പുത്തൻ കാർ വാങ്ങാൻ പോകുന്നവർ ഇതറിഞ്ഞോ...? പോക്കറ്റിന് കനം കൂടുതൽ വേണം, ഹ്യുണ്ടായിയുടെ ആ തീരുമാനവും എത്തി
പുതുവർഷം പിറക്കാൻ ഇനി വെറും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ നിലവിലെ സ്റ്റോക്കുകൾ വിറ്റഴിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ് വാഹന നിർമാതാക്കളെല്ലാം. അതിന്റെ ഭാഗമായി ഇയർ എൻഡ് ഓഫർ എന്ന പേരിൽ ആനുകൂല്യങ്ങളും വാരിക്കോരി നൽകുകയാണ് കമ്പനികൾ. ഇതിന്റെ പേരിൽ മത്സരിക്കുന്ന ബ്രാൻഡുകൾ അടുത്ത വർഷം മുതൽ തങ്ങളുടെ മോഡൽ നിരയിൽ വില വർധനവും നടപ്പിലാക്കാൻ പോവുകയാണ്.
ഇതിനോടകം തന്നെ രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളായ മാരുതി സുസുക്കി, ടാറ്റ മോട്ടോർസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഔഡി പോലുള്ള ബ്രാൻഡുകളെല്ലാം വില വർധനവ് പ്രഖ്യാപിച്ചും കഴിഞ്ഞു. ഇതിനു പിന്നാലെയിതാ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയും ഇരുട്ടടി പോലെ മോഡൽ നിരയിൽ വില വർധനവ് കൊണ്ടുവരാൻ ഒരുങ്ങുകയാണ്. 2024 ജനുവരി 1 മുതൽ ഉപഭോക്താക്കൾ ഹ്യുണ്ടായി കാറുകൾക്ക് അധിക തുക മുടക്കേണ്ടി വരും.

പുതുക്കിയ വിലനിർണയം 2024 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് കമ്പനി വ്യാഴാഴ്‌ച്ചയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്പാദന ചെലവ് വർധിക്കുന്നതിനാലാണ് വില വർധന അനിവാര്യമായതെന്ന് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ പ്രസ്‌താവനയിലൂടെ വ്യക്തമാക്കി. ഈ നീക്കത്തോടെ അടുത്ത വർഷം ആദ്യ ദിവസം മുതൽ പ്രാബല്യത്തിൽ വരുന്ന വില വർധനവ് പ്രഖ്യാപിക്കുന്ന ഏറ്റവും പുതിയ വാഹന നിർമാതാക്കളായി ഹ്യുണ്ടായി മാറി.
വർദ്ധിച്ചുവരുന്ന ഇൻപുട്ട് ചെലവുകൾ, പ്രതികൂല വിനിമയ നിരക്കുകൾ, ചരക്ക് വിലയിലെ വർധനവ് എന്നിവയും മറ്റ് കാരണങ്ങളും കണക്കിലെടുത്താണ് വില വർധിപ്പിക്കാൻ തീരുമാനിച്ചതെന്ന് ഹ്യുണ്ടായി ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ഉയർന്നു വരുന്ന ഇൻപുട്ട് ചെലവുകളുടെ ഒരു ഭാഗം ചെറിയ വില പരിഷ്ക്കാരത്തിലൂടെ ഉപഭോക്താക്കൾക്ക് കൈമാറേണ്ടത് അനിവാര്യമായിരിക്കുന്നുവെന്ന് വില വർധനയെക്കുറിച്ച് സംസാരിച്ച ഹ്യുണ്ടായി മോട്ടോർ ഇന്ത്യയുടെ സിഒഒ തരുൺ ഗാർഗ് പറഞ്ഞു.

എന്നാൽ വില വർധനയുടെ വ്യാപ്തിയും എത്രമാത്രം വില വർധനവ് ഉണ്ടാവുമെന്നതും കാർ നിർമാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല. ജനുവരി 1 മുതൽ പുതിയ വില നൽകേണ്ടി വരുമെങ്കിലും ഭാവിയിൽ ഉപഭോക്താക്കളിൽ ഉണ്ടാകുന്ന വില ആഘാതം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്നും ഹ്യുണ്ടായി പറഞ്ഞു. നേരത്തെ മുതൽ തുടർന്നു വരുന്ന ഈ സമ്പ്രദായങ്ങളിൽ ഒന്നാണ് ഈ വില വർധനവ്. എല്ലാ കൊല്ലവും തുടക്കത്തിൽ എല്ലാത്തരം വാഹന നിർമാതാക്കളും ഇത്തരത്തിൽ വില വർനവ് പ്രഖ്യാപിക്കാറുണ്ട്.
എന്തായാലും വില വർധനവിന് മുമ്പായി രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കാർ ബ്രാൻഡായ ഹ്യുണ്ടായി ഗംഭീര ഇയർ എൻഡ് ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2023 മോഡൽ ഇയർ കാറുകളെ എങ്ങനെയെങ്കിലും വിറ്റഴിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ആനുകൂല്യങ്ങൾ ജനങ്ങൾ ഏറ്റെടുത്തിട്ടുണ്ടെന്നാണ് വിവരം. ഇനി അടുത്ത മാസം മുതൽ വില കൂടുന്ന സാഹചര്യത്തിൽ കൂടുതൽ ആളുകൾ ഷോറൂമുകളിലേക്ക് ഈ മാസം തന്നെ എത്തിയേക്കുമെന്നാണ് പ്രതീക്ഷ.

നിലവിൽ എക്സ്റ്ററിന്റെ ബലത്തിൽ എസ്‌യുവികളുടെ കച്ചോടം പൊടിപൊടിക്കുന്നുണ്ടെങ്കിലും സെഗ്മെന്റിലേക്ക് ആധുനിക എതിരാളികൾ എത്തിയതോടെ ക്രെറ്റ അൽപം വിയർക്കുന്നുണ്ട്. എന്നാൽ ഇതിന് പരിഹാരമായി മോഡലിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാൻ പോവുകയാണ് ഹ്യുണ്ടായി. വില വർധനവ് നടപ്പിലാക്കി ഏതാനും ദിവസങ്ങൾക്കുള്ളിൽ മിഡ്-സൈസ് എസ്‌യുവി പുതുമകളോടെ അവതരിക്കും.
ഏറെ നാളായി കാത്തിരിക്കുന്ന ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് 2024 ജനുവരി 16-ന് ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കും. ഇന്ത്യയ്‌ക്കുള്ള ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന് സവിശേഷമായ എക്സ്റ്റീരിയർ സ്റ്റൈലിംഗും ക്രമത്തിൽ കൂടുതൽ സവിശേഷതകളും സാങ്കേതികവിദ്യയും ഉണ്ടായിരിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇതോടെ മാരുതി ഗ്രാൻഡ് വിറ്റാരയ്ക്കും കിയ സെൽറ്റോസിനുമെല്ലാം മുന്നിൽ കൂടുതൽ കരുത്തോടെ ഓടാൻ ക്രെറ്റയെ സഹായിക്കും.

ഫീച്ചറുകളെ കുറിച്ച് പറയുകയാണെങ്കിൽ അപ്‌ഡേറ്റ് ചെയ്ത ക്രെറ്റ ADAS സേഫ്റ്റി ഫീച്ചറും 360-ഡിഗ്രി ക്യാമറയുമായി വരും. ഇന്റീരിയറിൽ വലിയ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും അപ്‌ഹോൾസ്റ്ററിക്ക് പുതിയ ഷേഡുകളെല്ലാം ഉണ്ടാവും. 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനും വാഹനത്തിൽ തുടരും. കാഴ്ച്ചയിലാവും ഭൂരിഭാഗം പണികളും നടക്കുക. പുതിയ ബമ്പർ, നവീകരിച്ച ടെയിൽഗേറ്റ്, H ആകൃതിയിലുള്ള എൽഇഡി ഡിആർഎൽ എന്നിവയെല്ലാം അഴക് കൂട്ടും.
ഇതുകൂടാതെ, ക്യൂബ് പോലെയുള്ള വിശദാംശങ്ങളും അപ്‌ഡേറ്റ് ചെയ്ത ഫ്രണ്ട് ഗ്രില്ലും ഉള്ള സ്പ്ലിറ്റ്-യൂണിറ്റ് വെർട്ടിക്കൽ ഹെഡ്‌ലാമ്പ് ഡിസൈനും ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന് ലഭിക്കും. വശക്കാഴ്ച്ചയിൽ പുതിയ അലോയ് വീലാവും ശ്രദ്ധാകേന്ദ്രം. അങ്ങനെ മൊത്തത്തിൽ അടിപൊളിയായി എത്തുന്നതോടെ നിലവിലെ വിൽപ്പനയിൽ കൂടുതൽ നേട്ടം കൊയ്യാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








