാണ് ഹ്യുണ്ടായി വളർന്നത്. എന്നാൽ കാലഘട്ടം വളരെ മുന്നോട്ടു പോയതിനാൽ ഇന്ന് എൻട്രി ലെവൽ കാറുകളുടെ കൂട്ടത്തിൽ കമ്പനിക്ക് സാന്നിധ്യമൊന്നുമില്ല.

ഇന്ന് ഹ്യുണ്ടായിയുടെ വാഹന നിരയിലെ ഏറ്റവും ചെറിയ കാർ ഗ്രാൻഡ് i10 നിയോസാണ്. കോംപാക്‌ട് ഹാച്ച്ബാക്ക് നിരയിലെ പ്രശസ്‌തനായ മോഡലിനെ കഴിഞ്ഞ ദിവസമാണ് കമ്പനി ഒരു ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ സമ്മാനിച്ചത്. മൈക്രോ എസ്‌യുവി പോലെയുള്ള സെഗ്മെന്റുകളുടെ വളർച്ചക്കിടയിൽ നിർണായകമായ മാറ്റമാണ് നിയോസിന് കമ്പനി നൽകിയിരിക്കുന്നത്. ഔദ്യോഗിക ചിത്രങ്ങളിലൂടെ വാഹനത്തെ പരിചയപ്പെടുത്തിയ ഹ്യുണ്ടായി ജനുവരി 20-ന് പുത്തൻ i10 നിയോസിനെ വിപണിയിൽ അവതരിപ്പിക്കും.

ജനുവരി 20-ന് ഇന്ത്യൻ വിപണിയിൽ പുതുക്കിയ ഗ്രാൻഡ് i10 നിയോസിനെ അവതരിപ്പിക്കാൻ ഒരുങ്ങുന്നതിനോട് അനുബന്ധിച്ച് ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനായുള്ള ബുക്കിംഗും ഹ്യുണ്ടായി തുടങ്ങിയിരിക്കുകയാണ്. പുതിയ മാറ്റങ്ങളോടെ എത്തുന്ന നിയോസ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് 11,000 രൂപ ടോക്കൺ തുക നൽകി മുഖംമിനുക്കിയെത്തുന്ന ഹാച്ച്ബാക്ക് പ്രീ-ബുക്ക് ചെയ്യാം. ഇനി കാറിന്റെ ഡിസൈൻ മാറ്റങ്ങലിലേക്ക് നോക്കിയാൽ മുൻവശത്താണ് ഏറ്റവും വലിയ പരിഷ്ക്കാരങ്ങൾ കൊറിയൻ ബ്രാൻഡ് നടപ്പിലാക്കിയിരിക്കുന്നത്.

ആദ്യ കാഴ്ച്ചയിൽ ഇതേത് വണ്ടിയെന്ന് ചിലപ്പോൾ പലർക്കും സംശയമുണ്ടായേക്കാം. എക്സ്റ്റീരിയറിനെ കുറിച്ച് പറയുകയാണെങ്കിൽ ഹാച്ച്ബാക്കിന് വലിയ ഗ്രില്ലോടുകൂടിയ പുതുതായി രൂപകൽപ്പന ചെയ്ത ഫ്രണ്ട് ബമ്പറാണ് ഇപ്പോൾ ലഭിക്കുന്നത്. സൈഡ് ഇൻടേക്കുകൾക്കൊപ്പം പുതിയ ട്രൈ-ആരോ ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളും ഗ്രില്ലിന്റെ ഇരുവശത്തും സംയോജിപ്പിച്ചിരിക്കുന്നതും മനോഹരമാണ്.

പുതുതായി രൂപകല്പന ചെയ്ത 15 ഇഞ്ച് അലോയ് വീലുകളാണ് ഗ്രാൻഡ് i10 നിയോസിൽ ഇത്തവണ ഇടംപിടിച്ചിരിക്കുന്നത്. ഇക്കാര്യം മാറ്റി നിർത്തിയാൽ വശങ്ങളിൽ ഒന്നും പറയത്തക്ക മാറ്റങ്ങളൊന്നും തന്നെയില്ല. ഇനി പിൻവശത്തേക്ക് നോക്കിയാൽ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന് പുതിയ എൽഇഡി ടെയിൽ ലൈറ്റുകളാണ് ലഭിക്കുന്നത്.

അവ ഒരു ലൈറ്റ് ബാർ ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്നത് ട്രെൻഡി ടച്ചാണെന്ന് പറയാം. പുതുക്കിയ പിൻ ബമ്പറുള്ള ഒരു സംയോജിത സ്‌പോയിലറും വാഹനത്തിലുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്. പോളാർ വൈറ്റ്, ടൈറ്റൻ ഗ്രേ, ടൈഫൂൺ സിൽവർ, സ്പാർക്ക് ഗ്രീൻ, ടീൽ ബ്ലൂ, ഫിയറി റെഡ് എന്നീ ആറ് കളർ ഓപ്ഷനുകളിൽ പുതിയ ഗ്രാൻഡ് i10 നിയോസ് ലഭ്യമാകും.

ഡ്യുവൽ-ടോൺ നിറങ്ങളും കോംപാക്‌ട് ഹാച്ച്ബാക്കിനുണ്ടാവും എന്നാണ് അറിയാൻ കഴിയുന്നത്. ബ്ലാക്ക് റൂഫുള്ള സ്പാർക്ക് ഗ്രീൻ, ബ്ലാക്ക് റൂഫിൽ പോളാർ വൈറ്റ് കളർ ഓപ്ഷനുകളാവും അവ. ഇന്റീരിയറിലേക്ക് കയറിയാൽ പഴയ മോഡലിലേതിനു സമാനമാണ് പുതിയ ഗ്രാൻഡ് i10 നിയോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ അകത്തളം. കാര്യമായ പരിഷ്ക്കാരങ്ങളൊന്നുമില്ലാതെ ഡാഷ്‌ബോർഡിന്റെ ലേഔട്ട് അതേപടി തുടരുന്നു.

സീറ്റുകൾക്ക് പുതിയ ഗ്രേ നിറത്തിലുള്ള അപ്‌ഹോൾസ്റ്ററി, ലെതറിൽ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, ഫുട്‌വെല്ലിന് പുതിയ ലൈറ്റിംഗ്, ഡോർ ഹാൻഡിൽ ഉള്ളിൽ മെറ്റൽ ഫിനിഷിംഗ് എന്നിവ കാറിന് ലഭിക്കുന്നുണ്ട്.

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്‌ക്കൊപ്പം 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, റിയർ എസി വെന്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജർ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, ടൈപ്പ്-സി യുഎസ്ബി പോർട്ടുകൾ, ക്രൂയിസ് കൺട്രോൾ, ടിപിഎംഎസ് എന്നിവയാണ് പുതിയ ഗ്രാൻഡ് i10 നിയോസിലെ പ്രധാന ഫീച്ചർ സവിശേഷതകളിൽ ഉൾപ്പെടുന്നത്.

സുരക്ഷാ ഫീച്ചറുകളിൽ ആറ് എയർബാഗുകൾ, എബിഎസ്, ഇബിഡി, ഇഎസ്‌സി, ISOFIX മൗണ്ടുകൾ എന്നിവ ഉൾപ്പെടുന്നുവെന്നും കമ്പനി പറയുന്നു. പുതിയ i10 നിയോസിൽ മെക്കാനിക്കൽ മാറ്റങ്ങളൊന്നും ഉണ്ടാകില്ല. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്‌സുമായി ജോടിയാക്കിയ 83 bhp കരുത്തിൽ 113 Nm torque ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ NA പെട്രോൾ എഞ്ചിനാണ് ഹാച്ച്ബാക്കിൽ തുടരുന്നത്.

സിഎൻജി മോഡിലുള്ള അതേ എഞ്ചിൻ 69 bhp പവറിൽ 95 Nm torque വരെയും നൽകും. 5-സ്പീഡ് മാനുവൽ ഗിയർബോക്സിൽ മാത്രമേ സിഎൻജി വേരിയന്റ് സ്വന്തമാക്കാനാവൂ.


Click it and Unblock the Notifications








