Hyundai Exter പഞ്ച് വിറയ്ക്കും, എക്സ്റ്ററിന്റെ ഡിസൈൻ വെളിപ്പെടുത്തി ഹ്യുണ്ടായി
ഇന്ത്യയിൽ സ്പോർട്ട് യൂട്ടിലിറ്റി വാഹനങ്ങൾക്കിത് (SUV) വളരെ നല്ലകാലമാണ്. അതിപ്പോൾ കുറഞ്ഞ വിലയുള്ള മോഡലുകളാണെങ്കിൽ പ്രത്യേകിച്ച് പറയാനുമില്ല. ടാറ്റ പഞ്ച് (Tata Punch) വിപ്ലവം തീർത്ത മൈക്രോ എസ്‌യുവി രംഗം കൂടുതൽ ചൂടുപിടിപ്പിക്കാനായി ഹ്യുണ്ടായിയുടെ (Hyundai) പുതിയ അവതാരം കൂടി കളത്തിലേക്ക് എത്തുമ്പോൾ ലെവൽ തന്നെയങ്ങ് മാറാനിരിക്കുകയാണ്.
കുഞ്ഞന്‍ എസ്‌യുവി സെഗ്മെന്റിൽ നേരിട്ടൊരു എതിരാളിയില്ലാതെ അരങ്ങുതകർക്കുന്ന ടാറ്റ പഞ്ച് ഇനി വിയർക്കേണ്ടി വരുമെന്ന് ഉറപ്പാണ്. ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ നിരയിൽ നിന്നും പിറവിയെടുക്കുന്ന മൈക്രോ എസ്‌യുവിയുടെ വരവ് തന്നെയാണ് ഇതിനു പിന്നിലുള്ള കാരണം. എക്സ്റ്റര്‍ എന്നു പേരിട്ടിരിക്കുന്ന മോഡലിന്റെ വരവിന്റെ ഭാഗമായി വാഹനത്തെ ഉപഭോക്താക്കളിലേക്ക് എത്തുക്കാനായി പുതിയ ടീസർ ചിത്രങ്ങളും പങ്കുവെക്കുന്ന തിരക്കിലാണ് ഹ്യുണ്ടായി ഇപ്പോൾ.

ഏറ്റവും പുതിയ അപ്ഡേറ്റുകളുടെ ഭാഗമായി എക്സ്റ്റർ മൈക്രോ എസ്‌യുവിയുടെ ഡിസൈൻ വെളിപ്പെടുത്തുന്ന ചിത്രങ്ങൾ പുറത്തുവിട്ടാണ് ഹ്യുണ്ടായി വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്. ആദ്യ കാഴ്ച്ചയിൽ ആരുടേയും മനംകവരുന്ന ഹ്യുണ്ടായി കാറുകളുടെ പതിവ് ശൈലി തന്നെയാണ് എക്സ്റ്ററും പിന്തുടർന്നിരിക്കുന്നത്. ആഗോളവിപണിയിൽ ശ്രദ്ധനേടിയ കാസ്‌പറിന്റെ രൂപത്തിനോടും നീതിപുലർത്തിയാണ് വരവ് എന്നതും ഹൈലൈറ്റാണ്.
വൃത്താകൃതിയിലുള്ള ഫ്രണ്ട് ഫെയ്‌സും ഗ്രില്ലിൽ പാരാമെട്രിക് പാറ്റേണുകളുമുള്ള യുണീക്കായ സിഗ്നേച്ചർ H-എൽഇഡി ഡിആർഎല്ലുകളുമാണ് ഡിസൈൻ സ്കെച്ചിലൂടെ പുറത്തുവിട്ടിരിക്കുന്നത്. എസ്‌യുവിയുടെ മുൻഭാഗം വേറിട്ടുനിൽക്കാൻ ക്യാരക്‌ടർ ലൈനുകളും കമ്പനി സമ്മാനിച്ചിട്ടുണ്ട്. ഇത് ചെറുതായി മസ്കുലർ ഫീൽ നൽകുന്നതിനും സഹായകരമായി. ചതുരാകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ മനോഹരമാക്കാനും ബ്രാൻഡിനായിട്ടുണ്ട്. ബ്ലാക്ക് ഇൻസെർട്ടുകളുള്ള പ്രമുഖ ഗ്രിൽ സെക്ഷൻ എന്നിവയെല്ലാം സെൻസസ് സ്പോർട്ടിനെസ് സ്റ്റൈലിംഗ് ഫിലോസഫിയെ അടിസ്ഥാനമാക്കിയാണ് പണികഴിപ്പിച്ചിരിക്കുന്നത്.

എസ്‌യുവി നിലപാട് കൂടുതൽ മെച്ചപ്പെടുത്തുന്നതിന് വശക്കാഴ്ച്ചയിൽ സ്‌ക്വയർ ഓഫ് വീൽ ആർച്ചുകളാണ് ഹ്യൂണ്ടായി എക്‌സ്‌റ്റർ അവതരിപ്പിക്കുന്നത്. കറുത്ത പ്ലാസ്റ്റിക് ക്ലാഡിംഗ് വശങ്ങളിൽ ഉണ്ടാവുമെന്ന സൂചനയുമുണ്ട്. പിന്നിൽ റാപ്പ്എറൗണ്ട് ടെയിൽ ലാമ്പുകൾ, നേരായ ബൂട്ട്, ഫോക്സ് സ്കിഡ് പ്ലേറ്റ് എന്നിവ ലഭിക്കും. ടാറ്റ പഞ്ച്, നിസാൻ മാഗ്‌നൈറ്റ്, റെനോ കൈഗർ എന്നിവയുടെ ലോവർ വേരിയന്റുകളോടാണ് എക്‌സ്‌റ്റർ മത്സരിക്കുക. ഹ്യുണ്ടായിയുടെ ഗ്രാൻഡ് i10 നിയോസ് ഹാച്ച്ബാക്കിന്റേ അതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് എക്സ്റ്റർ ഒരുങ്ങുക.
ഇന്ത്യന്‍ വിപണി പിടിച്ചടക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഹ്യുണ്ടായി എക്സ്റ്റര്‍ മൈക്രോ എസ്‌യുവി അവതരിപ്പിക്കുന്നത്. എന്‍ട്രി ലെവല്‍ എസ്‌യുവി ആയതിനാല്‍ തന്നെ ഇത് കമ്പനിയുടെ വിപണി വിഹിതത്തില്‍ വലിയ വർധനവ് കൊണ്ടുവരുമെന്ന് തന്നെയാണ് കണക്കുകൂട്ടൽ. പക്ഷേ ഇന്റീരിയർ ഫീലിലൊന്നും ഹ്യുണ്ടായി ഒരു വിട്ടുവീഴ്ച്ചയും വരുത്തില്ലെന്ന് ബ്രാൻഡിന്റെ ലൈനപ്പ് കണ്ടാൽ തന്നെ മനസിലാക്കിയെടുക്കാം.

ഗ്രാൻഡ് i10 നിയോസ്, ഓറ എന്നിവയുമായി ഇന്റീരിയറിന് വളരെയധികം സാമ്യമുണ്ടാവും. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സെമി-ഡിജിറ്റൽ ക്ലസ്റ്റർ, മൗണ്ടഡ് കൺട്രോളുകളുള്ള സ്റ്റിയറിംഗ് വീൽ, ടോപ്പ് എൻഡ് വേരിയന്റുകളിൽ ഒന്നിലധികം എയർബാഗുകൾ, ഡ്യുവൽ ടോൺ കാബിൻ തീം തുടങ്ങിയവയോടുകൂടി തന്നെയാവും എക്സ്റ്ററിനെ അണിനിരത്തുക.
വെന്യു, ക്രെറ്റ, അൽകസാർ, കോന ഇലക്ട്രിക്, ട്യൂസോൺ, അയോണിക് 5 എന്നീ എസ്‍യുവികളുടെ നിരയിലേക്ക് വരുന്ന ഏറ്റവും പുതിയ അവതാരത്തിന് നിരവധി പ്രത്യേകതകളും ഉണ്ടാവുമെന്നും ദക്ഷിണ കൊറിയൻ ബ്രാൻഡ് പറഞ്ഞുവെക്കുന്നുണ്ട്. എന്തായാലും പെട്രോൾ എഞ്ചിൻ മാത്രമുള്ള വാഹനമായിരിക്കും വരാനിരിക്കുന്ന എക്സ്റ്റർ എന്നുറപ്പാണ്. അതിൽ നമുക്ക് ഏറെ പരിചിതമായ 1.2 ലിറ്റർ NA പെട്രോൾ എഞ്ചിൻ ഓപ്ഷനാവും മൈക്രോ എസ്‌യുവിക്ക് തുടിപ്പേകാൻ എത്തുക.
ഇത് പരമാവധി 84 bhp പവറിൽ 113 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. സ്റ്റാൻഡേർഡായി അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായോ ഒരു ഓപ്ഷനായി അഞ്ച് സ്പീഡ് എഎംടിയുമായോ എഞ്ചിൻ ജോടിയാക്കും. വിപുലമായ ശ്രേണി വാഗ്ദാനം ചെയ്യുന്നതിനായി ഹ്യുണ്ടായിക്ക് എക്സ്റ്ററിനൊപ്പം 1.0 ലിറ്റർ ത്രീ-പോട്ട് ടർബോ പെട്രോൾ എഞ്ചിൻ കൂടി കൊണ്ടുവരാനാവും.

ഇത്തരത്തിൽ ഈ ഓപ്ഷൻ കൂടി കൊണ്ടുവന്നാൽ ടാറ്റ പഞ്ചിന് മുന്നിൽ നെഞ്ചുവിരിച്ച് നിൽക്കാൻ എക്സ്റ്ററിനാവും. കാരണം പവർ കണക്കുളിൽ പഞ്ച് അത്ര കേമനല്ല എന്നതു തന്നെയാണ് കാരണം. ഈ അവസരം മുതലെടുക്കാനായാൽ ഹ്യുണ്ടായിക്ക് വണ്ടി ഹിറ്റാക്കാനും സാധിക്കും. വെന്യുവിലും i20-യിലും കണ്ട് പരിചയിച്ച 1.0 ലിറ്റർ ത്രീ-പോട്ട് ടർബോ പെട്രോൾ യൂണിറ്റിന് 120 bhp കരുത്തിൽ 172 Nm torque വരെ നൽകാനാവും. ഡീട്യൂൺ ചെയ്‌താൽ കൂടുതൽ ഇന്ധനക്ഷമതയും കൈവരിക്കാം.
പഞ്ചിനില്ലാത്ത ഈ ഓപ്ഷൻ എക്സ്റ്ററിന് ലഭിക്കുമെന്ന് തന്നെ നമുക്ക് കരുതാം. വിലയുടെ കാര്യത്തെ കുറിച്ച് അറിവൊന്നുമില്ലെങ്കിലും 7.00 ലക്ഷം മുതൽ 11.50 ലക്ഷം രൂപ വരെ പുതിയ ഹ്യുണ്ടായി എക്സ്റ്ററിനായി മുടക്കേണ്ടി വന്നേക്കാം. എസ്‌യുവി വിപണിയിൽ ടാറ്റയ്ക്ക് മുകളിൽ ആധിപത്യം സ്ഥാപിക്കാനുള്ള പുറപ്പാടാണ് എക്സ്റ്ററിന്റെ വരവ്. മാത്രമല്ല, ടാറ്റയോട് കൈവിട്ടു പോവുന്ന രണ്ടാം സ്ഥാനം ഊട്ടിയുറപ്പിക്കാനും മോഡലിന്റെ വരവ് സഹായിക്കും.


Click it and Unblock the Notifications








