പഞ്ചിന്റെ മുന്നിൽ ഗമയോടെ ഓടാൻ എക്സ്റ്റർ; ഡെലിവറി തുടങ്ങി
എൻട്രി ലെവൽ എസ്‌യുവി സെഗ്മെന്റ് പിടിക്കാനെത്തിയ ഹ്യുണ്ടായി എക്സ്റ്റർ ട്രെൻഡായി മാറുകയാണ്. ബുക്കിംഗ് ആരംഭിച്ച് ഇതുവരെ വാഹനത്തിനായി 10,000 ബുക്കിംഗുകളോളമാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ വാരിക്കൂട്ടിയിരിക്കുന്നത്. ടാറ്റ പഞ്ച് അരങ്ങുവാഴുന്ന വിഭാഗത്തിൽ എത്തുമ്പോൾ ഇത്രയും വേഗം ആളുകൾ എക്സ്റ്ററിനെ സ്വീകരിച്ചേക്കുമെന്ന് ഒരുപക്ഷേ ഹ്യുണ്ടായി പോലും വിചാരിച്ചു കാണില്ല.
ദേ ഇപ്പോൾ ആകാംക്ഷയോടെ കാത്തിരുന്ന മൈക്രോ എസ്‌യുവിയുടെ ഡെലിവറി ആരംഭിച്ചിരിക്കുകയാണ് ഹ്യുണ്ടായി. 5.99 ലക്ഷം മുതൽ എക്സ്ഷോറൂം വിലയുള്ള കുഞ്ഞൻ എസ്‌യുവിയെ ഇനി മുതൽ നമുക്ക് നിരത്തിൽ കാണാം. അധികം കാത്തിരുത്തി മുഷിപ്പിക്കാതെയാണ് എക്സ്റ്റർ നിരത്തുകളിലേക്ക് എത്തുന്നത് എന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്. പുതിയ വാഹനത്തിൻ്റെ ഡെലിവറി ആഘോഷമാക്കിയാണ് ബ്രാൻഡ് ഷോറൂമുകളിൽ നിന്നും ഇറക്കുന്നത്.

ഒമ്പത് എക്സ്റ്റീരിയർ ഷേഡുകളിലായി ഏഴ് വേരിയന്റുകളിൽ എക്സ്റ്റർ ലഭിക്കും. ബുക്കിംഗിൽ ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് 38 ശതമാനവും സിഎൻജി പതിപ്പുകൾക്ക് 20 ശതമാനവും ഓർഡറുകൾ ലഭിച്ചുവെന്നാണ് ഹ്യുണ്ടായി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. നിലവിൽ ശരാശരി മൂന്ന് മാസത്തെ ബുക്കിംഗ് പിരീഡാണ് മൈക്രോ എസ്‌യുവിക്കുള്ളതെന്നാണ് റിപ്പോർട്ടുകൾ. വിലയുടെ കാര്യത്തിലേക്ക് വരുമ്പോൾ 5.99 ലക്ഷം മുതൽ 9.32 ലക്ഷം രൂപ വരെയാണ് എക്സ്റ്ററിന് മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.
വേരിയന്റ് തിരിച്ച് കൃത്യമായി പറയുകയാണെങ്കിൽ ഹ്യുണ്ടായി എക്സ്റ്റർ EX വേരിയന്റിന് 5.99 ലക്ഷം, S മോഡലിന് 7.27 ലക്ഷം, SX പതിപ്പിന് 7.99 ലക്ഷം, SX(O) പതിപ്പിന് 8.64 ലക്ഷം, സിഎൻജിക്ക് 8.24 ലക്ഷം. SX(O) കണക്‌ടിന് 9.32 ലക്ഷം എന്നിങ്ങനെയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്.

ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ്, ഓറ എന്നീ വാഹനങ്ങളിലൂടെ സുപരിചിതമായ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് ഫോർ-സിലിണ്ടർ കാപ്പ പെട്രോൾ എഞ്ചിനാണ് എക്സ്റ്റർ എസ്‌യുവിക്ക് തുടിപ്പേകുന്നത്. ഇതോടൊപ്പം ബൈ-ഫ്യുവൽ സിഎൻജി ഓപ്ഷനും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. 82 bhp പവറിൽ 114 Nm torque വരെ ഉത്പാദിപ്പിക്കാൻ പെട്രോളിനാവും.
അതേസമയം സിഎൻജിയിലേക്ക് മാറുമ്പോൾ പവർ ഔട്ട്പുട്ട് കണക്കുകൾ 68 bhp, 95 Nm torque എന്നിങ്ങനെയായി കുറയുന്നുണ്ട്. ഗിയർബോക്‌സ് ഓപ്ഷനുകളിലേക്ക് നോക്കിയാൽ അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടിയായി തെരഞ്ഞെടുക്കാം. സിഎൻജിയിൽ മാനുവൽ മാത്രമാണുണ്ടാവുക. മൈലേജിന്റെ കാര്യത്തിലും ആള് പുലിയാണ്. എക്സ്റ്റർ പെട്രോൾ മാനുവലിന് 19.4 കിലോമീറ്ററും എഎംടി മോഡലുകൾക്ക് 19.2 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് ഹ്യുണ്ടായി അവകാശപ്പെടുന്നത്.

എന്നാൽ സിഎൻജി പതിപ്പിൽ 27.10 കിലോമീറ്റർ മൈലേജാവും ലഭിക്കുക. ഫീച്ചറുകളുടെ കാര്യത്തിലേക്ക് നോക്കിയാൽ ഈ സെഗ്മെന്റിലെ ഏറ്റവും സമ്പന്നമായ മോഡലാണ് ഹ്യുണ്ടായി എക്സ്റ്റർ. വോയ്‌സ് പ്രവർത്തനക്ഷമമാക്കിയ സൺറൂഫ്, ഡ്യുവൽ ക്യാമറകളുള്ള ഡാഷ്‌ക്യാം, വയർലെസ് ചാർജർ, പാഡിൽ ഷിഫ്റ്ററുകൾ, 12 ഭാഷകളുടെ പിന്തുണയുള്ള പൂർണ ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ എന്നിവയാണ് മൈക്രോ എസ്‌യുവിയുടെ ഫീച്ചർ ഹൈലൈറ്റുകൾ.
കൂടാതെ, റിയർ എസി വെന്റുകൾ, ആറ് എയർബാഗുകൾ, ത്രീ-പോയിന്റ് സീറ്റ് ബെൽറ്റുകൾ, ഹിൽ അസിസ്റ്റ് കൺട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ് എന്നിവയും എക്സ്റ്ററിന്റെ സവിശേഷതകളായി ഹ്യുണ്ടായിക്ക് എടുത്തു പറയാനാവും. പഞ്ചിനോട് മുട്ടാൻ രണ്ടും കൽപ്പിച്ചെത്തുന്ന എക്സ്റ്റർ സേഫ്റ്റിയുടെ കാര്യത്തിലും മികവുറ്റതാണെന്ന് കമ്പനി അവകാശപ്പെടുന്നത്. അതിനാൽ ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റും വരാനിരിക്കുന്ന ഭാരത് NCAP മാനദണ്ഡങ്ങളും അനുസരിച്ച് എക്‌സ്‌റ്റർ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറുകളിലൊന്നായി ഉയർന്നുവരുമെന്ന് കമ്പനിക്ക് ഉറപ്പുണ്ട്.
ആറ് എയർബാഗുകൾ, ESC, ഹിൽ അസിസ്റ്റ് കൺട്രോൾ, ഇബിഡിയുള്ള എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകളും ക്യാമറയും, എല്ലാ സീറ്റുകൾക്കും ത്രീ-പോയിന്റ് സീറ്റ്ബെൽറ്റ്, സീറ്റ്ബെൽറ്റ് റിമൈൻഡറുകൾ, ISOFIX ആങ്കറേജുകൾ എന്നിവയെല്ലാമാണ് കാറിലെ സേഫ്റ്റി ഫീച്ചറുകൾ. സെഗ്മെന്റിൽ പഞ്ചിന് പുറമെ നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ പോലുള്ള സബ്-4 മീറ്റർ എസ്‌യുവികളെയും ഹ്യുണ്ടായി എക്സ്റ്റർ വെല്ലുവിളിക്കുന്നുണ്ട്.


Click it and Unblock the Notifications








