ഈ വേരിയന്റും നിറവും ക്രെറ്റയിൽ ഇനിയില്ല, പുതിയ പരിഷ്ക്കാരങ്ങളുമായി ഹ്യുണ്ടായി
ഇന്ത്യയിൽ എസ്‌യുവി വാഹനങ്ങൾക്ക് പുതുമാനം സമ്മാനിച്ച മോഡലാണ് ഹ്യുണ്ടായി ക്രെറ്റ. ആദ്യതലമുറയിൽ രചിച്ച വിപ്ലവം രണ്ടാംതലമുറയ്ക്കൊപ്പം നിലനിർത്താനായതാണ് കമ്പനിയുടെ ഏറ്റവും വലിയ വിജയം. രാജ്യത്തെ എസ്‌യുവി സെഗ്‌മെന്റിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നായി ഇത്രയും കാലം നിലനിൽക്കാൻ റേഞ്ച് ഒന്ന് വേറെ തന്നെ വേണം.
ഒരു ഹ്യുണ്ടായി കാറായിട്ടും വില 10 ലക്ഷത്തിന് മുകളിലായിട്ടും എങ്ങനെ ചൂടപ്പം പോലെ വിറ്റഴിക്കാനാവുന്നെന്നു വരെ ചിന്തിച്ചിരിക്കുന്നവരുണ്ടാവും അല്ലേ. സാൻട്രോ എഴുതിയ കൊറിയൻ വിപ്ലവം രാജ്യത്തെ സ്പോർട്ട് യൂട്ടിലിറ്റി വാഹന നിരയിലേക്ക് കൊണ്ടുവന്നവൻ കൂടിയാണ് ക്രെറ്റയെന്ന് നിസംശയം പറയാനാവും. അടിക്കടി വേരിയന്റ് നിരയിൽ കൊണ്ടുവരുന്ന പരിഷ്ക്കാരങ്ങളും മറ്റുമാണ് വാഹനത്തെ ഇത്രയും ജനപ്രിയമാക്കി നിലനിർത്തുന്നതു തന്നെ. അതോടൊപ്പം വ്യത്യസ്‌ത തരത്തിലുള്ള എഞ്ചിൻ-ഗിയർബോക്‌സ് കോമ്പിനേഷനുകളും ഗെയിംചേഞ്ചറാക്കി.

വരാനിരിക്കുന്ന ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളുടെ രണ്ടാംഘട്ടം പാലിക്കുന്നതിനായി എസ്‌യുവി അടുത്തിടെ നവീകരണങ്ങൾക്ക് വിധേയമാവുകയുണ്ടായി. ഇതോടൊപ്പെം ക്രെറ്റയുടെ വേരിയന്റ് നിരയിൽ ചില വെട്ടിനിരത്തലുകൾ ഉണ്ടായിരിക്കുകയാണിപ്പോൾ. അതിൽ എൻട്രി ലെവൽ വേരിയന്റിനൊപ്പം ജനപ്രിയമായ ഒരു കളർ ഓപ്ഷനും കൂടി ഹ്യുണ്ടായി ഒഴിവാക്കിയതാണ് ഞെട്ടലുണ്ടാക്കുന്നത്. അതേതപ്പാ എന്നോർത്ത് തല പുകയ്ക്കേണ്ട... ക്രെറ്റയ്‌ക്കൊപ്പം നൽകുന്ന സിഗ്നേച്ചർ മൾബറി റെഡ് നിറമാണ് കമ്പനി പിൻവലിച്ചിരിക്കുന്നത്.
ആയതിനാൽ ഇനി മുതൽ ഡെനിം ബ്ലൂ, ഫാന്റം ബ്ലാക്ക്, ടൈറ്റൻ ഗ്രേ, ടൈഫൂൺ സിൽവർ, പോളാർ വൈറ്റ് എന്നിങ്ങനെ ആറ് കളർ ഓപ്ഷനുകളിൽ മാത്രമാവും ക്രെറ്റ എസ്‌യുവി സ്വന്തമാക്കാനാവുക. നിർത്തലാക്കിയ വേരിയന്റിന്റെ വിശദാംശങ്ങളിലേക്ക് നോക്കിയാൽ ക്രെറ്റ ലൈനപ്പിൽ നിന്ന് ഹ്യുണ്ടായി SX എക്സിക്യൂട്ടീവ് ട്രിമ്മാണ് നീക്കം ചെയ്തിരിക്കുന്നത്. ഇത് രണ്ട് വർഷങ്ങൾക്ക് മുമ്പ് അതായത് 2021-ലാണ് ബ്രാൻഡ് ആദ്യമായി വിപണിയിൽ അവതരിപ്പിക്കുന്നത്.

ഇത് S, SX വേരിയന്റുകൾക്ക് ഇടയിലാണ് സ്ഥാനംപിടിച്ചിരുന്നതും. ക്രെറ്റയുടെ SX എക്സിക്യൂട്ടീവ് വേരിയന്റ് രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ വരെ ലഭ്യമായിരുന്നുവെന്നതാണ് ഇതിനെ വേറിട്ടുനിർത്തിയിരുന്നത്. അതിൽ 115 bhp പവർ വരെ ഉത്പാദിപ്പിച്ചിരുന്ന 1.5 ലിറ്റർ 4 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 115 bhp കരുത്ത് വരെ നൽകിയിരുന്ന 1.5 ലിറ്റർ 4 സിലിണ്ടർ ടർബോ ഡീസൽ എന്നിവയായിരുന്നു അവ.
അതേസമയം ഗിയർബോക്‌സ് ഓപ്ഷനിൽ ആറ് സ്പീഡ് മാനുവൽ മാത്രമായിരുന്നു ഹ്യുണ്ടായി അവതരിപ്പിച്ചിരുന്നത്. ഈ രണ്ട് മാറ്റങ്ങൾ ഒഴികെ വാഹനത്തിന് മറ്റ് കാര്യമായ ഒരു പരിഷ്ക്കാരവും കമ്പനി നടപ്പിലാക്കിയിട്ടില്ല. ഇനി പുതിയ ബിഎസ്-VI രണ്ടാംഘട്ടത്തിന് അനുസൃതമാക്കി പുനക്രമീകരിച്ച എസ്‌യുവിയുടെ എഞ്ചിൻ ലൈനപ്പിൽ നിന്നും 1.4 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റിനെ ദക്ഷിണ കൊറിയൻ ബ്രാൻഡ് ഒഴിവാക്കിയിരുന്നു.

അങ്ങനെ ഇനി മുതൽ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളും 1.5 ലിറ്റർ ഡീസലും മാത്രമാവും ഹ്യുണ്ടായി ക്രെറ്റയിൽ സ്വന്തമാക്കാനാവൂ. രണ്ടും മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടുകൂടി തന്നെ തെരഞ്ഞെടുക്കാനാവും. 2023 മോഡൽ എസ്‌യുവിക്ക് RDE കംപ്ലയിന്റായതോടെ E20 ഇന്ധനത്തിൽ പ്രവർത്തിക്കാനും കഴിയും. 1.4 ലിറ്റർ ടർബോ-പെട്രോൾ ഒഴിവാക്കിയതിനാൽ ഉടൻ തന്നെ പുതിയ 1.5 ലിറ്റർ ടർബോ എഞ്ചിൻ മോഡൽ നിരയിലേക്ക് എത്തും.
ഇത് അടുത്തിടെ അൽകസാർ മൂന്നുവരി എസ്‌യുവിയിൽ പരിചയപ്പെടുത്തിയ അതേ എഞ്ചിനാണ്. പുതിയ മാറ്റങ്ങളോടെ E, EX, S, SX, SX (O) വേരിയന്റുകളിൽ ലഭ്യമാവുന്ന ഹ്യുണ്ടായി ക്രെറ്റയ്ക്ക് 10 ലക്ഷം രൂപ മുതലാണ് പ്രാരംഭ എക്സ്ഷോറൂം വില വരുന്നത്. നൈറ്റ് എഡിഷൻ S+, SX (O) വകഭേദങ്ങൾക്കായി നീക്കിവെച്ചിരിക്കുന്നതായും ബ്രാൻഡ് അറിയിച്ചിട്ടുണ്ട്. കിയ സെൽറ്റോസ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, സ്‌കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, ടൊയോട്ട ഹൈറൈഡർ തുടങ്ങിയ വമ്പൻമാരുമായാണ് ഹ്യുണ്ടായി ക്രെറ്റയുടെ മത്സരം.


Click it and Unblock the Notifications