പഞ്ച് കാണുന്നുണ്ടോ? 10,000 ബുക്കിംഗ് കടന്ന് ഹ്യുണ്ടായി എക്സ്റ്റർ
വാഹന വിപണിയിൽ ഏവരുടേയും സംസാര വിഷയം ഹ്യുണ്ടായിയുടെ പുതിയ എക്സ്റ്റർ എസ്‌യുവിയെ കുറിച്ചാണ്. കുറഞ്ഞ ബജറ്റിൽ ഒരു കിടിലൻ സ്പോർട് യൂട്ടിലിറ്റി വാഹനം സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ സ്വപ്‌നം യാഥാഥ്യമാക്കാനാണ് ഈ മോഡൽ ജന്മം എടുത്തിരിക്കുന്നതു തന്നെ. ടാറ്റ പഞ്ച് മെയിൻ എതിരാളിയായി നിൽക്കുമ്പോൾ വിപണിയിൽ ക്ലച്ചുപിടിക്കാൻ എക്സ്റ്ററിന് പാടിയിരിക്കുമെന്ന വിചാരിച്ചിരുന്നവർക്കുള്ള ഉത്തരം പുതിയ പ്രഖ്യാപനത്തിലൂടെ ഹ്യുണ്ടായി നൽകുകയാണ്.
ഇതുവരെ തങ്ങളുടെ പുതിയ മൈക്രോ എസ്‌യുവിക്കായി 10,000 ബുക്കിംഗുകളോളമാണ് ലഭിച്ചിരിക്കുന്നതെന്നാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. എസ്‌യുവിയുടെ ബുക്കിംഗ് 2023 മെയ് എട്ടിനാണ് ഇന്ത്യയിൽ ആരംഭിക്കുന്നത്. വില പ്രഖ്യാപനത്തിന് മുമ്പേ തന്നെ രണ്ട് മാസത്തിനുള്ളിൽ എക്‌സ്‌റ്റർ ഇതിനകം 10,000 യൂണിറ്റ് ബുക്കിംഗ് നാഴികക്കല്ല് പിന്നിട്ടത് ടാറ്റ പഞ്ച് പോലുള്ള പ്രധാന എതിരാളികൾക്ക് ഒരു വലിയ വെല്ലുവിളി തന്നെയാണ്.

ബുക്കിംഗിൽ ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് 38 ശതമാനവും സിഎൻജി പതിപ്പുകൾക്ക് 20 ശതമാനവും ഓർഡറുകൾ ലഭിച്ചുവെന്നാണ് കമ്പനി വെളിപ്പെടുത്തുന്നത്. എക്‌സ്‌റ്ററിന്റെ ഡെലിവറികൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. നിലവിൽ ശരാശരി മൂന്ന് മാസത്തെ ബുക്കിംഗ് പിരീഡാണ് ഹ്യുണ്ടായി ആവശ്യപ്പെടുന്നത്. EX, EX(O), S, S(O), SX, SX(O), SX(O) കണക്‌ട് എന്നിങ്ങനെ ഏഴ് വേരിയന്റുകളിലാണ് മൈക്രോ എസ്‌യുവി ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനാവുന്നത്.
അതോടൊപ്പം ഹ്യുണ്ടായി എക്സ്റ്ററിൽ കോസ്മിക് ബ്ലൂ, റേഞ്ചർ കാക്കി എന്നീ രണ്ട് പുതിയ എക്സ്ക്ലൂസീവ് കളർ ഓപ്ഷനുകൾക്കൊപ്പം ആറ് മോണോടോൺ, മൂന്ന് ഡ്യുവൽ ടോൺ എക്സ്റ്റീരിയർ കളർ ഓപ്ഷനുകളാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. അറ്റ്ലസ് വൈറ്റ്, കോസ്മിക് ബ്ലൂ, ഫിയറി റെഡ്, റേഞ്ചർ കാക്കി, സ്റ്റാറി നൈറ്റ്, ടൈറ്റൻ ഗ്രേ എന്നിവ മോണോടോൺ ഓപ്ഷനുകളിൽ ഉൾപ്പെടുന്നു.

മറുവശത്ത് ഡ്യുവൽ-ടോണിൽ അബിസ് ബ്ലാക്ക് ഉള്ള അറ്റ്ലസ് വൈറ്റ്, അബിസ് ബ്ലാക്ക് ഉള്ള കോസ്മിക് ബ്ലൂ, അബിസ് ബ്ലാക്ക് ഉള്ള റേഞ്ചർ കാക്കി എന്നിവയാണ് ഹ്യുണ്ടായി അണിനിരത്തിയിരിക്കുന്നത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടിയുമായി ജോടിയാക്കിയ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് ഫോർ-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് പുതിയ എക്സ്റ്ററിന് ലഭിക്കുന്നത്.
മോഡലിന്ഖെ പെട്രോൾ മാനുവലിന് 19.4 കിലോമീറ്ററും എഎംടി മോഡലുകൾക്ക് 19.2 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് ഹ്യുണ്ടായി അവകാശപ്പെടുന്നത്. അതേസമയം സിഎൻജി പതിപ്പിൽ 27.10 കിലോമീറ്റർ മൈലേജാവും ലഭിക്കുക. ഇനി പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 82 bhp കരുത്തിൽ പരമാവധി 113 Nm torque നൽകാൻ 1.2 ലിറ്റർ എഞ്ചിനാവും.

പഞ്ചിനെ അപേക്ഷിച്ച് ഫോർ സിലിണ്ടർ എഞ്ചിനായതിനാൽ കൂടുതൽ കാര്യക്ഷമമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് ബൈ-ഫ്യുവൽ സിഎൻജി ഓപ്ഷനും ലഭിക്കുന്നുണ്ട്. 10 ലക്ഷം രൂപയിൽ താഴെ വിലയുള്ള ഏറ്റവും കൂടുതൽ ഫീച്ചറുകളുള്ള കാറുകളിലൊന്നാണ് എക്‌സ്‌റ്റർ എന്നും പറയാതെ വയ്യ. സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളായി സിംഗിൾ-പാൻ സൺറൂഫും ഡ്യുവൽ ക്യാമറകളുള്ള ഫാക്ടറി ഫിറ്റഡ് ഡാഷ്‌ക്യാമുമാണ് ഇതിലെ ഏറ്റവും വലിയ ഹൈലൈറ്റ്.
കൂടാതെ ഓട്ടോമാറ്റിക് പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, കീലെസ് എൻട്രി ആൻഡ് ഗോ, 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വയർലെസ് ചാർജിംഗ്, ഇൻ-ബിൽറ്റ് നാവിഗേഷൻ, കണക്റ്റഡ് കാർ ടെക്, ഒന്നിലധികം ഭാഷകളിലെ വോയ്‌സ്-ആക്ടിവേറ്റഡ് കമാൻഡുകൾ OTA അപ്‌ഡേറ്റുകൾ എന്നിവയെല്ലാം വാഹനത്തിലുണ്ട്.

സേഫ്റ്റി ഫീച്ചറുകളാലും ഹ്യുണ്ടായി എക്സ്റ്റർ സമ്പന്നമാണ്. ആറ് എയർബാഗുകൾ, ESC, ഹിൽ അസിസ്റ്റ് കൺട്രോൾ, EBD ഉള്ള ABS, റിയർ പാർക്കിംഗ് സെൻസറുകളും ക്യാമറയും, എല്ലാ സീറ്റുകൾക്കും ത്രീ-പോയിന്റ് സീറ്റ്ബെൽറ്റ്, സീറ്റ്ബെൽറ്റ് റിമൈൻഡറുകൾ, ISOFIX ആങ്കറേജുകൾ എന്നിവയുമായാണ് മൈക്രോ എസ്‌യുവി വരുന്നത്. എന്തായാലും ബുക്കിംഗും വാരിക്കൂട്ടി മുന്നേറുമ്പോൾ ഹ്യുണ്ടായിയുടെ അടുത്ത ഹിറ്റായി എക്സ്റ്റർ മാറുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications