ഓഫ്-റോഡും പോവാമോ? ക്രെറ്റ, അൽകസാർ അഡ്വഞ്ചർ എഡിഷനുമായി ഹ്യുണ്ടായി; കൂട്ടിന് അഡാറ് ഫീച്ചറുകളും
ഇന്ത്യയിൽ സാൻട്രോ എന്ന ടോൾബോയ് ഹാച്ച്ബാക്കുമായി വന്ന് ജനമനസുകൾ കീഴടക്കിയവരാണ് ഹ്യുണ്ടായി. പിന്നീട് മാരുതി സുസുക്കിക്ക് പിന്നിൽ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായി വാഴ്ത്തപ്പെടാനും ദക്ഷിണ കൊറിയൻ ബ്രാൻഡിന് അധികം സമയമൊന്നും വേണ്ടിവന്നില്ല. ആക്‌സന്റ്, എലാൻട്ര, i10, i20, ഇയോൺ പോലെ എല്ലാ സെഗ്മെന്റിലും സാന്നിധ്യമറിയിച്ച് അധിവേഗമായിരുന്നു ഹ്യുണ്ടായിയുടെ ഇന്ത്യയിലെ വളർച്ച.
ബജറ്റ് കാറുകൾ മുതൽ പ്രീമിയം മോഡലുകൾ വരെ നിർമിക്കാനാവുമെന്ന വൈദഗ്ധ്യവും കമ്പനി കാട്ടിത്തന്നപ്പോൾ ഇന്ത്യക്കാർ പതിയെ എസ്‌യുവികളുടെ പിന്നാലെ പായുകയാണെന്ന് ഹ്യുണ്ടായിക്ക് മനസിലായി. ഇതിനുത്തരമായി കമ്പനി 2015-ൽ ക്രെറ്റക്ക് രൂപംകൊടുത്തു. വിപണിയിൽ എത്തിയതും വലിയ ഹിറ്റായ മോഡൽ ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളിൽ ഒന്നായി ആടിത്തിമിർക്കുകയാണ്. പിന്നീട് കൊവിഡിന് ശേഷം 7 സീറ്റർ എസ്‌യുവികളുടെ ഡിമാന്റും കുതിച്ചുയർന്നു.

എല്ലാം കൃത്യമായി മനസിലാക്കാൻ കഴിവുള്ള ഹ്യുണ്ടായി ഈ അവസരം മുതലെടുക്കാനായി അൽകസാർ എന്ന 7 സീറ്റർ പുറത്തിറക്കുകയുണ്ടായി. ക്രെറ്റയുടെ അത്രയും വലിയ വിജയമായില്ലെങ്കിലും സെഗ്മെന്റിൽ തന്റേതായ സ്ഥാനം കണ്ടെത്താൻ മോഡലിന് അതിവേഗം സാധിച്ചു. ഇപ്പോൾ സ്പെഷ്യൽ എഡിഷൻ വേരിയന്റുകൾ ഇന്ത്യയിൽ ജനപ്രിയമായിക്കൊണ്ടിരിക്കുമ്പോൾ തങ്ങളുടെ എസ്‌യുവി നിരയിലേക്ക് പുതിയ അഡ്വഞ്ചർ എഡിഷൻ കൊണ്ടുവന്ന് ഉത്സവ സീസൺ പിടിക്കാനാണ് ഹ്യുണ്ടായിയുടെ ലക്ഷ്യം.
ക്രെറ്റ, അൽകാസർ എസ്‌യുവികളുടെ അഡ്വഞ്ചർ എഡിഷനുമായി ഹ്യുണ്ടായി രംഗപ്രവേശം ചെയ്‌തിരിക്കുകയാണിപ്പോൾ. ഇവയ്ക്ക് യഥാക്രമം യഥാക്രമം 15.17 ലക്ഷം രൂപ, 19.04 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില വരുന്നത്. ക്രെറ്റയുടെ അഡ്വഞ്ചർ എഡിഷൻ പെട്രോൾ എഞ്ചിനിലാണ് ലഭ്യമാകുന്നതെങ്കിൽ അൽകസാർ പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ തന്നെ സ്വന്തമാക്കാനാവും.

ക്രെറ്റ, അൽകാസർ അഡ്വഞ്ചർ എഡിഷനുകൾ 21-ലധികം എക്‌സ്ക്ലൂസീവ് ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നുവെന്നാണ് ഹ്യുണ്ടായി പറയുന്നത്. അവയിൽ ഓരോന്നും ഇതുവരെ വിറ്റഴിച്ച വേരിയന്റുകളിൽ നിന്ന് വേറിട്ടുനിൽക്കാൻ മോഡലുകളെ സഹായിക്കും. പതിവായി യാത്രകൾ നടത്തുന്നവരെ ഉദ്ദേശിച്ചാണ് ഇവ പുറത്തിറക്കുന്നതെന്നും ഹ്യുണ്ടായി അവകാശപ്പെടുന്നു. കാഴ്ച്ചയിൽ ശരിക്കും യുണീക്കായ ബോഡി കളർ ഓപ്ഷനാണ് ശരിക്കും പ്രശംസ അർഹിക്കുന്നത്.
അടുത്തിടെ എത്തിയ എക്സ്റ്ററിൽ കാണുന്ന അതേ റേഞ്ചർ കാക്കി കളർ ഓപ്ഷനാണ് അഡ്വഞ്ചർ എഡിഷനുകളിൽ കാണുന്നത്. അബിസ് ബ്ലാക്ക്, അറ്റ്ലസ് വൈറ്റ്, ടൈറ്റൻ ഗ്രേ എന്നീ നിറങ്ങളും ഇവയ്ക്ക് ലഭിക്കും. ക്രെറ്റയ്ക്ക് അറ്റ്ലസ് വൈറ്റ്, റേഞ്ചർ കാക്കി എന്നിങ്ങനെ രണ്ട് ഡ്യുവൽ-ടോൺ നിറങ്ങൾ ലഭിക്കുമ്പോൾ അൽകാസറിന് അറ്റ്ലസ് വൈറ്റ്, റേഞ്ചർ കാക്കി, ടൈറ്റൻ ഗ്രേ എന്നിങ്ങനെ മൂന്ന് നിറങ്ങളാവും ലഭിക്കുക.

ഹ്യുണ്ടായി ലോഗോയുള്ള കറുപ്പിൽ ഒരുങ്ങിയ ഗ്രില്ലും കാഴ്ച്ചയിൽ സ്പോർട്ടിനസ് നൽകുന്നുണ്ട്. ഇതുകൂടാതെ ഫ്രണ്ട് റിയർ, സൈഡ് സ്കിഡ് പ്ലേറ്റുകൾ, വിംഗ് മിററുകൾ, 17 ഇഞ്ച് അലോയ് വീലുകൾ, ഫോഗ് ലാമ്പ് ഹൗസിംഗ്, ടെയിൽഗേറ്റ് ഗാർണിഷ് (അൽകാസറിൽ), സി-പില്ലർ ട്രിം (ക്രെറ്റയിൽ) എന്നിവയും കറുപ്പിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. ഫ്രണ്ട് ഫെൻഡറുകളിൽ പ്രത്യേക 'അഡ്വഞ്ചർ' പതിപ്പ് ബാഡ്ജുകളും ഇടംപിടിച്ചിട്ടുണ്ട്.
എക്സ്റ്റീരിയറിന് ഈ മാറ്റങ്ങൾ മാത്രമാണുള്ളതെങ്കിലും അകത്ത് ധാരാളം പരിഷ്ക്കാരങ്ങളും അധിക സവിശേഷതകളും ക്രെറ്റയുടെയും അൽകാസറിന്റെയും അഡ്വഞ്ചർ എഡിഷനിലേക്ക് എത്തിയിട്ടുണ്ട്. എക്‌സ്‌റ്റർ, വെന്യു N-ലൈൻ എസ്‌യുവികളിൽ ലഭ്യമായ ഡാഷ്‌ക്യാമിന്റെ വരവാണ് ഇതിൽ എടുത്തു പറയേണ്ട കാര്യം. ഇതൊരു സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറായും ഹ്യുണ്ടായിക്ക് അവതരിപ്പിക്കാനായിട്ടുണ്ട്.

അഡ്വഞ്ചർ എഡിഷനുകൾക്ക് എസി വെന്റുകളിലും സ്വിച്ചുകളിലും സേജ് ഗ്രീൻ ഇൻസേർട്ടുകളുള്ള ഒരു ബ്ലാക്ക് ഇന്റീരിയർ തീമാണ് ലഭിക്കുന്നത്. ക്രെറ്റയ്ക്കും അൽകാസറിനും പ്രത്യേക മാറ്റുകളും സിൽവർ ഫൂട്ട് പെഡലുകളും നൽകിയിട്ടുണ്ട് ഹ്യുണ്ടായി. ഇത്തരം കോസ്മെറ്റിക് നവീകരണങ്ങൾ മാത്രമാണ് രണ്ട് എസ്‌യുവികളിലും കാണാനാവുന്നത്. മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ ഒരു മാറ്റവും വന്നിട്ടില്ല.
115 bhp പവറിൽ പരമാവധി 144 Nm torque ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ മാത്രമാണ് ക്രെറ്റ അഡ്വഞ്ചർ എഡിഷൻ വാഗ്ദാനം ചെയ്യുന്നത്. ഇത് 6-സ്പീഡ് മാനുവൽ ഗിയർബോക്‌സോടുകൂടിയ SX വേരിയന്റിലും സിവിടി ഓട്ടോമാറ്റിക്കോടു കൂടിയ SX (O) വേരിയന്റിലും സ്വന്തമാക്കാം. ഇനി അൽകസാർ അഡ്വഞ്ചർ എഡിഷനിലേക്ക് വന്നാൽ ടർബോ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനോടെയാണ് എസ്‌യുവി വിപണിയിലെത്തുന്നത്.

അൽകസാർ അഡ്വഞ്ചർ എഡിഷനിലെ 1.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിന് 160 bhp പവറിൽ പരമാവധി 253 Nm torque വരെ നിർമിക്കും. അതേസമയം 1.5 ലിറ്റർ ഡീസലിലേക്ക് വന്നാൽ 116 bhp കരുത്തിൽ 250 Nm torque ആണ് ലഭിക്കുക. 7 സീറ്റ് കോൺഫിഗറേഷനിലാണ് ഈ വേരിയന്റുകൾ വാങ്ങാനാവുക. പ്ലാറ്റിനം വേരിയന്റ് അൽകസാർ അഡ്വഞ്ചർ എഡിഷൻ പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ 6-സ്പീഡ് മാനുവൽ ഗിയർബോക്‌സിൽ മാത്രമേ ലഭ്യമാകൂ.
സിഗ്നേച്ചർ (O) വേരിയന്റിൽ അൽകസാർ അഡ്വഞ്ചർ എഡിഷൻ പെട്രോളിനായി 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക്, ഡീസൽ എഞ്ചിനുള്ള 6-സ്പീഡ് ഓട്ടോമാറ്റിക് എന്നിവയിലാണ് ഹ്യുണ്ടായി ലഭ്യമാക്കിയിരിക്കുന്നത്. ആഭ്യന്തര വിപണിയിൽ സ്പെഷ്യൽ എഡിഷൻ എസ്‌യുവികൾ ഇറക്കി ലാഭം കൊയ്യുന്നവരാണ് ടാറ്റ മോട്ടോർസ്. ആയതിനാൽ മുഖ്യ ശത്രുവായ ടാറ്റയോട് തന്നെയാണ് ഹ്യുണ്ടായിയുടെ പ്രധാന മത്സരം.


Click it and Unblock the Notifications








