പഞ്ചിനെ പഞ്ചറാക്കാൻ ഹ്യുണ്ടായി എക്സ്റ്റർ; റിവ്യൂ വീഡിയോ കാണാം
മൈക്രോ എസ്‌യുവി വിഭാഗത്തിൽ ടാറ്റ പഞ്ചിന് വില്ലനായി അവതരിച്ചിരിക്കുകയാണ് ഹ്യുണ്ടായി എക്സ്റ്റർ. ടാറ്റ പഞ്ചിന്റെ വരവോടെ കഥയാകെ മാറി. വെറും 10 മാസത്തിനുള്ളിൽ 1 ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് പഞ്ചിന്റെ റെക്കോർഡ് എക്സ്റ്ററിന് മറികടക്കാനാവുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. അത്രയും വലിയ ഇംപാക്‌ട് ആയില്ലെങ്കിലും ടാറ്റ കാറിന്റെ വിൽപ്പന പിടിക്കാനുള്ള എല്ലാ സെറ്റപ്പുകളും എക്സ്റ്ററിൽ ഒരുക്കിയിട്ടുണ്ട്.
വിൽപ്പന ഉയരങ്ങളിലെത്തിക്കാൻ എക്സ്റ്ററിന് എന്തെല്ലാം ആവശ്യമുണ്ടോ അതെല്ലാം രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഹ്യുണ്ടായി നൽകിയിട്ടുണ്ട്. 10,000 കടന്ന് ബുക്കിംഗ് കുതിക്കുമ്പോൾ ഹ്യുണ്ടായിയുടെ എസ്‌യുവി നിരയിലെ ഏറ്റവും കുഞ്ഞന്‍ മോഡലിനെ കുറിച്ചുള്ള കൂടുതൽ വിശേഷങ്ങളും വണ്ടിയെങ്ങനെയുണ്ടെന്നും അറിയാൻ ആളുകൾക്ക് താത്പര്യമുണ്ടാവും അല്ലേ... അതറിനായി ഡ്രൈവ്‌സ്പാർക്കിന്റെ റിവ്യൂ വീഡിയോ ഇതാ.
EX, EX(O), S, S(O), SX, SX(O), SX(O) കണക്‌ട് എന്നിങ്ങനെ ഏഴ് വേരിയന്റുകളിലാണ് മൈക്രോ എസ്‌യുവി ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനാവുന്നത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടിയുമായി ജോടിയാക്കിയ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് ഫോർ-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് പുതിയ എക്സ്റ്ററിന് ലഭിക്കുന്നത്. എസ്‌യുവിയുടെ പെട്രോൾ മാനുവലിന് 19.4 കിലോമീറ്ററും എഎംടി മോഡലുകൾക്ക് 19.2 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് ഹ്യുണ്ടായി അവകാശപ്പെടുന്നത്.

അതേസമയം ഹ്യുണ്ടായി എക്സ്റ്റർ സിഎൻജി വേരിയന്റുകൾക്ക് 27.10 കിലോമീറ്റർ മൈലേജാവും ലഭിക്കുക. 10 ലക്ഷം രൂപയിൽ താഴെ വിലയുള്ള ഏറ്റവും കൂടുതൽ ഫീച്ചറുകളുള്ള കാറുകളിലൊന്നാണ് ഈ മൈക്രോ എസ്‌യുവി. 5.99 ലക്ഷം മുതൽ 10.10 ലക്ഷം രൂപ വരെയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ പുത്തൻ കാറിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.


Click it and Unblock the Notifications








