Standard Safety Features മാരുതിക്ക് പറ്റുവോ ഇതുപോലെ? ഈ സേഫ്റ്റി ഫീച്ചറുകൾ സ്റ്റാൻഡേർഡാക്കി ഹ്യുണ്ടായി
ഇന്ത്യൻ വിപണിയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളാണ് ഹ്യുണ്ടായി (Hyundai). ആദ്യകാലത്ത് സാൻട്രോ (Santro), ആക്‌സന്റ് (Accent) പോലുള്ള ബജറ്റ് ഫ്രണ്ട്‌ലി വാഹനങ്ങൾ പുറത്തിറക്കി ജനഹൃദയങ്ങൾ കീഴടക്കിയ ദക്ഷിണ കൊറിയൻ ബ്രാൻഡ് ഇപ്പോൾ എസ്‌യുവി (SUV) നിരയിലേക്കാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്.
ടാറ്റയിൽ നിന്നും രണ്ടാം സ്ഥാനത്തിനായി പടപൊരുതുന്ന ഹ്യുണ്ടായിയുടെ രക്ഷകൻ ക്രെറ്റ, വെന്യു എസ്‌യുവികൾ തന്നെയാണ്. ആയതിനാൽ മോഡൽ നിരയിൽ അടിക്കടി പരിഷ്ക്കാരങ്ങൾ കൊണ്ടുവരാനും കമ്പനി റെഡിയാണ്. 2023 ഏപ്രിൽ ഒന്നു മുതൽ നടപ്പിലാക്കിയ ബിഎസ്-VI രണ്ടാം ഘട്ട മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ഹ്യുണ്ടായി മോട്ടോർ ഇന്ത്യ തങ്ങളുടെ മുഴുവൻ മോഡലുകളെയും പരിഷ്ക്കരിച്ച് വിപണിയിലെത്തിച്ചിട്ടുണ്ട്.

ബ്രാൻഡിൽ നിന്നുള്ള എല്ലാ പെട്രോൾ മോഡലുകളും റിയൽ ഡ്രൈവിംഗ് എമിഷൻ (RDE), E20 (20 ശതമാനം എഥനോൾ, പെട്രോൾ മിശ്രിതം) ചട്ടങ്ങൾ പാലിക്കുന്നുണ്ട്. ഡീസൽ മോഡലുകളും RDE മാനദണ്ഡങ്ങൾ അനുസരിച്ചാണ് ഇപ്പോൾ പുറത്തിറങ്ങുന്നത്. ഇതുകൂടാതെ, ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ തങ്ങളുടെ കാറുകളിൽ കൂടുതൽ സുരക്ഷാ ഫീച്ചറുകൾ അവതരിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. ഇവയെല്ലാം സ്റ്റാൻഡേർഡായി തന്നെയാണ് ഇടംപിടിക്കുന്നത്.
2023 ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് ഹാച്ച്ബാക്കും ഓറ കോംപാക്‌ട് സെഡാനും ഇപ്പോൾ അഡ്‌ജസ്റ്റബിൾ പിൻ ഹെഡ്‌റെസ്റ്റുകൾ സ്റ്റാൻഡേർഡ് സുരക്ഷാ ഫിറ്റ്‌മെന്റായി കൂട്ടിച്ചേർത്തിട്ടുണ്ട്. ഇത് അങ്ങേയറ്റം സ്വീകാര്യമായ നടപടിയാണ്. 2023 മോഡൽ ഇയർ i20 ഹാച്ച്‌ബാക്ക്, വെന്യു സബ്-4 മീറ്റർ എസ്‌യുവി, ക്രെറ്റ എസ്‌യുവി എന്നിവ ഇപ്പോൾ സ്റ്റാൻഡേർഡായി അഡ്ജസ്റ്റ് ചെയ്യാവുന്ന പിൻ ഹെഡ്‌റെസ്റ്റുകൾക്കൊപ്പം എല്ലാ സീറ്റുകളിലും 3-പോയിന്റ് സീറ്റ് ബെൽറ്റുകളും അവതരിപ്പിക്കുന്നുണ്ട്.

2023 ഹ്യുണ്ടായി i20 ആസ്റ്റ, ആസ്റ്റ (O) വേരിയന്റുകളിൽ പിൻസീറ്റ് യാത്രക്കാർക്ക് മൂന്ന് അഡ്ജസ്റ്റബിൾ ഹെഡ്‌റെസ്റ്റുകളാണ് ഒരുക്കിയിരിക്കുന്നത്. അതായത് നടുക്കിരിക്കുന്നയാൾക്കും ഈ ഫീച്ചർ ഇനി മുതൽ ലഭിക്കുമെന്ന് സാരം. പുതുക്കിയ 2023 ഹ്യുണ്ടായി വെന്യുവും ക്രെറ്റയും 60:40 സ്പ്ലിറ്റ് റേഷ്യോയിൽ 2-സ്റ്റെപ്പ് റിക്ലൈനിംഗ് റിയർ സീറ്റുമായാണ് വരുന്നത്. ഈ നീക്കങ്ങളെല്ലാം പുതിയ ഉപഭോക്താക്കളെ ബ്രാൻഡിലേക്ക് അടുപ്പിക്കാൻ കാരണമാവും.
2023 ഓഗസ്റ്റിൽ വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ എക്‌സ്‌റ്റർ മൈക്രോ എസ്‌യുവിയാണ് ഹ്യുണ്ടായി നിരയിലേക്ക് എത്തുന്ന ഏറ്റവും പുതിയ അതിഥി. നിലവിൽ പരീക്ഷണയോട്ട ഘട്ടത്തിലുള്ള വാഹനത്തെ അധികം വൈകാതെ പരിചയപ്പെടുത്തിയക്കുമെന്നാണ് വിവരം. ഇതിലും മുകളിൽ പറഞ്ഞ സുരക്ഷാ സവിശേഷതകൾ സ്റ്റാൻഡേർഡായി തന്നെ ലഭിച്ചേക്കും. വിപണിയിൽ വൻഹിറ്റായ ടാറ്റ പഞ്ചുമായാണ് എക്സ്റ്റെർ നേരിട്ട് മത്സരിക്കുക. 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ്, 1.0 ലിറ്റർ ടർബോ എന്നിങ്ങനെ രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാവും മോഡലിനുണ്ടാവുക.

ഈ രണ്ട് എഞ്ചിനുകളും ഹ്യുണ്ടായിയുടെ മറ്റ് കാറുകളിൽ കണ്ട് പരിചിതമായവയാണ്. 5-സ്പീഡ് മാനുവൽ ഗിയർബോക്‌സ് സ്റ്റാൻഡേർഡായി എത്തുമ്പോൾ ഓട്ടോമാറ്റിക് പ്രേമികൾക്കായി എഎംടി, ഡിസിടി ട്രാൻസ്മിഷനുകൾ യഥാക്രമം നാച്ചുറലി ആസ്പിറേറ്റഡ്, ടർബോ പെട്രോൾ എഞ്ചിനുകൾക്കൊപ്പം സമ്മാനിക്കും. പവർ കണക്കുകൾ i20 പ്രീമിയം ഹാച്ച്ബാക്കിന് സമാനമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മറ്റ് ഫീച്ചറുകളുടെ കാര്യത്തിലേക്ക് നോക്കിയാൽ പുതിയ 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, അത്യാധുനിക സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഹ്യുണ്ടായിയുടെ ബ്ലൂലിങ്ക് കണക്റ്റഡ് കാർ ടെക്, സിംഗിൾ-പേൻ ഇലക്ട്രിക് സൺറൂഫ്, ഓട്ടോമാറ്റിക് എസി യൂണിറ്റ്, മൾട്ടി ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ തുടങ്ങിയ ആധുനിക ഫീച്ചറുകളെല്ലാം കോർത്തിണക്കിയാവും ഹ്യുണ്ടായി എക്സ്റ്ററിനെ ഒരുക്കുക.
ഒന്നിലധികം എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, റിവേഴ്സ് പാർക്കിംഗ് ക്യാമറ തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും മൈക്രോ എസ്‌യുവിക്കുണ്ടാവും. വിലയുടെ കാര്യത്തിലേക്ക് നോക്കിയാൽ 6.50 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയുള്ള നിലവാരത്തിലായിരിക്കാം കമ്പനി പുത്തൻ അതിഥിയെ അണിനിരത്തുക. വിലയുടെ കാര്യത്തിൽ ടാറ്റ പഞ്ചുമായി മാറ്റുരയ്ക്കാനായാൽ കാര്യങ്ങൾ വേറെ ലെവലെത്തുമെന്ന് ഉറപ്പിക്കാം.


Click it and Unblock the Notifications