5.99 ലക്ഷത്തിന് ഹ്യുണ്ടായി എക്സ്റ്റർ, പഞ്ചിനോട് മുട്ടാൻ സേഫ്റ്റിയും മൈലേജും കുറഞ്ഞ വിലക്ക്
സ്പോർട്ട് യൂട്ടിലിറ്റി വാഹനങ്ങൾ നിരത്തുകളിൽ ആറാടുമ്പോൾ ഏറ്റവും നേട്ടം കൊയ്യുന്നത് ആരെന്നു ചോദിച്ചാൽ ഹ്യുണ്ടായിയെന്ന് പറയേണ്ടി വരും. മിഡ്-സൈസ് എസ്‌യുവി രംഗത്ത് ക്രെറ്റയുമായി ബ്രാൻഡ് ആധിപത്യം സ്ഥാപിക്കുമ്പോൾ കോംപാക്‌ട് സെഗ്മെന്റിൽ വെന്യുവാണ് കൊറിയൻ ബ്രാൻഡിന്റെ തുറുപ്പുചീട്ട്. എന്നാൽ മൈക്രോ എസ്‌യുവി വിഭാഗത്തിലേക്ക് എത്തുമ്പോൾ മുഖ്യശത്രുവായ ടാറ്റയുടെ കുതിപ്പാണ് കാണാനാവുക.
അതിന്റെ കാരണക്കാരനാവട്ടെ പഞ്ച് എന്ന കുട്ടിക്കൊമ്പനാണ്. വിപണിയിലെത്തി വെറും ഒരു വർഷം കൊണ്ട് ഏതാണ് 1 ലക്ഷം യൂണിറ്റ് വിൽപ്പനയുമായി കുതിക്കുകയാണ് ടാറ്റ പഞ്ച്. എന്നാൽ ഇതിനെല്ലാം ഒരൊറ്റ ഉത്തരമാണ് ഹ്യുണ്ടായിക്ക് പറയാനുള്ളത് 'എക്സ്റ്റർ'. വരവ് അൽപം വൈകിയെങ്കിലും കുഞ്ഞൻ എസ്‌യുവി വിപണിയിലെ ട്രെൻഡ് തങ്ങളുടെ തീരത്തേക്ക് അടുപ്പിക്കാനാവുമെന്ന പ്രതീക്ഷയോടെയാണ് എക്സ്റ്ററുമായി നമ്മുടെ പ്രിയപ്പെട്ട വാഹന നിർമാതാക്കളായ ഹ്യുണ്ടായിയുടെ വരവ്.

അതെ ഏറെ നാളുകളായി ചിത്രങ്ങളിലൂടെ മാത്രം നമ്മെ പരിചയപ്പെടുത്തിയിരുന്ന എക്സ്റ്റർ മൈക്രോ എസ്‌യുവിയെ ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുകയാണ് ഹ്യുണ്ടായി. തലക്കെട്ടിൽ സൂചിപ്പിക്കുന്നതു പോലെ മൈലേജും പവറും സ്റ്റൈലും മാത്രമല്ല കേട്ടോ... സെഗ്മെന്റ് തൂക്കാനുള്ള എല്ലാത്തരം സംവിധാനങ്ങളും കോർത്തിണക്കിയാണ് ഈ കുഞ്ഞൻ യൂട്ടിലിറ്റി വാഹനത്തെ ദക്ഷിണ കൊറിയൻ ബ്രാൻഡ് പണികഴിപ്പിച്ചിരിക്കുന്നത്.
5.99 ലക്ഷത്തിന്റെ ആമുഖ വിലയിലാണ് പുതിയ എക്സ്റ്റർ എസ്‌യുവിയുടെ വരവ്. EX, S, SX, SX(O), SX(O) കണക്ട് എന്നീ അഞ്ച് വകഭേദങ്ങളിൽ ലഭ്യമാവുന്ന മോഡലിന്റെ ടോപ്പ് എൻഡ് വേരിയന്റിന് 9.32 ലക്ഷം വരെയും മുടക്കേണ്ടി വരും. പെട്രോൾ, സിഎൻജി ഓപ്ഷനുകളോടെയാണ് വരുന്നത് എന്നതും ടാറ്റ പഞ്ചിന് വലിയ അടിയാണ്.

ഇതുവരെ എക്‌സ്‌റ്ററിനായി 11,000-ലധികം ബുക്കിംഗുകൾ ലഭിച്ചിട്ടുണ്ടെന്ന് ഹ്യുണ്ടായി പറയുന്നു. ഇതിൽ എഎംടി വേരിയന്റുകൾ ഏകദേശം 38 ശതമാനവും സിഎൻജി പതിപ്പുകൾക്ക് 20 ശതമാനവുമാണ് ബുക്കിംഗ് ലഭിച്ചിരിക്കുന്നത്. ഇനി ഡിസൈനിലേക്ക് വന്നാൽ പുതിയ ഹ്യുണ്ടായി കാറുകളെ പോലെ തന്നെ എക്‌സ്‌റ്ററും ബ്രാൻഡിന്റെ പാരാമെട്രിക് ഡിസൈൻ ഭാഷ്യമാണ് പിന്തുടരുന്നത്. H ആകൃതിയിലുള്ള ഡിആർഎല്ലുകളും പ്രൊജക്ടർ ഹെഡ്‌ലൈറ്റുകളും പ്രൊമിനൻ്റായ ഗ്രില്ലുമാണ് എസ്‌യുവിയുടെ മുൻവശത്ത് ആധിപത്യം പുലർത്തുന്നത്.
ഡേടൈം റണ്ണിംഗ് ലാമ്പുകൾക്കും ടെയിൽ ലാമ്പുകൾക്കുമുള്ള പുതിയ H-പാറ്റേൺ എൽഇഡി ട്രീറ്റ്‌മെന്റാണ് എക്‌സ്റ്ററിന്റെ പ്രത്യേകതയായി എടുത്തുപറയാനാവുന്നത്. ഇനി വശങ്ങളിലേക്ക് നീങ്ങിയാൽ എക്‌സ്‌റ്ററിന് 15-ഇഞ്ച് വലിപ്പമുള്ള ഡയമണ്ട് കട്ട് അലോയ് വീലുകളും പ്രമുഖ സൈഡ് ക്ലാഡിംഗും ലഭിക്കുന്നു. പിന്നിൽ ബോൾഡ് ഇന്റർകണക്‌ടിംഗ് ബാറുള്ള H ആകൃതിയിലുള്ള എൽഇഡി ടെയിൽ ലൈറ്റുകളാണ് കാറിൽ ഹ്യുണ്ടായി ഒരുക്കിയിട്ടുള്ളത്.

ആറ് സോളിഡ് നിറങ്ങളും മൂന്ന് ഡ്യുവൽ ടോൺ കളർ ഓപ്ഷനുകളും മൂന്ന് ഇന്റീരിയർ കളർ ഓപ്ഷനുകളും ഹ്യുണ്ടായി എക്സ്റ്റർ വാഗ്ദാനം ചെയ്യുന്നു. റേഞ്ചർ കാക്കി, കോസ്‌മിക് ബ്ലൂ ഷേഡുകൾ എന്നിവ ഉൾപ്പെടുന്നു. ബ്ലാക്ക് റൂഫ്, സ്റ്റാറി നൈറ്റ്, ഫിയറി റെഡ്, അറ്റ്‌ലസ് വൈറ്റ്, ടൈറ്റൻ ഗ്രേ, കോസ്മിക് ബ്ലൂ വിത്ത് ബ്ലാക്ക് റൂഫ് എന്നിവയാണ് എക്‌സ്‌റ്റർ എസ്‌യുവിയിലെ എക്സ്റ്റീരിയർ നിറങ്ങൾ.
മൊത്തത്തിൽ 3,815 mm നീളവും 1,710 mm വീതിയും 1,631 mm ഉയരവും 2,450 mm വീൽബേസും 185 mm ഗ്രൗണ്ട് ക്ലിയറൻസുമാണ് വാഹനത്തിന്റെ മറ്റൊരു പ്രത്യേകത. ഇനി അകത്തളത്തിലേക്ക് കയറിയാൽ ഗ്രാൻഡ് i10 നിയോസ്, ഓറ പോലുള്ള ഹ്യുണ്ടായിയുടെ മറ്റ് വാഹനങ്ങളിൽ കാണുന്ന അതേ ഡിസൈൻ തന്നെയാണ് ഈ പുതിയ മൈക്രോ എസ്‌യുവിക്കും നൽകിയിരിക്കുന്നത്. എങ്കിലും പുതുമകൾ ഏറെ അവകാശപ്പെടാനുണ്ടെന്നതും ഫീച്ചറുകളുടെ അതിപ്രസരവും ആളുകളെ വേഗത്തിൽ അടുപ്പിക്കും.

ഇന്റീരിയർ പൂർണമായും കറുപ്പ് നിറത്തിലാണ് ഒരുക്കിയെടുത്തിരിക്കുന്നത്. എക്‌സ്‌റ്ററിന് 4.2 ഇഞ്ച് എംഐഡിയുള്ള പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ലഭിക്കുന്നുണ്ട്. ഇത് i20, വെർണ തുടങ്ങിയ വിലയേറിയ ഹ്യുണ്ടായി കാറുകളിൽ കാണപ്പെടുന്നതിന് സമാനമാണെന്നത് ഒരു പ്രീമിയം ഫീലൊക്കെ നൽകുന്നുണ്ട്. എക്സ്റ്ററിന്റെ ടോപ്പ് വേരിയന്റുകൾക്ക് ഡ്യുവൽ-ടോൺ ബ്ലാക്ക്, ഒലിവ്-ഗ്രീൻ ഷേഡുകൾ എന്നിവയിൽ പൂർത്തിയാക്കിയ സെമി-ലെതറെറ്റ് സീറ്റ് അപ്ഹോൾസ്റ്ററി ലഭിക്കും.
ഫീച്ചറുകളാൽ ആറാടിയാണ് എക്സ്റ്ററിന്റെ വരവ് എന്ന കാര്യം പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളായി സിംഗിൾ-പാൻ സൺറൂഫും ഡ്യുവൽ ക്യാമറകളുള്ള ഫാക്ടറി ഫിറ്റഡ് ഡാഷ്‌ക്യാമുമാണ് കമ്പനി എടുത്തു കാണിക്കുന്നത്. ഇതോടൊപ്പം ഓട്ടോമാറ്റിക് പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, കീലെസ് എൻട്രി ആൻഡ് ഗോ, 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വയർലെസ് ചാർജിംഗ് പോലുള്ള അത്ര്യുഗ്രൻ സവിശേഷതകളും വണ്ടിയിലുണ്ട്.

തീർന്നില്ല, ഇൻ-ബിൽറ്റ് നാവിഗേഷൻ, കണക്റ്റഡ് കാർ ടെക്, ഒന്നിലധികം ഭാഷകളിലെ വോയ്‌സ്-ആക്ടിവേറ്റഡ് കമാൻഡുകൾ OTA അപ്‌ഡേറ്റുകൾ എന്നീ ഫീച്ചറുകളും ഹ്യുണ്ടായി എക്സ്റ്ററിന്റെ ഭാഗമാണ്. സുരക്ഷയുടെ കാര്യത്തിലും ടാറ്റ പഞ്ചിനെ വെല്ലാനുള്ള എല്ലാത്തരം സംവിധാനങ്ങളും രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഹ്യുണ്ടായി നൽകിയിട്ടുണ്ടെന്നതും ടാറ്റ മോട്ടോർസിന്റെ നെഞ്ചിടിപ്പേറ്റും.
ആറ് എയർബാഗുകൾ, ESC, ഹിൽ അസിസ്റ്റ് കൺട്രോൾ, EBD ഉള്ള ABS, റിയർ പാർക്കിംഗ് സെൻസറുകളും ക്യാമറയും, എല്ലാ സീറ്റുകൾക്കും ത്രീ-പോയിന്റ് സീറ്റ്ബെൽറ്റ്, സീറ്റ്ബെൽറ്റ് റിമൈൻഡറുകൾ, ISOFIX ആങ്കറേജുകൾ എന്നിവയാണ് എക്സ്റ്റിലെ സേഫ്റ്റി ഫീച്ചറുകൾ. SX, SX(O), SX(O) കണക്‌റ്റ് വേരിയന്റുകളിൽ ഇവ സ്റ്റാൻഡേർഡായി ലഭ്യമാണ്. എന്നാൽ ബേസ് E, S ട്രിമ്മുകളിൽ ഓപ്‌ഷണൽ എക്‌സ്‌ട്രാകളായും ലഭിക്കും.

83 bhp കരുത്തിൽ 114 Nm torque നൽകുന്ന 1.2 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ്, ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് എക്‌സ്‌റ്ററിന്റെ ഹൃദയം. ഗിയർബോക്സ് ഓപ്ഷനുകളിൽ 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 5-സ്പീഡ് AMT എന്നിവയുമുണ്ട്. ഇതേ എഞ്ചിനോടെ സിഎൻജി ഓപ്ഷനും കാറിലുണ്ടെന്നത് മൈലേജ് പ്രേമികളെ അടുപ്പിക്കുന്ന കാര്യമാണ്. CNG കിറ്റ് മിഡ്-സ്പെക്ക് S, SX ട്രിമ്മുകളിലാണ് ലഭ്യമാക്കിയിരിക്കുന്നത്.
ഹ്യുണ്ടായി എക്സ്റ്റർ പെട്രോൾ മാനുവലിന് 19.4 കിലോമീറ്ററും എഎംടി മോഡലുകൾക്ക് 19.2 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് ഹ്യുണ്ടായി അവകാശപ്പെടുന്നത്. അതേസമയം സിഎൻജി പതിപ്പിൽ 27.10 കിലോമീറ്റർ മൈലേജാണ് ഹ്യുണ്ടായി അവകാശപ്പെടുന്നത്. ഉടൻ വരാനിരിക്കുന്ന ടാറ്റ പഞ്ച് സിഎൻജിക്ക് ഒരുമുഴം മുമ്പേ എറിയാൻ ഹ്യുണ്ടായിക്കായെന്നത് വിപണിയിൽ ശ്രദ്ധേയമാവും.


Click it and Unblock the Notifications